വിവേകാനന്ദന്റെ പ്രാർത്ഥന
വിവേകാനന്ദന്റെ പ്രാർത്ഥന
ശ്രീരാമകൃഷ്ണൻ നരേന്ദ്രനെ വളരെ സ്നേഹിച്ചു. നരേന്ദ്രനും അദ്ദേഹത്തെ സർവ്വാത്മനാ സ്നേഹിച്ച് ആദരിച്ചു. ഇങ്ങനെയുള്ള മഹത്തായ ഗുരുശിഷ്യ പ്രേമ ബന്ധത്തിൽക്കൂടി മാത്രമേ ശിഷ്യന് ഈശ്വരത്വം ഗുരുവിൽ നിന്നും ലഭിക്കുകയുള്ളൂ. ശിഷ്യനിലുള്ള ദിവ്യത്വം ഉണർത്തി സമ്പുഷ്ടമാക്കുന്നത് സദ്ഗുരു തന്നെയാണ് (നരേന്ദ്രൻ എന്നത് വിവേകാനന്ദന്റെ പൂർവ്വാശ്രമത്തിലെ പേരാണ്).
ശ്രീരാമകൃഷ്ണന്റെ ശിഷ്യത്വം ലഭിച്ചതിൽ, നരേന്ദ്രൻ വളരെ സന്തുഷ്ടനായിരുന്നു. അദ്ദേഹം ദക്ഷിണേശ്വരത്ത് പതിവായി പോവുകയും ദൈവമഹത്വത്തെക്കുറിച്ച് കൂടെ കൂടെ കേട്ടുമനസ്സിലാക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെയിരിക്കെ, ഒരു ദിവസം നരേന്ദ്രന്റെ പിതാവു മരിച്ചു. തത്ഫലമായി, കുടുംബം ദരിദ്രമായി. ചില ദിവസങ്ങളിൽ ആഹാരത്തിനുപോലും ഒന്നും വേണ്ടത്ര ലഭിച്ചിരുന്നില്ല. നരേന്ദ്രൻ വളരെ ദുഃഖിതനായി. ഉപജീവനത്തിനുള്ള ഒരു തൊഴിൽ കണ്ടെത്തണമെന്ന് അദ്ദേഹം തീരുമാനിച്ചു.
നരേന്ദ്രൻ: പഠിക്കാൻ മിടുക്കനാണ്. അദ്ദേഹത്തിന് ബി.എ. ഡിഗ്രിയുണ്ട്. അതിനാൽ ഒരു ജോലിക്കു വേണ്ടി ഓഫീസുകൾ തോറും കയറിയിറങ്ങിയെങ്കിലും അദ്ദേഹത്തിന് ജോലി ലഭിച്ചില്ല. അദ്ദേഹം ചിന്തിച്ചു, “എനിക്ക് വരുമാനം ഒന്നുമില്ലെങ്കിൽ എന്റെ സഹോദരീസഹോദരന്മാർക്കും അമ്മയ്ക്കും എന്താണ് സംഭവിക്കുക?” ഒരു ദിവസം ശ്രീരാമകൃഷ്ണനോട് സവിസ്തരം നരേന്ദ്രൻ എല്ലാം പറഞ്ഞു. “നരൻ, ഇന്നു ചൊവ്വാഴ്ചയാണ്, നീ ചെന്ന് അമ്മയോട് സഹായം അഭ്യർത്ഥിക്കൂ. ഇന്നു ചോദിക്കുന്നതെന്തും അമ്മ നിനക്കു നൽകും” ഗുരു മറുപടി പറഞ്ഞു.
അന്നു വൈകിട്ട് നരേന്ദ്രൻ കാളീക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കു പോയി. മടങ്ങിവന്നപ്പോൾ ശ്രീരാമകൃഷ്ണൻ ചോദിച്ചു, “അമ്മ എന്തു പറഞ്ഞു?”.
നരേന്ദ്രൻ: ഹോ! അമ്മയോടു ചോദിക്കാൻ വിട്ടുപോയി. ശ്രീരാമകൃഷ്ണൻ: കഷ്ടം! നീ മറന്നുപോയോ? ഉടനേതന്നെ മടങ്ങിച്ചെല്ലൂ. വേഗം.
ഇപ്പോഴും മുൻപത്തെപോലെ തന്നെ സംഭവിച്ചു. വീണ്ടും അദ്ദേഹം അതിലേക്കു നിയോഗിക്കപ്പെട്ടു. ഇങ്ങനെ മൂന്നാമതും തിരിച്ചുവന്ന നരേന്ദ്രൻ വളരെ ശാന്തനായാണ് കാണപ്പെട്ടത്.
നരേന്ദ്രൻ: ഗുരോ! എങ്ങനെയാണ് അമ്മയോട് ധനം ചോദിക്കുന്നത്? ഒരു ചക്രവർത്തിയോടു ചെന്ന് മത്തങ്ങാവേണമെന്നു യാചിക്കുന്നതുപോലെയാണല്ലോ അത്. ഭക്തിയും നിസ്സ്വാർത്ഥമായ ഈശ്വരപ്രേമവും അമ്മയെ അറിയാനുള്ള ശക്തിയും തന്ന് അനുഗ്രഹിക്കണമെന്ന് ചോദിക്കാൻ മാത്രമേ എന്റെ നാവു പൊങ്ങുന്നുള്ളൂ.
നരേന്ദ്രന്റെ കുടുംബത്തിന് അവശ്യം വേണ്ടതിനൊന്നും ദൗർലഭ്യമുണ്ടാവുകയില്ലെന്ന് ശ്രീരാമകൃഷ്ണൻ അനുഗ്രഹിച്ചു. പണത്തിനുവേണ്ടി ദേവിയോട് അപേക്ഷിക്കാത്തത് നന്നായി എന്നു നരേന്ദ്രന് അപ്പോൾ തോന്നി.
അന്നു രാത്രിയിൽ ദേവിയെ പുരസ്കരിച്ചുള്ള മധുരമായ ഒരു കീർത്തനം ശ്രീരാമ കൃഷ്ണൻ നരേന്ദ്രനെ പഠിപ്പിച്ചു. ആ കീർത്തനം നേരം വെളുക്കുന്നതു വരെ ശിഷ്യൻ ആലപിച്ചുകൊണ്ടിരുന്നു. അതു കഴിയുന്നതുവരെ ശ്രീരാമകൃഷ്ണൻ ഗാഢമായ സമാധിയിൽ ലയിച്ചിരുന്നു.
ചോദ്യങ്ങൾ:
- നരേന്ദ്രൻ ദുഃഖിതനായത് എന്തുകൊണ്ട്?
- ശ്രീരാമകൃഷ്ണന്റെ ഉപദേശം ഇക്കാര്യത്തിൽ എന്തായിരുന്നു?
- കാളിമാതാവിനോട് നരേന്ദ്രൻ എന്താവശ്യപ്പെട്ടു?
- പ്രാപഞ്ചികമായി ആവശ്യമുള്ളത് എന്തുകൊണ്ടാണു ചോദിക്കാൻ കഴിയാത്തത്?
- ശ്രീരാമകൃഷ്ണൻ എന്തു പരിഹാരം ചെയ്‌തു?
[Source – Stories for Children – II, Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam]