സംതൃപ്തിയും സമാധാനവും

Print Friendly, PDF & Email
സംതൃപ്തിയും സമാധാനവും

ഗൗതമ ബുദ്ധൻ ഒരിക്കൽ കാട്ടിലൂടെ പട്ടണത്തിലേക്ക് പോകുകയായിരുന്നു. വഴിയരികിൽ തെളിഞ്ഞ അരുവി കണ്ടപ്പോൾ അദ്ദേഹം അതിലിറങ്ങി കാലും മുഖവും കഴുകി. അതിനു ശേഷം അവിടെയുണ്ടായിരുന്ന വൃക്ഷ തണലിൽ ധ്യനനിരതനായി ഇരുന്നു.

ആ വഴിയിൽ കൂടെ കുതിരപ്പുറത്തു പോകുകയായിരുന്ന പട്ടണത്തിന്റെ രാജാവ് ബുദ്ധനെ കണ്ടു. യുദ്ധം ചെയ്തു തന്റെ സാമ്രാജ്യം വികസിപ്പിക്കുന്നതിനെ പറ്റി മാത്രം ചിന്തിച്ചിരുന്ന രാജാവിന്റെ മനസ്സ് നിറയെ പകയും വിദ്വേഷവും അസൂയയും ഒക്കെ ആയിരുന്നു. ഒരു സന്യാസിയെ കണ്ണുകളടച്ചു ധ്യാനത്തിലിരിക്കുന്നത് കണ്ട രാജാവ് കുതിരപ്പുറത്തു നിന്നിറങ്ങി ദേഷ്യത്തോടെ പറഞ്ഞു.” ഹേ സന്യാസി. കണ്ണുകൾ തുറന്നു ആരാണ് മുന്നിൽ നിൽക്കുന്നതെന്ന് നോക്ക്. ഒരു രാജാവായിട്ടു പോലും ഞാൻ ഒരു നിമിഷം വെറുതെയിരിക്കാറില്ല.നിങ്ങൾ സന്യാസിമാർ മറ്റുള്ളവർ ജോലി ചെയ്തതിന്റെ ഒരു പങ്കു പറ്റുന്നവരാണ്. എന്നിട്ടു ഒരു ജോലിയും ചെയ്യാതെ വെറുതെ ഇങ്ങനെയിരിക്കുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണെന്ന് പറയുകയും ചെയ്യും. സ്വയം മടുക്കുന്നതു വരെ അദ്ദേഹം ഇത്തരത്തിലുള്ള ഹീനമായ വാക്കുകൾ ബുദ്ധന് നേരെ പൊഴിച്ചു.

 King abuses Buddha

രാജാവിന്റെ വാക്കുകൾ കേട്ട് ഈ നേരമത്രയും ശാന്തനായി ഇരുന്ന ഗൗതമ ബുദ്ധൻ ഒടുക്കം തന്റെ കണ്ണുകൾ തുറന്നു, എന്നിട്ടു പുഞ്ചിരിയോടെ രാജാവിനോട് പറഞ്ഞു.” വത്സ വിശ്രമിച്ചാലും. ദാഹിക്കുന്നുണ്ടെങ്കിൽ ഞാൻ തനിക്ക് വെള്ളം കൊണ്ട് വരട്ടെ?”.

ഇതുകേട്ട രാജാവ് ഒരു നിമിഷം സ്തബ്ധനായി. സമാധാനം അന്വേഷിച്ചു സകല സുഖങ്ങളും ത്യജിച്ചു കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാർത്ഥ രാജകുമാരൻ പിന്നീട് ബുദ്ധനായി പരിണമിച്ച കാര്യം അദ്ദേഹത്തിന് അറിയാമായിരുന്നു. സ്നേഹത്തിന്റെ വാക്കുകൾ മാത്രം തനിക്കു നേരെ സമ്മാനിച്ച ഈ സന്യാസി ഗൗതമ ബുദ്ധനാകുമെന്നു രാജാവിന് മനസ്സിലായി. അദ്ദേഹം സന്യാസിയുടെ കാലിൽ വീണു മാപ്പിരന്നു. അദ്ദേഹം ബുദ്ധനോട് ചോദിച്ചു ”അല്ലയോ മഹാത്മാവേ. ഞാൻ ഇത്രയേറെ ദേഷ്യത്തോടെ ഹീനമായ വാക്കുകൾ അങ്ങയോട് പറഞ്ഞിട്ടും ഒരക്ഷരം പോലും തിരിച്ചു പറഞ്ഞില്ലെന്നു മാത്രമല്ല തിരിച്ചു ശാന്തനായി ഇത്രയും സ്നേഹത്തോടെ സംസാരിക്കാൻ എങ്ങനെ കഴിഞ്ഞു? വത്സ ബുദ്ധൻ തുടർന്നു. “ഒരാൾ ഒരു പാത്രത്തിൽ നിറയെ മധുരമെടുത്തു അത് മറ്റൊരാൾക്ക് കൊടുക്കുന്നുവെന്നു കരുതുക.മറ്റെയാൾ ആ പാത്രം നിരസിച്ചാൽ അതെവിടെക്കാണ്‌ ചെന്നെത്തുക”. രാജാവ് പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞു” അത് കൊടുത്തയാൾക്കു തന്നെ തിരിച്ചു കിട്ടും. “അങ്ങനെയാണെങ്കിൽ പുത്രൻ പറഞ്ഞ വാക്കുകളൊന്നും ഞാൻ സ്വീകരിച്ചില്ലെങ്കിൽ ആ വാക്കുകൾക്ക് എങ്ങനെയാണു എന്നെ വേദനിപ്പിക്കാനാവുക”.

King realises his mistake

ഇത്രയും കേട്ടപ്പോൾ രാജാവ് തന്റെ മുന്നിലിരിക്കുന്ന സന്യാസി വര്യൻ ഗൗതമ ബുദ്ധനെന്ന കാര്യം ഉറപ്പിച്ചു. അദ്ദേഹം യഥാർത്ഥ ആനന്ദം എങ്ങനെയാണു പ്രാപ്തമാക്കുകയെന്നു ബുദ്ധനോട് ചോദിച്ചു.

ബുദ്ധന്റെ കണ്ണുകൾ ദിവ്യ ജ്ഞ്യാനം കൊണ്ട് തിളങ്ങി. അദ്ദേഹം പറഞ്ഞു” വത്സ ദേഷ്യം, ആർത്തി, അസൂയ, പേടി മുതലായവയാണ്‌ മനുഷ്യന്റെ സന്തോഷത്തെ കൊള്ളയടിക്കുന്നത്. സംതൃപ്തിയും സമാധാനവും സ്നേഹവുമാണ് സന്തോഷത്തിന്റെ അടിത്തറ. സംതൃപ്തിയും സമാധാനവും ഇല്ലാത്തവൻ ദരിദ്രനാണ്. ആരെയും സഹായിക്കാൻ തയ്യാറാകാത്തവനാണ് ഒന്നും ചെയ്യാത്തവൻ. സംതൃപ്തിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും കിരീടമണിഞ്ഞവനാണ് രാജാക്കന്മാരിലും രാജാവ്. കാരണം ഒരാളുമില്ലാതെ തന്നെ അവൻ ജീവിതത്തിൽ പരമാനന്ദം കണ്ടെത്തുന്നു. “ഇതുകേട്ട രാജാവ് പറഞ്ഞു” അല്ലയോ മഹാനുഭാവ. അടിയനെ അങ്ങയുടെ ശിഷ്യൻ ആക്കിയാലും. “ഇന്ന് മുതൽ അങ്ങാണ് എന്റെ മാർഗ്ഗ ദർശി”

ചോദ്യങ്ങൾ:
  1. രാജാവ് ഗൗതമ ബുദ്ധനോട് ദേഷ്യപ്പെടാൻ കാരണം എന്തായിരുന്നു.? ബുദ്ധനോട് രാജാവ് ചെയ്തത് ശരിയായിരുന്നുവോ? നിങ്ങളുടെ അഭിപ്രായത്തിനു കാരണം പറയുക.
  2. എങ്ങനെയാണു ഹീനമായ വാക്കുകൾ കേൾക്കുമ്പോളും ബുദ്ധൻ ശാന്തനായി ഇരുന്നത്?
  3. ബുദ്ധൻ രാജാവിന് കൊടുത്ത ഉപദേശം എന്തായിരുന്നു?

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: