രാവണൻ സദുപദേശം നിരസിച്ചു
രാവണൻ സദുപദേശം നിരസിച്ചു
രാമലക്ഷ്മണന്മാരും സുഗ്രീവനും ലങ്കയെ ആക്രമിക്കുന്നതിന് ധ്യത ഗതിയിൽ ഒരുക്കങ്ങൾ ചെയ്യുകയായിരുന്നു. അവരുടെ നേതൃത്വത്തിൽ വിപുലമായ ഒരു വാനരസേന കടൽത്തീരത്തെത്തി. ഈ ഗംഭീരസമുദ്രം എങ്ങനെ കടക്കണം എന്ന തിനെക്കുറിച്ച് ആലോചിക്കാനായി അവർ അവിടെ ഇരുന്നു.
വാനരസൈന്യത്തിന്റെ ചലനങ്ങളെക്കുറിച്ച് രാവണന് അറിവുണ്ടായിരുന്നു. ഈ വാർത്ത അയാളിൽ ഉത്കണ്ഠ ഉളവാക്കി. അതിനാൽ മന്ത്രിസഭ വിളിച്ചുകൂട്ടി ഇപ്രകാരം അയാൾ പറഞ്ഞു. “ഒരു കുരങ്ങൻ ഇവിടെ വന്നു ചെയ്ത അതിക്രമങ്ങൾ നിങ്ങൾക്ക് അറിയാമല്ലോ. രാമൻ നിയോഗിച്ചതാണ് അവനെ എന്ന് അവൻ പറഞ്ഞു. നമ്മെ ആക്രമിക്കാൻ രാമൻ തയ്യാറാവുകയാണ്. ഈ സന്ദർഭത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഞാൻ ക്ഷണിക്കുന്നു” എന്ന്.
രാവണന്റെ ആത്മവിശ്വാസം ദുർബലപ്പെട്ടിരിക്കുന്നു എന്നത് തീർച്ചയാണ്. മന്ത്രിമാരുടേയും സേനാനായകന്മാരുടേയും പ്രോത്സാഹനജനകമായ അഭിപ്രായപ്രകടനം കൊണ്ട് അതു വീണ്ടെടുക്കണമെന്ന് അയാൾ ആഗ്രഹിച്ചു. രാജാവിന്റെ മനോഗതം അനുമാനിച്ചറിഞ്ഞ് അവർ ഓരോരുത്തരായി എഴുന്നേറ്റുനിന്ന്, അദ്ദേ ഹത്തിന്റെ ശക്തിവിശേഷണങ്ങളെയും അജയ്യതയേയും കുറിച്ചു സ്തുതിവചനങ്ങൾ പറഞ്ഞു. പിന്നെ, വാനരസൈന്യത്തെ നിഷ്പ്രയാസം രാക്ഷസസൈന്യം പരാജയപ്പെടുത്തുമെന്നും രാമലക്ഷ്മണന്മാരെ അദ്ദേഹം വധിക്കുമെന്നും ഏകകണ്ഠരായി അവർ പറഞ്ഞു.
അഹങ്കാരിയായ രാവണൻ ഈ പ്രശംസകൾ കേട്ട് സന്തോഷംകൊണ്ടു മദിച്ച് തന്റെ മന്ത്രിമാരെയും സേനാനായകന്മാരെയും അവരുടെ ശുഭാപ്തി വിശ്വാസ ത്തിൽ അനുമോദിച്ചു.
എന്നാൽ ചെറുപ്പം മുതൽക്കേ ശാന്തപ്രകൃതനും ഈശ്വരഭക്തനും ആണന്നറിയപ്പെടുന്ന അനുജൻ വിഭീഷണനിൽ നിന്നുമാത്രം അഭിപ്രായഭിന്നതയുടെ ശബ്ദം ഉണ്ടായി. അയാൾ രാവണനോട് അതിവിനീതനായി നിവേദനം സമർപ്പിച്ചു. “സോദരാ! എനിക്ക് അങ്ങയുടെ ധൈര്യത്തിലും യുദ്ധവൈദഗ്ദ്ധ്യത്തിലും അതിമഹത്തായ മതിപ്പുണ്ട്. എന്നാൽ ഏതു പ്രകാരത്തിലും അങ്ങയെ തൃപ്തി പ്പെടുത്തുന്നതിന് ആഗ്രഹിക്കുന്ന ഈ ജളന്മാരായ സൈന്യമേധാവികളും മറ്റും പറഞ്ഞതുകേട്ട് അങ്ങ് വഴിതെറ്റിപ്പോകരുത്. രാമന്റെ പത്നിയെ വഞ്ചിച്ചുകൊണ്ടു പോന്നത് കടുത്ത അന്യായമായിപ്പോയി. ഇനിയും സമയം വൈകിയിട്ടില്ല. അവരെ സൗമനസ്യപൂർവ്വം മടക്കി അയയ്ക്കുക. രാമൻ മാപ്പുതരും. ഡംബിന്റെ അഹന്തയുടെയും മാർഗ്ഗത്തിൽ കൂടിയുള്ള പ്രയാണം രാക്ഷസവംശത്തിനും ലങ്കാരാജ്യത്തിനും നേരിടുന്ന അപകടം അത്യാസന്നമാക്കും എന്നതിൽ എനിക്കു യാതൊരു സംശയവുമില്ല.
ഈ ഗുണദോഷം രാവണന് അരോചകമായിരുന്നു. അയാൾ വിഭീഷണനിൽ അസൂയയും ഭീരുത്വവും ആരോപിച്ച്, എല്ലാവരും രാമനും വാനരസൈന്യത്തിനും എതിരെ യുദ്ധത്തിനു തയ്യാറായിക്കൊള്ളണമെന്നും പ്രഖ്യാപിച്ചു.
വിഭീഷണൻ വീണ്ടും ന്യായവാദം ചെയ്തു. രാവണന്റെ ഡംഭും ക്ഷതമായ അഭിമാനവും ഈ സദുദ്ദേശങ്ങളെ നിരാകരിച്ചു. രാവണൻ കനകമയമായ തന്റെ രഥത്തിൽ പുറപ്പെടുന്നതിന് ആരംഭിക്കുകയായിരുന്നു. അപ്പോൾ രാവണന്റെ രാജ്ഞി മണ്ഡോദരി അവിടെവന്നു രാവണന്റെ പാദങ്ങളിൽ വീണു നമസ് രിച്ചു അപേക്ഷിച്ചു. “പ്രഭോ! സീതയെ രാമനു മടക്കിക്കൊടുക്കുക, ലങ്കയിൽ സീത പ്രവേശിച്ചതിൽപ്പിന്നെ എന്തൊക്കെയോ അനർത്ഥങ്ങൾ ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. നിരവധി സുന്ദരികൾ ഇവിടെ അങ്ങേയ്ക്ക് ഉണ്ടല്ലോ. സാധാരണ മനുഷ്യസ്ത്രീയെ എന്തിനാണ് ആശിക്കുന്നത്? ഞാൻ കേട്ടു, രാമന്റെ അസ്ത്രങ്ങൾ അതിശക്തങ്ങളാണെന്ന്. അവ നമ്മെ തീർച്ചയായും നശിപ്പിക്കും.”
രാവണൻ അവരെ മാറ്റിനിറുത്തി ഇങ്ങനെ പറഞ്ഞു. “ഇതൊക്കെ ദുർബലയായ സ്ത്രീയുടെ ഭയാശങ്കകളാണ്. നിന്റെ ഉപദേശം സ്വീകരിച്ചാൽ ഞാൻ അപമാനിതകനാകും. ഈ മനുഷ്യപുഴുക്കൾ പരിഗണനാർഹരല്ല.”
ചോദ്യങ്ങൾ :
- മന്ത്രിമാരും സേനാനായകന്മാരും രാവണനെ എങ്ങനെ പ്രോത്സാഹിപ്പിച്ചു ?
- വിഭീഷണന്റെയും മണ്ഡോദരിയുടേയും സദുപദേശങ്ങൾ രാവണൻ നിരാകരിച്ചതെന്തുകൊണ്ടാണ് ?