വെറും വിദ്യാഭ്യാസം മാത്രം പോര
വെറും വിദ്യാഭ്യാസം മാത്രം പോര
മഹാഭാരതത്തിൽ ഉപാഖ്യാനങ്ങൾ എന്നു പറയപ്പെടുന്ന നിരവധി ദൃഷ്ടാന്തങ്ങളുണ്ട്. അവയിൽ നിന്ന് അനേകം ഗുണപാഠങ്ങൾ ഗ്രഹിക്കാൻ കഴിയും. പാണ്ഡവരുടെ ആരണ്യ വാസക്കാലത്ത് അവർ അനേകം പുണ്യതീർത്ഥങ്ങളും പരിശുദ്ധങ്ങളായ ആശ്രമങ്ങളും സന്ദർശിച്ചിരുന്നു. ഇവയ്ക്ക് ഓരോന്നിനും ബന്ധപ്പെട്ട വിശേഷചരിത്രവും ഉണ്ടാവും. ഗംഗാതീരത്ത് രയിഭ്യമഹർഷിയുടെ ആശ്രമം ഇവയിൽ ഒന്നായിരുന്നു.
രയിഭ്യമഹർഷിക്ക് പരാവസു,അരാവസു എന്നീ രണ്ടുപുത്രന്മാരുണ്ടായിരുന്നു.
അനേകം ശാസ്ത്രങ്ങളിൽ നിപുണരായിരുന്നു അവർ. ബൃഹദ്യുമ്ന രാജാവ് സമാരംഭിച്ച യജ്ഞം നടത്തിക്കുന്നതിന് ഇവരെ പിതാവ് അയച്ചു. ഒരു രാത്രിയിൽ പരാവസു മടങ്ങി ആശ്രമത്തിലേക്കു പുറപ്പെട്ടു. വഴിയിൽ ഒരു വൃക്ഷച്ചുവട്ടിൽ വന്യമൃഗം പോലെ തോന്നിക്കുന്ന എന്തോ ഒന്ന് ഇരിക്കുന്നതു കണ്ട് അയാൾ അതിനെ കൊന്നു. മൃഗമെന്നു തോന്നിയത് തന്റെ പിതാവിനെയായിരുന്നു എന്നു മനസ്സിലാക്കി അദ്ദേഹം പരിഭ്രമിച്ചു. ശവസംസ്കാരചടങ്ങുകൾ എളുപ്പം പൂർത്തിയാക്കിയിട്ട് അദ്ദേഹം യാഗസ്ഥലത്തേക്കു മടങ്ങി.
അവിടെ ചെന്ന് അനുജൻ അരാവസുവിനോട് കഴിഞ്ഞ സംഭവം വിവരിച്ചു പറഞ്ഞു. പരാവസു പറഞ്ഞു, “ഈ സംഭവം യജ്ഞം നടക്കുന്നതിനു പ്രതിബന്ധമാകരുത്. എന്നാലും പിതാവിന്റെ അപരക്രിയകൾ ഞാൻ ചെയ്തു പൂർത്തിയാക്കേണ്ടതുണ്ട്. അനുജന് ഒറ്റയ്ക്ക് ഈ യാഗകാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കുകയില്ല. അതു കൊണ്ട് നീ ആശ്രമത്തിലേക്കു ചെന്ന് ഞാൻ ചെയ്യേണ്ട കർമ്മങ്ങൾ കൂടി എനിക്കു വേണ്ടി ചെയ്തിട്ട് വേഗം തിരിച്ചുവന്ന് എന്നെ സഹായിക്കണം. ഈ യാഗത്തിന്റെ പ്രധാന പുരോഹിതൻ ഞാനാകയാൽ ഒരേ സമയം ഇവിടെ സന്നിഹിതനായിരിക്കാനും അവിടെ അപരക്രിയ ചെയ്യാനും സാധിക്കയില്ലല്ലോ.
അരാവസു സഹോദരന്റെ നിർദ്ദേശങ്ങൾ അനുഷ്ഠിക്കുന്നതിന് ആശ്രമത്തിലേക്കു മടങ്ങി. അദ്ദേഹം പരിശുദ്ധനാണ്. ചുമതലപ്പെടുത്തിവിട്ട കാര്യങ്ങൾ ശുഷ്കാന്തിയോടെ ചെയ്യണമെന്നു മാത്രമേ അദ്ദേഹത്തിന് വ്യഗ്രത ഉണ്ടായിരുന്നുള്ളൂ. എന്തുതന്നെ ചെയ്യേ ണ്ടതുണ്ടെങ്കിലും അത് പരമമായ ആത്മാർത്ഥതയോടെ ചെയ്തുതീർക്കുക എന്നത് അരാവസുവിന്റെ പ്രത്യേകതയാണ്. ഈ സ്വഭാവശുദ്ധി പ്രസന്നതയോടെ പ്രകാശിപ്പിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ മുഖത്തും കാണപ്പെട്ടിരുന്നു.
മടങ്ങിവന്ന അരാവസുവിന്റെ തിളങ്ങുന്ന മുഖം കണ്ട് അസൂയ പെട്ടെന്ന് ജ്യേഷ്ഠനെ കീഴ്പ്പെടുത്തി. ഉടൻ തന്നെ പരാവസുവിന്റെ ചിന്ത കൃത്രിമമാർഗ്ഗത്തിൽ പ്രവർത്തിച്ചു. അവിടെയുണ്ടായിരുന്ന ജനങ്ങളോട് അയാൾ പറഞ്ഞു. “ഇവൻ ഒരു ബ്രാഹ്മണനെ കൊന്നിരിക്കുന്നതിനാൽ യാഗശാലയ്ക്കു സമീപത്തൊന്നും പ്രവേശിക്കാൻ അർഹനല്ല എന്ന്.
ഈ ആരോപണം കേട്ട് അരാവസു ഞെട്ടിപ്പോയി. സഹോദരന്റെ സ്വഭാവത്തിൽ വന്ന തകിടം മറിച്ചിലിന്റെ കാരണം അയാൾക്കു മനസ്സിലായില്ല. ചുറ്റുപാടും നിൽക്കു ന്നവരെല്ലാം അയാളെ ഒരു ക്രൂരകൃത്യം ചെയ്ത കുറ്റവാളിയെപ്പോലെ തുറിച്ചുനോക്കി. നിരപരാധിത്വം തെളിയിക്കുന്നതിന് എന്താണ് പറയേണ്ടത് എന്ന് ഒരു പോംവഴിയും മനസ്സിൽ ഉദിച്ചില്ല. എന്നാൽ അമർഷം സഹിക്കാനും കഴിഞ്ഞില്ല. അയാൾ പറഞ്ഞു തുടങ്ങി, “മാന്യരേ! ദയവുചെയ്ത് എന്റെ വാക്കുകൾ ശ്രദ്ധിക്കണം. ഞാൻ പറയുന്നതു സത്യമാണ്. ഇയാൾ എന്റെ ജ്യേഷ്ഠസഹോദരനാണ്. അച്ഛനെ കൊന്നു. എന്നാൽ ഇവിടത്തെ യാഗം മുടങ്ങാതെ നടത്തുന്നതിനുവേണ്ടി, ജ്യേഷ്ഠനുപകരം പിതാവിന്റെ അപരക്രിയകൾ ഞാൻ പോയി ചെയ്യണമെന്നു പറഞ്ഞു. ഇതുകേട്ടവരെല്ലാം ചിരിച്ചു തുടങ്ങി. അരാവസുവിന്റെ വിശദീകരണം കാര്യങ്ങൾ ഒന്നുകൂടി വഷളാക്കി. ഇതു കേട്ടവർ അയാളെ ആക്ഷേപിച്ചുകൊണ്ടു ചോദിച്ചു. “ഒരുവന്റെ പാപകർമ്മം പരിഹരിക്കാൻ അപരൻ പ്രതിപുരുഷനായി പ്രവർത്തിക്കാറുണ്ടോ?” എന്ന്.
ധർമ്മിഷ്ഠനായ അരാവസു ഇപ്പോൾ ഒരു പാതകിയെന്ന ആരോപണത്തിനു പുറമെ അസത്യവാദിയും ആയി മുദ്രയടിക്കപ്പെട്ടു. സത്യനിഷ്ഠനും ശുദ്ധഹൃദയനുമായ ഒരു വന് ഇതെല്ലാം അസഹനീയമാണല്ലോ. അതിനാൽ ക്ഷണത്തിൽ വനത്തിലേക്കു പോയി കഠിനതപസ്സ് ആരംഭിച്ചു. ഈശ്വരന് അയാളിൽ ദയവുണ്ടായി പ്രത്യക്ഷപ്പെട്ടു, ആഗ്രഹം എന്താണെന്ന് ചോദിച്ചു.
സുദീർഘമായ ധ്യാനവും കഠിനതപസ്സുകൊണ്ടും കോപത്തെയും പ്രതികാരകാംക്ഷയേയും അയാൾ വിജയിച്ചിരുന്നു. അതിനാൽ അയാൾ പ്രാർത്ഥിച്ചത് പിതാവിന്റെ ജീവൻ തിരിച്ചു കിട്ടുകയും ജ്യേഷ്ഠന്റെ ദുസ്വഭാവം മാറ്റി സദ് വൃത്തനാക്കുകയും വേണമെന്നായിരുന്നു. ഈ പ്രാർത്ഥന സഹോദരനുവേണ്ടി മാത്രമായിരുന്നില്ല, പ്രത്യുത ദുസ്വഭാവിയായ സഹോദരൻ തുടർന്നു ജീവിച്ചാൽ മറ്റു ജനങ്ങൾക്കും ഉപദ്രവത്തിനിടയാകുമല്ലോ എന്നതുകൊണ്ടുകൂടെയായിരുന്നു.
ഈ ജ്യേഷ്ഠാനുജന്മാർ പണ്ഡിതരായിരുന്നു. എന്നാൽ ജ്യോഷ്ഠനിൽ ദുഷ്ചിന്തകൾ കുടികൊണ്ടിരുന്നു; അനുജനാകട്ടെ, സദ് വൃത്തനും കാരുണ്യവാനും സമസ്തലോകവും നന്നായി കാണാൻ ആഗ്രഹമുള്ളവനും ആയിരുന്നു. പാണ്ഡിത്യം മാത്രം കൊണ്ട് മഹത്വം സിദ്ധിക്കുകയില്ലെന്ന് ഈ കഥ വ്യക്തമാക്കുന്നു. വാക്കും വിചാരവും പ്രവൃത്തിയും ഒന്നുപോലെ ഇരുന്നാൽ മാത്രമേ മഹത്വത്തിന് അർഹത സിദ്ധിക്കുകയുള്ളൂ.
Narration: Ms. Sai Sruthi S.V.
[Sri Sathya Sai Balvikas Alumna]
ചോദ്യങ്ങൾ :
- പരാവസുവിന്റെ ദുഷ്ടതകൾ എന്തെല്ലാം ?
- അരാവസു സദ് വൃത്തൻ (സൽഗുണസമ്പന്നൻ) ആണെന്നു തെളിയച്ച തെങ്ങനെ ?
- ഈ കഥയിൽ നിന്നുള്ള ഗുണപാഠം എന്ത് ?