രൂപധ്യാനം

Print Friendly, PDF & Email
രൂപധ്യാനം

അഭയ ഹസ്തം ഉയർത്തിക്കൊണ്ട് നിൽക്കുന്ന നമ്മുടെ പ്രിയപ്പെട്ട ഭഗവാൻ ശ്രീ സത്യസായി ബാബയുടെ മുമ്പിൽ നമ്മളെല്ലാവരും ധ്യാനിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട സ്വാമിയുടെ ശിരസ്സിനു ചുറ്റുമുള്ള മൃദുവായ, മുടി കൊണ്ടുള്ള ആ പ്രഭാവലയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നോക്കൂ… സ്വാമിയുടെ ആ മുഖത്തു നോക്കൂ; അത് നീല മേഘങ്ങളിൽ പതിഞ്ഞിരിക്കുന്ന പൂർണ്ണ-ചന്ദ്രനെപ്പോലെ ശോഭിക്കുന്നു. സ്വാമിയുടെ കണ്ണുകൾ, നക്ഷത്രങ്ങളെ പോലെ ആരെയും ആകർഷിക്കുന്ന, മനോഹരമായ ആ കണ്ണുകൾ നിങ്ങളുടെ നേരെ നോക്കുന്നു; ആ നോട്ടം നിങ്ങളുടെ ഹൃദയത്തിൽ സ്പർശിക്കുന്നു. നോക്കൂ… ഊഷ്മളമായ പുഞ്ചിരിതൂകി കൊണ്ട് സ്വാമി നമ്മളെ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. നോക്കൂ, ഭഗവാന്റെ ശക്തമായ ആ ചുമലുകൾ (തോൾ), ലോകത്തിൻറെ ഭാരം മുഴുവൻ താങ്ങുന്നത് ആ ചുമലുകളാണ്. മാത്രമല്ല തന്റെ ഭക്തരുടെ പാതയിൽ ഉണ്ടാവുന്ന എല്ലാതരം തിന്മകളെയും തടഞ്ഞുനിർത്താനും ആ ചുമലുകൾക്ക് കഴിയും.

സ്വാമി നമ്മളെ എല്ലാവരെയും അനുഗ്രഹിക്കാനായി ‘അഭയ ഹസ്ത’ രൂപത്തിൽ സ്വാമിയുടെ വലതു കരം ഉയർത്തുന്നു; ‘അഭയ’ എന്നാൽ ‘ഭയം അരുത്’ എന്നാണ് അർത്ഥം. എന്നിട്ട് സ്വാമി പറയുന്നു, “ഞാൻ ഇവിടെ ഉള്ളപ്പോൾ നീ എന്തിനാണ് ഭയക്കുന്നത്”. അതെ, നമ്മളെയെല്ലാം പ്രചോദിപ്പിക്കാനും നയിക്കാനും സംരക്ഷിക്കാനും സായി ഭഗവാൻ എപ്പോഴും നമ്മുടെ കൂടെയുണ്ട്. എല്ലാവരുടെയും രക്ഷകനായ സ്വാമി, കരുണയുടെ അതിരുകളില്ലാത്ത സമുദ്രമാണ്.

ശ്രദ്ധിക്കൂ! സ്വാമി മധുരമായി നമ്മളെ ഉപദേശിക്കുന്ന ശബ്ദം നിങ്ങളുടെ ചെവിയിൽ മുഴങ്ങുന്നത് നിങ്ങൾക്ക് കേൾക്കാനാകും. ഭഗവാൻ പറയുന്നു. “നീ തിന്മയിൽ നിന്ന് അകന്നു മാറി നിൽക്കൂ. സത്കർമ്മങ്ങൾ ചെയ്യൂ, ശരിയായ ജീവിതം നയിക്കൂ. എല്ലായിടത്തും സമാധാനവും സന്തോഷവും നിലനിർത്തി കൊണ്ടുപോകാൻ നമ്മളിൽ ഉണ്ടാവേണ്ട ദൈവികമായ ഗുണങ്ങളാണ് സത്യം, സ്നേഹം, ഒരു ജീവിയെയും വേദനിപ്പിക്കാതിരിക്കൽ, സഹിഷ്ണുത, സഹനശീലം തുടങ്ങിയവ”.

സ്വാമിയുടെ ആ തൃപ്പാദങ്ങളിൽ മുറുകെ പിടിക്കൂ. നമുക്കിനി തലകുനിച്ച് ആ ദിവ്യ പാദങ്ങളിൽ നമ്മുടെ തല തൊട്ടുകൊണ്ട് (നമസ്കരിച്ചു കൊണ്ട്) ഭഗവാനോട് പ്രാർത്ഥിക്കാം: ‘പ്രിയപ്പെട്ട സ്വാമി, ഈ ലോകത്തിൽ ഏതു സാഹചര്യത്തിലും എന്തൊക്കെ തന്നെ സംഭവിച്ചാലും ഞാനിപ്പോൾ അങ്ങയുടെ പാദത്തിൽ മുറുകെ പിടിച്ചിരിക്കുന്ന എൻറെ ഈ കൈകൾ ഒരിക്കലും അയഞ്ഞു പോവാതിരിക്കാനുള്ള ശക്തി എനിക്കങ്ങ് തരണമേ. അങ്ങയുടെ മുന്നിൽ കുനിച്ച ഈ ശിരസ്സ് ലൗകികമായ ദുഷിച്ച ഒരു കാര്യത്തിനും വഴങ്ങുകയില്ല. അങ്ങയുടെ പാദങ്ങളെ ദർശിച്ച എൻറെ കണ്ണുകൾ ഇനി ഒരിക്കലും ദുഷിച്ച കാര്യങ്ങൾ കാണുകയില്ല.’

പ്രിയപ്പെട്ട സായി ദേവ, ഞാൻ അങ്ങേക്കായി തുറന്നു വെച്ചിട്ടുള്ള എൻറെ ശൂന്യമായ ഈ ഹൃദയത്തിൽ വന്നു കയറുകയും അവിടം അങ്ങയുടെ വാസസ്ഥലം ആക്കുകയും ചെയ്യൂ..അങ്ങിനെ എൻറെ ഹൃദയത്തിലൂടെ ഒഴുകുന്ന എല്ലാ രക്തവും അങ്ങയുടെ സാന്നിധ്യത്തിൽ പരിശുദ്ധമായി തീരും. പിന്നീട് ഞാൻ കാണുന്നതെന്തും, ഞാൻ കേൾക്കുന്നതെന്തും, ഞാൻ പറയുന്നതെന്തും, സത്യം ശിവം സുന്ദരം ആയിരിക്കും (പരിശുദ്ധം ആയിരിക്കും).

  • പ്രിയപ്പെട്ട സ്വാമീ, ഞങ്ങളുടെ മനസ്സിലും ചിന്തകളിലും അങ്ങ് കടന്നു വരൂ.
  • പ്രിയപ്പെട്ട സ്വാമീ, ഞങ്ങളുടെ കണ്ണുകളിലും കാഴ്ചകളിലും അങ്ങു കടന്നു വരൂ.
  • പ്രിയപ്പെട്ട സ്വാമീ, ഞങ്ങളുടെ കാതുകളിലും ഞങ്ങൾ കേൾക്കുന്നതിലും അങ്ങ് കടന്നു വരൂ.
  • പ്രിയപ്പെട്ട സ്വാമീ, ഞങ്ങളുടെ വായയിലും സംസാരത്തിലും അങ്ങ് കടന്നു വരൂ.
  • പ്രിയപ്പെട്ട സ്വാമീ, ഞങ്ങളുടെ ഹൃദയത്തിലും ആഗ്രഹങ്ങളിലും അങ്ങ് കടന്നു വരൂ.
  • പ്രിയപ്പെട്ട സ്വാമീ, ഞങ്ങളുടെ ശരീരത്തിലും പ്രവർത്തികളിലും അങ്ങ് കടന്നു വരൂ.

സായീശ്വര. ഞങ്ങളെ അങ്ങയുടെ സ്വന്തം പുത്രന്മാരും പുത്രിമാരും ആക്കൂ, അങ്ങനെ സത്യവും പരിശുദ്ധിയും കൈവന്ന ഞങ്ങൾക്ക് ചുറ്റുമുള്ള എല്ലാവരിലും അങ്ങയെ കാണാൻ കഴിയും. അപ്പോൾ മാത്രമേ ഈ ലോകം മുഴുവൻ അങ്ങയുടെ മഹത്വം നിറഞ്ഞുനിൽക്കുന്നത് ഞങ്ങൾക്ക് അനുഭവിക്കാൻ കഴിയൂ. അപ്പോൾ ഞങ്ങൾക്ക് ഇനി ശത്രുക്കൾ ഉണ്ടാവില്ല. ഞങ്ങൾക്ക് ആരോടും അസൂയ തോന്നില്ല, ആർക്കും തന്നെ ഞങ്ങളോടും അസൂയ തോന്നില്ല. ഇനിമുതൽ ചുറ്റുമുള്ള എല്ലാവരോടും സ്വാമിയോടുള്ളപോലെ, സ്നേഹത്തോടെയും സന്തോഷത്തോടെയും ഞങ്ങൾ പെരുമാറും. ഇന്നുമുതൽ അങ്ങ് ഞങ്ങളുടേതാണ് സ്വാമീ. ഞങ്ങൾ അങ്ങയുടെ സ്വന്തമാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു