ഓം സർവ്വേവൈ ശ്ലോകം കഥ
ധർമ്മിഷ്ഠനായ യുധിഷ്ഠിരൻ പാണ്ഡവരുടെ ജ്യേഷ്ഠ സഹോദരനായിരുന്നു. ജീവിതകാലം മുഴുവൻ അനവരതം സൽകർമ്മങ്ങൾ ചെയ്തതിനാൽ അദ്ദേഹത്തിന് വളരെയധികം പുണ്യഫലങ്ങൾ സിഡിച്ചു. എന്നാൽ ഈ നിർമ്മലജീവിതത്തിലും അല്പം കളങ്കമേൽക്കാൻ ഇടയായി.
കുരുക്ഷേത്രയുദ്ധം നടക്കുന്ന സമയം, ദ്രോണാചാര്യരെ പരാജയപ്പെടുത്തുക എന്നത് ക്ഷിപ്രസാദ്ധ്യമല്ലായിരുന്നു. അദ്ദേഹത്തെ ഹനിക്കാതെ കൗരവപ്പടയെ ജയിക്കാൻ സാദ്ധ്യമല്ലെന്ന് ശ്രീകൃഷ്ണഭഗവാനറിയാം. ‘അശ്വത്ഥാമാ’ എന്ന തന്റെ പുത്രനെ ദ്രോണാചാര്യർ അങ്ങേയറ്റം സ്നേഹിച്ചിരുന്നു. അശ്വത്ഥാമാ മരിച്ചു എന്നു കേട്ടെങ്കിലേ ദ്രോണാചാര്യർ തളരുകയുളളു. അതിന് ശ്രീകൃ ഷ്ണൻ ഒരുപായം കണ്ടു പിടിച്ചു; ധർമ്മജനെക്കൊണ്ട് അശ്വത്ഥാമാ മരിച്ചു എന്നു പറയിയ്ക്കുക. ഇതായിരുന്നു മാർഗ്ഗം. എന്നാൽ യുധിഷ്ഠരൻ ഒരിക്കലും അസത്യം പറയുകയുമില്ല. ഇനി എന്താണ് ഉപായം?
അവസാനം ഭഗവാൻ ഒരു മാർഗ്ഗം കണ്ടെത്തി. ദ്രോണാചാര്യർ കേൾക്കത്തക്കവണ്ണം ‘അശ്വത്ഥാമാ മരിച്ചു’ എന്ന് യുധിഷ്ഠിരൻ പറയണം. എന്നിട്ട് സ്വരം താഴ്ത്തി ‘മനുഷ്യനോ മൃഗമോ എന്നറിയില്ല’ എന്നു കൂടി ചേർത്തുകൊള്ളണം. ഇതായിരുന്നു കണ്ടെത്തിയ പോംവഴി.
പറഞ്ഞതുപോലെതന്നെ യുധിഷ്ഠിരൻ പ്രവർത്തിച്ചു. ഇതിൽ അല്പം അസത്യം കൂടി കലർന്നിരുന്നതിനാൽ അതിന്റെ ഫലം യുധിഷ്ഠിരന് അനുഭവിക്കേണ്ടതായി വന്നു. അങ്ങനെ സ്വർഗ്ഗാരോഹണത്തിനു മുമ്പ് അല്പ സമയം അദ്ദേഹത്തിന് നരകത്തിൽ കഴിയ്ക്കേണ്ടതായി വന്നു. ധർമ്മപുത്രർ നരകത്തിൽ പ്രവേശിച്ച ഉടനെതന്നെ അവിടെ സുഗന്ധശീതളമായ അന്തരീക്ഷം ഉണ്ടായി, ഭീകര യാതനയിൽപ്പെട്ട് ഉഴറിക്കൊണ്ടിരുന്ന മനുഷ്യാത്മാക്കൾ എല്ലാം പ്രസന്നരും ശാന്തരും ആയി. യുധിഷ്ഠിരനിൽ നിന്നുളവായ സൽക്കർമ്മഫലത്തിന്റെ ശാന്തവും നിർമ്മലവുമായ കിരണങ്ങൾ പ്രസരിച്ചതായിരുന്നു ഇതിനു കാരണം.
ഇതു കണ്ട യുധിഷ്ഠിരൻ യമധർമ്മനോടു പറഞ്ഞു: “ഓ! ഭഗവാൻ, മനുഷ്യജീവികളെ മുഴുവൻ സ്വന്തം സഹോദരരായിക്കാണാൻ സാധിച്ചില്ലെങ്കിൽ പിന്നെ ഈ ജന്മം കൊണ്ടെന്തുഫലം? ഇവർക്ക് എന്നെ ആവശ്യമുണ്ട്. അതുകൊണ്ട് എന്റെ പുണ്യകർമ്മങ്ങളുടെ ഫലങ്ങളെല്ലാം ഇവർക്ക് ദാനം ചെയ്ത് ഞാൻ ഇവരോടൊപ്പം വസിച്ച് ഇവരെ സന്തുഷ്ടരാക്കട്ടെ! എല്ലാവരും സന്തോഷവാന്മാരാകട്ടെ! ആരും ഒരു യാതനയും അനുഭവിക്കാനിടയാകാതെയിരിക്കട്ടെ!” എത്ര വലിയ ത്യാഗം! അല്ലേ? യമധർമ്മൻ ഈ ഒറ്റപ്രവൃത്തിയാൽത്തന്നെ യുധിഷ്ഠിരനെ മോചിപ്പിച്ചു. ഈ ത്യാഗം ചെയ്തതുകൊണ്ട് യുധിഷ്ഠിരന് എന്തുകിട്ടി എന്നല്ലേ? പാപഫലം അനുഭവിക്കയും പുണ്യഫലം ദാനം ചെയ്യുകയും ചെയ്തതിനാൽ പുണ്യപാപങ്ങളില്ലാത്ത ആത്മാവായി പരമപദം പ്രാപിച്ചു യുധിഷ്ഠരൻ.
നമ്മളും യുധിഷ്ഠിരനെപ്പോലെ ആകുക. നാം സാധാരണയായി നമുക്കുവേണ്ടിയും നമ്മുടെ സ്വന്തം ആളുകൾക്കു വണ്ടിയുമല്ലേ പ്രാർത്ഥിക്കാറുള്ളൂ? യുധിഷ്ഠിരനാകട്ടെ, താൻ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തവർക്കുവേണ്ടിയാണ് പ്രാർത്ഥിച്ചത്. അദ്ദേഹം മനുഷ്യ രെയെല്ലാം സ്വന്തം സഹോദരന്മാരെപ്പോലെയാണ് കരുതിയത്.
[Illustrations by Haripriya, Sri Sathya Sai Balvikas Student]
[Source: Sri Sathya Sai Balvikas Gurus Handbook]