മൃഗങ്ങളോടുള്ള കരുണ (I)
എല്ലാ മഹത് വ്യക്തിത്വങ്ങളും മൃഗങ്ങളോട് സ്നേഹവും കരുണയും കാണിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ വലിയ യോഗിയായിരുന്ന രമണ മഹർഷിയും ബ്രിട്ടണിലെ വലിയ ശാസ്ത്രജ്ഞനായ സർ ഐസക് ന്യൂട്ടണും ഇതിന് ശ്രദ്ധാർഹമായ ഉദാഹരണങ്ങളാണ്.
ശ്രീ രമണമഹർഷിയുടെ സ്നേഹം അടുത്തുനിന്നും ദൂരെ നിന്നും വന്ന മനുഷ്യന്മാരെ മാത്രമല്ല പക്ഷിമൃഗാദികളെയും ആകർഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ആശ്രമം നായയ്ക്കും പശുവിനും കുരങ്ങനും അണ്ണാനും മയിലിനും വേറെ ഒരുപാട് പക്ഷിമൃഗാദികൾക്കും വീട് ആയിരുന്നു. ദർശനത്തിനും അനുഗ്രഹത്തിനും വന്ന ഭക്തർക്ക് കൊടുക്കുന്ന അതേ ശ്രദ്ധയും സ്നേഹവും അദ്ദേഹം ഇവർക്കും കൊടുത്തിരുന്നു. മൃഗങ്ങളെ ഒരിക്കലും “അത്” എന്ന് വിശേഷിപ്പിക്കാറില്ലായിരുന്നു. “അവൻ” “അവൾ” എന്നായിരുന്നു പ്രയോഗിച്ചിരുന്നത്. “പിള്ളേർക്ക് ഭക്ഷണം കൊടുത്തോ?” എന്ന് സ്നേഹത്തോടെ നായകളെ അന്വേഷിക്കും. വാസ്തവത്തിൽ അത്താഴം കഴിക്കുന്നത് ആദ്യം നായകൾ പിന്നെ ഭിക്ഷക്കാർ അവസാനം ഭക്തന്മാർ എന്നൊരു നിയമം ആശ്രമത്തിൽ ഉണ്ടായിരുന്നു.
ഒരിക്കൽ തന്റെ കുട്ടിയുമായി ഒരു അമ്മക്കുരങ്ങ് മഹർഷിയുടെ ആശ്രമത്തിലെത്തി. പ്രാർഥനാ മുറിയുടെ ശാന്തതക്ക് ഇത് തടസ്സമാകും എന്ന് കരുതി ഭക്തർ അതിനെ ആട്ടി ഓടിക്കാൻ നോക്കി. പക്ഷേ മഹർഷി പറഞ്ഞു “അവൾ വരട്ടെ, തടയേണ്ട. നിങ്ങളെ പോലെ തന്നെ അവളുടെ കുട്ടിയെ എന്നെ കാണിച്ചു തരാൻ വേണ്ടി വരുന്നതാണ്.”
ആശ്രമത്തിൽ ഒരു പശു ഉണ്ടായിരുന്നു. മഹർഷി അവൾക്ക് ലക്ഷ്മി എന്ന് പേരിട്ടു. ഭക്തർ കൂടി നിൽക്കുന്ന സമയം ആണെങ്കിലും ആരെയും നോക്കാതെ നേരെ മഹർഷിയുടെ അടുത്തേക്ക് പോകുമായിരുന്നു. അദ്ദേഹം അവൾക്ക് പഴങ്ങൾ വെച്ചിട്ടുണ്ടാകും എന്ന് അവൾക്ക് ഉറപ്പായിരുന്നു. ആശ്രമത്തിലെ എല്ലാവർക്കും ഓമനയായി അവൾ മാറി. മഹർഷിയുടെ ജന്മദിനത്തിന് ലക്ഷ്മി ചുരുങ്ങിയത് മൂന്ന് കുട്ടികൾക്കെങ്കിലും ജന്മം നൽകാറുണ്ട്.
ലക്ഷ്മിക്ക് വയസ്സായപ്പോൾ വയ്യാതെയായി. ഒരു ദിവസം അവസാനം അടുത്ത പോലെ തോന്നി. ആ സമയത്ത് മഹർഷി അവളുടെ അടുത്ത് വന്നു പറഞ്ഞു “അമ്മേ, ഞാൻ അടുത്തു വേണമെന്നുണ്ടോ?” അവളുടെ അടുത്തിരുന്ന് തല മഹർഷിയുടെ മടിയിൽ വെച്ചു, ഒരു കൈ അവളുടെ തലയിൽ വെച്ചു മറ്റേ കൈ കൊണ്ട് അവളെ തലോടി. കുറച്ചു കഴിഞ്ഞപ്പോൾ അവൾ ശാന്തമായി ശരീരം വിട്ടു പോയി. ഒരു മനുഷ്യന് ചെയ്യുന്നതുപോലെ എല്ലാ മതപരമായ ചടങ്ങുകളും കഴിഞ്ഞ് ആശ്രമ പരിസരത്ത് ഒരു മാനിന്റെയും കാക്കയുടെയും നായയുടേയും കുഴിമാടത്തിന്റെ അടുത്തു കുഴിച്ചിട്ടു. ലക്ഷ്മിക്ക് സമാനമായ ഒരു ചിത്രം സമചതുരമായ ഒരു കല്ലിൽ കൊത്തി കുഴിമാടത്തിന്റെ അവിടെ സ്ഥാപിച്ചു.
ഇങ്ങനെയായിരുന്നു മൃഗങ്ങളോട് മഹർഷിയുടെ സ്നേഹവും ദയയും ബഹുമാനവും.
ചോദ്യങ്ങൾ:
- പ്രവർത്തിയിലൂടെ രമണമഹർഷി എന്താണ് ഭക്തന്മാരെ പഠിപ്പിച്ചത്?
- എന്തുകൊണ്ട് ഈ മൃഗങ്ങൾ മരിച്ചപ്പോൾ കുഴിമാടങ്ങൾ ഉണ്ടാക്കിയത്?
- നിങ്ങൾ കണ്ടതോ കേട്ടതോ വായിച്ചതോ ആയ മൃഗങ്ങളോടുള്ള നുഷ്യന്റെ സ്നേഹത്തിന്റെ ഒരു ഉദാഹരണം വിശദമാക്കൂ?