യദാ യദാ ഹി ധർമ്മസ്യ
ഗ്ലാനിർഭവതി ഭാരത
അഭ്യുത്ഥാനമധർമ്മസ്യ
തദാത്മാനം സൃജാമ്യഹം
[അദ്ധ്യായം 4, ശ്ലോകം 7]
എപ്പോഴാണോ ധർമ്മത്തിന് താഴ്ചയും അധർമ്മത്തിന് ഉയർച്ചയുമുണ്ടാകുന്നത് ഓ ഭാരത വംശജ (അർജുനൻ) അപ്പോൾ ഞാൻ സ്വയം അവതരിക്കുന്നു.
ഭഗവാൻ തന്റെ നേതൃത്വത്തിൽ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു. ഈ പ്രപഞ്ചത്തിന്റെ ശരിയായ നടത്തിപ്പിനും ഉയർച്ചക്കുമായി പാലിക്കേണ്ടുന്ന ചില കാര്യങ്ങൾ നിശ്ചയിച്ചു. എല്ലാവരുടെയും നല്ല നടത്തിപ്പിനുള്ള ചില നിയമങ്ങളായിരുന്നു ഇവ. ഇവയാണ് ധർമ്മത്തിമടിസ്ഥാനവും. ഭൂമിയിലെ ഓരോന്നിനും തന്റെതുമാത്രമായൊരു ധർമ്മം അല്ലെങ്കിൽ ആ വ്യക്തിക്കുമാത്രമായൊരു കടമ നിർവഹിക്കാനുണ്ട്.
എപ്പോൾ വ്യക്തികൾ ധർമ്മത്തെ തിരസ്കരിച്ച് ശരിയല്ലാത്ത പാതയിൽ സഞ്ചരിക്കുന്നുവോ അപ്പോൾ അവർ അധർമ്മികളായി തീരുന്നു. നെൽച്ചെടിക്കൊപ്പമുള്ള കളകളേ പറിച്ചുനീക്കിയാലേ നെൽച്ചെടിക്ക് നല്ല പോലെ വളരാൻ സാധിക്കൂ എന്ന പോലെ അധർമ്മത്തെ തുടച്ചുനീക്കിയെ കഴിയൂ.
എപ്പോഴാണോ ഈ പറഞ്ഞ നിയമങ്ങൾ പാലിക്കാതിരിക്കുന്നത്, വ്യക്തികൾ ജീവിതത്തിന്റെ യഥാർത്ഥലക്ഷ്യം മറക്കുന്നത്, ലോകത്തെ അധർമ്മം കീഴ്പ്പെടുത്തുന്നത്, അപ്പോൾ ഭഗവാൻ അധർമ്മത്തെ ഇല്ലായ്മ ചെയ്യുവാൻ ഭൂമിയിൽ അവതരിക്കുന്നു.
ഭഗവാൻ കൃഷ്ണൻ പറയുന്നു എപ്പോഴെല്ലാം ലോകത്തെ പിടിച്ചുയർത്തേണ്ട ആവശ്യം വരുന്നുവോ അപ്പോൾ ഭഗവാൻ ഒരു നാമവും രൂപവും സ്വീകരിച്ച് അവതരിക്കുന്നു. മനുഷ്യനാലോ മൃഗത്താലോ താൻ വധിക്കപ്പെടരുത് എന്ന വരം നേടിയ ഹിരണ്യകശിപുവിനെ വധിക്കാനായി ഭഗവാൻ നരസിംഹ (പകുതി മനുഷ്യൻ, പകുതി സിംഹം) രൂപം സ്വീകരിച്ചു. രാവണനെ വധിക്കാൻ രാമനായും കംസനെയും കൗരവരെയും നശിപ്പിക്കാൻ കൃഷ്ണനായും ഭഗവാൻ ഭൂമിയിൽ അവതരിച്ചു.
മുൻജന്മങ്ങളിലെ പുണ്യപാപങ്ങളുടെ ഫലമായാണ് മനുഷ്യജന്മം ലഭിക്കുന്നത്. ഇത് കർമ്മജന്മമെന്ന് അറിയപ്പെടുന്നു. ഭഗവാൻ സ്വന്തം ഇച്ഛയാൽ ജന്മമെടുക്കുന്നു. നല്ലവരുടെ ശക്തമായ പ്രാർത്ഥനയാണ് ഭഗവാൻ ജന്മമെടുക്കുവാനുള്ള കാരണം. അധർമ്മികളുടെ ദുഷ്പ്രവർത്തികളും ഭഗവത് അവതരണത്തിന് കാരണമാകാം.