അഴകി
എ.ഡി. 985 മുതൽ 1014 വരെ ദക്ഷിണഭാരതം ഭരിച്ചിരുന്നു. മഹാനായ ഒരു ചക വർത്തിയായിരുന്നു രാജരാജൻ 1. ഒരു വലിയ കപ്പൽ സമൂഹം കൂടിയുണ്ടായിരുന്ന അദ്ദേഹം സിലോൺ, മലേഷ്യ, ഇൻഡോനേഷ്യ ഇവയും ബർമ്മയുടെ ഏതാനും ഭാഗവും ഭരിച്ചിരുന്നു. അധികാരത്തിന്റെ ഉച്ചകോടിയിലായിരുന്നിട്ടും ഈശ്വരസന്നിധിയിൽ ഒരു വിനീത സേവകനായിരുന്നു അദ്ദേഹം.
ചോളരാജാക്കന്മാരുടെ അഭിമാനസ്തംഭമായി ഗണിക്കാവുന്ന ഒരു ക്ഷേത്രം അദ്ദേഹം പണികഴിപ്പിച്ചു. ഇന്നും ദക്ഷിണേന്ത്യ സന്ദർശിക്കുന്ന വിദേശികളും സ്വദേശികളുമായ വിനോദയാത്രക്കാരുടേയും തീർത്ഥാടകരുടേയും പ്രത്യേക ശ്രദ്ധ ആകർഷിക്കുന്ന ഒരു ക്ഷേത്രം ആണ് അത്. എ.ഡി.1008-ൽ ആരംഭിച്ച് എ.ഡി. 1009-ൽ അതു പൂർത്തിയാക്കപ്പെട്ടു. ഈ ക്ഷേത്രം പണി നടന്നുകൊണ്ടിരുന്ന കാലത്തെ രസകരമായ ഒരു കഥ അതിനോട് അനുബന്ധിച്ച് പറയപ്പെടുന്നുണ്ട്. അഴകി – സൗന്ദര്യമുള്ള സ്ത്രീ – കഥ നടക്കുന്ന ഘട്ടത്തിൽ ഒരു വൃദ്ധയാണ്. അവർ സൗമ്യശീലയും വിനീതയും ഉത്തമമായ ഈശ്വരഭക്തിയുള്ളവളുമായിരുന്നു. ഇങ്ങനെയാണെങ്കിലും ഈശ്വരനിൽ നിന്ന് യാതൊന്നും അവർ ആഗ്രഹിച്ചിരുന്നില്ല. അങ്ങനെ ഈശ്വരാനുഗ്രഹലബ്ധിക്ക് അർഹതയില്ലാത്തവിധം അത്ര അയോഗ്യമാണ് താൻ എന്നു സ്വയം അവർ വിശ്വസിച്ചിരുന്നു. എല്ലാ ജീവജാലങ്ങളിലും സർവ്വശക്തന്റെ സാന്നിദ്ധ്യമുണ്ടെന്ന് കരുതിയിരുന്നതു കാരണം ആർക്കും പ്രത്യേകിച്ച് എല്ലാ ഭഗവത് ഭക്തന്മാർക്കും തന്നാൽ സാദ്ധ്യമായ എന്തു സേവനം ചെയ്യുന്നതിനും അഴകിക്കു സന്തോഷ മാണുണ്ടായിരുന്നത്.
ഇക്കാലത്ത് മഹത്തായ ഒരു ക്ഷേത്രം രാജാവ് പണിയിച്ചു തുടങ്ങി എന്ന് അഴകി അറിഞ്ഞു. ആ പണിസ്ഥലത്ത് അവർ എന്നും പോകും. പണിയിൽ ഏർപ്പെട്ടിരിക്കുന്ന എഞ്ചിനീയർമാർ, കൊത്തുപണിക്കാർ, കൽപണി, മരപ്പണി ഇവ ചെയ്യുന്നവർ ഇങ്ങനെ ഏവരുടേയും ജോലികൾ അവർ കൗതുകത്തോടെ ദിനം പ്രതി ശ്രദ്ധിക്കും. ഈ പണിക്കാർ ചെയ്യുന്ന സേവനങ്ങളിൽ അസൂയ തോന്നിയിട്ട് അവരും എന്തെങ്കിലും അവിടെ ചെയ്യണമെന്ന് ആഗ്രഹിച്ചു. എന്നാൽ വാർദ്ധക്യം കാരണം അവരെ ആരും ജോലി ചെയ്യാൻ അനുവദിച്ചില്ല. ഭക്തി പ്രചോദിതമായ അവരുടെ മനസ്സ് അന്വേഷണ നിരതമായിരുന്നു. ഏതെങ്കിലും പ്രകാരത്തിൽ ഈ സൽക്കർമ്മത്തിൽ താൻ കൂടി പങ്കാളിയാകണമെന്ന് അവർ ആഗ്രഹിച്ചു.
അഴകിയുടെ സമസൃഷ്ടി സ്നേഹം ആഗ്രഹസാധ്യത്തിന് ഒരു വഴി കാണിച്ചു കൊടുത്തു. തണുപ്പുള്ള പ്രഭാതങ്ങളിലും പൊരിയുന്ന ഉച്ചവെയിലിലും അസഹനീയമായ കാറ്റു വിശിക്കൊണ്ടിരിക്കുന്ന സായംകാലങ്ങളിലും അവർ വന്നു പണിയുടെ പുരോഗതി ശ്രദ്ധിക്കും. ഉച്ചവെയിലിൽ ജോലിക്കാർ ദാഹാർത്തരാണെന്ന് അവർ കണ്ടു. അത് അവർക്ക് ഒരു നല്ല സന്ദർഭമുണ്ടാക്കി. കറിവേപ്പിലയും, ഇഞ്ചി, മുളക് മുതലായവയും ചേർത്തു രുചികരമായ മോര് കുടത്തിലാക്കി ജോലി സ്ഥലത്തു കൊണ്ടുചെന്ന് ഓരോ പണിക്കാരനും ആവശ്യം പോലെ അവർ പകർന്നുകൊടുത്തു. ഈ സേവനം പണിക്കാർക്ക് വളരെ ഹൃദ്യമായിരുന്നു. ബുദ്ധിപൂർവ്വമായ ഈ കൃത്യത്തിന് അവർ നന്ദിയുള്ളവരുമായിരുന്നു. തണുപ്പുള്ളതും ഉന്മേഷജനകവുമായ ഈ പാനീയം കഴിക്കുന്നതുകാരണം ശേഷിക്കുന്ന സമയം മുഴുവനും ക്ഷീണിതരാകാതെ കൂടുതൽ ജോലി ചെയ്യുവാനും അവർക്കു കഴിഞ്ഞു.
ഈ സേവനം അഴകി വളരെ നാൾ തുടർന്നു. ക്ഷേത്രം പണി സമാപിക്കുന്നതി നുള്ള സമയം അടുത്തുവന്നു. ഗർഭഗൃഹത്തിന്റെ മുകളിൽ സ്ഥാപിക്കുവാൻ 216 അടി ഉയരമുള്ള വിമാനത്തിന്റെ പണിയും പൂർത്തിയാവുകയാണ്. അപ്പോൾ അഴകി പറഞ്ഞു. പ്രിയ സ്നേഹിതരേ എനിക്ക് ഒരു ചെറിയ അപേക്ഷയുണ്ട്. ഈ വൃദ്ധയുടെ അഭ്യർത്ഥന നിങ്ങൾ സാധിച്ചു തരുമോ? ഈ ചോദ്യം മാസങ്ങളോളം തുടരെ അവരുടെ ദയയ്ക്ക് പാത്രീഭൂതരായ വിദഗ്ദ്ധതൊഴിലാളികളുടെ നേർക്കാണുണ്ടായത്. അതിനാൽ എന്തുപകാരം ചെയ്യുന്നതിനും അവർ തയ്യാറായിരുന്നു. തൊഴിലാളിപ്രമാണി പറഞ്ഞു, അമ്മൂമ്മ എന്താണ് ആഗ്രഹമെന്നു പറയൂ, ഞങ്ങൾ സന്തോഷപൂർവ്വം അതു ചെയ്തുതരാം എന്ന്. അഴകി: എന്റെ വീട്ടുമുറ്റത്ത് ഒരു വലിയ കരിങ്കല്ല് കിടക്കുന്നുണ്ട്. അതുകൊണ്ട് എനിക്ക് ഒരു പ്രയോജനവുമില്ല. വിമാനത്തിന്റെ അഗ്രഭാഗത്ത് മധ്യത്തിൽ സൂചാകാരമായ മൂടിക്കെട്ടുപണിക്കു മതിയാകും. എനിക്ക് എന്തെങ്കിലും ഈശ്വരസേവ ചെയ്യണമെന്ന ആഗ്രഹമുണ്ട്. ആ കല്ല് ഇങ്ങനെ ഉപയോഗിച്ചാൽ എനിക്കു വളരെ സന്തോഷ മാണ്.
“ഞങ്ങൾ ഇന്നുതന്നെ അങ്ങനെ ചെയ്യാമല്ലോ” അയാൾ പറഞ്ഞു. അപ്പോൾത്തന്നെ അയാളും കൂട്ടരും അഴകിയുടെ വീട്ടിൽ ചെന്നു കല്ലുനോക്കി. ഈ പണിക്ക് ആ കല്ലുകൊ ള്ളാമെന്നുകണ്ട് അതുകൊണ്ടുവന്നു പണിപൂർത്തിയാക്കി തക്കസമയത്ത് ഗർഭഗൃഹത്തിന്റെ അഗ്രത്തിൽ കയറ്റി ക്ഷേത്രത്തിന്റെ പണി സമാപിച്ചു.
ക്ഷേത്രത്തിന്റെ പണി മുഴുവൻ പൂർത്തിയാക്കി. പുരോഹിതന്മാർ പ്രതിഷ്ഠയ്ക്കുള്ള ശുഭമുഹൂർത്തം നിശ്ചയിച്ചു. തലേദിവസം പതിവുപോലെ രാജാവ് പണികളെല്ലാം പരി ശോധിച്ചു സംതൃപ്തനായി. ശ്രീപരമേശ്വര പ്രതിഷ്ഠയ്ക്ക് ഇത്രയും മഹത്തായ ഒരു ക്ഷേത്രം തീർന്നുകിട്ടിയതിലും ഇതിലേയ്ക്ക് തന്നെ ഒരു കാരണമാക്കി ഈശ്വരൻ നിശ്ചയിച്ചതിലും രാജാവ് അഭിമാനം പൂണ്ടു. ഇതിനകം തന്നെ ആ ക്ഷേത്രം അതിന്റെ അനിതരസാധാരണമായ വൈശിഷ്ട്യം കൊണ്ട് പ്രസിദ്ധി ആർജ്ജിച്ചു കഴിഞ്ഞിരുന്നു. കാര്യങ്ങളൊക്കെ ശുഭമായിത്തന്നെ നടന്നിരുന്നു. നിശ്ചയിച്ചതുപോലെ അടുത്ത ദിവസം തന്നെ പ്രതിഷ്ഠ നടത്താമെന്നു കരുതി. രാജാവും കൊട്ടാരത്തി ലേയ്ക്കു മടങ്ങി.
അന്നുരാത്രി പരമശിവൻ (ബൃഹദീശ്വരൻ) രാജാവിന് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു. പറഞ്ഞു “രാജൻ വ്യദ്ധയായ അഴകി സംഭാവന ചെയ്ത ആലയത്തിൽ വസിക്കുന്നതിനു എനിക്കു വലുതായ സന്തോഷമുണ്ട്. രാജാവ് ഇതുകേട്ട് ഉണർന്നു ചിന്തിച്ചു. “ശ്രീ പരമേശ്വരൻ ആ കിഴവിയുടെ ആലയത്തിൽ വസിക്കയെന്നോ? അത് അസംഭാവ്യമാണല്ലോ! ഞാൻ പണിയിച്ചതല്ലേ ആ ക്ഷേത്രം. ഇതു സംബന്ധിച്ചുള്ള പ്രാരംഭചിന്തയും സകലസംവിധാനവും, ധനവും സാധനങ്ങളും സംഭരിച്ചതും പണികൾ പൂർത്തിയാക്കിയതും എല്ലാം ഞാൻ തന്നെയാണല്ലോ. ഒരു കിഴവിക്കും ഇതിൽ പങ്കുവഹിക്കേണ്ടിവന്നിട്ടില്ലല്ലോ. എന്നാൽ ഈശ്വരൻ തന്നെ നേരിൽ പറഞ്ഞ കാര്യം തെറ്റാകയും ഇല്ല.
വിനീതനായി രാജാവ് ക്ഷേത്രത്തിലേയ്ക്കു പോയി. ക്ഷേത്രനിർമ്മിതിയിൽ സഹകരിച്ച കിഴവിയെ കണ്ടുപിടിക്കാൻ ശ്രമിച്ചു. അവിടെ അങ്ങനെ ആരെയും കണ്ടില്ല. ആ വൃദ്ധ ആരായിരുന്നാലും അവരെ കണ്ടുപിടിച്ചേ തീരു എന്ന് മന്ത്രിമാർക്ക് കല്പന കൊടുത്തു. വിദഗ്ദ്ധമായ അന്വേഷണങ്ങൾക്കുശേഷം അവർ ഇതിന്റെ ചരിത്രം മനസ്സിലാക്കി, അഴകി എന്ന വ്യദ്ധ നിത്യവും ക്ഷേത്രം പണി സ്വയം സന്ദർശിച്ചു വന്നതും, പണി നടന്ന സുദീർഘമായ കാലം മുഴുവനും മോരു വെള്ളം പണിക്കാർക്കു കൊടുത്ത് സന്തോഷിപ്പിച്ചതും എല്ലാം അവർ രാജാവിനെ അറിയിച്ചു. അവരുടെ നിരന്തരവും സ്നേഹപൂർണ്ണവുമായ സേവനവും ത്യാഗവും ഈശ്വരപ്രീതിക്കു കാരണമായി. ആ ക്ഷേത്രം അവരുടെ സംഭാവനയാണെന്നു ഭഗവാൻ പറയുന്നതിന് ഇടയാക്കുകയും ചെയ്തിരിക്കുന്നു. തൊഴുകൈയ്യോടെ രാജാവ് അവരെ കുടിലിൽ ചെന്നു കണ്ടു വിളിച്ചു കൊണ്ടുവന്ന് പരസ്യമായി ക്ഷേത്രസന്നിധിയിൽ വെച്ച് ബഹുമാനിച്ചതിനുശേഷം പ്രതിഷ്ഠാനടപടികൾ ആരംഭിച്ചു.
അഴകിയുടെ അതിനിസ്സാരമായ സേവനങ്ങൾ ഈശ്വരൻ അംഗീകരിച്ചതിലുള്ള സംതൃപ്തി ഹേതുവായി അവർ ഈശ്വരസന്നിധിയിൽ പ്രണമിച്ച് ശേഷിച്ച ജീവിതകാലം മുഴുവനും ഈശ്വരപ്രാർത്ഥനയിലും ഭക്തജനസേവനത്തിലും കഴിച്ചുകൂട്ടി. അഴകിയുടെ തുച്ഛമായ സേവനങ്ങൾ ഇങ്ങനെ ഈശ്വരപ്രീതികരമായതുകൊണ്ട് ജനങ്ങൾ അത്ഭുത സ്തബ്ധരായി. കാലക്രമത്തിൽ ഈ ചരിത്രം നാടൻകലകളുടെ രൂപത്തിൽ പ്രസിദ്ധ മായിത്തീർന്നു. അവരുടെ സ്ഥലം അഴകിയുടെ ആരാമം’ എന്നും അതിനുമുൻവശ മുള്ള കുളം “അഴകിതീർത്ഥം’ എന്നും പുകഴ്ത്തപ്പെട്ടു. 11-ാം ശതകത്തിൽ ആ കുടിൽ ഇരുന്ന സ്ഥലം 20-ാം ശതകത്തിൽ മുൻസിപ്പൽ ഓഫീസ് കെട്ടിടത്തിന് ഉപയോഗിച്ചിരിക്കയാണ്.
ചോദ്യങ്ങൾ :
- അഴകി ആരായിരുന്നു ?
- ക്ഷേത്രം പണിക്ക് അവൾ എന്തു സഹായം ചെയ്തു ?
- അവരുടെ ഒരേ ഒരു ആഗ്രഹം എന്തായിരുന്നു ?
- രാജാവിന്റെ സ്വപ്നത്തിൽ ഈശ്വരൻ അരുളിചെയ്തതെന്ത് ?
- അഴകിയുടെ ചരിത്രത്തിൽ നിന്നു രാജാവ് എന്തു പാഠമാണു പഠിച്ചത് ?
[Source – Stories for Children – II, Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam]