ആഹാരവും ചിന്താശക്തിയും

Print Friendly, PDF & Email
ആഹാരവും ചിന്താശക്തിയും

മഹാഭാരത യുദ്ധത്തിന്റെ പത്താം ദിവസം അർജ്ജുനൻ പ്രയോഗിച്ച ശരങ്ങളേറ്റ് ഭീഷ്മർ രഥത്തിൽ നിന്ന് ഭൂമിയിലേയ്ക്കു വീണു. അന്നുമുതൽ യുദ്ധം അവസാനിക്കുന്ന പതിനെട്ടാം ദിവസം വരെ ഭീഷ്മർ ശരശയ്യയിൽ കിടന്നു. വിജയികളായ പാണ്ഡവൻമാരും ദ്രൗപതിയും ഭീഷ്മപിതാമഹനെ ദർശിക്കാനായി അവിടെ വന്നു. ആ ശരശയ്യയിൽ കിടന്ന് തന്നെ ദർശിക്കാനെത്തിയവരോടെല്ലാം വളരെ വാൽസല്യപൂർവ്വം സംഭാഷണം ചെയ്ത് നീതിശാസ്ത്രത്തെ പുരസ്കരിച്ച് അദ്ദേഹം വാചാലമായി പ്രഭാഷണം ചെയ്തു. ഇത് മഹാഭാരത പുരാണത്തിൽ ശാന്തിപർവ്വം എന്ന് അതിപ്രശ സ്തമായ ഒരു ഭാഗമാണ്.

സമാധാനത്തേയും, ശാന്തിയേയും, കലഹവിമുഖതയെയും ആസ്പദമാക്കി ഭീഷ്മർ പ്രസംഗിക്കുന്ന സമയത്ത്, എന്തൊക്കെയോ വികാരങ്ങൾ ഉള്ളിൽ നിറഞ്ഞ ദ്രൗപതി, സകലരുടേയും ശ്രദ്ധ ആകർഷിക്കത്തക്കവിധം ഉറക്കെ ചിരിച്ചു. ഇങ്ങനെ ഗുരുജനങ്ങളുടെ മുമ്പിൽ ചിരിച്ചത് ഏറ്റവും അനുചിതമായി പാണ്ഡവർക്കു തോന്നി. അവർക്ക് അത് തീരെ അരോചകവുമായിരുന്നു.

പാണ്ഡവൻമാരുടെ ചിന്താഗതി, എല്ലാം അറിയാവുന്ന ഭീഷ്മർക്കു മനസ്സിലായി. ഈ സംഭവത്തിനു ശരിയായ ഒരു സമാധാനം കൊടുക്കുന്നതിനു വേണ്ടി അദ്ദേഹം ദ്രൗപതിയെ സമീപത്തേയ്ക്കു വിളിച്ച് അവർ ദീർഘസുമംഗലിയായി ഭവിക്കുമെന്ന് ആശീർവദിച്ചു. പാഞ്ചാലി മതിയായ കാരണമില്ലാതെ ഒന്നും പ്രവർത്തിക്കുകയില്ലെന്നും, ഇപ്പോൾ അവർ ചിരിച്ചതിന്റെ കാരണം വ്യക്തമാക്കി ഭർത്താക്കന്മാരുടെ മനഃപ്രയാസം അകറ്റണമെന്നും പിതാമഹൻ ആജ്ഞാപിച്ചു.

ഏറ്റവും ഭക്തിബഹുമാനങ്ങളോടെ ഭീഷ്മരെ സംബോധന ചെയ്ത് ദ്രൗപതി വിനീതമായി അറിയിച്ചു. “ദുര്യോധനന്റെ രാജസദസ്സിൽ വച്ച് എന്നെ മാനഭംഗപ്പെടു ത്തിയപ്പോഴും, എന്റെ ഭർത്താക്കൻമാരെ പന്ത്രണ്ടുവർഷം വനവാസത്തിനും ഒരു വർഷം അജ്ഞാതവാസത്തിനും ശിക്ഷിച്ചു നാടുകടത്തിയപ്പോഴും അവിടുന്ന് ഒരു സദാചാര പ്രഭാഷണവും ചെയ്തിരുന്നില്ല.അതേസമയം ധർമ്മത്തിന്റെ മൂർത്തീഭാവം കൈക്കൊണ്ടു ജീവിക്കുന്ന പാണ്ഡവൻമാരെ ഇപ്പോൾ അങ്ങ് ശാന്തിപർവ്വം പഠിപ്പി ക്കുന്നു. ഇപ്പോൾ ഈ സദുപദേശം പഠിക്കേണ്ട ആവശ്യമില്ലാത്തവർക്കാണ് അങ്ങ് അതുപദേശിക്കുന്നത്. ഇതൊക്കെ ദുര്യോധനനെയും സഹപ്രവർത്തകരേയും പഠിപ്പിക്കുകയല്ലായിരുന്നോ വേണ്ടിയിരുന്നത്? ഇങ്ങനെ ഒരു വിചാരം ഉള്ളിലുണ്ടായി ഞാൻ ചിരിച്ചു പോയതാണ്”.

തന്നെയുമല്ല, അന്നത്തെ രാജസദസ്സിൽ ധർമ്മപുത്രൻ ചൂതുകളിയിൽ പരാജയ പ്പെട്ടു. ഒടുവിൽ സ്വയം പണയം വെച്ച് അതിലും തോറ്റു. അതിനുശേഷം എല്ലാവരേയും വനവാസത്തിനു ശിക്ഷിച്ചു. പിന്നെ എന്നെയും അപമാനിച്ചു. അതു ധർമ്മമായിരുന്നോ? അവിടുന്നു ധർമ്മശാസ്ത്രത്തിന്റെ അവതാരം തന്നെയാണെന്ന് എനിക്കറിയാം. ധർമ്മപുത്രൻ സ്വയം പണയപ്പെട്ട് പരാജിതനായ ശേഷം എന്നോട് കല്പന പുറപ്പെടുവിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ടെന്ന് അങ്ങ് വിചാരിക്കുന്നുണ്ടോ? ആ സമയത്ത് നീതിശാസ്ത്രത്തോടു പരിപൂർണ്ണ വിധേയത്വമുള്ള അങ്ങയുടെ നീതി ബോധത്തിന് എന്തുപറ്റി? എന്നോട് എന്തെങ്കിലും ആജ്ഞാപിക്കാൻ സ്വയം പണയപ്പെട്ടുപോയ ധർമ്മപുത്രർക്ക് അവകാശമില്ലായിരുന്നു. പണയപ്പെട്ടു സ്വാതന്ത്ര്യം നശിച്ച ശേഷമാണോ പണയം വെച്ചത് അതോ, അതിനുമുമ്പോ എന്നു രാജസദസ്സിൽ വച്ചു ഞാൻ ചോദിച്ചപ്പോൾ എന്തേ അന്ന് ഒന്നും മറുപടി പറയാതിരുന്നത്? അങ്ങയുടെ നീതിബോധത്തിന് അപ്പോൾ എന്തുസംഭവിച്ചു? ഇന്ന് യാതൊരാവശ്യവുമില്ലാതെ അങ്ങ് നീതിശാസ്ത്രം പ്രസംഗിക്കുന്നു. ഇത് എനിക്കു ചിരിക്കാനുള്ള പ്രേരണ ഉണ്ടാക്കിയെ ന്നേയുള്ളൂ.

ജീവനും മരണത്തിനുമിടയിൽ സന്ദിഗ്ദ്ധാവസ്ഥയിൽ കിടക്കുന്ന പിതാമഹനെ അലോസരപ്പെടുത്തുന്ന പ്രശ്നങ്ങളും ചോദ്യങ്ങളും ഉന്നയിക്കുന്നതു കണ്ട് ധർമ്മപുത്രർക്ക് വളരെ ചാഞ്ചല്യമുണ്ടായി. ഭീഷ്മർ ഉറക്കെ ചിരിച്ച് ഇങ്ങനെ കാര്യങ്ങൾ ചോദിച്ചതിൽ പ്രശംസിച്ചു. ഇവയ്ക്കുള്ള മറുപടികൾ ഇനി വരുന്ന കലിയുഗത്തിൽ കൂടുതൽ പ്രയോജനമുണ്ടാക്കുമെന്ന് പറഞ്ഞ്, പാണ്ഡവൻമാർ ശാന്തരായിരിക്കണമെന്ന് അദ്ദേഹം ആജ്ഞാപിച്ചു.

ഭീഷ്മർ പറഞ്ഞു, “അനവധി വർഷങ്ങളായി പാപികളും ദുഷ്ടാത്മാക്കളുമായ രാജാക്കൻമാരെ സേവിച്ച് അവർ തരുന്ന ആഹാരങ്ങളും കഴിച്ച് ഞാൻ ജീവിച്ചു വരികയായിരുന്നു. അതിനാൽ എന്നിലുണ്ടായിരുന്ന നീതിബോധവും ധർമ്മശാസ്ത്രാനുഷ്ഠാനവും അതിൽ നിമഗ്നമായി കടന്നുപോയി. നിന്റെ ഭർത്താവായ അർജ്ജുനന്റെ ശരങ്ങളേറ്റ് ആ ദുഷിച്ച രക്തമെല്ലാം വാർന്നുപോയി. ശേഷിക്കുന്ന ശുദ്ധരക്തത്തോടു കൂടി ധർമ്മം തെളിഞ്ഞു വന്നു. അതു ഞാൻ ഇപ്പോൾ പ്രസംഗിക്കുകയാണ്.

ഭീഷ്മർ ഉപദേശിച്ച ശാന്തിപർവ്വത്തിൽ നിന്ന് നമുക്ക് സാധാരണ ജീവിതത്തിനുതകുന്ന ഒരു ഗുണപാഠം ഗ്രഹിക്കാനുണ്ട്. ദുഷിച്ച മാർഗ്ഗത്തിൽ കൂടിയുള്ള ധനം ഉപയോഗിച്ച് പുഷ്ടിപ്പെടാൻ ആഗ്രഹിക്കുന്ന ഒരുവന്റെ സൽഗുണങ്ങൾ ആ ദുഷിച്ച രക്തത്തിൽ ആമഗ്നമായിപ്പോകും. ഈ സന്ദർഭത്തിൽ കൃഷ്ണനും പറയുകയുണ്ടായി. ആഹാരം പാകപ്പെടുത്തുന്നതിനുള്ള പാത്രം, പാചകത്തിനുപയോഗിക്കുന്ന മറ്റു സാധനങ്ങൾ, ആഹാരപദാർത്ഥം ഇവ എല്ലാം ശുദ്ധമായിരിക്കണമെന്ന്.

ആഹാരത്തിൽ കൂടിയും തിന്മ വ്യാപിക്കുമെന്ന് ഭീഷ്മരുടെ ഈ സംഭാഷണം നമ്മെ പഠിപ്പിക്കുന്നു. നാം ആഹരിക്കുന്ന ഭക്ഷ്യപദാർത്ഥത്തിനുള്ളിൽ കൂടി ചിന്തകൾ ഉണ്ടാകുന്നു. ഈ ചിന്തകൾ അതിനുതക്ക പ്രവർത്തിക്ക് ഇടം കൊടുക്കുന്നു. ഈ പ്രവർത്തികളാണ് അവനവന്റെ നന്മതിന്മകൾക്കു കാരണം. ഇങ്ങനെ യോഗ്യമായ സദു പദേശങ്ങൾ കൊടുത്തതിനു ശേഷം ഭീഷ്മർ ശരീരത്യാഗം ചെയ്തു.

Narration: Ms. Sai Sruthi S.V.
[Sri Sathya Sai Balvikas Alumna]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: