ഭരതൻ മടങ്ങിവരുന്നു
ഭരതൻ മടങ്ങിവരുന്നു
രാമന്റെ വേർപാട് ദശരഥന്റെ ഹൃദയം ശിഥിലമാക്കി. അദ്ദേഹം ശയ്യാവലംബിയായി. രാമ! സീത! ലക്ഷ്മണ! ഇങ്ങനെ തുടരെത്തുടരെ വിലപിച്ചുകൊണ്ടിരുന്നു. ഇങ്ങനെ അവശനായി ഒരു രാത്രിയിൽ രാമജപത്തോടു കൂടി അദ്ദേഹം അന്ത്യശ്വാസം വലിച്ചു. ഗംഗാതീർത്ഥം കുടിച്ചാൽ പരിശുദ്ധമാകു ന്നതുപോലെയായിരുന്നു ആ നാമജപം.
രാജ്യം ആകമാനം തീവ്ര ദുഃഖത്തിലാണ്ടു പോയി. രാമന്റെ വിയോഗത്തെത്തുടർന്ന് ജനങ്ങളുടെ പ്രിയങ്കരനായ രാജാവിന്റെ നിര്യാണവും കൂടിയായപ്പോൾ അവരുടെ ഖേദം വർദ്ധിച്ചു. കുലഗുരുവായ വസിഷ്ഠൻ ജനങ്ങളോട് ശാന്തരായിരിക്കുവാൻ അനുശാസിച്ചശേഷം, മാതുലഗൃഹത്തിൽ പോയിരുന്ന ഭരതശത്രുഘ്നന്മാരെ പെട്ടെന്നുതന്നെ മടക്കിവരുത്തുന്നതിന് ദൂതന്മാരെ നിയോഗിച്ചു.
അവർ ഉടനെ മടങ്ങിയെത്തി. രാജധാനിയിലെങ്ങും ഒരു മ്ലാനത വ്യാപിച്ചിരി ക്കുന്നതായി ഭരതൻ കണ്ടു. അദ്ദേഹത്തോട് ആരും ഒന്നും പറഞ്ഞിരുന്നില്ല. അദ്ദേഹം നേരെ മാതൃഗൃഹത്തിലേക്ക് ചെന്നു. അവിടെ ഭരതനെ ആഘോഷപൂർവ്വം.
സ്വീകരിക്കുന്നതിനുവേണ്ട ഒരുക്കങ്ങൾ കൈകേയി ചെയ്തിരുന്നു. ഭരതന്റെ ആദ്യത്തെ ചോദ്യം, “എന്നെ എപ്പോഴും വാത്സല്യപൂർവ്വം സ്വീകരിക്കാറുള്ള എന്റെ അച്ഛൻ എവിടെ? രാമനും ലക്ഷ്മണനും എവിടെ? അവരെ ഇവിടെയെങ്ങും കാണുന്നില്ലല്ലോ” എന്നായിരുന്നു. ഈ ചോദ്യങ്ങളിൽ നിന്നും കൈകേയി ഒഴിഞ്ഞുമാറിയിട്ട്, എല്ലാ കാര്യങ്ങളും വിശദീകരിക്കാൻ മന്ഥരയെ നിയോഗിച്ചു.
മന്ഥ ഉത്സാഹപൂർവ്വം വന്ന് ഭരതനോട് ഇപ്രകാരം പറഞ്ഞു. “പ്രിയപ്പെട്ട കുഞ്ഞേ, കുഞ്ഞിന്റെ സൗഭാഗ്യത്തിനുവേണ്ടി ഞങ്ങൾ എല്ലാവിധ ഏർപ്പാടുകളും പൂർത്തിയാക്കി. അങ്ങ് അയോദ്ധ്യാരാജാവായി അഭിഷേകം ചെയ്യപ്പെടുന്നതിനുള്ള മാർഗ്ഗം തെളിഞ്ഞിരിക്കുന്നു. ഈശ്വരമഹത്വം അത്ഭുതകരമാണ്. നമ്മുടെ പരിപാടികൾ പ്രതീക്ഷപോലെ നടന്നു. കിരീടധാരണത്തിന് തയ്യാറായാലും! എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ, രാജാവ് പെട്ടെന്നു നിര്യാതനായി.”
ഈ പ്രഭാഷണം വേണ്ടവണ്ണം മനസ്സിലാക്കാൻ ഭരതനു കഴിഞ്ഞില്ല. എന്നിരുനാലും പിതാവിന്റെ നിര്യാണവാർത്ത കേട്ട് അദ്ദേഹം നടുങ്ങിപ്പോയി. അന്ത്യകാ ലത്ത് അച്ഛന്റെ സമീപത്തിരുന്ന് ശുശ്രൂഷിക്കാനായി എന്തുകൊണ്ട് എന്നെ വിവരം അറിയിച്ചില്ല? സർവ്വഥായോഗ്യനായ എന്റെ ജ്യേഷ്ഠൻ രാമനുള്ളപ്പോൾ എന്നെ കിരീടധാരണം ചെയ്യിക്കുന്നതെന്തിനാണെന്നും എനിക്കു മനസ്സിലാകുന്നില്ല. എല്ലാ വരും ചേർന്ന് എന്നെ ഭ്രാന്തുപിടിപ്പിക്കയാണ്. അമ്മേ, എല്ലാ വസ്തുതകളും വേഗം പറയണം. ഇങ്ങനെ ഭരതൻ ആവേശത്തോടെ ചോദിച്ചു.
ഭരതന്റെ തോളിൽ വാത്സല്യപൂർവ്വം കൈവെച്ചുകൊണ്ട് പ്രകാശപൂർണ്ണമായ മുഖത്തോടെ കൈകേയി പറഞ്ഞുതുടങ്ങി. ഭരതന്റെ പുരോഗതിക്കുവേണ്ടി മന്ഥര സ്വീകരിച്ച തന്ത്രങ്ങളും നൽകിയ വരദാനത്തെ ആദരിക്കുന്ന പിതാവിന് പിന്മാറാ നാകാത്തവിധമുള്ള സ്ഥിതിവിശേഷം ആവിഷ്കരിച്ചതുമെല്ലാം അവർ മകനെ ധരിപ്പിച്ചു.
ഈ പ്രതിസന്ധിയുടെ സത്യാവസ്ഥ ക്രമേണ ഭരതനു ബോദ്ധ്യമായി. കോപാ വേശത്താൽ കുമാരന്റെ മുഖം ചുവന്നു. പ്രക്ഷുബ്ധനായി മാതാവിനെ തള്ളിമാറ്റിയിട്ടു അദ്ദേഹം പറഞ്ഞു. “എന്തുവിധത്തിലുള്ള സ്ത്രീത്വമാണ് നിങ്ങൾക്കുള്ളത്? നിങ്ങളുടെ ഹൃദയം ശിലാനിർമ്മിതമാണോ? നിങ്ങളുടെ ചെയ്തികളുടെ ഫലമാണ് പിതാവിന്റെ ദേഹവിയോഗം എന്ന് നിങ്ങൾക്കറിഞ്ഞുകൂടയോ? രാമനെ ദ്രോഹിക്കണമെന്ന ചിന്ത നിങ്ങൾക്കെങ്ങനെയുണ്ടായി? നിങ്ങളെയും സ്വമാതാവിനെ പ്പോലെ ജ്യേഷ്ഠൻ ആദരിച്ചിരുന്നില്ലേ? സൽഗുണസമ്പൂർണ്ണയായ സീതയ്ക്ക് ഇതു മൂലം എത്രമാത്രം തീവ്രവേദന നിങ്ങളുണ്ടാക്കി. രാമന്റെയും സീതയുടേയും തിരോധാനത്താൽ ദരിദ്രമാക്കപ്പെട്ട ഈ രാജ്യം ഞാൻ സ്വീകരിക്കുമെന്ന് നിങ്ങൾ വിചാ രിക്കുന്നുണ്ടോ? നിങ്ങളുടെ മകൻ ഭരതൻ ഒരു നിമിഷമെങ്കിലും രാമനെ പിരി ത്തിരിക്കുമെന്നു നിങ്ങൾക്കു സങ്കല്പിക്കാൻ കഴിയുമോ? നിങ്ങൾ അങ്ങനെ കരുതു ന്നെങ്കിൽ നിങ്ങൾ എന്റെ മാതാവല്ല. നിങ്ങളുടെ മുഖം എനിക്കു കാണണ്ട. ഇക്ഷ്വാകു വംശം നിങ്ങൾ കാരണം കളങ്കിതമായി. രാമന്റെ പാദാന്തികത്തിലാണ് എന്റെ സ്ഥാനം. രാമനെ മടക്കിക്കൊണ്ടുവരുന്നതിന് ഞാൻ ഉടനെതന്നെ വന ത്തിലേക്ക് യാത്രയാവുകയാണ്.”
ഇത്രയും പറഞ്ഞ്, ആ അന്തരീക്ഷത്തിൽനിന്നു പാലായനം ചെയ്യുന്നതിനായി ഭരതൻ പുറംതിരിഞ്ഞു. ഭരതൻ കോപാക്രാന്തനായി ഈ സംഭാഷണം തുടരുന്ന സമയത്ത് ശത്രുഘ്നൻ മന്ഥരയുടെ മുടിയിൽ പിടിച്ച് മർദ്ദിക്കാൻ തുടങ്ങി. ഭരതന്റെ കോപം ശമിച്ചുതുടങ്ങിയപ്പോൾ, ഈ ദുരവസ്ഥയ്ക്കെല്ലാം കാരണക്കാരി യായ ക്കൂനിത്തള്ള മന്ഥരയെ ഇനിയും ദണ്ഡിക്കുന്നതിൽ നിന്നു തന്റെ അനുജനെ അദ്ദേഹം തടഞ്ഞു.
സഹോദരന്മാർ ഇരുവരും ആകെ തകർന്നുകിടക്കുന്ന കൗസല്യയെ സന്ദർശിച്ച് അവരുടെ പാദങ്ങളിൽ പ്രണമിച്ചു. ഈ കൃത്രിമങ്ങളുടെ ആസൂത്രണത്തെപ്പറ്റി യാതൊരു വിവരവും ഇല്ലെന്നും തന്നെ തെറ്റിദ്ധരിക്കരുതെന്നും ഭരതൻ അവരെ അറിയിച്ചു. ഭരതന്റെ സ്നേഹത്തെക്കുറിച്ച് തനിക്കു നല്ലവണ്ണം അറിയാമെന്ന് കൗസല്യ വാത്സല്യപൂർവ്വം പ്രതിവചിച്ചു. അവർ വീണ്ടും പറഞ്ഞു. “ആരേയും ഇതിൽ കുറ്റപ്പെടുത്തേണ്ടതില്ല. എന്റെ വാത്സല്യം നിന്നിൽ എപ്പോഴുമുണ്ട്.’ എന്ന്
ഗുരുജനങ്ങളുടെ സദസ്സിൽ വസിഷ്ഠന്റെ അഭിലാഷപ്രകാരം സന്നിഹിതനായ ഭരതനോട് രാജ്യം പൂർവ്വസ്ഥിതിയിൽ വർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. രാമൻ മടങ്ങിവരുന്നതുവരെ ഭരതൻ രാജ്യം വാഴണമെന്നും വസിഷ്ഠൻ അഭിപ്രായപ്പെട്ടു.
ഈ ഉപദേശങ്ങൾ ഭരതൻ ശ്രദ്ധിച്ചുകേട്ടു. എന്നിട്ട് സുവ്യക്തമായി പറഞ്ഞു. “നിങ്ങൾക്കെല്ലാവർക്കും വന്ദനം, നിങ്ങളുടെ സ്നേഹപൂർണ്ണമായ വാക്കുകൾക്കു നന്ദി. എന്നാൽ നിങ്ങൾ എനിക്കു മാപ്പുതരണം. എന്തെന്നാൽ, രാമൻ തപസിയായി വനവാസം ചെയ്യുന്ന കാലത്തോളം എനിക്കിവിടെ രാജാവായിരിക്കുക സാധ്യമല്ല. എനിക്ക് ഒരാഗ്രഹം മാത്രമാണുള്ളത്. ഇവിടെനിന്നുപോയി രാമപാദ ങ്ങളിൽ നമസ്കരിച്ച് അദ്ദേഹം മടങ്ങിവന്ന് രാജ്യഭാരം ഏൽക്കണമെന്ന് യാചിക്കുക എന്നതാണ് അത്. രാമനെ മടക്കിക്കൊണ്ടുവരുന്നതിന് നിങ്ങളെല്ലാവരും എന്നോടൊത്ത് വരണമെന്നും ഞാൻ അപേക്ഷിക്കുന്നു.”
ഭരതന്റെ ത്യാഗശീലവും ആത്മാർത്ഥതയും ഭക്തിയും കണ്ട് സകലരും അത്ഭുതപ്പെട്ടു. രാമൻ അയോദ്ധ്യയിലേക്ക് മടങ്ങാനുള്ള സാധ്യതയിൽ അവർക്കെല്ലാം അതിയായ സന്തോഷവും തോന്നി.
വനയാത്രയ്ക്കുവേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നതിനും വേണ്ടിവന്നാൽ വന ത്തിൽവെച്ചുതന്നെ രാമന്റെ പട്ടാഭിഷേകം നടത്തുന്നതിനുമുള്ള ഒരുക്കങ്ങൾ ചെയ്യന്നതിനും ഭരതൻ ആവശ്യമായ നിർദ്ദേശങ്ങൾ മന്ത്രിമാർക്കു നൽകി.
ചോദ്യങ്ങൾ :
- അയോദ്ധ്യയിൽ മടങ്ങിയെത്തിയപ്പോൾ ഭരതനുണ്ടായ പ്രതികരണങ്ങൾ എന്തെല്ലാം ?
- ഭരതൻ രാജ്യം ഭരിക്കണമെന്ന് സകലരും ചേർന്ന് അപേക്ഷിച്ചപ്പോൾ? ഭരതൻ എന്താണ് ചെയ്തത് ?