ധർമ്മപുത്രരുടെ ബുദ്ധിചാതുര്യം

Print Friendly, PDF & Email
ധർമ്മപുത്രരുടെ ബുദ്ധിചാതുര്യം

പാണ്ഡവരിൽ ഏറ്റവും മൂത്തയാളായ ധർമ്മപുത്രൻ അല്ലെങ്കിൽ യുധിഷ്ഠിരൻ ധർമ്മത്തിന്റെ മൂർത്തീകരണമായിരുന്നു. സദാചാരനിരതനായിരുന്നു അദ്ദേഹം. ഈ വസ്തുത വെളിപ്പെടുത്തുന്ന അനവധി സംഭവങ്ങൾ മഹാഭാരതത്തിലുണ്ട്. ഇവയിൽ ഒന്ന് ഏറ്റവും പ്രാധാന്യമർഹിക്കുന്നു. ഒരു വിചിത്ര സന്ദർഭത്തിൽ ബ്രഹ്മദേവതയെ (യമധർമ്മനെ) നേരിട്ടതായ ആ സംഭവം.

പാണ്ഡവരുടെ വനവാസക്കാലത്ത് ഒരിക്കൽ, അവർക്ക് കലശലായ ദാഹം അനുഭവപ്പെട്ടു. കനിഷ്ഠസഹോദരനായ സഹദേവൻ ഒരു വൃക്ഷത്തിൽക്കയറി നോക്കിയപ്പോൾ അകലെ ഒരു തടാകം കണ്ടു. സഹോദരൻമാരോട് അല്പം കാത്തിരിക്കാൻ പറഞ്ഞിട്ട് അദ്ദേഹം ആ തടാകത്തെ ലക്ഷ്യമാക്കി ഓടിച്ചെന്നു. അവിടെ വെള്ളം കുടിച്ചു ദാഹം തീർത്ത ശേഷം കുടത്തിൽ വെള്ളം എടുത്തു പോകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. തടാകത്തിലേയ്ക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ അദ്ദേഹം ഒരു ശബ്ദം കേട്ടു. “നിൽക്കൂ, ഈ പൊയ്കയെ കാത്തുസൂക്ഷിക്കുന്ന ഒരു യക്ഷനാണു ഞാൻ. എന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് ഈ പൊയ്കയിലുള്ള വെള്ളം കുടിക്കാൻ സാധിക്കയില്ല’. ഇതായിരുന്നു അദ്ദേഹം കേട്ടത്. സഹദേവൻ ആജ്ഞ അനുസരിച്ചില്ല. ധ്യതിയിൽ ഏതാനും കവിൾ വെള്ളം കുടിച്ചു. ഉടൻ മയങ്ങി വീണുമരിക്കുകയും ചെയ്തു.

അല്പസമയം കഴിഞ്ഞ് സഹദേവനെ തിരഞ്ഞ് നകുലൻ എത്തി ഇതേ രീതിയിൽ മരിച്ചു. തുടർന്ന് അർജ്ജുനനും ഭീമനും മരിച്ചുവീണു.

അവസാനം യുധിഷ്ഠിരൻ അവിടെ വന്നു. നാലു സഹോദരന്മാരും മരിച്ചു കിടക്കുന്നതുകണ്ട് ഭീതിസ്തബ്ധനായി നിന്നുപോയി. അദ്ദേഹവും സാവകാശത്തിൽ ജലത്തിനെ സമീപിച്ചു. അപ്പോൾ മുമ്പുണ്ടായ യക്ഷശബ്ദം കേട്ട് ഉത്തരം പറയാൻ തയ്യാറായി. യക്ഷന്റെ ചോദ്യങ്ങളും ധർമ്മരാജന്റെ ഉത്തരങ്ങളും ഇപ്രകാരമായിരുന്നു.

  1. മനുഷ്യനെ ആപത്തിൽ നിന്നു രക്ഷിക്കുന്നതെന്താണ് ?
    ഉ: ധൈര്യം.
  2. ഏതു വിദ്യയോ ശാസ്ത്രമോ പഠിച്ചാൽ മനുഷ്യൻ ബുദ്ധിമാനാകും ?
    ഉ: ഏതെങ്കിലും വിദ്യയോ, ശാസ്ത്രമോ പഠിച്ചു മനുഷ്യൻ ബുദ്ധിമാനോ
    അറിവുള്ളവനോ ആവുകയില്ല.അറിവുള്ളവരുമായുള്ള സംസർഗ്ഗ
    ത്തിൽക്കൂടി മനുഷ്യന് അറിവ് സിദ്ധിക്കുന്നു.
  3. ഏതാണു ഭൂമിയെക്കാൾ മഹത്വവും സഹനശക്തിയുമുള്ളത് ?
    ഉ: പ്രസവിച്ചു സന്താനങ്ങളെ വളർത്തുന്ന മാതാവിനാണ് ഭൂമിയെക്കാൾമഹത്വവും സഹനശക്തിയും ഉള്ളത്.
  4. വായുവിനെക്കാൾ വേഗതയുള്ളത് എന്താണ് ?
    ഉ: മനസ്സ്.
  5. ഒരു യാത്രികന്റെ ഉത്തമ സ്നേഹിതൻ ആര് ?
    ഉ: അവന്റെ പാണ്ഡിത്യം
  6. സുഖം എന്നത് എന്താണ് ?
    ഉ: സുഖം എന്നത് സൽസ്വഭാവത്തിന്റെ പരിണിതഫലമാണ്.
  7. മനുഷ്യനെ സകലരും സ്നേഹിക്കുന്നത് എപ്പോൾ ?
    ഉ: അവൻ അഹങ്കാരം ത്യജിക്കുമ്പോൾ
  8. ഏതൊന്നിന്റെ നാശത്തിലാണ് ദുഃഖിക്കാതെ സന്തോഷം കൈവരുന്നത്?
    ഉ: കോപം.
  9. എന്തു ത്യജിച്ചാണ് മനുഷ്യൻ ധനവാനാകുന്നത് ?
    ഉ: ആശ.
  10. ഭൂമിയിൽ കാണാവുന്ന ഏറ്റവും വലുതായ അത്ഭുതം എന്താണ് ?
    ഉ: ജീവികൾ മരിക്കുന്നതു ദിനംപ്രതി കാണുന്നു. എന്നാൽ ജീവിച്ചിരി ക്കുന്നവൻ എക്കാലവും ആയുഷ്മാനായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഒരിക്കൽ മരണപ്പെടുമെന്നു തീർച്ചയുള്ള മനുഷ്യൻ മരിച്ചവനെച്ചൊല്ലി ദുഃഖിക്കുന്നു. ഇതാണ് ഭൂമിയിൽ കാണുന്ന ഏറ്റവും വലിയഅത്ഭുതം.

ഈ മറുപടി കേട്ട് യക്ഷൻ വളരെ സന്തോഷിച്ച് ഒരു വരം കൊടുക്കാൻ തീരുമാനിച്ചു. “മരിച്ചുപോയ സഹോദരന്മാരിൽ ഒരുവൻ ജീവിക്കുന്നെങ്കിൽ ആരായിരിക്കണമെന്നു തെരഞ്ഞെടുത്തുകൊള്ളൂ” എന്ന്.ധർമ്മപുത്രൻ നകുലന്റെ പേർ നിർദ്ദേശിച്ചു. അതിനു കാരണവും പറഞ്ഞു.

“എന്റെ പിതാവിന് രണ്ടു പത്നിമാർ ഉണ്ടായിരുന്നു. ഞാൻ ജീവിച്ചിരിക്കുന്നതിനാൽ കുന്തിക്കു സമാധാനമുണ്ട്. എന്നാൽ മാദ്രിയുടെ രണ്ടുപുത്രന്മാരും മരിച്ചിരിക്കുന്നു. മക്കളുടെ തുല്യതയ്ക്കുവേണ്ടിയാണ് ഞാൻ നകുലനെ തെരഞ്ഞെടുത്തത്’ എന്ന്.

യക്ഷൻ ഉടനെ യമധർമ്മനായി പ്രത്യക്ഷപ്പെട്ടു. ധർമ്മപുത്രരുടെ വിജ്ഞാന ത്തെയും കുലീനത്വത്തെയും അദ്ദേഹം പ്രശംസിച്ചു. മരിച്ചു കിടന്ന പാണ്ഡവരെ എല്ലാവരേയും ജീവിപ്പിച്ച് എല്ലാവർക്കും വിജയവും സന്തോഷവും ആശംസിച്ച് അനുഗ്രഹിച്ചു.

Narration: Ms. Sai Sruthi S.V.
[Sri Sathya Sai Balvikas Alumna]

ചോദ്യങ്ങൾ :
  1. പാണ്ഡവരിൽ നാലു പേർ തടാകതീരത്ത് മരിച്ചുവീഴാൻ എന്താണ്കാ രണം ?
  2. ധർമ്മപുത്രൻ തന്റെ വിജ്ഞാനം എങ്ങനെയാണു പ്രകടിപ്പിച്ചത് ?
  3. ജീവൻ മടക്കിക്കിട്ടുന്നതിന് സഹോദരന്മാരിൽ നകുലനെ യുധിഷ്ഠിരൻ തെരഞ്ഞെടുത്തതിന് എന്താണു കാരണം ?

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: