കാമം (ആശ) ഉപേക്ഷിക്കുക
കാമം (ആശ) ഉപേക്ഷിക്കുക
കാമം പരിപൂർണ്ണ നാശത്തിലേയ്ക്ക് നയിക്കും. ആഗ്രഹം നിറവേറ്റപ്പെടുന്നതു കൊണ്ടും അതു ശമിക്കുകയില്ല. ഓരോ കാമസിദ്ധിയും അതിനെ കൂടുതൽ വളർത്തു കയേയുള്ളൂ. അങ്ങനെ വളർന്നുവരുന്ന ആശ, ആ വ്യക്തിയെത്തന്നെ വീഴ്ത്തിക്കളയുന്ന രാക്ഷസനായി ഭവിക്കും. അതിനാൽ ആശയെ ചുരുക്കിക്കൊണ്ടുവരണം. അതായത് ക്രമേണ ആശകൾ ഓരോന്നായി ഉപേക്ഷിച്ചു ശീലിക്കണം.
കല്പതരുവിന്റെ (ആശിക്കുന്നതെന്തും നൽകുന്ന വൃക്ഷത്തിന്റെ) ചുവട്ടിൽ യാദൃശ്ചികമായി ഒരു തീർത്ഥാടകൻ ഒരിക്കൽ ഇരിക്കാൻ ഇടവന്നു. അയാൾ വിചാരിച്ചു, ഒരു പാത്രം തണുത്തവെള്ളം കിട്ടിയിരുന്നെങ്കിൽ, ക്ഷണത്തിൽ അങ്ങനെയുള്ള ഒരു പാത്രം വെള്ളം അയാളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. അത്ഭുതം തോന്നിയെങ്കിലും അയാൾ അതെടുത്തു കുടിച്ചു. രുചികരമായ ഒരു ഭക്ഷണം വേണമെന്ന് അടുത്തതായി ആഗ്രഹിച്ചു. അതും നിമിഷസമയം കൊണ്ട് വന്നു ചേർന്നു. പിന്നെ കട്ടിലും കിടക്കയും വേണമെന്നായി ആഗ്രഹം. അവയും കിട്ടി. ഈ അതിശയങ്ങളെല്ലാം കാണുന്നതിന് ഭാര്യകൂടി ഉണ്ടെങ്കിൽ എന്ന് അയാൾ ചിന്തിച്ചു. അവളും ഉടൻ വന്നു ചേർന്നു. ഇങ്ങനെ പെട്ടെന്ന് ഭാര്യ വന്നത് എന്തോ ഭൂതപ്രേതാദികളുടെ ആവിർഭാവമാ ണെന്നുതോന്നി അയാൾ വിളിച്ചു പറഞ്ഞു. “അയ്യോ ഇത് രാക്ഷസിയാണല്ലോ. അവൾ അങ്ങനെത്തന്നെ ആയിത്തീർന്നു. ഭർത്താവു ഭയന്നു കരഞ്ഞു. ഇവൾ എന്നെ തിന്നുകളയും. അവൾ ഉടനെ അയാളെ ഭക്ഷിച്ച് കാര്യം അവസാനിപ്പിച്ചു.
ഇച്ഛാശൃംഖല ഒരുവനെ ബന്ധിച്ചു ശ്വാസം മുട്ടിക്കും. സ്വയം നിയന്ത്രിക്കുക. അതും ഇതും ആശിക്കാനുള്ള പ്രവണത നിരോധിക്കുക. ഈശ്വരനോട് പ്രാർത്ഥിക്കുക, “അവിടുന്നു മാത്രമേ എനിക്കു വേണ്ടതായിട്ടുള്ളൂ; മറ്റൊന്നും ഞാൻ ആശിക്കുന്നില്ല എന്ന്. സ്വർണ്ണാഭരണങ്ങൾക്കായി എന്തിനു ഖേദിക്കുന്നു? ഈശ്വരസാക്ഷാത്കാരത്തിനു വേണ്ടി ആശിച്ചു പരിതപിക്കുക. ഈശ്വരനിൽ ശരണാഗതി ഇച്ഛിക്കണമെന്ന് ഭഗവത്ഗീത നമ്മെ പഠിപ്പിക്കുന്നു. സർവ്വശക്തന്റെ ഇച്ഛ നടക്കട്ടെ എന്ന് ആശിക്കുക, സ്വന്തം ഇഷ്ടം അവഗണിക്കൂ.
ചോദ്യങ്ങൾ
- എവിടെയാണ് തീർത്ഥാടകൻ വിശ്രമിച്ചത്?
- എന്തെല്ലാം വേണമെന്നാണ് അയാൾ ആശിച്ചത്?
- ഈ കഥയിൽ നിന്നു എന്തു പഠിക്കാനുണ്ട്?
[Source – Stories for Children – II Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam]