ഏകലവ്യൻ

Print Friendly, PDF & Email
ഏകലവ്യൻ

ഗുരു ദ്രോണരുടെ ആശ്രമത്തിൽ പാണ്ഡവരാജകുമാരന്മാരും ധൃതരാഷ്ട്രരുടെ പുത്രന്മാരും മറ്റനേകം ക്ഷത്രിയ കുമാരന്മാരും ആയുധവിദ്യകൾ അഭ്യസിച്ചുവരികയാ യിരുന്നു. ഈ ഗുരുവിനെക്കുറിച്ച് കേട്ടറിഞ്ഞ പലരും അദ്ദേഹത്തിന്റെ ശിഷ്യത്വം ആഗ്രഹിച്ചു.

അക്കാലത്ത് വനവാസികളുടെ രാജാവായി ഹിരണ്യധനു എന്നു പേരുള്ള ഒരു രാജാവുണ്ടായിരുന്നു. അയാളുടെ പുത്രൻ ഏകലവ്യനും ആഗ്രഹിച്ചു, ധനുർവിദ്യ ദ്രോണാചാര്യരിൽ നിന്ന് പരിശീലിക്കണമെന്ന്. അവൻ ആചാര്യരെ സമീപിച്ചു പറഞ്ഞു, “ബഹുമാന്യ ഗുരോ! അങ്ങയെ സേവിച്ച് ആയുധവിദ്യ അഭ്യസിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഉടൻ ഉത്തരം പറഞ്ഞു, “കുഞ്ഞേ, ഈ രാജകുമാ രന്മാരോടൊപ്പം നിന്നെ അഭ്യസിപ്പിക്കാൻ പാടില്ല” എന്ന്.

ഏകലവ്യന് ഇങ്ങനെ ആ മാർഗ്ഗം അടഞ്ഞു. അവനു കുണ്ഠിതം തോന്നി. ഈ ദയാഹീനത അവന് ഇഷ്ടപ്പെട്ടില്ല. എങ്കിലും അവന്റെ ആഗ്രഹം സുദൃഢമായിരുന്നു. ഈ വിദ്യ അഭ്യസിക്കണമെന്നു തന്നെ അവൻ നിശ്ചയിച്ചു. ഗുരുവിന്റെ വിഗ്രഹം കളി മണ്ണിൽ നിർമ്മിച്ച് പ്രതിഷ്ഠിച്ച് അതിന്റെ മുമ്പിൽ പ്രണാമം ചെയ്തശേഷം ഗുരുവിന്റെ സാന്നിധ്യം ഉണ്ടെന്നുവിശ്വസിച്ചു കൊണ്ട് ധനുർവിദ്യ അഭ്യസിച്ചു തുടങ്ങി. ഇങ്ങനെ പഠിച്ച് അവൻ വിദഗ്ദ്ധനായ വില്ലാളിയായിത്തീർന്നു.

ഇങ്ങനെയിരിക്കെ ഒരു ദിവസം കുറെ പാണ്ഡവരാജകുമാരന്മാർ ഗുരുവിന്റെ അനുമതിയോടെ വേട്ടയാടാൻ പോയി. യദൃശ്ചയാ അവർ ചെന്നത് ഏകലവ്യൻ വസിക്കുന്ന വനത്തിലായിരുന്നു. കുമാരന്മാരോടൊന്നിച്ചുണ്ടായിരുന്ന ഒരു പട്ടി അവരെ പിരിഞ്ഞ് അവിടെ ചുറ്റി സഞ്ചരിച്ചു. ഏകലവ്യന്റെ കറുത്ത നിറം കണ്ട് പട്ടി കുരച്ചു കൊണ്ടുചെന്നു. ഏഴുശരങ്ങൾ കൊണ്ട് അയാൾ പട്ടിയുടെ വായ തുന്നിച്ചേർത്തുവിട്ടു. പട്ടി ഓടി പാണ്ഡവരുടെ സമീപം എത്തി.

“ആരാണ് ഇത്ര സാമർത്ഥ്യത്തോടെ ശരം പ്രയോഗിച്ച് പട്ടിയുടെ വായ കൂട്ടിയത്. അവൻ തീർച്ചയായും അതിവിദഗ്ദ്ധനായ ഒരു വില്ലാളി തന്നെയാണ് എന്നവർ വിശ്വസിച്ചു. ഏകലവ്യന് ഇങ്ങനെ പ്രശംസ കിട്ടിയെങ്കിലും അതോടൊപ്പം അയാൾ അസൂയാപാത്രവുമായി. ഈ വില്ലാളിയെ അന്വേഷിച്ചു പുറപ്പെട്ട് അവർ അനായാസേന ഏകലവ്യൻ അസ്ത്രവിദ്യ അഭ്യസിക്കുന്നിടത്തെത്തി. അവൻ ആരാണെന്ന് അവർ അവനോടുതന്നെ ചോദിച്ചു. “ഞാൻ ഏകലവ്യനാണ്. അവൻ പറഞ്ഞു. “ഹിരണ്യ ധനുവിന്റെ മകനും ദ്രോണാചാര്യരുടെ ശിഷ്യനുമാണ്” എന്നു കൂട്ടിച്ചേർത്തു. ആശ്ചര്യ പ്പെട്ടുപോയ കുമാരന്മാർ ഗുരുവിന്റെ സന്നിധിയിൽ ചെന്ന് ഏകലവ്യൻ പറഞ്ഞതെല്ലാം അറിയിച്ചു. അമ്പരന്ന ഗുരുനാഥൻ പറഞ്ഞു, “ഏകലവ്യൻ എന്റെ ശിഷ്യനല്ല. അവന് ഇവിടെ പ്രവേശനം നൽകിയിട്ടുമില്ല” എന്ന്. ആചാര്യരുടെ ഏറ്റവും സമർത്ഥനായ ശിഷ്യൻ ധനഞ്ജയൻ (അർജ്ജുനൻ) പരാതിപ്പെട്ടു, ഗുരുവിന്റെ ഏറ്റവും കാര്യക്ഷമതയുള്ള ശിഷ്യൻ താനായിരിക്കണമെന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും ഇപ്പോൾ തന്നെക്കാൾ വിദഗ്ദ്ധനാണ് ഏകലവ്യൻ എന്ന്, “അവിടുന്ന് എന്നോടൊന്നിച്ചുവന്ന് ഇക്കാര്യം ദയവായി നേരിട്ട് ബോധ്യപ്പെട്ടാലും!”

ദ്രോണാചാര്യരെ നേരിട്ടു കണ്ടപ്പോൾ ഏകലവ്യൻ നമസ്കരിച്ചിട്ട് എന്താണ് ആഗ്രഹമെന്നു കല്പിക്കണമെന്ന് അപേക്ഷിച്ചു. ഉടനെ ദ്രോണർ അവന്റെ വലതുകയ്യിലെ തള്ളവിരൽ കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. നിമിഷനേരത്തേയ്ക്കുള്ള ചാഞ്ചല്യവും കൂടാതെ ആ തള്ളവിരൽ അറുത്ത് ഏകലവ്യൻ ദാനം ചെയ്തു.

അമ്പും വില്ലും പ്രയോഗിക്കുവാനുള്ള കഴിവും അവനില്ലാതെയായി. എന്നിരുന്നാലും ഗുരുവിനോടുള്ള ഭക്തി അത്രയധികം അയാൾക്കുണ്ടായിരുന്നു എന്ന് ഇതു വ്യക്തമാക്കുന്നുണ്ട്.

Narration: Ms. Sai Sruthi S.V.
[Sri Sathya Sai Balvikas Alumna]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു