കൊടുക്കുകയും ക്ഷമിക്കുകയും ചെയ്യുക
കൊടുക്കുകയും ക്ഷമിക്കുകയും ചെയ്യുക
പ്രവാചകനായ മുഹമ്മദ് ഇസ്ലാം മതത്തെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്ന കാലമായിരുന്നു. സത്യത്തിന്റെയും പ്രാർത്ഥനയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഒക്കെ സന്ദേശങ്ങൾ മാനവരിലേക്കു പകർന്നു കൊടുക്കുന്ന ദൈവ ദൂതനായിരുന്നു അദ്ദേഹം.
ഇസ്ലാം മതത്തെ പറ്റി അദ്ദേഹം സംസാരിക്കുന്നത് ഒരുപാടുപേർ വിലക്കിയിരുന്നു. ചിലർ തങ്ങളുടെ അജ്ഞത കൊണ്ടാണെങ്കിൽ മറ്റു ചിലർ അദ്ദേഹം വളരുന്നതിലുള്ള അസൂയ കാരണത്താൽ ആയിരുന്നു യോജിക്കാതിരുന്നത്. അതുകൊണ്ട് തന്നെ പല കുപ്രചാരണങ്ങളാൽ അദ്ദേഹത്തെ ജനങ്ങളിൽ നിന്നും അകറ്റാൻ ചിലർ ശ്രമിച്ചു കൊണ്ടിരുന്നു. ചിലർ അദ്ദേഹത്തെ ആക്രമിക്കാനും പരുക്കേൽപ്പിക്കാനും വരെ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു.
ഈ എതിരാളികൾക്കിടയിൽ വയസ്സായ ഒരു അറബി സ്ത്രീയുമുണ്ടായിരുന്നു. മുഹമ്മദിന്റെ അനുയായികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത് കണ്ട അവരുടെ രോഷത്തിനു അതിരില്ലായിരുന്നു. മുഹമ്മദ് ദിവസവും പള്ളിയിൽ പോകുന്നത് തന്റെ വീടിനു മുന്നിൽ കൂടെയെന്ന് അവർ മനസ്സിലാക്കി. അതിനടുത്ത ദിവസം തന്നെ വീട്ടിലെ പൊടിയും അഴുക്കുമെല്ലാം കൂട്ടിയെടുത്തു അവർ ഒരു പാതത്തിലാക്കി. മുഹമ്മദിനെ അപമാനിക്കലായിരുന്നു അവരുടെ ലക്‌ഷ്യം.
പിറ്റേന്ന് രാവിലെ മുഹമ്മദ് പള്ളിയിൽ പോകുമ്പോൾ വീടിന്റെ മുകളിൽ നിന്നുകൊണ്ട് ശേഖരിച്ചു വെച്ച അഴുക്കും പൊടിയുമെല്ലാം അദ്ദേഹത്തിന്റെ തലയിലെറിഞ്ഞു. പക്ഷെ മുഹമ്മദ് ഒരു തരി പോലും പ്രതികരിക്കാതെ, ഒന്ന് മുകളിലേക്ക് നോക്കുക പോലും ചെയ്യാതെ തന്റെ ദേഹത്ത് വീണ അഴുക്കെല്ലാം തട്ടിക്കളഞ്ഞു പള്ളിയിലേക്ക് പോയി. അഴുക്കു പറ്റിയ മുഹമ്മദിന്റെ അവസ്ഥ കണ്ടപ്പോൾ അദ്ദേഹത്തിന് അങ്ങനെ തന്നെ വേണം എന്നവർ കരുതി സന്തോഷിച്ചു.
അവർ എന്നും ഇപ്രകാരം മുഹമ്മദിന്റെ ദേഹത്ത് അഴുക്കും പൊടിയും എറിയുന്നത് തുടർന്നു. എന്നാൽ മുഹമ്മദ് അവരുടെ പ്രവൃത്തിയെ ഗൗനിച്ചതേയില്ല. മുഹമ്മദ് പ്രതികരിക്കാതിരുന്നത് അവരെ വീണ്ടും അത് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു. അങ്ങനെയൊരു ദിവസം പള്ളിയിലേക്ക് പോകുമ്പോൾ മൂന്നു ദിവസമായി തന്റെ ദേഹത്ത് അഴുക്ക് വീഴുന്നില്ലെന്ന കാര്യം മുഹമ്മദ് ഓർത്തു. സന്തോഷിക്കുന്നതിനു പകരം അദ്ദേഹം വ്യാകുലപ്പെട്ടു . അദ്ദേഹം സ്വയം പറഞ്ഞു.” എന്നും എന്റെ ദേഹത്ത് അഴുക്കെരിക്കാറുള്ള വ്യക്തിക്ക് എന്ത് സംഭവിച്ചു കാണും? അനുയായികൾ ആരെങ്കിലും അവരുടെ ഈ പ്രവൃത്തി അറിഞ്ഞു അവരെ ശിക്ഷിച്ചിട്ടുണ്ടാകും. ഏതായാലും ആ വ്യക്തിക്ക് എന്ത്പറ്റിയെന്ന് ഒന്ന് കയറി നോക്കാം.”
കോവണിപ്പടികൾ കയറി ചെന്ന്, പാതി അടഞ്ഞിരുന്ന വാതിലിൽ മുട്ടി. കയറി വരൂ എന്ന പതിഞ്ഞ ശബ്‌ദമായിരുന്നു കേട്ടത്. അകത്തു കയറിയ അദ്ദേഹം കണ്ടത് അസുഖ ബാധിതയായ ഒരു വൃദ്ധ മെത്തയിൽ കിടന്നു കരയുന്നതായിരുന്നു. അദ്ദേഹം അവരുടെ അടുത്ത് ചെന്ന് വളരെ സ്നേഹത്തോടെ ചോദിച്ചു” താങ്കൾ വളരെ ക്ഷീണിതയാണല്ലോ. അസുഖം മാറാനായി ഏതെങ്കിലും മരുന്ന് സേവിക്കുന്നുണ്ടോ?”. ആ വൃദ്ധയെ സഹായിക്കാൻ ആ വീട്ടിൽ ആരും തന്നെയുണ്ടായിരുന്നില്ല.
മൂന്നു ദിവസമായി കൂടിവരുന്ന രോഗ വിവരങ്ങൾ മുഹമ്മദ് അവരോട് ചോദിച്ചറിഞ്ഞു. അദ്ദേഹം അവിടെ നിന്നും പോയി. കുറച്ചു സമയത്തിന് ശേഷം കയ്യിൽ ഒരു കുപ്പിയുമായി തിരിച്ചെത്തി. കുപ്പിയിൽ നിന്നും കുറച്ചു ഭാഗം ഒരു കപ്പിലേക്ക് പകർന്നതിനു ശേഷം അദ്ദേഹം വൃദ്ധയോട് പറഞ്ഞു”. ഈ മരുന്ന് ഹക്കിമിൽ നിന്നും ഞാൻ താങ്കൾക്കായി കൊണ്ട് വന്നതാണ്. ദിവസത്തിൽ മുന്ന് തവണ ഇത് സേവിച്ചാലും.എല്ലാം മാറും.”
മുഹമ്മദിന്റെ ഹൃദയശുദ്ധി കണ്ട ആ വൃദ്ധയുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു. ഈ പുണ്യവാനായ മനുഷ്യൻ എത്ര സഹന ശക്തിയുള്ളവനും ക്ഷമയുള്ളവനുമാണെന്നു അവർ ചിന്തിച്ചു. മുഹമ്മദിന് മുമ്പിൽ നിന്ന് കൊണ്ട് അവർ വിതുമ്പി .അവരുടെ മനസ്സ് നിറയെ കുറ്റബോധം ആയിരുന്നു.” വ്യാകുലപ്പെടേണ്ടതില്ല അമ്മെ.” മുഹമ്മദ് അവരോട് പറഞ്ഞു.” എല്ലാമറിയുന്ന സർവ വ്യാപിയായ സർവേശ്വരൻ എന്നും കൂടെയുണ്ടാകും. കേവലം ആരാധന കൊണ്ട് മാത്രം ദൈവത്തെ പ്രീതിപ്പെടുത്താനാവില്ല. പകരം പ്രാർത്ഥന, ക്ഷമ, സേവനം,ആത്മത്യാഗം തുടങ്ങിയ മാനുഷിക ഗുണങ്ങളിലൂടെ എല്ലാവരെയും സ്നേഹിച്ചാൽ മാത്രമേ നാം ദൈവത്തിനു പ്രിയപ്പെട്ടവരാകുന്നുള്ളു
ചോദ്യങ്ങൾ
- വൃദ്ധയായ അറബി സ്ത്രീ ചെയ്ത തെറ്റ് എന്തായിരുന്നു?
- മുഹമ്മദ് അവരെ പഠിപ്പിച്ച പാഠം എന്തായിരുന്നു?
- നമുക്കെങ്ങനെ ദൈവത്തിനു പ്രിയപ്പെട്ടവരായി മാറാൻ കഴിയും?