നല്ല അയൽക്കാരൻ

Print Friendly, PDF & Email

നല്ല അയൽക്കാരൻ

നിങ്ങളിൽ നിന്നു വ്യത്യസ്തമായ നിറമുള്ള പലരെയും നിങ്ങൾ കണ്ടിട്ടുണ്ടല്ലോ. ചില രാജ്യങ്ങളിലുള്ളവരുടെ നിറം കറുത്തതോ തവിട്ടു നിറമോ, ആയിരിക്കും. മറ്റു ചില രാജ്യങ്ങളിൽ വെളുപ്പുനിറമുള്ളവരെയും കാണാം. ഇവരൊക്കെ അപ്രകാരമുള്ള നിറത്തോടുകൂടി ജനിച്ചവരാണ്.

മറ്റുള്ളവരിൽ നിന്നു വ്യത്യസ്ത നിറമാണ് നിങ്ങൾക്ക് എന്നുള്ളതുകൊണ്ട് നിങ്ങൾക്ക് വല്ല മേന്മയും ഉണ്ടോ? വെളുപ്പുനിറമുള്ളവർക്ക് കറുത്ത നിറമുള്ളവ നെക്കാൾ മെച്ചം എന്തെങ്കിലുമുണ്ടെന്നു നിങ്ങൾ കരുതുന്നുണ്ടോ? ആലോചിച്ചു നോക്കു.

മഹാനായ ഗുരുവും പ്രവാചകനുമായിരുന്ന യേശുക്രിസ്തുവിന്റെ വചനങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നാം സമസൃഷ്ടികളോടു കരുണയുള്ളവരായിത്തീരും. ഒരു പ്രത്യേക രാജ്യത്തിൽ ജനിച്ചു എന്നതുകൊണ്ടോ ഏതെങ്കിലും വ്യത്യസ്തമായ തൊലി നിറം ഉണ്ടായതു കൊണ്ടോ ഒരു വ്യത്യാസവും ഒരുവനും സിദ്ധിക്കുകയില്ല. ബാഹ്യമായി കാണുന്ന ഈ ഉപാധികൾ ഒന്നും തന്നെ എല്ലാ മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുന്നതിന് തടസ്സമാകരുത്.

ഒരിക്കൽ ഒരു യഹൂദൻ യേശുക്രിസ്തുവിനോട് ഉത്തരം പറയാൻ ബുദ്ധിമുട്ടുള്ള ഒരു ചോദ്യം ചോദിച്ചു. “നിത്യജീവിതത്തിന് (മരണമില്ലാത്ത അവസ്ഥയ്ക്ക്) വേണ്ടി ഞാൻ എന്തു ചെയ്യണം? ഇതിനു മറുപടി പറയാൻ യേശുവിന് കഴിയുകയില്ലെന്നാണ് അയാൾ വിചാരിച്ചത്. ആ മഹാനായ പ്രവാചകനെ സംബന്ധിച്ചിടത്തോളം ഇത് ഒരു നിസ്സാരപ്രശ്നമാണ്. എന്നാൽ നേരെ ഉത്തരം പറയുന്നതിന് പകരം അദ്ദേഹം ഒരു മറു ചോദ്യം കൊടുത്തു. “നാം എന്തുചെയ്യണമെന്നാണ് ഈശ്വരന്റെ കല്പന

യഹൂദൻ :ഈശ്വര കല്പനയിൽ പറയുന്നു. യഹോവായെ ദൈവമായി കരുതുകയും അയൽക്കാരനെ തന്നെപ്പോലെ സ്നേഹിക്കുകയും വേണമെന്ന്.

യേശു : നിങ്ങൾ ശരിയായിത്തന്നെ ഉത്തരം പറഞ്ഞിരിക്കുന്നു. നിരന്തരമായി ഇതനുഷ്ഠിക്കുക, നിങ്ങൾക്കു നിത്യജീവിതം ലഭിക്കും.

എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നത് യഹൂദന് ഇഷ്ടമല്ല. അതിനാൽ ഇതിൽ നിന്ന് ഒരു ഒഴിവുകഴിവ് ലഭിക്കണമെന്നുദ്ദേശിച്ച് അയാൾ ചോദിച്ചു. “ആരാണ് യഥാർത്ഥ അയൽക്കാര൯?

(ഈ ചോദ്യത്തിന് നിങ്ങൾ എന്തുത്തരം പറയും? ആരാണ് നിങ്ങളുടെ അയൽക്കാരൻ) ആലോചിച്ചു നോക്കൂ. യഹൂദൻ പ്രതീക്ഷിച്ചിരിക്കും “തന്നോട് അടുപ്പമുള്ള അയൽക്കാർ ഇങ്ങനെ ഒരു മറുപടി യേശു പറയുമെന്ന് അപ്പോൾ മറ്റുള്ളവരോ? അവർ അയൽക്കാരല്ലാതെ വരുമോ? ഇങ്ങനെ യഹൂദൻ മനസ്സിൽ കരുതിയിരിക്കണം.

ഇതിനുമറുപടിയായി യേശു ഒരു ദൃഷ്ടാന്തകഥ പറഞ്ഞു.

യഹൂദനും സമരിയക്കാരനും

ജെറുസലേം നഗരത്തിൽ നിന്നും ജറീക്കോവിലേയ്ക്കുള്ള റോഡിൽക്കൂടി ഒരു യഹൂദൻ യാത്ര ചെയ്യുകയായിരുന്നു. യാത്രാമദ്ധ്യേ കുറേ കവർച്ചക്കാർ അയാളെ പിടികൂടി. തല്ലിച്ചതച്ച് അബോധാവസ്ഥയിൽ വഴിയരികിൽ തള്ളിയതിനുശേഷം വസ്ത്രങ്ങളും പണവും എടുത്തുകൊണ്ട് അവർ കടന്നുകളഞ്ഞു.

Samaritan caring the wounded Jew

ഒരു പുരോഹിതൻ റോഡിന്റെ മറുവശത്തുകൂടി വന്നു. അവനെ കണ്ടു എങ്കിലും അയാൾ ഒരു സഹായവും ചെയ്യാതെ പോയി. പിന്നെ വലിയ മതനിഷ്ഠയുള്ള ജെറുസലേം ദേവാലയത്തിൽ സേവനം ചെയ്തുവരുന്ന ലെവൈറ്റ്’ ആ വഴി വന്നു. അയാളുടെ മുൻഗാമി ആയ പുരോഹിതനെപ്പോലെ തന്നെ, ഒന്നു തിരിഞ്ഞു പോലും നോക്കാതെ അയാളും കടന്നുപോയി. ഉചിതമായ, ധർമ്മാനുസൃതമായ പ്രവൃത്തികളാണോ ഇവ?

അവസാനം ഒരു സമരിയാക്കാരൻ ആ വഴിവന്നു. കഠിനമായ ക്ഷതങ്ങളേറ്റു കിടക്കുന്ന യഹൂദനെ അയാൾ കണ്ടു. ഇവിടെ ഒന്ന് ഓർമ്മിക്കേണ്ടതുണ്ട്. യഹൂദന്മാരും സമരിയക്കാരും പരസ്പരം വിദേൃഷിച്ചിരുന്ന കൂട്ടരാണ്. ഈ യഹൂദനെ ഞാൻ എന്തിനുവേണ്ടി രക്ഷിക്കണം, എനിക്കു പരിക്കുകളേറ്റാൽ ഇവൻ എന്നെ രക്ഷിക്കുമോ?’ എന്നു ചിന്തിച്ച് സമരിയാക്കാരൻ യഹൂദനെ ഉപേക്ഷിച്ചു
പോവുകയല്ല ചെയ്തത്.

വഴിവക്കിൽ കിടക്കുന്ന യഹൂദനെ കണ്ട് സമരിയാക്കാരനു വിഷമം തോന്നി അല്പം നോക്കിനിന്നു. അങ്ങനെ റോഡുവക്കിൽ യഹൂദൻ കിടന്നു ചാകുന്നതിന് അനുവദിക്കാൻ അയാൾക്ക് മനസ്സുവന്നില്ല. അയാൾ അടുത്തുചെന്ന് മുറിവുകൾ കഴുകി വൃത്തിയാക്കി. അവ ഭേദപ്പെടുത്തുന്നതിനുള്ള മരുന്നുകൾ (എണ്ണയും വീഞ്ഞും) ഒഴിച്ച് തുണികൊണ്ടു കെട്ടി. സാവകാശത്തിൽ അയാളെ പൊക്കിയെടുത്ത് താൻ കയറിവന്ന കുതിരയുടെ പുറത്ത് വെച്ച് പതുക്കെ നടന്ന് അടുത്ത വഴിയരുകിലുള്ള സ(തത്തിൽ ചെന്നു അവിടെ സൗകര്യമുള്ള ഒരു സ്ഥലം തരപ്പെടുത്തി യഹൂദനെ നല്ലവണ്ണം ശുശ്രൂഷിച്ചു.

യേശു ചോദിച്ചു. “ഈ മൂന്നുപേരിൽ ആരാണ് നല്ല അയൽക്കാരൻ? പുരോഹിതനോ, ലെവൈറ്റോ, സമരിയക്കാരനോ?’

ഉത്തരം : സമരിയക്കാരൻ, അയാളാണ് നല്ല അയൽക്കാരൻ, പരിക്കുപറ്റിയവനെക്കണ്ട് അടുത്തുചെന്നു നല്ല ശുശ്രൂഷ ചെയ്തവൻ,

യേശു : നിങ്ങൾ പറഞ്ഞതു ശരി, പോവുക, ഇതുപോലെ നിങ്ങളും പ്രവർത്തിക്കുക.

ഇത് ഒരു നല്ല കഥയല്ലേ? നമ്മുടെ അയൽക്കാരൻ ആരെല്ലാമാണെന്ന് ഇതു വ്യക്തമാക്കുന്നുണ്ട്. നമ്മുടെ രാജ്യവാസികൾ മാത്രമോ നമ്മുടേതുപോലുള്ള ശരീര വർണ്ണമുള്ളവരോ മാത്രമല്ല നമ്മുടെ അയൽക്കാർ, എല്ലാ വിധത്തിലുമുള്ള ജന വിഭാഗങ്ങളും നമ്മുടെ അയൽക്കാരാണ്.

അപ്പോൾ പരിക്കുപറ്റിയ ആരെയെങ്കിലും കണ്ടാൽ നിങ്ങൾ എന്തുചെയ്യണം? എന്നു മനസ്സിലായല്ലോ. പ്രായചെറുപ്പം കൊണ്ട് സഹായം ചെയ്യുന്നതിനു നിങ്ങൾക്കു കഴിയുകയില്ലെങ്കിൽ പ്രായമായവരെയോ പോലീസുകാരെയോ യുക്തമായ വിധത്തിൽ അറിയിച്ച് സേവനം അനുഷ്ഠിക്കുക.

മഹാപ്രവാചകൻ (യേശുക്രിസ്തു) ആവശ്യപ്പെടുന്നു. നാം കരുണയുള്ളവരായിരി ക്കണമെന്ന്. വർണ്ണ വർഗ്ഗദേശവ്യത്യാസം പരിഗണിക്കാതെ ആരെയും നാം നല്ലവരായി കാണണം. നല്ല അയൽക്കാരൻ’ എന്ന ഈ കഥ അദ്ദേഹം പറഞ്ഞത് ഈ ഉദ്ദേശത്തോടെയാണ്.

ചോദ്യങ്ങൾ:
  1. യഹൂദന്റെ ചോദ്യം എന്തായിരുന്നു?
  2. ദൈവത്തിന്റെ കല്പന എന്ത്?
  3. വഴിയാത്രചെയ്തുവന്ന യഹൂദന് എന്തുപറ്റി?
  4. പുരോഹിതനും ലെവൈറ്റും ചെയ്തത് ശരിയാണോ?
  5. രക്ഷാപ്രവൃത്തി ചെയ്ത് നല്ല അയൽക്കാരൻ ആരാണ്?
  6. നല്ല അയൽക്കാരൻ എന്നുവിളിക്കപ്പെടേണ്ടത് ആരെയാണ്?

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: