ഹനുമാൻ ലങ്കയിൽ

Print Friendly, PDF & Email
ഹനുമാൻ ലങ്കയിൽ

Hanuman in Lanka

ലങ്കയിലേക്കുള്ള പ്രയാണമദ്ധ്യേ ഹനുമാന് പല തടസ്സങ്ങളും നേരിടേണ്ടിവ ന്നു. മനസ്സാന്നിദ്ധ്യവും ധൈര്യവും കൊണ്ടു അവയെല്ലാം അതിക്രമിച്ച് അവസാനം അയാൾ ലങ്കാസമുദ്രതീരത്ത് എത്തി. ഒരു ചെറിയ കുന്നിൻമുകളിൽ ഇരുന്നു കൊണ്ട് ലങ്കാനഗരി മുഴുവൻ അയാൾ നോക്കിക്കണ്ടു. അതിന്റെ സൗന്ദര്യവും പ്രൗഢിയും കണ്ട് ഹനുമാൻ അത്ഭുതപ്പെട്ടുപോയി. ആ രാജധാനി സുശക്തമായി കാത്തുസൂക്ഷിക്കപ്പെട്ടിരുന്നതിനാൽ രാത്രിസമയത്തു കടന്നുചെല്ലാമെന്ന് ഹനുമാൻ നിശ്ചയിച്ചു.

രാത്രിയായി. ഒരു ചെറിയ വാനരനായി ഹനുമാൻ ശരീരം ചുരുക്കി യാത്രതു ടങ്ങി. അപ്പോൾ പെട്ടന്ന് ലങ്കയുടെ രക്ഷാദേവതയായ ഒരു രാക്ഷസി അദ്ദേഹത്തെ പിടികൂടി. ഹനുമാൻ അവർക്ക് അതിശക്തമായ ഒരു താഢനം ഏൽപ്പിച്ചു. ആ രാക്ഷസി ചുറ്റിത്തിരിഞ്ഞു വീണുപോയി. അവൾ ഹനുമാനെ നമിച്ചശേഷം നഗരത്തിലേക്കു കടന്നുപോകാൻ അനുവദിച്ചു. ഏറ്റവും ശക്തിമത്തായ ഒരു തടസ്സത്തെ ഹനുമാൻ ഇങ്ങനെ കീഴടക്കി. തന്റെ മഹനീയദൗത്യത്തിന് ഈ സംഭവം ഒരു നല്ല പ്രോത്സാഹനമായും അദ്ദേഹത്തിനു തോന്നി.

മണിമന്ദിരങ്ങൾ ഓരോന്നായി പരിശോധിച്ച് ഹനുമാൻ വിശദമായ അന്യേഷണം ആരംഭിച്ചു. ദേവശില്പിയായ വിശ്വകർമ്മാവ് സംവിധാനം ചെയ്തു നിർമ്മിച്ചതാണ് മഹത്തായ ലങ്കാനഗരി. അവിടെ അനവധി ക്ഷേത്രങ്ങളും പൂന്തോട്ടങ്ങളും രമ്യഹർമ്മ്യങ്ങളുമുണ്ട്. പ്രസരിപ്പോടുകൂടിയ അനേകം പ്രവർത്തനങ്ങളും അവിടെ കണ്ടു. കവിതാപാരായണം, വേദോച്ഛാരണം, രാഷ്ട്രീയമീമാംസ ചർച്ച, ചിത്രകലാ പ്രദർശനങ്ങൾ, സംഗീതം, നൃത്തം, ഇങ്ങനെയൊക്കെ – നഗരത്തിന്റെ കീർത്തനീയമായ സൗന്ദര്യധരണിയിൽ ഹനുമാൻ അത്ഭുതപ്പെട്ടുപോയി. അദ്ദേഹം പല സ്വകാര്യമുറികളിലും അടുക്കളകളിലും സദ്യാലയങ്ങളിലും ഒക്കെ ചുറ്റിനടന്നുനോക്കി. അനിതരസാധാരണ സൗന്ദര്യമുള്ള അനേകം സ്ത്രീജനങ്ങളേയും അവിടെ കണ്ടു. എന്നാൽ സീതയെ മാത്രം അവിടെയെങ്ങും കണ്ടില്ല.

അവസാനം ഹനുമാൻ രാവണന്റെ കിടപ്പറയിൽ പ്രവേശിച്ചു. അവിടത്തെ കലർപ്പില്ലാത്ത ആഡംബരസമൃദ്ധി കണ്ട് അയാൾ അത്ഭുതാധീനനായി.അവിടെ ക്കണ്ട സ്ത്രൈണയായ മോഹനത്വങ്ങൾ വിരക്തരെപ്പോലും വശീകരിക്കാൻ പര്യാ പമായവയാണ്. എന്നാൽ ജിതേന്ദ്രിയനായ ഹനുമാന് സീതയെ കണ്ടെത്തുക എന്നതിൽ മാത്രമായിരുന്നു താല്പര്യം. ഒരു കിടക്കയിൽ രാവണൻ കിടന്നുറങ്ങുന്നു. “അതിഗംഭീരമായ രൂപം.” ഹനുമാൻ വിചാരിച്ചു. അവിടെയും സീതയെ കാണാഞ്ഞ് പുറത്തുവന്ന് അല്പം അലഞ്ഞുനടന്നതിനുശേഷം “അശോകവനം “എന്ന ആരാമത്തിൽ ഹനുമാൻ പ്രവേശിച്ചു.

തന്നെ നേരായ മാർഗ്ഗത്തിലേക്ക് നയിക്കണമെന്ന് ഹനുമാൻ രാമനോട് പ്രാർത്ഥിച്ചു. അശോകവനത്തിൽ അനേകം രാക്ഷസ സ്ത്രീകളെക്കണ്ടു. അവരിൽ ചിലർ ഭയങ്കര സ്വരൂപിണികളാണ്. ഇത്രയേറെ രാക്ഷസികൾ അവിടെ എന്താണ് ചെയ്യുന്നതെന്ന് അയാൾ വിസ്മയിച്ചു. തൽക്ഷണം അദ്ദേഹത്തിന്റെ നോട്ടം ഒരിടത്തു ചലനമറ്റുനിന്നു. ശിംശുപ വൃക്ഷച്ചുവട്ടിൽ ലളിതമായ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച്, അഴിഞ്ഞ മുടി, പിൻവശത്ത് ഇട്ടുകൊണ്ടു മെലിഞ്ഞ് സുന്ദ രിയും മനോഹരിയുമായ ഒരു സ്ത്രീരൂപം ഏകാകിനിയായി ഇരിക്കുന്നതുകണ്ടു. അവരുടെ മുഖം വിളറിയിരുന്നു. നേത്രങ്ങളാകട്ടെ, നിരന്തരമുള്ള വിലാപംകാരണം വിങ്ങിപ്പൊങ്ങിയിരുന്നു.

ഹനുമാൻ ശബ്ദമുണ്ടാക്കാതെ ആ വൃക്ഷത്തിലേയ്ക്ക് ചാടി. അവിടെ ഇരുന്നുകൊണ്ട് എല്ലാം വിശദമായി നിരീക്ഷിക്കാൻ സൗകര്യവുമുണ്ടായി. ഈ പാവനമായ സ്ത്രീരൂപദർശനത്താൽ ഹനുമാന് പരിശുദ്ധി ഭവിച്ചതായി അനുഭവപ്പെട്ടു. അദ്ദേഹം ഉടൻ തുരുമാനിച്ചു., താൻ അന്വേഷിച്ചുകണ്ടെത്തേണ്ടിയിരുന്ന സീത ഇതു തന്നെയാണെന്ന്. അവരെ കണ്ടുകിട്ടിയതിൽ അദ്ദേഹത്തിന് ശക്തമായ വീര്യ വർദ്ധനവും അനുഭവപ്പെട്ടു.

അവിടെ അപ്പോൾ ബഹുമാനപുരസ്സരമായ ചലനങ്ങളുടെ ശബ്ദം അദ്ദേഹത്തിന് കേൾക്കാറായി. അത് രാവണന്റെ അശോകാരാമയാത്രയുടെ മുന്നറിയിപ്പായിരുന്നു. തന്റെ വനിതാ പരിചാരികകളോടൊന്നിച്ച് രാവണൻ രംഗപ്രവേശം ചെയ്ത് സീതയുടെ മുമ്പിൽ വന്ന് തന്നെ ഭർത്താവായി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു. സീത ചലനമറ്റതുപോലെ ഇരുന്നു. രാവണന് കോപമായി. ഈ അവഗണന ദൂരന്തരഫലങ്ങൾക്കു കാരണമാകുമെന്ന് അയാൾ ഭീഷണിപ്പെടുത്തി.

സീത, നിന്ദാപൂർവ്വം പറഞ്ഞു. “ഞാൻ രാമന്റെ പത്നിയാണ്. എന്റെ മേലുള്ള അവകാശം അദ്ദേഹത്തിനുമാത്രമാണ്. ഞാൻ മറ്റാരേയും കുറിച്ചു ചിന്തിക്കുന്നില്ല. അദ്ദേഹംനിന്നെ അവശേഷിപ്പിക്കുകയില്ല ഈ ലങ്കാരാജ്യം മുഴുവനും അദ്ദേഹത്തിന്റെ ആയുധങ്ങൾക്കിരയായി വെന്തുനശിക്കും. പോ പോയി അദ്ദേഹത്തിന്റെ കാൽക്കൽ പ്രണമിക്കൂ . അദ്ദേഹം മഹാത്മാവാണ്. നിനക്കു മാപ്പുതരും” എന്ന്.

ഈ വാചകങ്ങൾ രാവണനെ പൂർവ്വാധികം ക്രുദ്ധനാക്കി. അയാൾ അക്രോശിച്ചു. “ഞാൻ നിനക്കു രണ്ടുമാസം കൂടി സമയം അനുവദിക്കുന്നു. അതിനകം നീ എന്നെ സ്വീകരിച്ചില്ലെങ്കിൽ എന്റെ പരിചാരകർ നിന്നെ കഷണങ്ങളായി അരിഞ്ഞ് എന്റെ പ്രാതലിനു വിളമ്പിത്തരുന്നതായിരിക്കും.” അയാൾ കോപാക്രാന്തനായി കൊട്ടാരത്തിലേയ്ക്ക് മടങ്ങി.

ജൻമസിദ്ധമായ ഉത്തമഗുണങ്ങൾ സീതയ്ക്കു മതിയായ ആത്മധൈര്യം നൽകിയിരുന്നതിനാൽ ഉചിതമായ തിരിച്ചടി നൽകുന്നതിന് അവർക്കു കഴിഞ്ഞു. സ്വേഛാനുസരണം വനത്തിലെ കഷ്ടതകൾ രാമനുമൊന്നിച്ചനുഭവിക്കാൻ തീരുമാനിച്ച സീത, രാമനൊപ്പമുള്ള സഹവാസവുമായി താരതമ്യപ്പെടുത്തുമ്പോൾ പറ ഞ്ഞാലൊടുങ്ങാത്ത ധനസമ്പത്തും രാജകീയ സുഖഭോഗങ്ങളും രാവണൻ സംഭാവന ചെയ്യാൻ കരുതിയത് അതീവ നികൃഷ്ടവും തുഛവുമായി ആക്ഷേപിച്ചുതള്ളിയതിൽ അസാധാരണത്വം ഒന്നുമില്ല.

ചെറിയ വാനരന്റെ ആകൃതി സ്വീകരിച്ചിരുന്ന ഹനുമാൻ വേഗത്തിൽ മരത്തിൽനിന്നു താഴെയിറങ്ങി. സീതയെ സമീപിച്ച് ജനനം മുതൽ കിഷ്കിന്ധയിൽ എത്തുന്നതുവരെയുള്ള രാമചരിത്രം പറഞ്ഞു. ഒരു വാനരൻ മനുഷ്യരെപ്പോലെ സംഭാഷണം ചെയ്യുന്നത് എങ്ങനെയെന്ന് അവർക്ക് മനസ്സിലായില്ല. അദ്ദേഹം സീതയുടെ മുമ്പിൽ തൊഴുകൈയ്യുമായി നിന്നു. ഹനുമാന്റെ വശീകരണശക്തി അവരിൽ മതിപ്പുളവാക്കി. എന്നാൽ പെട്ടെന്ന് സംശയഗ്രസ്തയായി. അവർ പുച്ഛിച്ചുപറഞ്ഞു, “നീ രാവണനാണെന്ന് എനിക്കറിയാം. എന്നെ വഞ്ചിക്കുന്നതിന് നിരവധി മൃഗരൂപങ്ങൾ നീ സ്വീകരിക്കാറുണ്ട്. ഇതിലൊന്നും നീ വിജയിക്കയില്ലെന്ന് ഉറച്ചു കൊള്ളുക.

ഹനുമാൻ ഉൽകണ്ഠാകുലനായി, തന്നെ തെറ്റിദ്ധരിക്കരുതെന്ന് അദ്ദേഹം അപേക്ഷിച്ചു. ഞാൻ രാമന്റെ യഥാർത്ഥ സേവകനാണ്. ഇവിടെ തരുന്നതിനായി അദ്ദേഹം എന്നെ ഏൽപിച്ചിരുന്ന ഈ മുദ്രമോതിരം കണ്ടാലും എന്നു പറഞ്ഞ് അത് സീതയെ ഏൽപിച്ചു. രാമന്റെ രൂപം നേരിൽ കാണുന്നതുപോലെ എന്നവണ്ണം ആ മോതിരം സ്വീകരിച്ച് അവർ കണ്ണുനീരണിഞ്ഞു. മോതിരം കൊടുത്തതിനുപുറമെ, വനത്തിൽ വച്ച് സീതയ്ക്കും രാമനും മാത്രം അറിയാവുന്ന ഒരു സംഭവവും ഹനുമാൻ അറിയിച്ചു. വികാരാവേശത്താൽ അവശതപ്പെട്ട സീതയ്ക്ക് സകലസംശയങ്ങളും ദൂരീ കൃതമായി.

തന്റെ ചുമലിൽ സീത കയറിയിരുന്നാൽ ലങ്കയിൽ നിന്നും തിരികെ കൊണ്ടുപൊക്കൊള്ളാമെന്ന് ഹനുമാൻ സീതയോട് അപേക്ഷിച്ചു പറഞ്ഞു. സീത വിസമ്മതിച്ചു. “പ്രിയപുത്രാ! അങ്ങനെ ഒരു തസ്ക്കരിയെപ്പോലെ ഞാൻ ഇവിടെ നിന്നും ചാടിപ്പോകുന്നതു ശരിയല്ല. രാമൻ ഈ വെല്ലുവിളി സ്വീകരക്കണം. ലങ്കയെ ആക്രമിക്കണം. രാവണനെ നിഗ്രഹിക്കണം. എന്നിട്ട് എന്നെ സ്വതന്ത്രയാക്കണം. അപ്പോൾ മാത്രമേ അദ്ദേഹം ഒരു യഥാർത്ഥ ക്ഷത്രിയനാകുന്നുള്ളൂ.” എന്നായിരുന്നു സീതയുടെ മറുപടി.

ഈ വാക്കുകൾകൂടി കേട്ടപ്പോൾ സീതയെക്കുറിച്ചുണ്ടായിരുന്ന ബഹുമാനം അദ്ദേഹത്തിന് ശതഗുണീഭവിച്ചു. അദ്ദേഹം സീതയോടു വിടവാങ്ങി. അവർ തന്റെ ചൂഢാമണി ഹനുമാന്റെ കയ്യിൽ കൊടുത്തിട്ട് അത് രാമനെ ഏൽപിക്കാൻ ആവശ്യപ്പെട്ടു.

നേരേ സമുദ്രതീരത്തേയ്ക്കു മടങ്ങിപ്പോകുന്നതിനു പകരം ഒരു കുസൃതിത്തരം ചെയ്യാമെന്നു ഹനുമാൻ വിചാരിച്ചു. അങ്ങനെ രാവണനെ പ്രകോപ്പിച്ച് ഒരു ചെറിയപാഠം പഠിപ്പിക്കണമെന്നും ആഗ്രഹിച്ചു. അദ്ദേഹം പെട്ടെന്ന് മനോഹരമായ അശോകാരാമം നശിപ്പിച്ചുതുടങ്ങി. സ്ഥുലകായനായ ഒരു വാനരൻ അമൂല്യമായ അശോകവനത്തെ നശിപ്പിക്കുന്ന വസ്തുത ഉടനെ രാക്ഷസികൾ രാവണനെ അറിയിച്ചു. ഈ പ്രശ്നം കൈകാര്യം ചെയ്യാൻ രാജാവ് ഉടനെ കുറേ ഭടന്മാരെ അയച്ചുകൊടുത്തു. ഇത് ഒരു നിസ്സാരകാര്യമാണെന്നാണ് രാവണൻ കരുതിയത്. അവിടെ എത്തിയ ഭടന്മാരെ ഹനുമാൻ വധിച്ചു. തുടർന്ന് രാവണൻ കുറേ സൈന്യനേതാക്കന്മാരെ തന്റെ ഒരു പുത്രനുമൊന്നിച്ച് അവിടേക്കു നിയോഗിച്ചു. അവരും മരണ മടഞ്ഞു.

ഇതിൽ രാവണന് അല്പം മനഃശ്ചാഞ്ചാല്യം ഉണ്ടായി. തന്റെ പുത്രൻ ഇന്ദ്രജിത്തിനെ അശോകവനത്തിലേക്കയച്ചു. ഇന്ദ്രജിത്തിന്റെ അസ്ത്രങ്ങളെല്ലാം ഹനുമാൻ നിഷ്ഫലമാക്കിക്കളഞ്ഞു. അവസാനം ബ്രഹ്മാസ്ത്രം പ്രയോഗിക്കപ്പെട്ടു. ബ്രഹ്മാവിനോടുള്ള ആദരവുകൊണ്ടു ആ അസ്ത്രം തന്നെ ബന്ധിച്ചുകൊള്ളുവാൻ ഹനുമാൻ അനുവദിച്ചു.

ബന്ധിതനായ ഹനുമാനെ രാവണന്റെ രാജസദസ്സിലേക്കു കൊണ്ടുപോയി. അയാൾ ആരാണെന്നും എന്തിനാണ് ലങ്കയിൽ വന്നതെന്നും അവിടെവെച്ച് ചോദ്യം ചെയ്യപ്പെട്ടു. ഞാൻ “രാമന്റെ സേവകനാണ്. നിങ്ങൾ സീതയെ ചതിച്ച് ഇവിടെ കൊണ്ടുവന്നു. ഈ ദുഷ്പ്രവൃത്തിയുടെ ദുരന്തഫലങ്ങളെക്കുറിച്ചു മുന്നറിയിപ്പു തരാനാണ് ഞാൻ ഇവിടെ വന്നത്. ഹനുമാൻ മറുപടി പറഞ്ഞു. രാവണൻ കോപാ ക്രാന്തനായി ഈ മർക്കടനെ കൊല്ലുന്നതിന് കല്പന കൊടുത്തു. ദൂതനെ വധി ക്കാൻ പാടില്ലെന്ന് രാവണന്റെ അനുജനായ വിഭീഷണൻ ഇടപെട്ടു സംസാരിച്ചു. അതിനാൽ ഈ ദൂതനെ അപമാനിക്കാനായി വാലിൽ തുണിചുറ്റി എണ്ണയിൽ മുക്കി തീകൊളുത്തിവിടുന്നതിനു നിശ്ചയിച്ചു.

തീപിടിച്ച വാലുമായി ലങ്കയുടെ മീതെ എല്ലാ ഭാഗത്തും ചാടി സകല കെട്ടിട ങ്ങളും ഹനുമാൻ അഗ്നിക്കിരയാക്കി. ആ രാജധാനിയെ അല്പസമയത്തിനുള്ളിൽ ചാമ്പലാക്കി. കത്തുന്ന വാൽ കടൽവെള്ളത്തിൽ മുക്കികെടുത്തി കുറേസമയം ആലോചനാനിമഗ്നനായി ഹനുമാൻ ഇരുന്നു. അപ്പോഴാണ് തന്റെ ബുദ്ധിശൂന്യത യെക്കുറിച്ച് അദ്ദേഹം ഓർത്തത്. “എന്റെ ദൈവമേ! എന്തു ബുദ്ധിമോശമാണു ഞാൻ ചെയ്തത്. മാതാവു സീതയ്ക്കും അഗ്നിബാധിച്ചിരിക്കും. ഇങ്ങനെ ആത്മഗതം ചെയ്തു അദ്ദേഹം അശോകവനത്തിലേക്കു പാഞ്ഞു ചെന്നു. സീത ശാന്ത യായി അപകടം കൂടാതെ ഇരിക്കുന്നതുകണ്ടു. അദ്ദേഹത്തിന് സമാധാനമായി. ഒരിക്കൽക്കൂടി സീതയോടു വിടവാങ്ങി സമുദ്രതരണം ചെയ്യുന്നതിനു അദ്ദേഹം പുറപ്പെട്ടു.

മടങ്ങിവന്ന ഹനുമാനെ അംഗദൻ, ജാംബവാൻ, ആദിയായവർ സന്തോഷ പൂർവ്വം സ്വാഗതം ചെയ്തു. തന്റെ ചുറ്റും കൂടിനിന്ന അവരെയെല്ലാം ലങ്കയിൽ തനിക്കുണ്ടായ അനുഭവങ്ങൾ അദ്ദേഹം വിവരിച്ചുകേൾപ്പിച്ചു. ഈ വിജയത്തിൽ ഹനുമാനെ അവർ അനുമോദിച്ചു. ഈ സന്തോഷവാർത്ത ഉടനെ കിഷ്കിന്ധയിൽ ചെന്നു രാമനെയും സുഗ്രീവനെയും അറിയിക്കണമെന്ന് അംഗദൻ ആജ്ഞാപിച്ചു.

അങ്ങനെ വാനരന്മാരെല്ലാം കിഷ്കിന്ധയിൽ എത്തി. അവരുടെ പ്രസന്നവദനങ്ങൾ കണ്ടപ്പോൾത്തന്നെ ദൗത്യം വിജയിച്ചിരിക്കുന്നു എന്ന് രാമനും സുഗ്രീവനും തീർച്ചയാക്കി. ഹനുമാൻ രാമനെ വണങ്ങി. എങ്ങനെ സീതയെ കണ്ടു ദേവിയോട് എന്തു സംസാരിച്ചു എന്നും, ലങ്കയിലുണ്ടായ തന്റെ അനുഭവങ്ങൾ എന്തൊക്കെയായിരുന്നു എന്നുള്ളതെല്ലാം അദ്ദേഹത്തോടു പറഞ്ഞു. തുടർന്ന് സീതയുടെ ചൂഢാമണിയും രാമനെ ഏല്പിച്ചു. ചൂഢാമണിയുടെ ദർശനത്താലും സീതയുടെ സന്ദേശം ഹനുമാനിൽ കൂടി ശ്രവിച്ചതിനാലും രാമൻ വികാരാധീനനായി. വായുപുത്രനെ വാത്സല്യത്തോടുകൂടി അദ്ദേഹം ആലിംഗനം ചെയ്ത് തന്റെ കൃതജ്ഞത ഹനുമാനെ അറിയിച്ചു.

ചോദ്യങ്ങൾ :

  1. രാമന്റെ ദൂതനാണു താൻ എന്ന് എങ്ങിനെയാണ് ഹനുമാൻ സീതയെ ബോധ്യപ്പെടുത്തിയത് ?
  2. എന്തുകൊണ്ടാണ് സീത സംശയാലുവായത്? എങ്ങിനെയാണ് ഹനുമാന്റെ ദൗത്യത്തിൽ വിശ്വാസം ഉണ്ടായത് ?
  3. ഹനുമാൻ രാവണനു നൽകിയ ചെറിയ ഗുണപാഠം എന്തായിരുന്നു ?
  4. സീത എന്തുകൊണ്ടായിരുന്നു ഹനുമാനോടൊപ്പം രാമസമീപം എത്താ തീരുന്നത്?

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു