നിന്റെ വാഗ്ദാനം പാലിക്കുക
നിന്റെ വാഗ്ദാനം പാലിക്കുക
“ധനി ആയിരിക്കണം ആദ്യഭിക്ഷ തനിക്കു തരാൻ” ഗദായ് പറഞ്ഞു. “സാധ്യമല്ല” എല്ലാവരും എതിർത്തു.
എന്നാൽ ഗദായ് സമ്മതിച്ചില്ല. അവസാനം മറ്റുള്ളവർക്ക് സമ്മതിക്കേണ്ടി വന്നു. ഒൻപതാം വയസ്സിൽ ഗദായ് എന്ന കുമാരന് ഉപവീതം നൽകി “ബ്രാഹ്മണൻ” എന്ന പദവിയിലേയ്ക്ക് ഉയർത്തേണ്ടതുണ്ടായിരുന്നു. അയാളുടെ കുടുംബനാഥൻ രാമകുമാരൻ എന്ന ജ്യേഷ്ഠസഹോദരനാണ്. ഉപവീതചടങ്ങിനുശേഷം ആദ്യഭിക്ഷ സ്വീകരിക്കേണ്ടത് സ്വന്തം മാതാവിൽ നിന്നായിരിക്കണം എന്നാണു നിയമം.
ഗദായിയുടെ ജനനവേളയിൽ മാതാവായ ചന്ദ്രയെ സഹായിച്ചത് “ധനി’ എന്നു പേരുള്ള ഒരു കൊല്ലപ്പണിക്കത്തിയായിരുന്നു. അക്കാലത്തെ നാട്ടുനടപ്പനുസരിച്ച് ഗദായ് അവളെ “അമ്മ” എന്നാണ് വിളിച്ചുവന്നത്. ഉപവീതദാനച്ചടങ്ങിനുശേഷം ആദ്യഭിക്ഷ സ്വീകരിക്കുന്നത് ഈ മാതാവിൽ നിന്നായിരിക്കുമെന്ന് കുമാരൻ തീരുമാനിച്ചിരുന്നു.
രാമകുമാർ ഇതിനു തടസ്സം പറഞ്ഞു. കാരണം അവരുടെ കുടുംബത്തിൽ ആദ്യ ഭിക്ഷ സ്വീകരിക്കുന്നത് ബ്രാഹ്മണമാതാവിൽ നിന്നുതന്നെ ആയിരിക്കണമെന്ന് നിർബന്ധമാണ്. എന്നാൽ ഗദായ് പറഞ്ഞു ,തന്റെ അഭിപ്രായപ്രകാരം തന്നെ കാര്യം നടത്തണ മെന്ന്. “ഞാൻ ധനിയോടു വാഗ്ദാനം ചെയ്തിട്ടുണ്ട് ആദ്യഭിക്ഷ അവരിൽ നിന്നുതന്നെ സ്വീകരിക്കുമെന്നും അവരെ അമ്മ എന്ന് വിളിക്കുമെന്നും. വാഗ്ദാനം പിൻവലിക്കാ വുന്ന ഒന്നല്ല”. ഇങ്ങനെയാണ് അയാൾ പറഞ്ഞത്.
ഗദായിയുടെ ബാല്യത്തിൽ ധനി ചോദിച്ചിരുന്നു. “ഉപനയനചടങ്ങിൽ ഭിക്ഷ തരുന്നതിനുള്ള മാതാവായി നീ എന്നെ സ്വീകരിക്കുമോ” എന്ന്.
ഗദായ്:- തീർച്ചയായും, ഈ സംഭാഷണത്തെയാണ് കുമാരൻ വാഗ്ദാനമായി കരുതിയത്. ഇങ്ങനെയുള്ള വർത്തമാനങ്ങൾ വാഗ്ദാനങ്ങളായി ആരും പരിഗണിക്കയില്ലെന്ന് അയാളോട് എല്ലാവരും പറഞ്ഞുനോക്കി. എന്നാൽ അയാൾ അചഞ്ചലനായി നിന്നു. പറഞ്ഞ വാക്കു പാലിച്ചില്ലെങ്കിൽ അത് സത്യവിരുദ്ധമാണ് എന്ന ന്യായത്തിൽ അവർ വിശ്വസിച്ചു.
അവസാനം സകലരും ഇതിന് അനുകൂലിച്ച് ഉപനയനകർമ്മം നടന്നു. ധനിതന്നെയായിരുന്നു ആദ്യഭിക്ഷനൽകുന്ന മാതാവ്, ധനി എത്ര സന്തോഷിച്ചു.!
പൂണൂൽ ധരിച്ചശേഷം ഗദായിക്ക് സീതാരാമപ്രതിഷ്ഠകളിൽ പൂജാരിയാകാനുള്ള അർഹതയുണ്ടായി. ഇത് അയാൾക്ക് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു. പ്രാർത്ഥനാവേളയിൽ രഘുവീരനിൽ തന്നെ മനസ്സുറപ്പിച്ചിരുന്നതിനാൽ അയാൾക്ക് പരിസര ബോധം ഉണ്ടായിരുന്നില്ല. തന്റെ ഹൃദയത്തിനുള്ളിൽ ഈശ്വരനെ ദർശിക്കാനും അയാൾക്കു കഴിഞ്ഞിരുന്നു. (ശ്രീരാമകൃഷ്ണപരമഹംസൻ എന്ന് പിൽക്കാലത്ത് പ്രസിദ്ധനായ മഹാത്മാവായിരുന്നു ഗദായ്).
ചോദ്യങ്ങൾ
- ഗദായ് ആദ്യഭിക്ഷ ആരിൽ നിന്നു സ്വീകരിച്ചു.
- രാമകുമാർ തടസ്സം പറഞ്ഞതിന് എന്താണു കാരണം?
- ഗദായിയുടെ പ്രതികരണം എന്തായിരുന്നു?
- ഈ കഥയിൽ നിന്നു ഗദായിയുടെ രണ്ടു സൽഗുണങ്ങൾ പറയുക