മയൂരധ്വജന്റെ ഭക്തിയും അർജ്ജുനന്റെ അഹംഭാവശമനവും
മയൂരധ്വജന്റെ ഭക്തിയും അർജ്ജുനന്റെ അഹംഭാവശമനവും
പാണ്ഡവന്മാരുടെ ഭരണകാലത്ത് അർജ്ജുനൻ ഒരു അശ്വമേധയാഗം നടത്തു ന്നതിന്റെ പ്രാരംഭമായി കുതിരയെ അഴിച്ചുവിട്ടു.
ഈ യാഗത്തിന് ചില പ്രത്യേക നിയമങ്ങൾ ഉണ്ട്. യാഗം നടത്തുന്ന ആൾ അഴിച്ചു വിടുന്ന കുതിരയെ ആരെങ്കിലും പിടിച്ചുകെട്ടിയാൽ കുതിരയുടെ ഉടമ മറ്റെയാളുമായി യുദ്ധം ചെയ്യണം. യുദ്ധത്തിൽ ആരു പരാജയപ്പെടുന്നുവോ അയാൾ തന്റെ രാജ്യം വിജയിച്ചവന് കൊടുക്കണം.
മയൂരധ്വജ രാജാവ് ഈ യാഗത്തിന്റെ നിയമങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ അർജ്ജുനന്റെ കുതിരയെ ബന്ധിച്ചു. കൃഷ്ണനും അർജ്ജുനനും കുതിരയെ തെരഞ്ഞു പുറപ്പെട്ടു. മയൂരധ്വജൻ അതിനെ ബന്ധിച്ചിട്ടുണ്ടെന്ന് അറിഞ്ഞു. ഈ രാജാവ് ഒരു അസാധാരണനാണെന്നും അയാളെ ജയിക്കുന്നത് അത്ര എളുപ്പമല്ല എന്നും മാത്രമല്ല അയാൾ തന്റെ ഒരു വലിയ ഭക്തൻ കൂടിയാണെന്നും കൃഷ്ണൻ പറഞ്ഞു. ഇദ്ദേഹവുമായി യുദ്ധത്തിൽ ഏർപ്പെടേണ്ടതിനെപ്പറ്റി ഇരുവരും ആലോചിച്ചു. അശ്വമേധയാഗ നിയമമനുസരിച്ച് കുതിരയെ ബന്ധിച്ച ആളുമായി യുദ്ധം ചെയ്തേ മതിയാകൂ എന്ന് അർജ്ജുനൻ പറഞ്ഞു.
അർജ്ജുനൻ ഇത് അത്രകാര്യമായി എടുത്തില്ല. കൃഷ്ണൻ ഫലിതം പറയുകയാണ്, ഈ യുദ്ധത്തിൽ അദ്ദേഹത്തിനു കാര്യമായ താല്പര്യമില്ല എന്നൊക്കെയായിരുന്നു അർജ്ജുനന്റെ ചിന്തകൾ. അദ്ദേഹം പിന്നെയും ആലോചിച്ചു, രാജാവ് കൃഷ്ണന്റെ യഥാർത്ഥ ഭക്തനാണെങ്കിൽ അദ്ദേഹത്തിനെതിരെ യുദ്ധം ചെയ്യുമോ എന്ന്.
മയൂരധ്വജൻ തന്റെ ഏറ്റവും ഉറച്ചഭക്തനാണെന്നു തെളിയിച്ചു കാണിക്കണമെന്ന് കൃഷ്ണൻ ആഗ്രഹിച്ചു. അർജ്ജുനനും കൃഷ്ണനും ബ്രാഹ്മണ വേഷം ധരിച്ചു കൊട്ടാരത്തിൽ ചെന്നു. കീഴ് വഴക്കമനുസരിച്ച് അതിഥികളെ സൽക്കരിച്ച് ആദരിക്കേണ്ടത് ഗൃഹസ്ഥാശ്രമികളുടെ കടമയാണ്. ഇക്കാര്യത്തിൽ മയൂരധ്വജനെക്കാൾ മുന്തിയവരായി മറ്റാരും ഇല്ലതാനും. രണ്ടു ബ്രാഹ്മണർ ആഗതരായിരിക്കുന്നതു കണ്ട മാത്രയിൽ രാജോചിത വേഷം മാറ്റിവച്ച് അദ്ദേഹം സന്ദർഭാനുസരണമുള്ള വസ്ത്ര ധാരണം ചെയ്തു. അർഘ്യപാദ്യാദികൾ ചെയ്ത് യോഗ്യമായി കൃഷ്ണാർജ്ജുനൻമാരെ തന്റെ അതിഥികളായി അവിടെ കഴിയണമെന്ന് അവരോട് അപേക്ഷിച്ചു.
മയൂരധ്വജന്റെ ഭക്തിദാർഢ്യം അർജ്ജുനനെ ബോദ്ധ്യപ്പെടുത്തുന്നതിനുവേണ്ടി കുറേകാലമായിത്തന്നെ കൃഷ്ണൻ ഈ ഒരു സന്ദർഭത്തിനു കാത്തിരിക്കുകയായിരുന്നു. അതിഥികളെ ആഹാരത്തിനു ക്ഷണിച്ചപ്പോൾ കൃഷ്ണൻ പറഞ്ഞു. “നിങ്ങളുടെ ആതിഥ്യം സ്വീകരിച്ച് ഇവിടെയിരിക്കാൻ സമയമില്ല. ഒരു പ്രത്യേക പ്രതിസന്ധിയുണ്ടാ യിരിക്കുന്നതിനാൽ അതുതരണം ചെയ്യുന്നതിനു നിങ്ങളുടെ സഹായം ആവശ്യമാ യിരിക്കുന്നു. ഞങ്ങൾ ഇങ്ങോട്ടുവരുന്ന വഴിയിൽ വച്ച് എന്റെ മകനെ ഒരു വ്യാഘ്രം പിടിച്ചു വിഴുങ്ങി. ശരീരത്തിന്റെ പകുതിഭാഗം പുറത്തുതന്നെ ആയിരിക്കുന്ന സമയത്ത് ഒരു അശരീരി ശബ്ദം കേട്ടു. മയൂരധ്വജരാജാവിന്റെ പകുതി ശരീരം കൊടുത്താൽ എന്റെ മകനെ സ്വതന്ത്രനാക്കാമെന്നായിരുന്നു അത്.
ഇതുകേട്ടപ്പോൾത്തന്നെ തന്റെ അതിഥിക്കു ഒരു സേവനം ചെയ്യുന്നതിന് സന്ദർഭമുണ്ടായല്ലോ എന്നാണ് രാജാവ് വിചാരിച്ചത്.
ത്യാഗം കൊണ്ട് അനശ്വരത സിദ്ധിക്കുമെന്ന് അദ്ദേഹത്തിനറിയാം. മനുഷ്യ ശരീരം തനിക്കു ലഭിച്ചത് മറ്റുള്ളവരെ സഹായിക്കാനാണെന്നും നല്ലതുപോലെ അറിയാം. ഈ ശരീരം എന്നെങ്കിലും ഒരു ദിവസം കൊഴിഞ്ഞുപോകുമെന്നും നല്ല തീർച്ചയുണ്ട്. അതിനാൽ മറ്റൊരാളിന്റെ സംതൃപ്തിക്കു വേണ്ടി തന്റെ ശരീരം ഉപേക്ഷിക്കാൻ (ത്യജിക്കാൻ )രാജാവ് തയ്യാറെടുത്തു.
അദ്ദേഹം ഭാര്യയെയും പുത്രനേയും വിളിച്ചുവരുത്തി, ഒരു വാൾകൊണ്ട് തന്റെ ശരീരം ശിരസ്സു മുതൽ കീഴോട്ട് രണ്ടുഭാഗമായി കീറണമെന്ന് ആജ്ഞാപിച്ചു. അവർ ഇരുവരും വിചാരിച്ചു. അദ്ദേഹം ഇങ്ങനെ ശരീരം രണ്ടായി പിളരുന്നതിന് എന്തോ പരിശുദ്ധമായ അടിസ്ഥാനകാരണമുണ്ടെന്ന്. അർജ്ജുനനും കൃഷ്ണനും കണ്ണിമ യ്ക്കാതെ ഇതൊക്കെ ശ്രദ്ധിക്കുകയായിരുന്നു. അപ്പോൾ മയൂരന്റെ ഇടതുകണ്ണിൽ കണ്ണീർ ഉത്ഭവിക്കുന്നത് അവർ കണ്ടു. സന്ദർഭം മൂർദ്ധന്യാവസ്ഥയിലേയ്ക്ക് വളരുകയാണെന്നു മനസ്സിലാക്കിയ കൃഷ്ണന്, രാജാവിനെ കൂടുതൽ പരീക്ഷണങ്ങൾക്കു വിധേ യനാക്കായി ഇപ്രകാരം പറഞ്ഞു. “ഒരുവൻ കണ്ണീർ വാർത്തു ദുഃഖിച്ചു തരുന്ന ദാനത്തിന് എന്തു വിലയാണുള്ളത്? അങ്ങനെയുള്ള ദാനം എനിക്കാവശ്യമില്ല. ദാനം എപ്പോഴും സന്മനസ്സോടെ സന്തോഷമായി കൊടുക്കുകയാണു വേണ്ടത്. നിർവികാരനായി ശാന്തനായി നിമീലിതനേ(തനായി ഇരിക്കുന്ന മയൂരൻ കണ്ണുകൾ തുറന്നിട്ടു പറഞ്ഞു. “തനിക്കു ശരീരം ത്യജിക്കുന്നതിൽ യാതൊരു ദുഃഖവും ഇല്ലെന്നും അങ്ങ നെയായിരുന്നുവെങ്കിൽ ഇരുമിഴികളും കണ്ണുനീർ വർഷിക്കുമായിരുന്നു എന്നും. എന്നാൽ ഒരു നേത്രം മാത്രം കണ്ണുനീരണിയുന്നതിന് കാരണമെന്ത്? അതു ചിന്തിച്ചറിയേണ്ട വസ്തുതയാണ്. ഈ സംഭവത്തിന്റെ ആന്തരാർത്ഥം കൃഷ്ണന് അറിയാത്തതല്ല. മയൂരന്റെ ഭക്തിയുടെ അഗാധത അർജ്ജുനന് കാണിച്ചുകൊടുക്കേണ്ടതായ ആവശ്യ മാണ് ഇവിടെയുള്ളത്.
മയൂരൻ മറുപടി പറഞ്ഞു. “പ്രഭോ! ഈ ശരീരം രണ്ടായി വിഭജിച്ച് വലതു ഭാഗം ഒരു പുണ്യകർമ്മത്തിന് അങ്ങേയ്ക്ക് ദാനം ചെയ്യാൻ പോകുന്നു. അപ്പോൾ ഇടതു ഭാഗം ഉപയോഗശൂന്യമായി പക്ഷികൾക്കും മറ്റും കൊത്തിത്തിന്നാനായി ഉപേക്ഷിക്കപ്പെടും. അങ്ങനെ അത് ഒരു പരിശുദ്ധകർമ്മത്തിനും ഉതകാതെ പോകുന്നതിനുള്ള കുണ്ഠിതം കൊണ്ട് ആ ഭാഗം പരിതപിക്കുകയാണ്” എന്ന്.
അർജ്ജുനൻ ഇതുകേട്ട മാത്രയിൽത്തന്നെ പശ്ചാത്തപിച്ച് ഇതു തന്നെ ഉദ്ദേശിച്ചുള്ള ഒരു പാഠമാണെന്ന് ചിന്തിച്ചു. അതായത് തന്നെക്കാൾ ഉത്തമൻമാരായ കൃഷ്ണ ഭക്തൻമാർ വേറെയും ഉണ്ടെന്ന് അദ്ദേഹത്തിന് ബോധ്യമായി.
ഈ ലോകത്ത് അനേകവിധത്തിലുള്ള ഭക്തൻമാരുണ്ട്. മയൂരന്റെ രീതി വച്ചുനോക്കിയാൽ അതു വ്യക്തമായി തെളിയും. ഒരു രാജാവെന്ന നിലയ്ക്ക് അദ്ദേഹം ആ പദവി വേണ്ടവിധം കൈകാര്യം ചെയ്യും. യാഗാശ്വത്തെ ബന്ധിച്ചു യുദ്ധം ചെയ്തത് അങ്ങനെ യാണ്. അതിഥിയെ സൽക്കരിക്കുന്ന ഗൃഹസ്ഥനെന്ന നിലയിൽ ഏറ്റവും യുക്തമായ നിലയ്ക്കും രാജാവുപെരുമാറി.
ഇങ്ങനെ ലൗകീകമായും ആത്മീയമായും ഉള്ള എല്ലാ മണ്ഡലങ്ങളിലും ഉത്തമ മാതൃകയാണ് മയൂരധ്വജൻ എന്ന് അർജ്ജുനനെയും ഈ ലോകത്തെയും പഠിപ്പിക്കാനായി കൃഷ്ണൻ ആവിഷ്കരിച്ചതായിരുന്നു ഈ രംഗം.
Narration: Ms. Sai Sruthi S.V.
[Sri Sathya Sai Balvikas Alumna]