ധ്യാനം – ബാലവികാസ് ഗുരുക്കന്മാർക്കുള്ള പ്രമാണം
ധ്യാനം – ബാലവികാസ് ഗുരുക്കന്മാർക്കുള്ള പ്രമാണം
പ്രാർത്ഥനയും ധ്യാനവും
നിർവൃതിയിലെത്താൻ രണ്ട് വഴികളാണുള്ളത്. പ്രാർത്ഥനയും ധ്യാനവും. പ്രാർത്ഥന നിങ്ങളെ ഈശ്വരപാദത്തിൽ ശരണാഗതി അടയാൻ സഹായിക്കുന്നു. ധ്യാനം ഈശ്വരനെ നിങ്ങളുടെ നിലയിലേക്ക് ആകർഷിച്ച് അവിടെനിന്നും നിങ്ങളെ ഈശ്വരതലത്തിലേക്കുയർത്താൻ പ്രചോദിപ്പിക്കുന്നു. ഇത് നിങ്ങളെ ഒരുമയിലേക്ക് നയിക്കന്നു, ഉയർച്ചതാഴ്ചകളില്ലാതെ.
ധ്യാന പഠനം
ഒരാൾക്ക് മറ്റൊരാളെ ധ്യാനമഭ്യസിപ്പിക്കാൻ സാധിക്കുമോ? അല്ലെങ്കിൽ അഭ്യസിപ്പിച്ചതിനുള്ള അവകാശവാദം ഉന്നയിക്കാൻ കഴിയുമോ? ഒരുപക്ഷെ ധ്യാനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട അംഗവിന്യാസം,കാലുകൾ, കൈകൾ, പാദങ്ങൾ, കഴുത്ത്, തല, പുറം എന്നിവയുടെ സ്ഥാനം, ശ്വാസമെടുക്കേണ്ട രീതി, അതിന്റെ വേഗത ഇതൊക്കെ പഠിപ്പിക്കാൻ സാധിച്ചേക്കാം. പക്ഷേ ധ്യാനമെന്നത് ആന്തരിക മനുഷ്യന്റെ ധർമ്മമാണ്. ആത്മനിഷ്ഠമായ ശാന്തി, മനസ്സിനെ ശൂന്യമാക്കികൊണ്ട് സ്വയം അകമേയുള്ള ദിവ്യചൈതന്യത്തിന്റെ പ്രകാശം കൊണ്ട് മനസ്സ് നിറക്കുക എന്നതൊക്കെയാണ് ധ്യാനത്തിൽ ഉൾപ്പെടുന്നത്. ഒരു പുസ്തകം ഉപയോഗിച്ച് പഠിപ്പിക്കാൻ സാധിക്കുന്നതോ ക്ലാസ്സ് മുറികളിലൂടെ വിവരിക്കാൻ കഴിയുന്നതോ ആയ ഒരറിവല്ലയിത്. ഒരുവന് ജപധ്യാനങ്ങളിൽ വിജയം കൈവരിക്കാൻ മറ്റൊരുവനെ ആശ്രയിക്കേണ്ടതില്ല. പ്രാർത്ഥിക്കാനുള്ള മന്ത്രത്തിനായി സന്യാസിമാരെയും കാത്തിരിക്കേണ്ട. അന്തര്യാമിയായ ഭഗവാനോട് പ്രാർത്ഥിക്കുക. നിങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ ലഭിക്കും.
ധ്യാനം ചെയ്യുന്നതിനുള്ള ശരിയായ സമയം
നിർദ്ദേശിച്ചിരിക്കുന്ന സമയം ഉദയത്തിനു മുൻപാണ് (പുലർച്ചെ മൂന്നിനും ആറിനും ഇടയ്ക്ക് ).ഏറ്റവും മംഗളകരമായ സമയം പുലർച്ചെ 4.30 മുതൽ 5.15 വരെയാണ്. പക്ഷേ തുടർച്ചയായി ചെയ്യുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. സ്വാമി അസ്തമയത്തിനുശേഷവും കുറച്ചു സമയം ധ്യാനം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു.
രൂപധ്യാനത്തിനെ കുറിച്ച് സ്വാമി
സ്വാമി വിദ്യാർത്ഥികളോട് ഏതെങ്കിലും വസ്തുവിൽ അതായത് അഗ്നി, ഏതെങ്കിലും മൂർത്തിയുടെ വിഗ്രഹം, ചിത്രം തുടങ്ങിയവയിൽ ഏതെങ്കിലുമൊന്നിൽ 12 സെക്കന്റ് സമയത്തേക്ക് മുഴുവൻ ശ്രദ്ധയോടും കൂടി കണ്ണിമ ചിമ്മാതെ നോക്കാൻ പറഞ്ഞു. ഇതാണ് ശ്രദ്ധ അഥവാ ധാരണ. 12ധാരണകൾ ചേർന്നതാണ് ഒരു ധ്യാനം. അതായത് ഒരു ധ്യാനമെന്നത് 12×12=144സെക്കൻഡുകൾ നീണ്ടതാണ്. അതുകൊണ്ട് ഒരു ശരിയായ ധ്യാനം 2മിനുട്ട്, 24സെക്കൻഡിൽ കൂടരുത്.
12 ധ്യാനങ്ങൾ ചേർന്നതാണ് ഒരു സമാധി. അതായത് ഒരു സമാധി 12×144 സെക്കന്റുകൾ =28 മിനിറ്റ് 48 സെക്കന്റുകൾ നീണ്ടതാണ് .
എന്നിരുന്നാലും ഈശ്വരനോടുള്ള ഭക്തി എന്നത് കുറച്ച് നിമിഷങ്ങൾ അല്ലെങ്കിൽ മണിക്കൂറുകൾ മാത്രമായി ഒതുക്കാനുള്ളതല്ല. ഇത് എല്ലായ്‌പോഴും എവിടെയും ഉണ്ടാവേണ്ടതാണ്. ഒരിക്കൽ ശ്രീ രമണ മഹർഷി ചോദിച്ചു എത്ര സമയം ഒരാൾ ധ്യാനിക്കണമെന്ന്. 15സെക്കന്റുകൾ ആണോ? അതോ 30ആണോ അതോ ഒരു മണിക്കൂറോ. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. “നീ ധ്യാനം ചെയ്യുന്നുവെന്ന് മറക്കുന്നത് വരെ ധ്യാനം ചെയ്യുക. നീ ധ്യാനം ചെയ്യുകയാണ് എന്ന് നിനക്ക് ബോധ്യമുള്ളടത്തോളം അത് ധ്യാനമാവില്ല.”
ശരീരം മനസ്സ് എന്നിവയെക്കുറിച്ചുള്ള ബോധം, തന്നെകുറിച്ചുള്ള ചിന്ത എന്നിവ മുഴുവനായും ഇല്ലാതാവണം. നിങ്ങളുടെ ധ്യാനരൂപത്തിനെക്കുറിച്ചുള്ള ചിന്ത മാത്രമേ ഉണ്ടാകാവൂ. അതായത് ദിവ്യ ചൈതന്യത്തിനല്ലാതെ മറ്റൊന്നിനും അവിടെ സ്ഥാനമില്ല. ധ്യാനത്തിലൂടെ കിട്ടുന്ന ആനന്ദം നിങ്ങൾ അനുഭവിക്കുന്നുണ്ട്. എന്നാൽ എനിക്ക് ധ്യാനത്തിലൂടെ ആനന്ദം ലഭിക്കുന്നു എന്ന ബോധ്യമില്ലാതെ.
ധ്യാനത്തിനായുള്ള ഒരുക്കങ്ങൾ
പ്രാർത്ഥനക്ക് സാധാരണ ഉപയോഗിക്കാറുള്ള പായിലോ, തുണിയിലോ, മെത്തയിലോ ഇരിക്കണം. ശരീരത്തിലുള്ള വൈദ്യുതിക്ക് ഭൂമിയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനാണിത്. നിവർന്നിരിക്കുക. കാരണം “എപ്പോഴാണോ ശരീരം നിവർന്നതും ശാന്തവുമാകുന്നത് അപ്പോൾ മനസ്സും അത്തരത്തിലുള്ളതാവുന്നു. നിങ്ങൾക്ക് ശരീരത്തെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ എങ്ങനെ മനസിനെ നിയന്ത്രിക്കാൻ കഴിയും?” കൈകളെ രണ്ടു രീതിയിൽ ശാന്തമാക്കുക.
- കൈകൾ ഒന്നിനുമുകളിൽ മറ്റൊന്നായി തള്ള വിരൽ മുട്ടുന്ന രീതിയിൽ മടിയിൽ വെക്കുക.
- കൈപ്പത്തി മുകളിക്ക് വരുന്ന രീതിയിൽ കാൽമുട്ടിൽ കൈകൾ വെച്ച് വിരലുകൾ ചിന്മുദ്രയിൽ പിടിക്കുക.
സോഹം ചെയ്യുന്നതിന് മുന്നോടിയായി ശ്വാസോച്ഛ്വാസ നിയന്ത്രണത്തിന് പല്ലിന്റെ അടിഭാഗത്ത് നാവിന്റെ അറ്റം വെക്കുക.
[source: http://www.sathyasai.org/devotion/meditation.html]