നാഗമഹാശയൻ

Print Friendly, PDF & Email
നാഗമഹാശയൻ

അഹിംസാ തത്വത്തിന്റെ സജീവ ഉദാഹരണമാണ് നാഗമഹാശയൻ, അഹിംസ പരമോധർമ്മം’ എന്നത് അക്ഷരാർത്ഥത്തിൽത്തന്നെ അദ്ദേഹം അനുഷ്ഠിച്ചുവന്നു.

ഒരു ജീവിയെങ്കിലും കഷ്ടത അനുഭവിക്കുന്നതു കാണാൻ നാഗമഹാശയനു സാധിക്കുമായിരുന്നില്ല.

Nagmahashay letting the fish back in the pond

വെള്ളപ്പൊക്കക്കാലത്ത് അനവധി മത്സ്യങ്ങൾ വർഷം തോറും വന്നുചേരാറു ണ്ടായിരുന്ന ഒരു കുളം അദ്ദേഹത്തിന്റെ വീടിനോട് ചേർന്നു സ്ഥിതിചെയ്തിരുന്നു. ഒരു ദിവസം ഈ കുളത്തിൽ നിന്ന് ഒരു മുക്കുവൻ കുറേ മീൻപിടിച്ചെടുത്തു. നാട്ടാചാര മനുസരിച്ചുള്ള വിഹിതം കൊടുക്കുന്നതിന് നാഗമഹാശയന്റെ അടുത്ത് അയാൾ വന്നു. കൂടയിൽ ജീവനുവേണ്ടി പിടയ്ക്കുന്ന മത്സ്യങ്ങളെ കണ്ടത് മഹാശയനിൽ ആർദ്രത ഉണർത്തി. മുക്കുവൻ ആവശ്യപ്പെട്ട മുഴുവൻ വിലയും കൊടുത്ത് അവയെ അദ്ദേഹം വാങ്ങി കുളത്തിൽ തന്നെ തിരികെ വിട്ടു.

മറ്റൊരു ദിവസം വേറൊരു മുക്കുവൻ മഹാശയന്റെ വീടിനു സമീപമുണ്ടായിരുന്ന മറ്റൊരു കുളത്തിൽ നിന്നു മീൻ പിടിച്ച് അവയെ വില്ക്കുന്നതിനായി അദ്ദേഹത്തിന്റെ സമീപം എത്തി. ഇത്തവണയും മുഴുവൻ മത്സ്യങ്ങളെയും വിലയ്ക്കെടുത്ത് കുളത്തിൽ തന്നെ വിട്ടു. മീൻകൂടയും വിലയും കയ്യിൽ കിട്ടിയ നിമിഷം ആ മുക്കുവൻ ഈ ഭ്രാന്തന്റെ അടുത്തുനിന്ന് കഴിയുന്നത്ര വേഗത്തിൽ ഓടിപ്പോയി. ഇതിനുശേഷം അയാൾ ഒരിക്കൽ പോലും നാഗമഹാശയന്റെ സമീപപ്രദേശത്തു കടന്നുവരാറില്ലായിരുന്നു.

വിഷപ്പാമ്പുകളെപ്പോലും ഹിംസിക്കുന്നതിനെ അനുവദിക്കാൻ കഴിയാത്ത വിധം അഹിംസാധർമ്മനിഷ്ഠയെ നിഷ്കൃഷ്ടമായി അദ്ദേഹം അനുഷ്ഠിച്ചുവന്നിരുന്നു. ഒരിക്കൽ ഒരു സർപ്പത്തെ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തുവെച്ച് കണ്ടു. അവിടെ സന്നിഹിതരായിരുന്ന എല്ലാവരും ഇതുകണ്ടു ഭയപ്പെട്ടു. അതിനെ ഉടൻ കൊല്ലണമെന്ന അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. കാട്ടിൽ കിടക്കുന്ന സർപ്പമല്ല നമ്മെ ഉപദ്രവിക്കുന്നത്. നമ്മുടെ മനസ്സിനുള്ളിലെ സർപ്പമാണ് മനുഷ്യനെ കൊല്ലുന്നത് എന്നായിരുന്നു ഇതിന് നാഗമഹാശയന്റെ മറുപടി.

പിന്നീട് തൊഴുകൈയ്യോടെ ആ സർപ്പത്തോട്, മാനസദേവിയുടെ പ്രത്യക്ഷ രൂപമാണ് നീ. വനപ്രദേശമാണ് നിന്റെ വാസസ്ഥാനം. ദയവുചെയ്ത് എന്റെ ഈ എളിയ വീട്ടിൽ നിന്നും നിന്റെ സ്വന്തം സ്ഥലത്തേക്ക് പോവുക എന്ന് അദ്ദേഹം പറഞ്ഞു പുറത്തേക്കു നടന്നു. അത്ഭുതമെന്നു പറയട്ടെ, പത്തി താഴ്ത്തിക്കൊണ്ട് ഇഴഞ്ഞ് ആ സർപ്പം അദ്ദേഹത്തിന്റെ പ്രാർത്ഥന അനുസരിച്ച് കുറ്റിക്കാട്ടിലേയ്ക്ക് പോയി. നാഗമഹാശയൻ കൂടെക്കൂടെ പറയുമായിരുന്നു. ഇക്കാണുന്ന ബാഹ്യ ലോകം നിങ്ങളുടെ മനസ്സിന്റെ പ്രതിരൂപം തന്നെയാണ്. നിങ്ങൾ എന്താണോ ബാഹ്യ ലോകത്തിലേക്കു വിക്ഷേപിക്കുന്നത് അത് അതേപടി അവിടെനിന്ന് നിങ്ങൾക്ക് മടക്കിക്കിട്ടും. ഒരു മുഖക്കണ്ണാടിയിൽ നോക്കുന്നതുപോലെയുള്ളൂ അത്. മുഖം കൊണ്ട് ദർപ്പണത്തിൽ കാട്ടുന്നതൊക്കെ ഇങ്ങോട്ടും പ്രതിഫലിക്കും.

ചോദ്യങ്ങൾ:
  1. എല്ലാ ജീവജാലങ്ങളോടും നാഗമഹാശയനുണ്ടായിരുന്ന കാരുണ്യം വിവരിക്കുക.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു