ആഡനൂരിലെ നന്തനാർ
ആഡനൂരിലെ നന്തനാർ
അറുനൂറുവർഷങ്ങൾക്കു മുമ്പ് പറയജാതിയിൽ ജനിച്ചവനാണ് നന്തൻ. ചെറുപ്പ കാലം മുതൽ തന്നെ പറച്ചേരിയിലുള്ള സാധാരണ ബാലന്മാരെപ്പോലെ ആയിരുന്നില്ല നന്തൻ. ഈശ്വരന്റെ കളിമൺ പ്രതിമയുണ്ടാക്കി അവൻ കളിക്കുകയും അതിനുചുറ്റും നൃത്തം വയ്ക്കുകയും ചെയ്യുമായിരുന്നു. ഈ കളിമൺ പ്രതിമകൾക്കും ഘോഷ യാത്രകളും ഉത്സവങ്ങളും കൂടി സംഘടിപ്പിച്ചിരുന്നു. ആഡനൂരിലെ ശിവക്ഷേത്രത്തിന്റെ ഉന്നതഗോപുരത്തെ അവൻ അത്ഭുതത്തോടെ നോക്കിയിരിക്കുന്നതും ഒരു പതിവായിരുന്നു. ഈശ്വരൻ, ബൃഹത്തും, മഹത്തും അത്ഭുതപ്പെടുത്തുന്നതും ആയ ഒന്നാണെന്ന് അവൻ വിശ്വസിച്ചു. ഒരു ദിവസം ഈശ്വരനെ നേരിൽക്കാണണമെന്ന് അവൻ നിശ്ചയിച്ചു. അവൻ വളർന്നുവരുന്നതിനോടൊപ്പം ഈ ആത്മാർത്ഥ ഭക്തിയും വളർന്നു. ഈശ്വര പ്രീതികരമായ എന്തെങ്കിലും ചെയ്യാൻ അവന് ആഗ്രഹമുണ്ട്. ഏറ്റവും താണജാതിയിൽ ജനിച്ച ഒരു ദരിദ്രമനുഷ്യന് ഈശ്വരപ്രീതികരമായി എന്തെങ്കിലും ചെയ്യുന്നതിന് എന്തു മാർഗ്ഗമാണുള്ളത്? ഒക്കുമെങ്കിൽത്തന്നെ ക്ഷേത്രം ഉടമകൾ ഇക്കാര്യം അനു വദിക്കുകയുമില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു നല്ല ആശയം അവനു തോന്നി. “ക്ഷേത്രത്തിലേയ്ക്കുള്ള ചെണ്ട, പെരുമ്പറ, ഭേരി മുതലായ മേളവാദ്യങ്ങൾക്കാവശ്യ മുള്ള തോൽ സംഭാവന ചെയ്താലെന്ത്?’ പറയർ വേണമല്ലോ ഇതുചെയ്യാൻ. അവൻ കുറേ തോൽ വാങ്ങി ഊറയ്ക്കിട്ടു പാകത്തിനു വെട്ടിയെടുത്ത് ക്ഷേത്രത്തിലെ മേളക്കാർക്കു കൊടുത്തു.
കുറേ നാളത്തേയ്ക്ക് സമയം പോക്കാനും വിനോദത്തിനുമുള്ള മാർഗ്ഗം ഇതായിരുന്നു. അവന്റെ ഉത്സാഹത്തിൽ പങ്കുചേരുന്നവരും അവനോട് സഹതാപം പ്രകടിപ്പിക്കുന്ന വരുമായി അല്പം ചില സ്നേഹിതന്മാരും അവനുണ്ടായിരുന്നു. അവൻ ഈശ്വര മഹത്വത്തെക്കുറിച്ച് പലപ്പോഴും സംഭാഷണം ചെയ്യുകയും ആനന്ദം കൊണ്ടു പാട്ടു പാടുകയും നൃത്തം വയ്ക്കുകയും ചെയ്തു വന്നിരുന്നു. ക്ഷേത്രത്തിൽ പോയി ശിവലിംഗം ദർശിക്കുന്നതിനോ ധൂപദീപാദികൾ കൊണ്ട് ആരാധിക്കുന്നതു കാണുക യെങ്കിലും ചെയ്യുന്നതിനോ സാധിക്കാതെ വരുന്നതിൽ ഖേദിച്ച് അവൻ അശ്രു പൊഴിക്കുമായിരുന്നു. ചിലപ്പോൾ ഈശ്വരചിന്തയിൽ ആമഗ്നനായി ബോധക്ഷയവും അവന് സംഭവിച്ചിരുന്നു.
ഒരു ദിവസം ഒരു പണ്ഡിതന്റെ പ്രസംഗം അവൻ കേട്ടു. ‘ചിദംബരം, പുണ്യ ക്ഷേത്രങ്ങളിൽ വച്ച് ഏറ്റവും ഉത്തമമാണ്. അവിടം ദർശിക്കുന്നവൻ, അവൻ ചണ്ഡാല നായാലും അവന് മോക്ഷം ലഭിക്കും. എന്ന് അദ്ദേഹം പറയുന്നത് അവൻ കേട്ടു. മുസ്ലീങ്ങൾക്ക് മെക്ക എങ്ങിനെയോ അതുപോലെയാണ് ശൈവർക്ക് ചിദംബരം. പണ്ഡിതന്റെ പ്രഭാഷണത്തിൽ ചിദംബര ക്ഷേത്രത്തിലെ വിഗ്രഹത്തെക്കുറിച്ച് ശ്രേഷ്ഠ മായ വാക്കുകൾ കൊണ്ടു പുകഴ്ത്തുന്നതും അവൻ കേട്ടു. ഇത് ഒരു ഇന്ദ്രജാല പ്രയോഗത്തിൽ പെട്ടതു പോലുള്ള ഫലം അവനിൽ ഉളവാക്കി. തീർച്ചയായും, ഉടൻ തന്നെ ചിദംബരം ദർശിക്കണമെന്ന് അവൻ നിശ്ചയിച്ചു.
വയലിലും തോട്ടങ്ങളിലും പണിയെടുക്കുമ്പോഴും മറ്റു സകലസമയവും അന്നു മുതൽ നടരാജനെക്കുറിച്ചുള്ള ചിന്തമാത്രമേ അവനുണ്ടായിരുന്നുള്ളൂ. നടരാജനെ സ്തുതിച്ചു പാടുക, സംസാരിക്കുക. ഇതായിരുന്നു നിരന്തരമായ കൃത്യം. ഇങ്ങനെ തുടരെയുള്ള ഈശ്വര ചിന്തയാൽ അവൻ ഭ്രാന്തചിത്തനെപ്പോലെയായി. ചുരുക്കത്തിൽ ചിദംബര ദർശനത്തിനുള്ള യാത്ര മാറ്റിവയ്ക്കാൻ കഴിയാതെ വന്നു. അവൻ ചെന്ന് അവന്റെ മേലാളനായ ബ്രാഹ്മണനോടു പറഞ്ഞു, “സ്വാമി എനിക്ക് ഒരു തവണ ചിദംബര ദർശനത്തിനു പോകണം, ദയവായി എന്നെ അതിന് അനുവദിക്കണം, അതും ഒരു ദിവസത്തേയ്ക്കുമാത്രം, മേലാളൻ ബ്രാഹ്മണൻ കുപിതനായി “എടാ പറയാ, നിനക്കു ചിദംബരദർശനമോ? ഇങ്ങനെ പറഞ്ഞതിന് നിനക്ക് നല്ല തല്ലുതരേണ്ടതാണ്”. എന്നു പറഞ്ഞു.
നന്തൻ നടുങ്ങിപ്പോയി, എന്നാലും വാഗ്വാദത്തിനു മുതിർന്നില്ല. “ഈശ്വരനിശ്ചയം നടക്കും’ ഇങ്ങനെ ചിന്തിച്ച് ക്ഷമയോടെ കാത്തിരുന്നു. നന്തൻ പിന്നെയും വിചാരിച്ചു “ഒരു പക്ഷേ ഭക്തി ഇനിയും പക്വമായിട്ടില്ല ഇനിയും കൂടുതൽ ധ്യാനിക്കണം’.
വിളവെടുപ്പുകാലത്ത്, നന്തന്റെ മുഖത്തു കളിയാടിയിരുന്ന സന്തോഷവും ശാന്തതയും വിനയവും മേലാളനെ അത്ഭുതപ്പെടുത്തി. അദ്ദേഹം പറഞ്ഞു. “നന്താ നീ നല്ലവനാണ്. വിളവെടുപ്പു കഴിയട്ടെ. ചിദംബരദർശനത്തിന് അനുവാദം തരാം’.
നന്തൻ സന്തോഷിച്ചു നൃത്തം ചവുട്ടി, പാട്ടുപാടി വയലിലേയ്ക്ക് ഓടിച്ചെന്ന് അതി വേഗത്തിൽ ജോലി തുടങ്ങി.
അന്നു വൈകിട്ട് നന്തൻ തന്റെ മേലാളന്റെ സന്നിധിയിൽ ചെന്നു പറഞ്ഞു. “സ്വാമി, അവിടുന്ന് വന്ന് വയൽ നോക്കണം. ജന്മി അത്ഭുതപ്പെട്ടുപോയി. മുഴുവൻ വയലും കൊയ്തുകഴിഞ്ഞു. കറ്റകൾ സ്വർണ്ണക്കുന്നുപോലെ ഒരു ഭാഗത്തു ശേഖരിച്ചിരിക്കുന്നു. “നന്താ നീ മനുഷ്യരിൽ ഏറ്റവും പരിശുദ്ധനും പുണ്യാത്മാവുമാണ്. ഈ നിമിഷം മുതൽ ഞാൻ നിന്റെ അടിമയാണ്. എന്തെന്നാൽ ഈശ്വരൻ നിന്നിൽക്കൂടി എന്റെ വയലിൽ വേലചെയ്തു എന്ന് എനിക്കു തീർച്ചയുണ്ട്. ഇത്രമാത്രം പറയാനുള്ള ശേഷിയേ ആ ജന്മി ബ്രാഹ്മണന് ഉണ്ടായിരുന്നുള്ളൂ.
അവസാനം സ്നേഹിതരും ഒന്നിച്ചു നന്തൻ ചിദംബരത്തിനു പുറപ്പെട്ടു. അവിടെ ഒരു അഗ്നികുണ്ഡത്തിൽക്കൂടി നടത്തി അയാളെ പരീക്ഷിക്കാൻ തീരുമാനിച്ചു. ഈശ്വര സ്തുതി പാടിയും നൃത്തം ചെയ്തും അയാൾ അഗ്നി പരീക്ഷയിൽ വിജയിച്ചു. മഹാ ജനങ്ങളെല്ലാം നന്തനാരെ മഹാഭക്തനായി പരിഗണിച്ചു. ഒടുവിൽ പൂജാരികൾ അയാളെ നടരാജസന്നിധിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെയും “നടരാജാ, നർത്തന സുന്ദര നടരാജാ’ ഇങ്ങനെ പാടി നന്തനാർ നൃത്തം വച്ചു. അൽപ്പസമയത്തിനകം ആ തറയിൽ നെടുകെ വീണുമരിച്ചു. ആ ജീവാത്മാവ് നടരാജനിൽ ലയിച്ചു.
ചോദ്യങ്ങൾ :
- നന്തൻ ഏതു ജാതിയിൽപ്പെട്ടവനാണ്?
- മറ്റു ബാലന്മാരിൽ നിന്നും അവനിൽ കണ്ട വ്യത്യസ്തതകൾ എന്ത്?
- അയാൾ എങ്ങിനെ ഈശ്വരസേവനം ചെയ്തു?
- നന്തനാർ ഒരു വലിയ ഭക്തനാണെന്നു ബ്രാഹ്മണമേലാളൻ വിശ്വസിച്ചതെന്തു കൊണ്ട്?
- നന്തനാരുടെ ചിദംബരദർശനം വിവരിക്കുക.
[Source:Stories for Children – II, Sri Sathya Sai Books & Publications, PN.]