രാമദാസിന്റെ കഠോരവേദനയും ഉപദേശലബ്ധിയും

Print Friendly, PDF & Email

രാമദാസിന്റെ കഠോരവേദനയും ഉപദേശലബ്ധിയും

ദുഃഖവും വ്യഗ്രതയും നിറഞ്ഞിരിക്കുന്ന ഈ ലോകത്ത് രാമദാസൻ മാനസിക മായി വളരെ വേദനിച്ചു. അന്ന് അസ്വസ്ഥതയും പലവിധത്തിലുള്ള കഠിനസമ്മർദ്ദങ്ങളും അനുഭവപ്പെട്ടിരുന്ന കാലമായിരുന്നു. രാമദാസിന് ‘മോക്ഷം’ എന്താണ്? ശാന്തത എന്താണ്? ഇതൊക്കെയായിരുന്നു ആ ഹൃദയത്തിൽ ഉയർന്ന നിലവിളികൾ. ഈ വിളി ശ്രദ്ധിക്കപ്പെട്ടു. മഹത്തായ അനന്തതയിൽ നിന്ന് ഒരു ശബ്ദം നിരാശനാകാതെ എന്നിൽ വിശ്വസിച്ചു സ്വതന്ത്രനാകു ശ്രീരാമന്റെ പ്രോത്സാഹജനകങ്ങളായ ഈ വാക്കുകൾ കൊടുങ്കാറ്റുയർത്തിയ സമുദ്രത്തിരകളിൽ അകപ്പെട്ട് ജീവനുവേണ്ടി വ്യഗ്രതപ്പെടുന്ന ഒരുവന്റെ മുമ്പിൽക്കിട്ടിയ പൊങ്ങുതടി പോലെ ആശ്വാസജനകങ്ങളായിരുന്നു. വേനലിൽ പൊരിയുന്ന മരുഭൂമിയിൽ ആനന്ദദായകമായ മേഘവർഷം പോലെ രാമദാസിന്റെ ഹൃദയവേദനയ്ക്കും ഈ ആശ്വാസവചനം പ്രയോജനപ്പെട്ടു. അപ്പോൾ മുതൽ ലൗകികകാര്യങ്ങൾക്കു വിനിയോഗിച്ചിരുന്ന സമയത്തിന്റെ ഒരു ഭാഗം ശ്രീരാമ ധ്യാനത്തിനു ചെലവഴിച്ചു. ഇത് ആ കാലങ്ങളിൽ ശരിക്കുള്ള ശാന്തിയും ക്ലേശങ്ങളിൽ നിന്നു മോചനവും നൽകി.

ക്രമേണ ശാന്തിദായകനായ ശ്രീരാമനോടുള്ള പ്രേമം വർദ്ധിച്ചു. രാമനാമജപം എത്ര കൂടുതലായി തുടർന്നുവോ അത്രയും കൂടുതലായി സന്തോഷവും സമാധാനവും രാമദാസിന് അനുഭവപ്പെട്ടു. മറ്റു പ്രാപഞ്ചികാവശ്യങ്ങളിൽ നിന്ന് ഒഴിവായിക്കിട്ടുന്ന രാത്രികാലങ്ങളിൽ, കഷ്ടിച്ച് ഒന്നോ രണ്ടോ മണിക്കൂറുകൾ ഒഴികെ ശേഷം സമയ ങ്ങൾ ശ്രീരാമഭജനത്തിന് ഉപയോഗിച്ചു. ഇങ്ങനെ ശ്രീരാമഭക്തി രാമദാസനു സീമാതീത മായിത്തീർന്നു.

ധനസംബന്ധമായും മറ്റു പ്രകാരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ചഞ്ചലപ്പെടുത്തുന്ന പകൽ സമയത്ത് അപ്രതീക്ഷിതമാർഗ്ഗങ്ങളിൽ കൂടി ശ്രീരാമൻ രാമദാസന് സഹായം എത്തിച്ചിരുന്നു. ലൗകീകാവശ്യങ്ങൾ തീർന്നാൽ ഉടനെ രാമനാമജപവും ധ്യാനവും പതിവാണ്. വഴി നടക്കുമ്പോഴും നാമജപം തന്നെ ജോലി. ക്രമേണ ലൗകികം അനാകർഷകമായിത്തീർന്നു. രാത്രിയിൽ ഉറക്കത്തിനുള്ള ഒന്നോ രണ്ടോ മണിക്കൂറു പോലും നാമജപത്തിനുവേണ്ടി പ്രയോജനപ്പെടുത്തി.

വേഷവിധാനത്തിലുള്ള ആഡംബരം ഉപേക്ഷിച്ച് പരുക്കൻ ഖദർ തുണികളാണ് ധരിച്ചു നടന്നത്. കിടക്ക വെറും തറയിൽ ഒരു പായ് മാത്രമാക്കി പതിവ് ആഹാരം ഉപേക്ഷിച്ച് ഒരു നേരത്തെ ഭക്ഷണമായി ചുരുക്കി. അതും ക്രമേണ വേണ്ടെന്നുവച്ച് വാഴപ്പഴങ്ങളോ വേവിച്ച ഉരുളക്കിഴങ്ങോ മതിയെന്നു വച്ചു. ഉപ്പ്, മുളക് മുതലായവ വർജിച്ചു. നാവിനു രുചികരം രാമനാമം മാത്രം. അത് രാപ്പകൽ ഇടതടവില്ലാതെ തുടർന്നു. ഈ നില വന്നപ്പോൾ രാമദാസിന്റെ പിതാവു വന്ന് രാമമന്ത്രം ഉപദേശിച്ചു. “ശ്രീറാം ജയറാം ജയ് ജയറാം” എന്ന്. പിന്നെ അദ്ദേഹം ഉറപ്പുകൊടുത്തു ശ്രീരാമൻ നിത്യാ നന്ദം പ്രദാനം ചെയ്യുമെന്ന് മന്ത്രാപദേശം ചെയ്ത പിതാവിനെ ഗുരുദേവനായിട്ട് രാമദാസ് കരുതി.

ഇതിനുശേഷം ശ്രീകൃഷ്ണന്റെ ഭഗവത്ഗീത, ശ്രീബുദ്ധന്റെ ലൈറ്റ് ഓഫ് ഏഷ്യ, യേശുക്രിസ്തുവിന്റെ പുതിയനിയമം (ബൈബിൾ), മഹാത്മാ ഗാന്ധിയുടെ യംഗ് ഇന്ത്യ, എത്തിക്കൽ റിലിജിയൺസ്, ഈ വക ഗ്രന്ഥങ്ങൾ പഠിക്കുന്നതിന് ശ്രീരാമൻ തന്നെ പ്രചോദനം നൽകി. രാമദാസനിൽ മുളച്ചിരുന്ന ഭക്തിയാകുന്ന കുരുന്നു ചെടി, പ്രസ്തുത (1000 ഗ്രന്ഥപാനങ്ങളിൽക്കൂടി വളർന്ന് വൈദ്യുതി ദീപ്തമായ അന്തരീക്ഷത്തെ വിനീതമായ ദാസഹൃദയത്തിൽ സൃഷ്ടിച്ചു. ഇക്കാലത്ത് ശ്രീരാമൻ മാത്രമേ സത്യവസ്തു ആയി ട്ടുള്ളൂ. ശേഷമെല്ലാം മിഥ്യയാണെന്നും ഉള്ള ബോധോദയം അദ്ദേഹത്തിൽ ഉണ്ടായി. ലൗകീ കസുഖങ്ങളിലുള്ള ആശകൾ തിരോഭവിക്കുന്നതിനോടൊപ്പം ‘ഞാൻ’ എന്നും ‘എന്റേത് എന്നും ഉള്ള ഭാവങ്ങളും നശിച്ചു തുടങ്ങി. ലൗകീക ബന്ധങ്ങൾ അകന്നു. അപരിഗ്രഹം വളർന്നു. ഹൃദയവും ബുദ്ധിയും മനസ്സും സർവ്വാത്മനാ ശ്രീരാമനിൽ കേന്ദ്രീകരിച്ച് സർവ്വ ദാ, സർവ്വത്ര ശ്രീരാമമയമായിത്തീർന്നു രാമദാസന് വിപുലമായ സംസാരസമുദ്രത്തെ തരണം ചെയ്യുന്നതിനുള്ള ധൈര്യവും ശക്തിയും രാമദാസന് ആവശ്യമായിത്തീർന്നു. ഇതു സാധിക്കുന്നതിനായി അരക്ഷിതനും പരിശീലന രഹിതനും ആയ ദാസനെ കൂടുതൽ ശക്തിമത്തായ ഒരു തപസ്യക്ക് ശ്രീരാമൻ വിധേയനാക്കി. അങ്ങനെ, അതീവ മധുരമായ ശ്രീരാമജപം നടന്നു കൊണ്ടിരുന്ന പ്പോൾ ഒരു രാത്രി രാമദാസന്റെ ഒരു ചിന്താധാര ഉയർന്നു വന്നു.

അല്ലയോ ശ്രീരാമാ! അങ്ങയെ പ്രേമപൂർണ്ണനും അതിശക്തനുമായി ഈ ദാസൻ കാണുന്നു. അങ്ങയിൽ വിശ്വാസം അർപ്പിക്കുന്ന ഒരുവന് യഥാർത്ഥ ശാന്തിയും സൗഖ്യവും തീർച്ചയാണ്. എന്റേത് എന്നറിയപ്പെടുന്ന സകലതും വെടിഞ്ഞ് സകല ബന്ധങ്ങളും ഉപേക്ഷിച്ച് അങ്ങയുടെ കരുണാസമുദ്രത്തിൽ ഞാൻ നിമജ്ജനം ചെയ്യുക യല്ലേ വേണ്ടത്. സകല ലോകങ്ങളുടേയും സംരക്ഷകനാണ് അവിടുന്ന്. “ഞാൻ അതു ചെയ്തു. ഇതു ചെയ്തു എന്നും, അത് എന്റേതാണ്. ഇത് എന്റേതാണ്” എന്നും മനുഷ്യൻ വൃഥാ അഭിമാനിക്കുന്നു. ഈ ദാസന്റെ ഒരേ ഒരു പ്രാർത്ഥന ഇവരെ അങ്ങ യുടെ പരിപൂർണ്ണ നിയന്ത്രണത്തിലാക്കി എന്നിലുള്ള ഞാൻ എന്ന ഭാവം നശിപ്പിക്കുക.

സമസ്തവും ത്യജിച്ച് സന്യാസവേഷം ധരിച്ച് ലോകത്ത് എല്ലായിടത്തും ശ്രീരാമ ദർശനാർത്ഥം നടന്നലഞ്ഞ് പോകണമെന്ന അവ്യക്തചിന്ത രാമദാസനുണ്ടായി. ഭഗവാനാൽ പ്രേരിതനായി. മുമ്പിൽ കിടന്ന ഒരു പുസ്തകം- (അത് ശ്രീബുദ്ധന്റെ ലൈറ്റ് ഓഫ് ഏഷ്യ ആയിരുന്നു). എടുത്തുനോക്കണമെന്ന തോന്നൽ ഉണ്ടായി. ശ്രീബുദ്ധന്റെ മഹത്തായ പരിത്യാഗം വർണ്ണിച്ചിരിക്കുന്ന വരികളിൽ നേത്രങ്ങൾ തറച്ചുനിന്നു.

ശ്രീബുദ്ധൻ പറയുന്നു – എന്റെ ഹൃദയം കുടുങ്ങിയിരിക്കുന്ന ഈ സ്വർണ്ണ പഞ്ജരത്തെ ഞാൻ ഉപേക്ഷിക്കേണ്ടതായ സമയം ആഗതമായിരിക്കുന്നു. ഇപ്പോൾ മുതൽ തന്നെ, സകല ജനനന്മയ്ക്കുമായി, സത്യത്തെ അന്വേഷിക്കാനും സത്യത്തെ സാക്ഷാത്കരിക്കാനുമായി.

അതുപോലെ ബൈബിൾ പുതിയ നിയമത്തിൽ യേശുക്രിസ്തു പറഞ്ഞതും വായിച്ചു.

എനിക്കുവേണ്ടി സ്വഗൃഹത്തേയും, സഹോദരങ്ങളെയും ഭാര്യാപുത്രാദികളേയും വസ്തുവകകളേയും ആരൊരുവൻ ത്യജിക്കുന്നുവോ അവന് ഇവ നൂറു മടങ്ങു. കൂടുതൽ അവൻ നിത്യജീവിതത്തിന് അവകാശിയായി ഭവിക്കും. ഇങ്ങനെ തന്നെ ഭഗവത്ഗീതയിലെ വരികളും “സർവ്വധർമ്മങ്ങളും പരിത്യജിച്ച് എന്നെ മാത്രം ശരണം പ്രാപിക്കുക, എല്ലാ പാപങ്ങളിൽ നിന്നും നിന്നെ ഞാൻ രക്ഷിക്കും”.

ശ്രീബുദ്ധൻ, യേശുക്രിസ്തു. ശ്രീകൃഷ്ണൻ എന്നീ മഹാവതാരങ്ങളുടെ വാക്കു കളിൽക്കൂടി ശ്രീരാമൻ സംസാരിച്ചിരുന്നു. മൂന്നുപേരും ഒന്നു തന്നെ പറയുന്നു. പരിത്യാഗം (സന്യാസം)- രാമദാസൻ ഒരു തീരുമാനത്തിലെത്തി. ആകർഷിക്കത്തക്ക യാതൊന്നുമില്ലാത്തതും തന്റേതെന്നു പറയപ്പെടാവുന്ന ഒരുവകയും കാണാനില്ലാത്തതു മായ ഈ ലോകത്തോട് രാവിലെ അഞ്ചുമണിക്ക് വിടവാങ്ങി, ശരീരം, മനസ്സ്, ആത്മാവ് ഇവ എല്ലാം നിത്യനും പ്രേമസ്വരൂപനും കാരുണ്യസിന്ധുവായ ശ്രീരാമന്റെ പാദങ്ങളിൽ രാമദാസൻ സമർപ്പിച്ചു.

Source- Stories for Children – II
Published by- Sri Sathya Sai Books & Publications, P.N.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു