രാവണന്റെ പതനം
രാവണന്റെ പതനം
രാക്ഷസൻമാരും വാനരൻമാരുമായുള്ള ഭയങ്കരയുദ്ധം ആരംഭിച്ചു. രാവണന്റെ ശക്തരായ സൈനികമേധാവികൾ ഓരോരുത്തരായി സുഗ്രീവൻ, ഹനുമാൻ, അംഗദൻ തുടങ്ങിയ വാനരപ്രമുഖൻമാരാൽ വധിക്കപ്പെട്ടു. യുദ്ധഗതി രാക്ഷസൻമാർക്ക് അനുകൂലമല്ലെന്ന് രാവണൻ കണ്ടു.
സർവ്വസൈന്യാധിപനും അതിശക്തനുമായ പ്രഹസ്തൻ കൊല്ലപ്പെട്ടപ്പോൾ രാവണൻ തന്നെ സൈന്യത്തെ നയിച്ച് യുദ്ധത്തിൽ പ്രവേശിച്ചു. രാവണനെ രാമൻ ഇപ്പോൾ ആദ്യമായി കാണുകയാണ്. അയാളിൽ രാമന് ആദരവും അത്ഭുതവും തോന്നി. ദുഷ്കർമ്മങ്ങളില്ലാതിരുന്നെങ്കിൽ അയാൾ എത്രമാത്രം മഹത്വമുള്ളവനായിരുന്നേനേ. രാമൻ ഇങ്ങനെ വിചാരിച്ചു. രാമനും രാവണനും മുഖാമുഖം നിന്നു. ആ യുദ്ധത്തിൽ രാവണന്റെ കിരീടവും ആയുധങ്ങളുമെല്ലാം രാമൻ നശിപ്പിച്ചു. അദ്ദേഹത്തിന്റെ മുമ്പിൽ രാവണൻ അശരണനായി, അത്ഭുതസ്തബ്ധനായി നിന്നുപോയി.
എന്നാൽ രാമൻ കാരുണ്യത്തോടെ പറഞ്ഞു. “രാവണ! നിരായുധനായ നിന്നോടു ഞാൻ യുദ്ധം ചെയ്യുന്നില്ല. പോവുക, നാളെ പുതിയ ആയുധങ്ങളുമായി വന്നുകൊള്ളൂ.” എന്ന്. നമ്ര ശിരസ്കനായി രാവണൻ കൊട്ടാരത്തിലേയ്ക്ക് മടങ്ങി.
രാവണന്റെ ഹൃദയത്തിൽ ഒരു കൊടുങ്കാറ്റുതന്നെ രൂപം പ്രാപിക്കുകയായിരുന്നു. അന്നേവരെ ഒരുവരും തന്നെ യുദ്ധത്തിൽ പരാജയപ്പെടുത്തിയിരുന്നില്ല. ആയുസ്സിൽ ആദ്യമായി അയാളിൽ കുറ്റബോധം ഉദിച്ചു. എന്നാൽ തൽസമയം അഹന്തയും വൃഥാഭിമാനവും അയാളെ കീഴടക്കി. അനുജൻ കുംഭകർണനെ ഉണർത്തി യുദ്ധത്തിന് അയയ്ക്കണമെന്ന് ആജ്ഞാപിക്കുകയും ചെയ്തു.
ഉണർന്നെഴുന്നേറ്റ കുംഭകർണ്ണൻ രാവണന്റെ രാജസദസ്സിൽ ചെന്നു. അവർക്കു വന്നുചേർന്നിരിക്കുന്ന ദുഃസ്ഥിതികൾ രാവണൻ വിവരിച്ചതുകേട്ട് കുംഭകർണ്ണൻ ജ്യേഷ്ഠനോട് ശാസനാരൂപത്തിൽ പറഞ്ഞു. ഭാര്യയെ മോഷ്ടിച്ച് അങ്ങ് അപമാനകരമായ ഒരു കൃത്യമാണു ചെയ്തത്. ആദ്യമായി അയാളെ യുദ്ധത്തിൽ പരാജ യപ്പെടുത്തിയിട്ട് അയാളുടെ ഭാര്യയെ കൊണ്ടുപോരണമായിരുന്നു. ഇക്കാലമത്രയും ജ്യേഷ്ഠൻ മുഖസ്തുതി മാത്രം സ്വീകരിക്കുകയും സദുപദേശങ്ങൾ നിരാകരിക്കുകയും ചെയ്തുകൊണ്ടാണിരുന്നത്. അഗാധമായ അപകടത്തിൽപ്പെട്ടിരിക്കുന്ന സഹോദരനാണ് അങ്ങ്. അതിനാൽ അങ്ങയോടു ചേർന്നുനിൽക്കേണ്ടത് എന്റെ കടമയാണ്.
കുംഭകർണ്ണൻ യുദ്ധക്കളത്തിൽ ചെന്നു രാമനെ എതിർത്ത് വാനരസൈന്യത്തിന് വലുതായ നാശനഷ്ടങ്ങൾ വരുത്തി. ഇതുതുടരാൻ അനുവദിക്കാതെ രാമൻ കുംഭകർണ്ണനെ ഉഗ്രമായ പോരാട്ടത്തിൽ വധിച്ചു.
അടുത്തതായി ഇന്ദ്രജിത്തും ലക്ഷ്മണന്റെ കരത്താൽ വധിക്കപ്പെട്ടു. ഇത്രയു മായപ്പോൾ രാവണന്റെ സ്വൈരത്തിനും ഇളക്കം ഭവിച്ചുതുടങ്ങി. തന്റെ ന്യൂനതകളിൽ ബോധവാനുമായി. എന്നാൽ നൈരാശ്യം കൊണ്ടുള്ള സാഹസികത്വം അയാളിൽ ജനിച്ചു. ധീരയോദ്ധാവായിരുന്ന അയാൾ, അതിനാൽ അന്ത്യംവരെ യുദ്ധം ചെയ്യാനും ഉറച്ചു. സ്വർഗ്ഗീയമായ ഒരു രഥം തയ്യാറാക്കപ്പെട്ടു. സകലവിധ ആയുധ ങ്ങളും അതിൽ ക്രമീകരിച്ചു. രാവണൻ അതിൽ കയറി വാനരസമൂഹത്തെ നിരാകരിച്ചുകൊണ്ട് നേരെ ചെന്ന് രാമനെ എതിർത്തു.
രാമൻ അസ്ത്രപ്രയോഗത്തിലുള്ള സകല വൈദഗ്ദ്ധ്യവും രാവണനുമായുള്ള യുദ്ധത്തിൽ പ്രകടിപ്പിച്ചു. സ്വർഗ്ഗാധിപനായ ഇന്ദ്രൻ സ്വന്തം രഥം സാരഥി മാതലി യെയും ചേർത്തു രാമനെ സഹായിക്കാനായി എത്തിച്ചു. ദിവ്യമായ ആ രഥത്ത വന്ദിച്ചശേഷം രാമൻ അതിൽക്കയറി. രാവണന്റെ ശിരസ്സുകൾ ഓരോന്നായി ഛേദിച്ചു. എന്നാൽ ഛേദിക്കപ്പെട്ടതിന്റെ സ്ഥാനത്ത് പുതിയ ഓരോന്നുമുളച്ചുവരുന്ന തുകണ്ട് രാമൻ അത്ഭുതപ്പെട്ടുപോയി. അപ്പോൾ സാരഥി മാതലി അഗസ്ത്യമഹർഷി രാമനു കൊടുത്ത ദിവ്യാസ്ത്രത്തെക്കുറിച്ച് ഓർമ്മിപ്പിച്ചപ്പോൾ രാമൻ കൃതജ്ഞതാപൂർവം ഈ അനുസ്മരണം സ്വീകരിച്ചശേഷം ആ അസ്ത്രം പ്രയോഗിച്ചു. അന്തരീക്ഷത്തെ വിറപ്പിച്ചുകൊണ്ടു പാഞ്ഞുപോയ ആ അസ്ത്രം, രാവണന്റെ സർവ്വശക്തികളും കേന്ദ്രീകരിച്ചിരുന്ന നെഞ്ചുതറച്ച് അവിടം പിളർന്നു. വാനരസ മൂഹത്തേയും, ഈ യുദ്ധം ആകാശത്തുനിന്നു നോക്കി ശ്രദ്ധിച്ചുകൊണ്ടിരുന്ന സ്വർഗ്ഗവാസികളെയും ആഹ്ലാദപ്പെടുത്തുമാറ് രാവണൻ മരിച്ചുവീണു. വിഭീഷണനു ദുഃഖം അസഹനീയമായിരുന്നു. രാമൻ സാന്ത്വനപ്പെടുത്തി “അയാൾ എന്തായാലും നിങ്ങളുടെ സഹോദരനല്ലേ. ഒരു യുദ്ധവീരന് യോജിച്ചവണ്ണം അയാൾ മരണപ്പെട്ടു . ഭക്തിപൂർവ്വം അപരക്രിയകൾ ചെയ്യുക.” എന്നിട്ട് ലക്ഷ്മണനോട് “ “എന്തുമാത്രം മഹത്വമുള്ളവനായിരുന്നു രാവണൻ എന്നു നീ കണ്ടില്ലേ. ദുരാഗ്രഹവും അഹന്തയും ഇല്ലായിരുന്നെങ്കിൽ അയാളെ ജയിക്കാൻ ആർക്കും കഴിയുമായിരുന്നില്ല.” എന്ന് പറഞ്ഞു.
ചോദ്യങ്ങൾ :
- രാവണന് യുദ്ധത്തിന്റെ ഫലത്തെക്കുറിച്ച് ചിന്തിക്കാൻ ഇടയാക്കിയ കാര്യങ്ങൾ എന്തെല്ലാം ?
- യുദ്ധത്തിനുപോകാൻ ആജ്ഞാപിക്കപ്പെട്ടപ്പോൾ കുംഭകർണ്ണനിലുണ്ടായ പ്രതികരണം എന്തായിരുന്നു ?
- രാവണനെക്കുറിച്ച് രാമനുണ്ടായിരുന്ന അഭിപ്രായം എന്ത് ?