നാശത്തിന്റെ പഥം

Print Friendly, PDF & Email
നാശത്തിന്റെ പഥം

The Path of Ruin

ലങ്കേശ്വരനായ രാക്ഷസചക്രവർത്തി രാവണൻ, അനനുകരണീയമായ പ്രൗഢിയോടെ തന്റെ രാജസദസ്സ് നടത്തിക്കൊണ്ടിരിക്കയാണ്. ഇന്ദ്രൻ ഉൾപ്പെടെ സകല ദേവൻമാരെയും അയാൾ പരാജയപ്പെടുത്തിയിരുന്നു. ആ കൊട്ടാരത്തിന്റെ കാവൽക്കാരായിരുന്നത് അഷ്ടദിക്പാലകരായിരുന്നു.

ആ രാജസദസ്സിൽ അകമ്പനൻ എന്ന ദൈത്യൻ ഭയന്നുവിറച്ച് രാവണനെ നമസ്കരിച്ചു. രാവണൻ അലറി, “എന്താടാ നീ ഭയന്നു വിറക്കുന്നത്. എന്താണു നിനക്കു പറയാനുള്ളതെന്നാൽ പറഞ്ഞുതീർക്ക് അകമ്പനൻ വിറയാർന്ന ശബ്ദത്തോടെ, രാമൻ എന്ന രാജകുമാരൻ ദണ്ഡകാരണ്യത്തിൽ പ്രവേശിച്ച് ശൂർപ്പണഖയുടെ അംഗഭംഗം വരുത്തിയതും ഖരഭൂഷണതശിരാക്കളെയും അവിടെയുള്ള രാക്ഷസകുലത്തെ മുഴുവനും നിർമ്മാർജ്ജനം ചെയ്തതുമായ വാർത്ത പറഞ്ഞു.

ഇതുകേട്ട് രാവണൻ ക്ഷുഭിതനായി സിംഹാസനത്തിൽ നിന്ന് എഴുന്നേറ്റു പ്രഖ്യാപിച്ചു. “ആ നിസ്സാരജീവി രാമനെ ഞാൻ കൊല്ലുന്നുണ്ട്” എന്ന്. അകമ്പനൻ തടഞ്ഞുപറഞ്ഞു, “ഇതൊരു നിസ്സാരകാര്യമല്ല. യുദ്ധവൈദഗ്ദ്ധ്യത്തിൽ അവ നോടു കിടനിൽക്കാൻ അങ്ങേക്കാവില്ല എന്നു പറയുന്നതിൽ ക്ഷമിക്കണം. എന്നാൽ ഇതിന് ഒരു പോംവഴിയുണ്ട്. രാമന്റെ പത്നി സീത അതീവ സുന്ദരി യാണ്. ആ സൗന്ദര്യം വർണ്ണിക്കുന്നതിന് ഞാൻ അശക്തനാണ്. അവളെ എന്നെങ്കിലും കൃത്രിമ മാർഗ്ഗത്തിലൂടെ വശപ്പെടുത്തുക. രാമൻ വ്യസനിച്ചു മരിക്കും. ഇതേപ്പറ്റി ആലോചിക്കാനായി രാവണൻ സൗമ്യത കൈക്കൊണ്ടു.

അടുത്ത പ്രഭാതത്തിൽ മാരീചൻ വസിക്കുന്ന പർണ്ണശാലയിലേയ്ക്ക് രാവ ണൻ പോയി. താൻ ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതി മാരീചനോടു വിവരിച്ചു. സീതയെ വഞ്ചിച്ച് അപഹരിച്ചുകൊണ്ട് പോരാൻ സഹായിക്കണമെന്ന് അപേക്ഷിച്ചു. ബുദ്ധിചാതുര്യമുള്ള മാരീചൻ രാമനെ നേരിട്ടെതിർക്കുന്നതിൽ നിന്നു രാവണനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു പറഞ്ഞു, “പ്രഭോ! രാമനെപ്പറ്റി ഇങ്ങനെ നിസ്സാരമായി ചിന്തിക്കരുത്. അദ്ദേഹവുമായി ഉണ്ടാകുന്ന മാൽസര്യം രാക്ഷസ വംശത്തിന്റെ അന്ത്യത്തിലാണവസാനിക്കുക . അങ്ങയുടെ ആത്മാഭിമാനവും അഹങ്കാരവും കൊണ്ട് നീതിബോധം മറയാൻ ഇടയാകരുത്. രാമൻ ആരാണെന്ന് എനിക്കറിയാം. വെറും പതിനാറുവയസ്സുള്ള കുമാരനായിരുന്നപ്പോൾ അദ്ദേഹം എന്നീലേല്പിച്ച മുറിവുകളുടെ പാടുകൾ ഇതാ എന്റെ ശരീരത്തിൽ നോക്കി മനസ്സിലാക്കു. എവിടുന്നും അവിടുത്തെ വംശവും അഭിവൃദ്ധിപ്പെട്ടുകാണാൻ ഞാൻ ആഗ്രഹിക്കുന്നു. രാക്ഷസവംശം നശിക്കാനിടയാക്കുന്ന മാർഗ്ഗത്തിന് ഞാൻ അനുകൂ ലിയല്ല. ഈ അഭിപ്രായപ്രകടനം രാവണനെ സ്വാധീനിച്ചു. അയാൾ ലങ്കയിലേക്കു മടങ്ങി.

അടുത്തദിവസം രാവണന്റെ സഹോദരി ശൂർപ്പണഖ, കർണ്ണനാസികകൾ ഛേദി ക്കപ്പെട്ട നിലയിൽ കൊട്ടാരത്തിലെത്തി. രാമൻ, ലക്ഷ്മണൻ എന്ന രണ്ടു മനുഷ്യ ർ അവളെ ഇങ്ങനെ അപമാനിച്ചതും സീത എന്ന യുവതി ഈ കഷ്ടസ്ഥിതി കണ്ട് സന്തോഷിച്ചതും എല്ലാം അവൾ വിസ്തരിച്ചു വർണ്ണിച്ചു.

ശൂർപ്പണഖ തുടരെ വിലപിച്ചുകൊണ്ടിരുന്നു. രാവണൻ സാന്ത്വനപ്പെടുത്താൻ ശ്രമിച്ചു. “നിന്റെ അപമാനത്തിന് എങ്ങനെ പകരം വീട്ടാൻ സാധിക്കുമെന്നുപറയു” എന്നു ചോദിച്ചു. അവൾ പറഞ്ഞു “സോദരാ! ആ സുന്ദരി അപമാനിതയാകും വരെ എനിക്ക് ഉറക്കം വരികയില്ല. വിശപ്പും ഉണ്ടാവുകയില്ല. അവളുടെ സൗന്ദര്യം കണ്ടപ്പോൾ തന്നെ ഞാൻ നിശ്ചയിച്ചു. അവൾക്കുള്ള സ്ഥാനം അങ്ങയുടെ അരമ നയാണെന്ന്. അവളുടെ ഉടമസ്ഥതയ്ക്കുള്ള യോഗ്യത അങ്ങേക്കുമാത്രമാണ്. അവളത്രമാത്രം മനോഹരിയാണ്.”

അവളുടെ വാക്കുകൾ രാവണന്റെ മനസ്സിനെ ഇളക്കിമറിച്ചു. ഉടൻ തന്നെ ദണ്ഡകാരണ്യത്തിൽ പോയി അവളെ വഞ്ചിച്ചുകീഴടക്കി ലങ്കയിൽ കൊണ്ടുവരു ന്നതാണെന്ന് രാവണൻ അവളോടു വാഗ്ദാനം ചെയ്തു. “പ്രിയ സോദരി, ഞാൻ നിന്റെ ആഗ്രഹം സാധിപ്പിച്ച് നിന്നെ സന്തോഷിപ്പിക്കാം. അല്ലെങ്കിൽ എന്റെ കീർത്തിക്കും പ്രഭാവത്തിനും ഞാൻ അർഹനല്ല എന്നും കൂടി പറഞ്ഞു.

ഈ ദൃഢനിശ്ചയത്തോടുകൂടി വീണ്ടും അയാൾ പോയി മാരീചനെ കണ്ടു. മാരീചൻ ഉടനെ അപകടം ഊഹിച്ചറിയുകയും ചെയ്തു. രാവണൻ കരുതിവെച്ചിരുന്ന പരിപാടി അനാവരണം ചെയ്യപ്പെട്ടു. മാരീചൻ പൊൻമാനിന്റെ വേഷം ധരിച്ച് രാമനെ വനത്തിൽ ദൂരസ്ഥലത്തേക്ക് ആകർഷിക്കണം. നിബിഡവനത്തിനുള്ളിൽ എത്തിച്ചശേഷം രാമന്റെ ശബ്ദത്തെ അനുകരിച്ച് പർണ്ണശാലയിൽ നിന്ന് ലക്ഷ്മണൻ ഓടിവരത്തക്കവണ്ണം നിലവിളിക്കണം. അപ്പോൾ ഏകാകിനിയായിത്തീരുന്ന സീതയെ രാവണൻ മോഷ്ടിക്കും ഇതായിരുന്നു പരിപാടി.

മാരീചൻ സംഭ്രമിച്ചു മൂകനായിപ്പോയി. അൽപ്പം കഴിഞ്ഞ് തൊഴുകൈയ്യോടെ പറഞ്ഞുതുടങ്ങി, “പ്രഭോ രാമനേയും സീതയേയും ദ്രോഹിക്കണമെന്നുള്ള ചിന്ത ദയവായി ഉപേക്ഷിക്കുക, അങ്ങയെ ജീവനോടെ രാമൻ വിടുകയില്ലെന്നുള്ളത് തീർച്ചയാണ്. രാക്ഷസവംശം ആകമാനവും നിർമ്മാർജ്ജനം ചെയ്യപ്പെടും. അങ്ങ് രാക്ഷസവംശത്തിന് മേൻമയും പ്രശസ്തിയും ഉണ്ടാക്കിക്കൊടുത്തു. ആ അങ്ങു തന്നെ ബുദ്ധിശൂന്യമായി അവ നശിപ്പിക്കുന്നതെന്തിനാണ്?”

രാവണൻ ഒരു തീരുമാനത്തിലെത്തി അവിടെ വന്നിരിക്കുകയാണ്. ഇപ്പോൾ അയാളെ പിന്തിരിപ്പാക്കാവുന്ന സന്ദർഭമല്ല. കൂടാതെ സീതയിലുള്ള അഭിനിവേശം രാവണന്റെ ഹൃദയത്തിൽ നിറഞ്ഞിരിക്കുകയാണുതാനും. അവിടെ സദുപദേശ ങ്ങൾ വിലപ്പോവുകയില്ല. അയാൾ മാരീചനെ അഭിമുഖീകരിച്ചു പറഞ്ഞു. നിങ്ങളുടെ ഉപദേശം സ്വീകരിക്കുന്നതിനല്ല ഞാനിവിടെ വന്നത്. ഒരു രാജാവെന്ന നിലയിൽ ഞാൻ ആജ്ഞാപിക്കുകയാണിപ്പോ ൾ. അനുസരിക്കുകയല്ലാതെ ഇതരമാർഗ്ഗങ്ങൾ മാരീചനുണ്ടായിരുന്നില്ല. രാവണൻ വിനാശകരമായ മാർഗ്ഗത്തിൽ സഞ്ചരിക്കുകയാണെന്നു മാറീചനറിയാം. മറ്റു മാർഗത്തിലേക്ക് തിരിച്ചു വിടുന്നതിനു ആവതെല്ലാം അയാൾ ചെയ്തിട്ട് പരാജിതനായിരിക്കുകയാണ്. ഇപ്പോൾ രാവണന് വിധേയനായില്ലെങ്കിൽ അയാൾ കൊല്ലപ്പെടും. അയാൾ ചിന്തിച്ചു “എന്റെ യജമാനനെ അനുസരിക്കുകയും അതോടൊപ്പം ദിവ്യനായ രാമനാൽ വധിക്കപ്പെടുകയും ചെയ്യുക, ഇതാണ് അഭികാമ്യം” എന്ന്.

രാവണനും മാരീചനും അവരുടെ വഞ്ചനാപരമായ പദ്ധതിനടപ്പാക്കാനായി ദണ്ഡകാരണ്യത്തിലേയ്ക്ക് യാത്രയായി.

ചോദ്യങ്ങൾ :

  1. രാമനുമായി മത്സരിക്കുന്നതിന് രാവണനുണ്ടായ പ്രചോദനം എന്ത് ?
  2. എന്തായിരുന്നു മാരീചന്റെ ഉപദേശം ?

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു