ഉത്തമമെന്നു കരുതാവുന്ന മൂന്നു കാര്യങ്ങൾ

Print Friendly, PDF & Email
ഉത്തമമെന്നു കരുതാവുന്ന മൂന്നു കാര്യങ്ങൾ

ഒരു രാജാവ് തന്നെ സമീപിക്കുന്ന എല്ലാ ആളുകളോടും മൂന്നു ചോദ്യങ്ങൾ ചോദി ക്കുമായിരുന്നു. ഒന്നാമത്തേത് മനുഷ്യരിൽ ഉത്തമൻ ആരാണെന്ന്. ഉത്തമമായ സമയം ഏത് എന്നത് രണ്ടാമത്തെ ചോദ്യം. മൂന്നാമത് ഉത്തമമായ പ്രവൃത്തി ഏതെന്നും, ഇവയുടെ ശരിയായ ഉത്തരം അറിയുന്നതിന് രാജാവ് വ്യഗ്രതപ്പെട്ടിരുന്നു.

king sees Sadhu treating the wounds of a man

അങ്ങനെയിരിക്കെ ഒരിക്കൽ രാജാവ് വനത്തിൽ പോയി. കുന്നുകൾ, പുൽത്തകിടികൾ ഇങ്ങനെ പല ഇടങ്ങളിലും വെറുതെ സഞ്ചരിക്കുമ്പോൾ ഒരു ആശ്രമം കാണാറായി. അവിടെ ചെന്ന് അല്പം വിശ്രമിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഈ സമയം അവിടെ ഒരു സന്യാസി ചെടികൾ നനച്ചുകൊണ്ടു നിൽക്കുകയായിരുന്നു. സന്യാസി, രാജാവിനെക്കണ്ട് കുറേ പഴങ്ങളും ശുദ്ധജലവും കൊടുത്തു.

അപ്പോൾ ശരീരം ആസകലം മുറിവുകളോടുകൂടിയ ഒരുവനെ മറ്റൊരു ആശ്രമവാസി അവിടെ കൂട്ടിക്കൊണ്ടുവന്നു. ഇതുകണ്ട് ആ സന്യാസി നേരെ ചെന്ന് മുറിവുകൾ കഴുകിയിട്ട് അവ കരിയുന്നതിനാവശ്യമായ പച്ചമരുന്നുകൾ കൊടുത്തു. അതേ സമയം തന്നെ ആശ്വാസം നൽകുന്നവിധം വളരെ മധുരമായി സംസാരിക്കയും ചെയ്തിരുന്നു.

കൃതജ്ഞത പറഞ്ഞ് അവിടെ നിന്നും യാത്രയാകണമെന്ന് രാജാവ് വിചാരിച്ചു. രാജാവിനെ സന്യാസി അനുഗ്രഹിച്ചു. അപ്പോഴും ഉത്തരം കിട്ടാതെ തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന മൂന്നു ചോദ്യങ്ങൾ രാജാവ് ഓർമ്മിച്ച്, ഒരു പക്ഷേ ഈ സന്യാസി ഇക്കാര്യത്തിൽ പ്രയോജനപ്പെടുമോ എന്നു ചിന്തിച്ച് ചോദ്യങ്ങൾ ആവർത്തിച്ചു.

അദ്ദേഹം ഇവിടെ ചെയ്തിരുന്നതായി രാജാവുകണ്ട പ്രവൃത്തികളെല്ലാം രാജാവിന്റെ മൂന്നു ചോദ്യങ്ങൾക്കും ഉള്ള ഉത്തരമാണെന്നും സന്യാസി പറഞ്ഞു. ആശ്രമത്തിൽ രാജാവുവരുന്ന സമയത്ത് സന്യാസി ചെടികൾക്കു ജലസേചനം ചെയ്യുകയായിരുന്നു. അത് അദ്ദേഹത്തിന്റെ കടമയും കർത്തവ്യവുമാണ്. അങ്ങനെ ചെയ്തുകൊണ്ടിരുന്നപ്പോൾ രാജാവ് ആശ്രമം സന്ദർശിച്ചു. അപ്പോൾ ജലസേചനം നിർത്തിവെച്ച് രാജാവിനെ ഉപചരിച്ച് പഴവും ദാഹജലവും നൽകി. അതിഥിയായിവന്ന രാജാവിനെ അങ്ങനെ സൽക്കരിക്കേണ്ടത് പരമ്പരാഗത വിശ്വാസ പ്രമാണമനുസരിച്ചുള്ള കൃത്യമാണ്. അതിഥി സല്ക്കാരത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ അത്യാഹിതത്താൽ വേദന അനുഭവിക്കുന്ന ഒരാൾ ആശ്രമത്തിൽ വന്നപ്പോൾ സൽക്കാര കൃത്യത്തിൽ നിന്നുമാറി അടിയന്തിര ശ്രദ്ധ വേണ്ടതായ ആ കാര്യത്തിലേയ്ക്ക് തിരിഞ്ഞു.

സേവനം പ്രതീക്ഷിച്ച് ആരു വന്നുചേരുന്നുവോ അയാളാണ് ആ സമയത്ത യ്ക്കുള്ള ഉത്തമവ്യക്തി. അയാൾക്കു തൃപ്തിവരത്തക്ക പ്രവൃത്തി എന്താണോ അതാണ് ഉത്തമമായ കർത്തവ്യം. എന്തെങ്കിലും നിങ്ങൾക്കു ചെയ്യാൻ സാധിക്കുന്നതായ വർത്ത മാനകാലം (ഈ സമയം) ആണ് ഏറ്റവും ഉത്തമമായ കാലം.

ചോദ്യങ്ങൾ:
  1. രാജാവു ചോദിച്ച മൂന്നു ചോദ്യങ്ങൾ ഏതെല്ലാമാണ്?
  2. സന്യാസിയുടെ ആശ്രമത്തിൽ രാജാവ് എന്തെല്ലാം കണ്ടു?
  3. രാജാവിന്റെ ചോദ്യങ്ങൾക്ക് സന്യാസി എങ്ങനെ മറുപടി പറഞ്ഞു?

Source – Stories for Children – II, Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു