ഈശ്വരസത്തയെക്കുറിച്ചുള്ള സത്യം
ഈശ്വരസത്തയെക്കുറിച്ചുള്ള സത്യം
ഒരിക്കൽ ഉദ്ദാലക ആരുണി എന്ന പ്രശസ്തനായ മഹർഷി, പരബ്രഹ്മത്തെക്കുറിച്ചുള്ള ബോധം തന്റെ പുത്രൻ ശ്വേതകേതുവിന് ഉണ്ടാക്കിക്കൊടുക്കണമെന്ന് ആഗ്രഹിച്ചു. അടുത്തുണ്ടായിരുന്ന ഒരു വലിയ അരയാൽ വൃക്ഷത്തെ ചൂണ്ടിക്കാണിച്ച് അദ്ദേഹം മകനോടു പറഞ്ഞു. അതിന്റെ ഒരു പഴുത്ത കായ് കൊണ്ടുവരണമെന്ന്. പഴുത്തു ചുകന്ന ഒരു ചെറിയ കായ് മകൻ കൊണ്ടുവന്നപ്പോൾ അദ്ദേഹം പറഞ്ഞു “പ്രിയപുത്രാ! അതു രണ്ടായി പിളർന്നെടുക്കുക” എന്ന്.
പുത്രൻ:- ഇതാ അതിനെ പിളർന്നിരിക്കുന്നു.
മഹർഷി:- അതിൽ എന്താണു കാണിക്കുന്നത്?
പുത്രൻ:- അനേകം ചെറിയ വിത്തുകളല്ലാതെ അതിൽ മറ്റൊന്നുമില്ല
മഹർഷി:- അതിൽ ഒരു വിത്തെടുത്തു പിളർന്നുവയ്ക്കുക
പുത്രൻ:- ഇതാ അതിനെ പിളർന്നിരിക്കുന്നു
മഹർഷി:- അതിൽ എന്താണു കാണുന്നത്?
പുത്രൻ:- എന്ത്! അതിൽ ഒന്നും കാണുന്നില്ലല്ലോ
മഹർഷി:- പ്രിയപുത്രാ! ഇല്ലായ്മ (ശൂന്യത )യിൽ നിന്ന് ഈ മഹാവൃക്ഷം ഉണ്ടാവുകയില്ല. ജന്മം നൽകിയ അതിസൂക്ഷ്മവസ്തുവിനെ നിനക്കു കാണാൻ കഴിഞ്ഞില്ലെന്നേയുള്ളൂ. പിളർന്ന വിത്തിനുള്ളിൽ ദിവ്യ ശക്തിയുണ്ട്. നേത്ര ഗോചരമല്ലാത്ത സർവൃതസർവ്വവ്യാപിയായ ആ ശക്തി അവിടെയുണ്ട്. അതിൽ വിശ്വസിക്കുക. എല്ലാറ്റിനും മൂലകാരണമായ ശക്തിയാണ് അത്. അല്ലയോ ശ്വേതകേതു! നീ അതു തന്നെയാണ്
പുത്രൻ:- ഇതു ചിന്താക്കുഴപ്പമുണ്ടാക്കുന്ന ഒന്നാണല്ലോ. അച്ഛാ കാര്യം അങ്ങി നെ തന്നെയാണെന്ന് ബുദ്ധികൊണ്ട് ഞാനറിഞ്ഞിരുന്നാലും അതിനെ സാക്ഷാത്കരിക്കുന്നത് എങ്ങനെയാണ്?
ഉദ്ദാലകൻ:- ഒരു കാര്യം ചെയൂ, നീ ഉറങ്ങാൻ പോകുന്ന സമയത്ത് കുറച്ച് ഉപ്പു പരൽ എടുത്ത് ഒരു പാത്രം വെള്ളത്തിൽ ഇട്ടേയ്ക്കുക, എന്നിട്ടു രാവിലെ എടുത്ത് എന്റെ മുമ്പിൽ കൊണ്ടുവരണം.
ശ്വേതകേതു അതുപോലെ ചെയ്തു. എന്നിട്ടു രാവിലെ ആ പാത്രം പിതാവിന്റെ മുമ്പിൽ കൊണ്ടുവന്നു.
ഉദ്ദാലകൻ:- പ്രിയപുത്രാ! ആ ഉപ്പു പരൽ പുറത്തെടുക്കു ശ്വേതകേതുവിനു ദുസ്സഹമായ മനപ്രയാസം തോന്നി പറഞ്ഞു, അച്ഛാ! ഇപ്പറഞ്ഞതിന്റെ അർത്ഥമെന്താണ്? ആ ഉപ്പുപരൽ ഇനിഎങ്ങനെ പുറത്തെടുക്കാൻസാധിക്കും?
ഉദ്ദാലകൻ:- ശരി, മീതെയുള്ള വെള്ളം രുചിച്ചുനോക്കു എന്താണതിന്റെ രുചി?
ശ്വേതകേതു:- അതിന് ഉപ്പുരസമാണുള്ളത്. ആതങ്ങനെയല്ലേ ഇരിക്കൂ.
ഉദ്ദാലകൻ:- വെള്ളത്തിന്റെ മധ്യഭാഗത്തും അടിയിലുള്ളതും എടുത്ത് പ്രത്യേകം രുചിച്ചുനോക്കുക.
ശ്വേതകേതു:- അവയും ഉപ്പുരസം ഉള്ളതുതന്നെ. അല്ലാതിരിക്കുകയുമില്ലല്ലോ.
ഉദ്ദാലകൻ:- പ്രിയപുത്രാ! ഞാൻ പറഞ്ഞ ശക്തിവിശേഷം ഇതുപോലെയാണ്. വെള്ളത്തിൽ അലിഞ്ഞുപോയ ഉപ്പുപരൽ പോലെ അതു സർവ വ്യാപിയാണ്. ദിവ്യശക്തിയും ഇങ്ങനെതന്നെ. ശ്വേതക്കേതു! നീയും അതുതന്നെ.
ശ്വേതകേതു:- പ്രിയപിതാവെ! ഇതൊക്കെ എങ്ങനെ അന്വേഷിച്ചറിയാനാണ്? ബാഹ്യവീക്ഷണത്തിൽ നിസ്സാരമെന്നുതോന്നുന്നെങ്കിലും വളരെ ആയാസകരമായ ഒരു വസ്തുതയുമാണ്.
ഉദ്ദാലകൻ:- ഈ ശക്തിവിശേഷത്തെ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു മാർഗ്ഗം ഞാൻ പറയാം. ഒരുവന്റെ കണ്ണുകൾ മൂടിക്കെട്ടി സ്വദേശത്തു നിന്നകലെ അയാൾക്ക് അപരിചിതമായ ഒരു വനത്തിൽ കൊണ്ടുവിട്ടു എന്നു സങ്കല്പിക്കുക. അയാൾ എന്തു ചെയ്യും?
അയാളുടെ വീട് കണ്ടുപിടിക്കുന്നതിന് അയാൾ ഏതു പ്രകാരമൊക്കെ ശ്രമിക്കും? ആദ്യമായി കണ്ണുകെട്ടിയത് അഴിച്ചു മാറ്റും. താൻ പുറപ്പെട്ട ദിക്ക് ഏതാണെന്ന് അന്വേഷിച്ച് അലഞ്ഞു നടക്കും. ഗ്രാമങ്ങൾ തോറും നടന്ന് നേരായ മാർഗ്ഗം ആരായും. അവസാനം ശരിയായി മാർഗ്ഗം അറിയാവുന്ന ഒരുവനെ കണ്ടു മുട്ടും. അയാൾ നേർവഴി കാണിച്ചുകൊടുക്കുകയും ചെയ്യും. അങ്ങനെ അവസാനം സ്വഗൃഹത്തിൽ ചെന്നുചേരും. നമ്മുടെ ഉത്ഭവസ്ഥാനമായ ശക്തി കേന്ദ്രത്തിൽ നിന്നു വഴി തെറ്റി വിജനമായ വനത്തിൽ വന്നുപെട്ട നമ്മളും മടങ്ങി സ്വസ്ഥാനത്ത് എത്തേണ്ടത് ഇങ്ങനെയാണ്. നമ്മുടെയെല്ലാം ഉത്ഭവസ്ഥാനമായ യഥാർത്ഥ മൂലസ്ഥാനത്തേക്കായിരിക്കണം നമ്മുടെയും ചുവടുകൾ ലക്ഷ്യമാക്കേണ്ടത്. നീയും അപ്രകാരം തന്നെ ശ്വേതകേതോ!
ചോദ്യങ്ങൾ:
- ശ്വേതകേതുവിനെ എന്തുപഠിപ്പിക്കാനാണ് ഉദ്ദാലകൻ ശ്രമിച്ചത്?
- എന്തെല്ലാം സാധനങ്ങൾ കൊണ്ടുവരാൻ അദ്ദേഹം പറഞ്ഞു?
- മകനോട് എന്തൊക്കെ ചെയ്യാൻ ആജ്ഞാപിച്ചു?
- ഈശ്വരൻ സർവ്വവ്യാപിയാണെന്ന് ശ്വേതകേതു എങ്ങനെ മനസ്സിലാക്കി?