ശിലയെ ദൈവമായി കരുതാം, ദൈവത്തെ ശിലയായി കരുതരുത്.
ശിലയെ ദൈവമായി കരുതാം, ദൈവത്തെ ശിലയായി കരുതരുത്.
ഉടഞ്ഞ പ്രതിമ ദൂരെക്കളയു. പുതിയത് ഒന്ന് നിർമ്മിച്ചു പൂജിക്കു അവർ പറഞ്ഞു.
ശ്രീരാമകൃഷ്ണൻ:-അങ്ങനെ ചെയ്യരുത്. കാൽ ഒടിഞ്ഞുപോയ ബന്ധുവിനെ അകലെ എറിഞ്ഞുകളയുമോ നിങ്ങൾ?
ദക്ഷിണേശ്വരത്ത് കാളീക്ഷേത്രം കൂടാതെ രാധാഗോവിന്ദക്ഷേത്രവും പന്ത്രണ്ടു ശിവക്ഷേത്രങ്ങളും ഉണ്ട്. ഇവകളിലൊക്കെ ഓരോ പ്രത്യേക പൂജാരികൾ നിത്യവും പൂജാദികൾ നടത്തിവരുന്നുമുണ്ട്.
ശ്രീരാമകൃഷ്ണൻ കാളീക്ഷേത്രത്തിൽ സേവനം തുടങ്ങി ഏതാനും നാൾ കഴിഞ്ഞ് ഒരു വിശേഷസംഭവം ദക്ഷിണേശ്വരത്തുണ്ടായി. അത് നന്ദോത്സവദിവസം അതായത് ശ്രീകൃഷ്ണജയന്തിയോടനു ബന്ധിച്ചുള്ള ഒരു നാളിലായിരുന്നു. രാധാഗോവിന്ദക്ഷേത്രത്തിൽ ഉച്ചപ്പൂജകഴിഞ്ഞ് വിഗ്രഹം കിടക്കയിലേയ്ക്കു കൊണ്ടുപോകുമ്പോൾ പൂജാരിയുടെ കയ്യിൽ നിന്ന് അതു വഴുതി തറയിൽ വീണ് ഒരു കാൽ ഒടിഞ്ഞുപോയി.
അംഗഭംഗം വന്ന വിഗ്രഹം പൂജിക്കാൻ ഉപയോഗിക്കരുത് എന്നാണ് കീഴ്വഴക്കം. ഇനി എന്തുസംഭവിക്കും? ക്ഷേത്രം ഉടമയായ റാണി രാസമണിയെയും മധുരബാബുവിനേയും വിവരം അറിയിച്ചു. അവർ പണ്ഡിതൻമാരെ വിളിച്ചുവരുത്തി വിദഗ്ദ്ധാ ഭിപ്രായം ആരാഞ്ഞു. ഉടഞ്ഞ വിഗ്രഹം ഗംഗയിൽ കളഞ്ഞിട്ടു പുതിയതു നിർമ്മിച്ചു പൂജ നടത്തണമെന്ന് അവർ വിധിച്ചു.
ശ്രീരാമകൃഷ്ണനോട് ഇതിനെക്കുറിച്ച് ആരാഞ്ഞില്ലല്ലോ എന്ന് അപ്പോഴാണ് മധുർബാബു ഓർമ്മിച്ചത്. അങ്ങനെ അദ്ദേഹത്തോട് അഭിപ്രായം ചോദിച്ചപ്പോൾ “റാണിയുടെ മരുമകന്റെ കാൽ ഒടിഞ്ഞാൽ അദ്ദേഹത്തിനെ ഉപേക്ഷിച്ചിട്ട് മറ്റൊരു മരുമകനെ എടുക്കുമോ അതോ ഒരു ഡോക്ടറെ വരുത്തി ചികിത്സിപ്പിച്ച് കാല് സുഖപ്പെടുത്തുമോ. എന്താണ് ചെയ്യുക? അതുപോലെതന്നെ ഇക്കാര്യത്തിലും വേണ്ടതുചെയ്യണം. ബിംബ ത്തിന്റെ കാൽ ശരിയാക്കി പതിവുപോലെ പൂജ നടത്തണം”. ഇതായിരുന്നു ശ്രീരാമ കൃഷ്ണന്റെ മറുപടി.
എല്ലാവർക്കും പുതിയ വെളിച്ചം കിട്ടി. ഈശ്വരനെ ഏറ്റവും അടുത്ത പ്രിയങ്കരനായ ബന്ധുവിനെപ്പോലെ കരുതുകയും മാതാവ്, പിതാവ്, സന്താനം ഇവരെയെന്നപോലെ സ്നേഹബഹുമാനങ്ങളോടെ ആദരിക്കുകയും സേവിക്കുകയും ചെയ്യേണ്ടതാണെന്നുള്ള കാര്യം അവർക്ക് ബോധ്യമായി. അവർക്കുപറ്റിയ തെറ്റ്, ദൈവത്തിനെ ഒരു പ്രതിമ യായി ഗണിച്ചുപോയതാണ്. ശ്രീരാമകൃഷ്ണൻ തന്നെ വിഗ്രഹത്തിന്റെ ഒടിഞ്ഞുപോയ കാൽ സുന്ദരമായി കേടുതീർത്തു കൊടുത്തു.
ചോദ്യങ്ങൾ:
- കാൽ പൊട്ടിപ്പോയ കൃഷ്ണവിഗ്രഹത്തെക്കുറിച്ച് പണ്ഡിതന്മാർ എന്താണ് അഭിപ്രായം പറഞ്ഞത്?
- ശ്രീരാമകൃഷ്ണന്റെ അഭിപ്രായം എന്തായിരുന്നു?
- ഈ കഥയുടെ ഗുണപാഠം എന്ത്?
Source – Stories for Children – II, Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam