സത്യനിഷ്ഠ ഈശ്വരാനുഗ്രഹ ലബ്ധി ഉണ്ടാക്കും

Print Friendly, PDF & Email
സത്യനിഷ്ഠ ഈശ്വരാനുഗ്രഹ ലബ്ധി ഉണ്ടാക്കും

ഇക്കാലത്ത് സേവനം വാക്കിൽ മാത്രമേ ഉള്ളൂ. പ്രവൃത്തിയിൽ നന്നെ കുറവാണ്. എന്നാൽ ഈശ്വരനെ വഞ്ചിക്കാൻ സാധിക്കില്ലല്ലോ. അദ്ദേഹം സദാജാഗരൂകനും എല്ലാം അറിയുന്നവനുമാണ്.

Shiva and Parvati having discussion

ഒരു ശിവരാത്രി ദിവസം പാർവ്വതീപരമേശ്വരൻമാർ ആകാശമാർഗ്ഗേന വാരണാസിക്കു മീതെ സഞ്ചരിക്കുകയായിരുന്നു. ലക്ഷക്കണക്കിനു തീർത്ഥാടകർ തീർത്ഥഘട്ടത്തിലും ഇടുങ്ങിയ വഴികളിലും തിങ്ങി ഞെരുങ്ങിയിരുന്നു. വിശ്വേശ്വര ക്ഷേത്ര പരിസരം മുഴുവനും ശിവസ്തോത്രോച്ചാരണനിരതരായ ഭക്തജനങ്ങളെക്കൊണ്ടു നിറഞ്ഞിരി ക്കുകയാണ്. പാർവ്വതി ഭഗവാനോടു പറഞ്ഞു. “ഈ ലക്ഷക്കണക്കിനുള്ള മനുഷ്യരെ നോക്കിയാലും, തീർച്ചയായും ഇവരെല്ലാം സ്വർഗ്ഗപ്രാപ്തിക്കു അർഹരാകും. എന്തെന്നാൽ ഇവരൊക്കെ ഭക്തജനങ്ങളാണ്. പോരെങ്കിൽ ഈ പുണ്യദിനത്തിൽ അവർ അവിടം സന്ദർശിക്കുകയും ചെയ്തിരിക്കുമല്ലോ, ഇവർക്കൊക്കെക്കൂടി സ്വർഗ്ഗത്തിൽ ഇടമുണ്ടാകുമോ എന്നാണ് എന്റെ സംശയം”.

പാർവ്വതിയുടെ ശുദ്ധഗതി ഓർത്ത് ശിവൻ പുഞ്ചിരിച്ചു പറഞ്ഞു. “വാരണാസി ശിവരാത്രി ദിവസം സന്ദർശിക്കുന്ന ഏവനും സ്വർഗ്ഗപ്രാപ്തി ലഭിക്കുമെങ്കിൽ വാരണാസി തന്നെ സ്വർഗ്ഗമായി ഭവിക്കുമല്ലോ. ഈ ജനങ്ങൾ എല്ലാം തന്നെ സ്വാർത്ഥതാല്പര്യം കൊണ്ടു നിറഞ്ഞിരിക്കുന്നവരാണ്. ഇവരിൽ ആരും തന്നെ സ്വർഗ്ഗപ്രാപ്തിക്കു അർഹത പ്പെട്ടവരല്ല. മോഷണദ്രവ്യം മുടക്കി ടിക്കറ്റു വാങ്ങി വാരണാസിയിലെത്തുന്ന ഒരു കള്ളന് സ്വർഗ്ഗത്ത് എത്താൻ പറ്റുമോ? സത്യം, പ്രേമം, ഹൃദയശുദ്ധി ഇവയ്ക്കുമാത്രമേ പരമാ നന്ദത്തിന്റെ കവാടം തുറന്നുകിട്ടു. വരിക, എന്റെ നിഗമനത്തിന്റെ സത്യസ്ഥിതി. അതായത് ഇവരിൽ കുറച്ചു പേർമാത്രമേ സ്വർഗ്ഗപ്രാപ്തിക്ക് അർഹതയുള്ളവരായുള്ളൂ എന്നത് ഇപ്പോൾ തന്നെ തെളിയിച്ചു തരാം. ജരാനരബാധിച്ച വൃദ്ധദമ്പതികളായ യാചകരായി നാം ഈ പട്ടണത്തിലേയ്ക്ക് പ്രവേശിക്കണം”.

pickpocket offering water to the old couple

വിശ്വേശ്വരക്ഷേത്രത്തിലേയ്ക്കുള്ള ഇടവഴിയിൽ ഒരു വൃദ്ധയായ യാചകിയുടെ മടിയിൽ തലവെച്ച് ഒരു കിഴവൻ കിടക്കുന്നു. ദാഹിച്ചു വരണ്ട നാവ് വെളിയിൽ തള്ളി ക്കിടക്കുകയാണ്. ആയിരക്കണക്കിനു തീർത്ഥാടകർ വിശ്വേശ്വരലിംഗത്തിൽ ആചാര പൂർവ്വം അഭിഷേകം ചെയ്യാനുള്ള പരിശുദ്ധ ഗംഗാജലകുംഭങ്ങളും വഹിച്ചുപോകുന്നു. അവരുടെ കൺമുന്നിൽ തന്നെയാണ് ഈ യാചകരുടെ സ്ഥാനം. ദാഹം കൊണ്ടു മരിക്കാറായി കിടക്കുന്ന ഭർത്താവിനുവേണ്ടി വൃദ്ധയാചകി നിലവിളിച്ചു പറയുന്നു. “ഈ ആൾക്ക് ഒരു കവിൾ വെള്ളം കൊടുത്ത് ദയവായി എനിക്കുവേണ്ടി അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കണേ!” എന്നാൽ ഒരു ഭക്തനും അടുത്തുവന്നില്ല. ഇങ്ങനെ തൊള്ള തുറന്നു നിലവിളിക്കുന്നതിന് അധികം പേരും അവളെ ശപിച്ചു. കുറേ ഏറെ ആളുകൾ അവരോടു ഈ വഴിവക്കിൽ നിന്ന് മറ്റെവിടെയെങ്കിലും പോയിരിക്കണമെന്നും, വേറെ ചിലർ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിവന്നു ദാഹജലം കൊടുക്കാമെന്നും പറഞ്ഞു. ഏറ്റവും അധികം ഭക്തന്മാരും ആക്രോശിച്ചത് ഭിക്ഷാടനം ക്രിമിനൽ കുറ്റമാക്കി, പോലീസിനെ നിയോഗിച്ച് നടപ്പാത ശുദ്ധീകരിക്കണമെന്നുമാണ്. ഒന്നുരണ്ടുപേർ ചിരിച്ചു പറഞ്ഞു, ജനശ്രദ്ധ ആകർഷിക്കാൻ ആ വൃദ്ധ നല്ല അഭിനയം കാഴ്ചവയ്ക്കുന്നു എന്ന്. നിരാധാരരായ ഈ രണ്ടു പേരിലും അലിവ് ആർക്കുമുണ്ടായില്ല. അവസാനം കരുണതോന്നി ഒരുവൻ മാത്രം അവരുടെ സമീപത്തെത്തി. അയാൾ ഒരു പോക്കറ്റടിക്കാരനായിരുന്നു. വാരണാസി തീർത്ഥാടനകേന്ദ്രത്തിൽ അയാൾ എത്തിയതും തന്റെ തൊഴിൽ പരമായിട്ടുതന്നെയാണ്. വൃദ്ധയാചകന്റെ സമീപം അയാൾ മുട്ടുകുത്തി ഇരുന്നു. അയാളുടെ ജലപാത്രമായ ഉണങ്ങിയ ചുരയ്ക്കോ പുറത്തെടുത്തു. അപ്പോൾ അയാളിൽ മറ്റു സൽഗുണങ്ങൾ എന്തെങ്കിലുമുണ്ടോയെന്നു പരിശോധിക്കണമെന്നു പാർവ്വതിക്കുതോന്നി. അവർ പറഞ്ഞു. “നന്ദി, പ്രിയ സോദരാ! താങ്കൾ ചെയ്തിട്ടുള്ള എന്തെങ്കിലും സൽകൃത്യങ്ങളുണ്ടെങ്കിൽ അവ പറഞ്ഞുകൊണ്ടിരിക്കെ ഒഴിച്ചുകൊടുക്കുന്ന വെള്ളമെ എന്റെ ഭർത്താവു കുടിക്കുകയുള്ളൂ. അദ്ദേഹം മരിക്കാറായിരിക്കയാണ്. അതുകൊണ്ട് നിങ്ങളുടെ സൽകൃത്യത്തിന്റെ ഗുണാംശം കൂടി ജലം കൊടുക്കുന്നതോടൊപ്പം സമർപ്പിക്കണം”. മോഷ്ടാവായ അയാൾ മറുപടി പറഞ്ഞു. “ഇല്ല, ഇതുവരെ ഞാൻ യാതൊരു സൽകർമ്മവും ചെയ്തിട്ടില്ല. ജീവിതത്തിൽ ആദ്യമായാണ് മറ്റൊരു ജീവിയുടെ കഷ്ടതയിൽ എന്റെ മനസ്സിന് അലിവുണ്ടായത്. കാശിവിശ്വനാഥനായി അതാ ആ ക്ഷേത്രത്തിൽ ഇരിക്കുന്ന ശ്രീപരമേശ്വരൻ ഇതിനു സാക്ഷിയാണ്”. ഇങ്ങനെ പറഞ്ഞുകൊണ്ട് അനർഘമായ ജലം ഒഴിച്ചുകൊടുത്തു. ഉടൻ പരമേശ്വരനും പാർവ്വതിയും സ്വന്തം രൂപം ധരിച്ച് അയാൾക്ക് ദർശനം കൊടുത്ത് അനുഗ്രഹിച്ചു. ഇവിടെ സന്നിഹിതരായിരിക്കുന്ന ഹൃദയശൂന്യരായ കോടിക്കണക്കിനു ബഹുജനങ്ങളിൽ അയാൾക്കു മാത്രമേ സ്വർഗ്ഗപ്രാപ്തിക്ക് അർഹതയുള്ളൂ എന്ന് കല്പിച്ചു. പ്രേമവും സത്യവും അയാൾക്ക് ഈശ്വരന്റെ അനുഗ്രഹം സംപ്രാപ്തമാക്കി.

ചോദ്യങ്ങൾ:

  1. ശിവനും പാർവ്വതിയുമായി നടന്ന സംഭാഷണം വിവരിക്കുക.
  2. ദിവ്യദമ്പതികളുടെ പരിപാടി എന്തായിരുന്നു?
  3. സഹായം എത്തിച്ചത് ആരാണ്?
  4. അയാൾ എന്താണു ചെയ്തത്?

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: