കൈകേയിക്ക് കിട്ടിയ രണ്ടു വരങ്ങൾ
കൈകേയിക്ക് കിട്ടിയ രണ്ടു വരങ്ങൾ
അയോധ്യയിൽ തിരിച്ചെത്തിയതിനു ശേഷം, രാമനും സീതയും അത്യന്തം സന്തോഷത്തോടെ വീണ്ടും പ്രജാ താല്പര്യം അറിഞ്ഞു മറ്റുള്ളവരെ സഹായിച്ചു കൊണ്ട് രാജ്യം ഭരിക്കാൻ തുടങ്ങി. ദശരഥൻ തന്റെ പ്രായാധിക്യം അറിഞ്ഞു കൊണ്ട് വസിഷ്ഠ മുനിയുമായി ശ്രീരാമ പട്ടാഭിഷേകത്തെ പറ്റി ആലോചിച്ചു. ഈ സമയം ഭരതനും ശത്രുഘ്‌നനും കൈകേയത്തെ മുത്തശ്ശന്റെ അടുത്തായിരുന്നു. ദശരഥന്റെ മുന്ന് പത്നിമാരും ശ്രീരാമ പട്ടാഭിഷേകത്തിന്റെ ആഹ്ലാദത്തിലായിരുന്നു. കൈകേയി രാമനെ സ്വന്തം മകനെ പോലെ തന്നെയായിരുന്നു സ്നേഹിച്ചത്. രാമന്റെ പട്ടാഭിഷേകത്തിൽ കൈകേയി അങ്ങേയറ്റം സന്തോഷിച്ചിരുന്നുവെങ്കിലും അവരുടെ ദാസിയായിരുന്ന മന്ഥര അനിഷ്ടം പ്രകടിപ്പിച്ചു. അവർക്ക് കൈകേയിയുടെ പുത്രനായ ഭരതൻ രാജാവാകുന്നതിലായിരുന്നു താല്പര്യം. അതുകൊണ്ട് തന്നെ അവർ അതിനുള്ള കുതന്ത്രങ്ങളെ പറ്റി ചിന്തിക്കാൻ തുടങ്ങി. രാമൻ രാജാവായാൽ രാമന്റെ അമ്മയെന്ന നിലയിൽ എല്ലാ അധികാരവും കൗസല്യയുടെ കയ്യിൽ ആകുമെന്നും അങ്ങനെ കൈകേയി അവരുടെ അടിമയാകേണ്ടി വരുമെന്നും പറഞ്ഞു കൊണ്ട് കൈകേയിയുടെ മനസ്സ് നിറയെ വിഷം കുത്തി വെക്കാൻ മന്ഥര തുടങ്ങി. ഒടുവിൽ കൈകേയി അവരുടെ ദുഷ് ചിന്തകൾക്കു അടിമയായി. അവരുടെ മനസ്സിൽ സംശയത്തിന്റെ നിഴൽ പതിയുകയും അവർ മന്ഥര പറയുന്നത് അനുസരിക്കാനും തുടങ്ങി.
ഗുരു കുട്ടികൾക്കു വിശദീകരിച്ചു കൊടുക്കേണ്ടത്:-
കൈകേയി യഥാർത്ഥത്തിൽ വളരെ നല്ലൊരു സ്ത്രീയായിരുന്നു. വിഷം നിറഞ്ഞ മന്ഥരയുടെ വാക്കുകളാണ് അവരെ മാറ്റിയത്. അതുകൊണ്ട് തന്നെ എന്നും നാം കൂട്ടുകൂടുന്ന ആൾക്കാർ ഏതുതരത്തിലുള്ളവരെന്നു ആലോചിക്കേണ്ടിയിരിക്കുന്നു. സജ്ജനങ്ങൾക്കൊപ്പമാകണം നാം കൂട്ടുകൂടേണ്ടത്. നമ്മുടെ കൂട്ടുകാരെ നാം എത്ര തന്നെ വിശ്വസിച്ചാലും എന്തും അവർ പറയുന്നത് കേട്ട് കണ്ണടച്ചു ചെയ്യാതിരിക്കുക.അത്തരം സന്ദർഭങ്ങളിൽ നാം കൂടെകൂട്ടേണ്ടത് നമ്മുടെ വിവേചന ബുദ്ധിയെ ആണ്.
ഉൾക്കൊള്ളേണ്ട മൂല്യങ്ങൾ:- മോശം കൂട്ടുകെട്ടുകൾ ഒഴിവാക്കുക,ഒരു തീരുമാനമെടുക്കുമ്പോൾ സ്വന്തം വിവേചന ബുദ്ധി ഉപയോഗിക്കുക.
ദശരഥൻ, യുദ്ധഭൂമിയിൽ തന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചതിന് കൈകേയിക്ക് നൽകിയിരുന്ന രണ്ടു വരങ്ങളെ പറ്റി മന്ഥര കൈകേയിയെ ഓർമിപ്പിച്ചു. രാമന്റെ പട്ടാഭിഷേകത്തെ പറ്റി സംസാരിക്കാൻ കൈകേയിയുടെ അന്ത:പുരത്തിലെത്തിയ ദശരഥൻ കണ്ടത് കോപത്തിലിരിക്കുന്ന റാണിയെ ആണ്.കാര്യം അന്വേഷിച്ചപ്പോൾ പകരം ദശരഥനോട് തനിക്ക് തരാമെന്നു പറഞ്ഞ രണ്ടു വരങ്ങളെ പറ്റി ചോദിച്ചു.ആദ്യ വരമായി അവർ ആവശ്യപ്പെട്ടത് ശ്രീരാമന് പകരം തന്റെ സ്വന്തം പുത്രൻ ഭരതനെ രാജാവായി വാഴിക്കണമെന്നാണ്. രണ്ടാമതായി രാമനെ നീണ്ട പതിനാലു വർഷം വനവാസത്തിനയക്കണമെന്നും. ഇതുകേട്ട ദശരഥൻ അങ്ങേയറ്റം ദു:ഖിച്ചു. പിറ്റേന്ന് രാവിലെ മന്ത്രിയായ സുമന്ത്രർ പട്ടാഭിഷേകത്തിനുള്ള മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായതായി അറിയിക്കാൻ വന്നപ്പോൾ കണ്ടത് ദുഃഖഭാരത്തിൽ കിടക്കുന്ന ദശരഥനെ ആയിരുന്നു. കൈകേയി സുമന്ത്രരോട് രാമനെ വിളിക്കാൻ പറഞ്ഞു.പെട്ടെന്ന് തന്നെ രാമൻ എത്തുകയും പിതാവിന്റെ ദുഃഖകാരണം തിരക്കുകയും ചെയ്തു. പക്ഷെ ദശരഥൻ മറുപടി പറഞ്ഞില്ല. കൈകേയി രാമനോട് തനിക്ക് കിട്ടിയ രണ്ടു വരങ്ങളെ പറ്റി ധരിപ്പിച്ചു. രാമൻ പുഞ്ചിരിയോടെ തന്നെ മാതാപിതാക്കളെ അനുസരിച്ചു.
ഗുരു കുട്ടികൾക്കു പറഞ്ഞു കൊടുക്കേണ്ടത് :-
a) മറ്റൊരാളുടെ വാക്കുകൾ കേൾക്കുന്നത് എത്രമാത്രം പ്രധാനമാണ് . അച്ഛന്റെ വാഗ്ദാനപാലനത്തിനാണ് ശ്രീരാമൻ അയോധ്യ വിട്ടിറങ്ങിയത്.
b) രാമൻ എങ്ങനെയാണു സമചിത്തനായത്.? അദ്ദേഹം വരങ്ങളെ പറ്റി കേട്ടപ്പോൾ ദേഷ്യപെടുകയോ , സ്ഥിരത വിട്ടു പെരുമാറുകയോ ഒന്നും തന്നെ ചെയ്തില്ല.
എല്ലാവരും ദു:ഖിക്കുമ്പോഴും അദ്ദേഹം ശാന്തനായി നിന്നു. എന്നും സ്വന്തം വാഗ്ദാനങ്ങൾ പാലിക്കാൻ കുട്ടികളെ ഗുരുക്കന്മാർ പഠിപ്പിക്കുക. അതിനാൽ വാഗ്‌ദങ്ങൾക്കു മുമ്പ് പറയുന്ന വാക്കുകളെ പറ്റി ആലോചിക്കാൻ കുട്ടികളോട് പറയുക.
ഏതെങ്കിലും കായിക മത്സരങ്ങളിലോ , പരീക്ഷകളിലോ വിജയിക്കാതിരുന്നാൽ നിരാശപ്പെടുകയോ ദേഷ്യം വരുകയോ ചെയ്യാതെ മറിച്ചു അടുത്ത തവണ വിജയം കൈവരിക്കാനാണ് നാം നോക്കേണ്ടതെന്നു കുട്ടികളോട് പറയുക.
ഉൾക്കൊള്ളേണ്ട മൂല്യങ്ങൾ:-
വാഗ്ദാന പാലനത്തിന്റെ മഹത്വം, നിരാശയുണ്ടാകുന്ന സന്ദർഭങ്ങളിൽ ആത്മസംയമം പാലിക്കുന്നത്.
രാമൻ കൈകേയിയെയും ദശരഥനെയും സാഷ്ടാംഗം പ്രണമിക്കുകയും അവിടെ നിന്നും മാതാവായ കൗസല്യയ്ക്കരികിലേക്ക് പോകുകയും ചെയ്തു. വാർത്ത കേട്ട ലക്ഷ്മണൻ കുപിതനായെങ്കിലും അച്ഛന്റെ ആജ്ഞ പാലിക്കണമെന്നും ആത്മസംയമനം പാലിക്കണമെന്നും രാമൻ അനുജനോട് പറഞ്ഞു.
ഗുരുക്കന്മാർ കുട്ടികൾക്കു പറഞ്ഞു കൊടുക്കേണ്ടത്:- രാമൻ എങ്ങനെയാണു അനുസരണയുള്ള ഒരു മകനായത്. രാമൻ സ്വയം പിതാവിനെ അനുസരിക്കുകയും സ്വന്തം അനുജനെ അതിനു പ്രാപ്തനാക്കുകയും ചെയ്തു.
ഉൾക്കൊള്ളേണ്ട മൂല്യങ്ങൾ:- മുതിർന്നവരെ അനുസരിക്കുക, നല്ല കാര്യങ്ങൾ ചെയ്യുക അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക
രാമനൊപ്പം മാതാവായ കൗസല്യയും വനത്തിലേക്ക് ഗമിക്കാൻ ആഗ്രഹിച്ചെങ്കിലും തന്റെ ഭർത്താവായ ദശരഥനെ സേവിക്കലാണ് അമ്മയുടെ ധർമം എന്ന് പറഞ്ഞു മനസ്സിലാക്കി രാമൻ പിന്തിരിപ്പിച്ചു . തനിക്കു പകരം ഭരതൻ കിരീടാവകാശി ആകുന്നതിൽ ആനന്ദം കാണാൻ പറഞ്ഞു. ലക്ഷ്മണൻ തനിക്കൊപ്പം വനയാത്രയിൽ ഗമിക്കുന്നതിനെ അദ്ദേഹം വിലക്കിയില്ല.സീത കാട്ടിലേക്ക് വരാൻ താൽപ്പര്യം കാട്ടിയപ്പോൾ വന ജീവിതം എത്രമാത്രം ദുർഘടംനിറഞ്ഞതാണെന്ന് പറഞ്ഞു മനസ്സിലാക്കി.എങ്കിലും സീത രാമനൊപ്പം കാട്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു.