എന്താണു കടമ

Print Friendly, PDF & Email
എന്താണു കടമ (കർത്തവ്യം- വ്യാധഗീത)

ഒരു യുവസന്യാസി വനത്തിൽ പോയി പ്രാർത്ഥനയിലും ധ്യാനത്തിലും യോഗചര്യയിലും ദീർഘകാലം കഴിച്ചുകൂട്ടി. പന്ത്രണ്ടുവർഷത്തെ കഠിനതപസ്സിനുശേഷം ഒരിക്കൽ അദ്ദേഹം ഒരു വൃക്ഷത്തണലിൽ ഇരിക്കയായിരുന്നു. അപ്പോൾ കുറെ കരിയിലകൾ അദ്ദേഹത്തിന്റെ തലയിൽ വന്നുവീണു. അദ്ദേഹം തല ഉയർത്തി നോക്കി. അവിടെ ഒരു കാക്കയും കൊക്കും തമ്മിൽ ശണ്ഠകൂടുകയാണ്. ഈ പ്രക്രിയ ആയിരുന്നു കരിയിലകൾ വീഴാൻ കാരണമായത്. കോപത്തോടെ അദ്ദേഹം ആ പക്ഷികളെ നോക്കി. അദ്ദേഹത്തിന്റെ കണ്ണുകളിൽക്കൂടി അഗ്നിജ്വാലയുടെ ബഹിർസ്ഫുരണം (യോഗാഗ്നിസ്ഫുരണം) ഉണ്ടായി. ആ പക്ഷികൾ കരിഞ്ഞു ചാമ്പലായി. യുവ സന്യാസിക്കു സന്തോഷമായി. തന്റെ ശക്തി പ്രഭാവത്തിൽ അമിതാനന്ദവാനുമായി. എന്തെന്നാൽ ഒറ്റനോട്ടം കൊണ്ട് ഒരു കാക്കയേയും കൊക്കിനേയും കത്തിച്ചു കളയാൻ കഴിവുണ്ടായല്ലോ.

അല്പം കഴിഞ്ഞ് ആഹാരത്തിനുള്ള ഭിക്ഷയാചിക്കാനായി അദ്ദേഹം വനത്തിൽ നിന്നു ജനവാസമുള്ള ദിക്കിലേക്കു പുറപ്പെട്ടു. അവിടെ ഒരു ഗൃഹത്തിന്റെ വാതുക്കൽ നിന്നു വിളിച്ചു. “അമ്മേ ഭിക്ഷ തരിക” ഗൃഹത്തിനുള്ളിൽ നിന്ന് ഒരു മറുപടി വന്നു. “അല്പ സമയം നില്ക്കണേ എന്ന്”. യുവാവ് ചിന്തിച്ചു “നിങ്ങൾ നീചയാണ്. ഞാൻ കാത്തു നില്ക്കണമെന്നുപറയാൻ നിങ്ങൾക്കു ചങ്കൂറ്റമുണ്ടായല്ലോ. എന്റെ ശക്തി വിശേഷം എത്രമാത്രമുണ്ടെന്ന് ഇനിയും നിങ്ങൾ അറിയുന്നില്ല”. അദ്ദേഹം ഇങ്ങനെ വിചാരിച്ചു നിൽക്കുമ്പോൾ ശബ്ദം വീണ്ടും കേട്ടു. കുട്ടീ! സ്വയം അതിരുകവിഞ്ഞ് മദം കൊള്ളരുത്. ഇവിടെ കാക്കയോ കൊക്കോ ഇല്ല. എന്നായിരുന്നു അത്. അയാൾ ഇതുകേട്ട് അത്ഭുതപ്പെട്ടു പോയി. കാത്തുനിൽക്കാൻ നിശ്ചയിച്ചു. അല്പം കഴിഞ്ഞ് ഗൃഹനായിക വന്നു. അയാൾ അവരുടെ പാദങ്ങളിൽ നമസ്ക്കരിച്ചു ചോദിച്ചു. “അമ്മേ അവിടുന്ന് ഇതൊക്കെ എങ്ങനെയറിഞ്ഞു?”.

A sanyasi talking to the common woman

സ്ത്രീ: കുഞ്ഞേ എനിക്കു നിന്റെ യോഗാഭ്യാസമോ ധ്യാനമുറകളോ അറിവില്ല ഞാൻ ഒരു സാധാരണ സ്ത്രീ. എവിടെയും കാണാവുന്ന തരത്തിലുള്ള ഒരുവളാണു ഞാൻ. എന്റെ ഭർത്താവ് സുഖക്കേടായിക്കിടക്കുന്നു. അദ്ദേഹത്തിനെ ഞാൻ പരിചരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അത് എന്റെ കടമയും ധർമ്മവുമാണ്. ഇതുവരെയുള്ള ജീവിതം മുഴുവനും എന്റെ കർത്തവ്യം അനുഷ്ഠിക്കുന്നതിൽ ഞാൻ വ്യഗ്രതപ്പെട്ടു കൊണ്ടു തന്നെ കഴിയുകയാണ്. വിവാഹത്തിനു മുമ്പ് ഒരു പുത്രിയെന്ന നിലയിൽ എന്റെ കടമകൾ കൃത്യമായിത്തന്നെ ചെയ്തിരുന്നു. വിവാഹിതയായപ്പോൾ ആ നിലയ്ക്കുള്ള കർത്തവ്യാനുഷ്ഠാനം ചെയ്തുവരുന്നു. ഇതുമാത്രമാണ് ഞാൻ ശീലിച്ചു വരുന്ന യോഗചര്യ. അങ്ങനെ എന്റെ ധർമ്മാനുഷ്ഠാനം (എന്നിൽ അർപ്പിതമായിരിക്കുന്ന കർത്തവ്യാനുഷ്ഠാനം) കൊണ്ട് ഇപ്രകാരം ഉദ്ദീപ്തമായതാണ് എന്റെ ഹൃദയം. നിന്റെ നിഗുഡ ചിന്തകൾ അറിയാനും വനത്തിൽ സംഭവിച്ചത് എന്താണെന്നു ബോധിക്കാനും ഉള്ള കഴിവ് ഇങ്ങനെ എനിക്കുണ്ടായതാണ്. ഇക്കാര്യത്തിലുള്ള കൂടുതൽ അറിവ് ആഗ്രഹിക്കുന്നുവെങ്കിൽ കാശിയിലേയ്ക്കുപോകും. അവിടെ മാംസ വിപണിയിൽ ഇറച്ചി വില്പന നടത്തുന്ന ഒരു കശാപ്പുകാരനെ നിനക്കു കാണാം. നിനക്കു കൂടുതലായി മനസ്സിലാക്കാനുള്ള പലതും അയാൾ പറഞ്ഞുതരും സന്യാസി ചിന്തിച്ചു. പട്ടണത്തിലേയ്ക്കു എന്തിനുപോകണം? അതും ഒരു കശാപ്പുകാരന്റെ അരികിലേക്ക്. കശാപ്പുകാർ (വ്യാധൻമാർ) സമുദായത്തിലെ ഏറ്റവും താഴ്ന്ന പടിയുള്ളവരാണ്. അവർ അസ്പൃശ്യരാണ്. ഏറ്റവും മലിനമായ കാര്യങ്ങൾ ചെയ്യുന്നതും അവരാണ്.

എന്നാൽ ഇവിടെ അനുഭവമായത് പരിഗണിച്ചപ്പോൾ ആ സന്യാസിയുടെ ചിന്ത അല്പം കൂടി വിശാലമായി. അയാൾ പട്ടണത്തിൽ എത്തി. കമ്പോളസ്‌ഥലവും അതിൽ, കറുത്തു തടിച്ച ആ കശാപ്പുകാരൻ മാംസങ്ങൾ വെട്ടുകത്തികൊണ്ട് വെട്ടി മുറിച്ചു തള്ളുന്നതും പലതരം ആളുകളോടും ശണ്ഠകൂടുന്നതും വിലപേശുന്നതും ഒക്കെ അയാൾ അകലെ നിന്നുതന്നെ കണ്ടു. യുവസന്യാസി വിചാരിച്ചു. ഈശ്വരോരക്ഷതു! ഞാൻ പഠിക്കാൻ എത്തിയിരിക്കുന്നത്. ഇയാളുടെ അടുത്താണല്ലോ. അയാളെപ്പറ്റി ഏറ്റവും മിതമായി എന്തെങ്കിലും പറയണമെങ്കിൽ ഒരു രാക്ഷസൻ എന്നാണത്. ഈ സമയം കൊണ്ട് അയാൾ യുവസന്യാസിയെ കണ്ടുകഴിഞ്ഞു. എന്നിട്ട് പറഞ്ഞു. “സ്വാമി! ആ ഗൃഹനായിക അങ്ങയെ ഇവിടെ അയച്ചതാണ് അല്ലേ? എന്റെ വ്യാപാരം അവസാനിക്കുന്നതുവരെ ആ ഇരിപ്പിടത്തിൽ ഇരിക്കണം”. ഇവിടെ എന്താണു സംഭവിക്കാൻ പോകുന്നത് എന്ന് വിചാരിച്ച് സന്യാസി ഇരുന്നു. വ്യാധൻ തുടർന്നും കച്ചവടം നടത്തി. കൊടുക്കാനുള്ളതും വാങ്ങാനുള്ളതും ഒക്കെ അവസാനിച്ച് പണം മുഴുവൻ എടുത്തുകൊണ്ട് സന്യാസിയോടു പറഞ്ഞു. വരണം സ്വാമി വീട്ടിലേയ്ക്കു പോകാം എന്ന്.

Sanyasi meeting the butcher

വീട്ടിൽ എത്തി. അവിടെയും സന്യാസിക്ക് ഒരു ഇരിപ്പിടം നൽകിയിട്ടു പറഞ്ഞു. “ദയവുചെയ്ത് ഇവിടെ അല്പസമയം ഇരിക്കണം”. അയാൾ മാതാപിതാക്കളെ നമസ്കരിച്ചശേഷം അവരെ കുളിപ്പിച്ച് ആഹാരാദികൾ നൽകി. അവരുടെ ഹിതാനു സരണമുള്ള മറ്റു കാര്യങ്ങളും സന്തോഷം വരുമാറു ചെയ്തു കഴിഞ്ഞ് സന്യാസിയുടെ സമീപത്തുവന്നിരുന്നു. സ്വാമി അങ്ങ് എന്നെക്കാണാൻ വന്നിരിക്കുകയാണല്ലോ. അങ്ങേയ്ക്കുവേണ്ടി ഞാൻ എന്താണു ചെയ്തു തരേണ്ടത്? അപ്പോൾ സന്യാസി മനുഷ്യ ജീവിതത്തേയും ഈശ്വര തത്വത്തേയും പുരസ്ക്കരിച്ച് ഏതാനും കാര്യങ്ങൾ ചോദിച്ചു. ഇതിന് മറുപടിയായി വ്യാധൻ ഒരു പ്രഭാഷണം ചെയ്തു. ഭാരതത്തിൽ എവിടെയും പ്രസിദ്ധിയാർജ്ജിച്ച വ്യാധഗീത എന്ന തത്വസംഹിത ഉൾക്കൊണ്ട് കൃതിയാണ് അത്.

കൃഷ്ണൻ ഉപദേശിച്ച ഭഗവദ് ഗീതയെക്കുറിച്ച് എല്ലാവരും കേട്ടിരിക്കും. അത് പഠിച്ചുകഴിഞ്ഞതിനുശേഷം വ്യാധഗീതകൂടി മനസ്സിലാക്കണം. വേദാന്തതത്ത്വസംഹിത കളുടെ അഗ്രിമസ്ഥാനം അർഹിക്കുന്ന ഒന്നാണിത്.

വ്യാധന്റെ പ്രഭാഷണം അവസാനിച്ചപ്പോൾ അതിന്റെ മാഹാത്മ്യം ഓർത്തു സന്യാസി അത്ഭുതാധീനനായി പറഞ്ഞു. “ഇത്ര മഹത്തരമായ അറിവ് ആർജ്ജിച്ചു കൊണ്ടും ഈ മാതിരി വ്യാധന്റെ ശരീരം സ്വീകരിച്ച്, ഹീനമായ, ശ്ലേഛയായ ഈ പ്രവർത്തികളിൽ അങ്ങ് ഏർപ്പെട്ടിരിക്കുന്നതെന്താണ്? ചണ്ടാലൻ പറഞ്ഞു. മകനെ!ഒരു പ്രവൃത്തിയും ഹീനമല്ല മ്ലേഛവുമല്ല. എന്റെ ജനനവും മറ്റു അനുബന്ധഘടകങ്ങളും എല്ലാ പരിതസ്ഥിതികളും ഇവിടെയാണ്. കൗമാരപ്രായത്തിൽത്തന്നെ ഈ കുലവൃത്തി അഭ്യസിച്ചു. എന്നാൽ എനിക്കു യാതൊന്നിനോടും ബന്ധമില്ല. എങ്കിലും എന്റെ കർത്തവ്യ ങ്ങൾ കൃത്യമായി ചെയ്യുന്നു. എന്റെ മാതാപിതാക്കന്മാർ സന്തോഷമായും തൃപ്തരായും ഇരിക്കാൻ എനിക്കാവതെല്ലാം ചെയ്യുന്നു. അല്ലാതെ ഞാൻ യോഗവിദ്യകൾ അനുഷ്ഠികാറില്ല. സന്യാസിയുമല്ല. ഈ ലോകത്തെ ഉപേക്ഷിച്ചില്ല. വനവാസത്തിനുപോയിട്ടുമി ല്ല. എന്നിൽ കാണുന്നതെല്ലാം വന്നു ഭവിച്ചത്, ഞാൻ ഈ സ്ഥാനത്തു തന്നെ ഉറച്ചു നിന്നു കൊണ്ട് എന്റെ കടമയും കർത്തവ്യങ്ങളും അനുഷ്ഠിക്കുന്നതുകൊണ്ടു മാത്രമാണ്” എന്ന്.

ജനനവശാൽത്തന്നെ നമ്മുടെ ബാദ്ധ്യതയായിത്തീരുന്ന കടമ (ജനനീജനകൻ മാരോട്) ചെയ്യുക. അതിനുശേഷം ഈ ലോകത്തിൽ നമുക്കു സിദ്ധിച്ചസ്ഥാനം ആവശ്യപ്പെട്ട കർത്തവ്യങ്ങൾ അനുഷ്ഠിക്കുക. ഓരോരുത്തർക്കും അവനവന്റേതായ ഒരു സ്ഥാനം ഈ ലോകത്തുണ്ട്. ഈ ജീവിതത്തിൽ അങ്ങനെ ക്ലിപ്തപ്പെടുത്തി കിട്ടിയ സ്ഥാനത്തിന് അനുയോജ്യമായ കടമകൾ ചെയ്തുതന്നെ തീരണം. മനുഷ്യപ്രകൃതിക്ക് ഒരു വലിയ ന്യൂനതയുണ്ട്. അതെന്തെന്നാൽ യാതൊരുവനും തന്നെത്തന്നെ വീക്ഷിക്കാറില്ല എന്നതാണത്. മനുഷ്യൻ വിചാരിക്കുന്നു രാജസിംഹാസനത്തിൽ ഇരിക്കാൻ അവൻ യോഗ്യനാണെന്ന്, അതുശരിയാകാം. എന്നാൽ അതിനുമുമ്പ് അവന്റെ ഇപ്പോഴത്തെ സ്ഥാനത്തിനനുയോജ്യമായ കടമകളെല്ലാം ചെയ്തിരിക്കുന്നു എന്നത് വ്യക്തമാകേണ്ടതുണ്ട്. അങ്ങനെ അതു നിർവഹിച്ചിട്ടുണ്ടെങ്കിൽ അതിനുപരിയുള്ള കർത്തവ്യവും സ്വയമേവ വന്നുചേരും.

[Source – Stories for Children – II, Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: