യോഗക്ഷേമം വഹാമ്യഹം

Print Friendly, PDF & Email
യോഗക്ഷേമം വഹാമ്യഹം

മഹാരാജാവിനു മുമ്പിൽ രാജസദസ്സിൽ വെച്ച് സമർത്ഥനായ ഒരു പണ്ഡിതൻ ഭഗവത് ഗീതയെ വ്യാഖ്യാനിച്ച് പ്രഭാഷണം നടത്തുകയായിരുന്നു. ഒരു ദിവസം

King questioning the pandit.

അനന്യാശ്ചിന്തയന്തോമാം

യേജനാ: പര്യുപാസതേ

തേഷാം നിത്യാഭിയുക്താനാം

യോഗക്ഷേമം വഹാമ്യഹം

എന്ന ശ്ലോകത്തിന്റെ അർത്ഥം പറയാനുള്ള ഊഴമായി (സമയമായി).

പണ്ഡിതൻ ഈ പദ്യത്തിനുള്ള ബഹുമുഖങ്ങളായ അർത്ഥവ്യാപ്തിയെക്കുറിച്ച് ഉത്സാഹ പൂർവ്വം വ്യാഖ്യാനം തുടരുകയായിരുന്നു. രാജാവ് നിഷേധാർത്ഥത്തിൽ തല കുലുക്കിക്കൊണ്ട് ഈ വ്യാഖ്യാനം ശരിയല്ല എന്നു പറഞ്ഞു. തുടർന്നു പണ്ഡിതൻ കൊടുത്ത വ്യാഖ്യാനങ്ങളെയെല്ലാം രാജാവു തടസ്സപ്പെടുത്തി.

പ്രസ്തുത പണ്ഡിതന് രാജസദസ്സിൽ വെച്ച് പലപ്പോഴും സ്തുത്യർഹമായ ബഹുമതികൾ ലഭിക്കാനും ബിരുദങ്ങൾ നേടാനും ഇടവന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഈ ശ്ലോകത്തിന്റെ വ്യാഖ്യാനം തെറ്റ് എന്ന് ഈ മഹാസദസ്സിൽവെച്ച് രാജാവ് അധിക്ഷേപിച്ചത് അയാളിൽ ആഴമേറിയ മുറിവുകൾ ഉണ്ടാക്കി. ഈ അപമാനഭാരത്തിൽ തളർന്നുപോയി എങ്കിലും വീണ്ടും പണ്ഡിതൻ ധൈര്യം സംഭരിച്ച്, തന്റെ സകല പാണ്ഡിത്യ ഭണ്ഡാരവും സമാഹരിച്ച്, മുടങ്ങിനിന്ന വ്യാഖ്യാനം പുനരാരംഭിച്ച് യോഗം, ക്ഷേമം എന്നിവയുടെ നാനാപ്രകാരത്തിലുള്ള അർത്ഥ വ്യാപ്തിയെക്കുറിച്ച് വാചാലമായി പ്രസംഗം തുടർന്നു. മഹാരാജാവ് ഇപ്പോഴും ഇവയൊന്നും അംഗീകരിച്ചില്ല. എന്നിട്ട്, ഈ ശ്ലോകത്തിന്റെ ശരിയായ അർത്ഥം കണ്ടുപിടിച്ച് നല്ലതിൻവണ്ണം മനസ്സിലാക്കി നാളെ രാവിലെ വീണ്ടും വരിക എന്നു കല്പിച്ചിട്ട് രാജാവ് അകത്തേക്കുപോയി.

തന്നിൽ അവശേഷിച്ചിരുന്ന അല്പം ധൈര്യവും ഇതോടെ പണ്ഡിതന് നഷ്ടപ്പെട്ടു. ഉത്കണ്ഠാഭാരം കൊണ്ടു തളർന്നു, അപമാനം മൂലം കാലുകൾ ഇടറിപ്പോയി; ഇങ്ങനെ വീട്ടിൽ ഗീതാഗ്രന്ഥം സമീപത്തുവെച്ച് കട്ടിലിലേക്കു വീണു.

Wife advising the pandit

ഇതു കണ്ടു വിസ്മയിച്ചുപോയ പണ്ഡിതന്റെ ഭാര്യ ചോദിച്ചു; കൊട്ടാരത്തിൽ നിന്ന് ഇന്ന് എന്താണ് ഇത്ര ദുഃഖിച്ചു മടങ്ങിയത്? എന്തൊക്കെയാണ് അവിടെ ഉണ്ടായ സംഭവം? ഇങ്ങനെ തുടരെയുണ്ടായ ചോദ്യങ്ങൾക്കു കാരണമായി അവിടെ നടന്ന കാര്യങ്ങളെല്ലാം പറയുന്നതിന് പണ്ഡിതൻ നിർബന്ധിതനായി. കൊട്ടാരത്തിൽ അനുഭവിക്കേണ്ടിവന്ന അപമാനങ്ങളും വീട്ടിലേക്കു പുറപ്പെടും മുമ്പു ലഭിച്ച കല്പനയും അദ്ദേഹം പറഞ്ഞു. ശാന്തയായിരുന്നുകൊണ്ട് ഈ വാർത്തകൾ സശ്രദ്ധം സാവധാനപൂർവ്വം കേട്ട്, ഇവയെക്കുറിച്ചു ഗാഢമായി ചിന്തിച്ചശേഷം അവർ പറഞ്ഞു, സത്യമാണ്, അങ്ങ് ആ ശ്ലോകത്തിനെക്കുറിച്ചു പറഞ്ഞ വ്യാഖ്യാനം മുഴുവനും ശരിയല്ല. മഹാരാജാവ് അതെങ്ങനെ അംഗീകരിക്കും? തെറ്റ് അങ്ങയുടെ ഭാഗത്താണ് എന്ന്. വാലിൽ ചവിട്ടുകൊണ്ട സർപ്പത്തെപ്പോലെ പണ്ഡിതൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു കൊണ്ട് ആക്രോശിച്ചു. “നിനക്കെന്തറിയാം മഠയീ, നിന്നെക്കാൾ എനിക്ക് അറിവ് കുറവോ? അടുക്കളയിൽ ഒതുങ്ങി നിന്നു പാചകം ചെയ്തും വിളമ്പിക്കൊടുത്തും മുഴുവൻ സമയവും ചെലവാക്കിക്കൊണ്ടിരിക്കന്ന നിനക്ക് എന്നെക്കാൾ കൂടുതൽ എന്തറിവുണ്ട്? മിണ്ടാതെ എന്റെ മുന്നിൽ നിന്നു പൊയ്ക്കോ.”

എന്നാൽ അവർ ഉറച്ചു നിന്നു പറഞ്ഞു, “പ്രഭോ! എന്തിനിത്ര ക്ഷോഭിക്കുന്നു? ശാന്തമായിരുന്നു ആ ശ്ലോകം ഒന്നുകൂടി പറഞ്ഞുനോക്കി അതിന്റെ അർത്ഥം ചിന്തിച്ചു നോക്കൂ. അതിന്റെ ശരിയായ അർത്ഥം അങ്ങേയ്ക്കുതന്നെ അപ്പോൾ മനസ്സിലാകും”, ഇങ്ങനെ മൃദുവായ വാക്കുകൾ കൊണ്ട് അദ്ദേഹത്തിനുള്ളിൽ ശാന്തിവരുത്തി.

പണ്ഡിതൻ വീണ്ടും പദഛേദം ചെയ്തു ഓരോ വാക്കും പ്രത്യേകം പ്രത്യേകം എടുത്ത് അർത്ഥം പറഞ്ഞുതുടങ്ങി, അദ്ദേഹം ആരംഭിച്ചു, “അനന്യാശ്ചിന്തയന്തോമാം” ഇങ്ങനെ സാവകാശമായും വ്യക്തമായും നാനാപ്രകാരേണയുള്ള വ്യാഖ്യാനങ്ങളും തുടർന്നു. അപ്പോൾ ഭാര്യ ഇടപെട്ടു പറഞ്ഞു, ‘ശുഷ്കമായ ഈ വാക്കുകളുടെ അർത്ഥം വ്യാഖ്യാനിച്ചും പഠിച്ചും ഇരുന്നാൽ അതുകൊണ്ട് എന്താണു പ്രയോജനം? രാജാവിന്റെ മുമ്പിൽ പോയപ്പോൾ അങ്ങയുടെ ഉള്ളിലെ പ്രധാന ലക്ഷ്യം എന്തായിരുന്നെന്ന് എന്നോട് ഒന്നുപറയണം. എന്തായിരുന്നു അങ്ങയുടെ ആഗ്രഹം?’ ഇത്രയുമായപ്പോൾ പണ്ഡിതന് പിന്നെയും കോപമായി. “ഈ വീട്ടുചെലവ് നടത്തേണ്ടത് ഞാനല്ലേ? പിന്നെ എങ്ങനെ യാണ് ഇവിടെയുള്ള നിനക്കും മറ്റുള്ളവർക്കും എല്ലാം ഭക്ഷണം, വസ്ത്രം മറ്റു അത്യാ വശ്യങ്ങൾ ഇവയ്ക്കൊക്കെയുള്ള വക ഞാൻ ഉണ്ടാക്കേണ്ടത്? ഇക്കാര്യത്തിനല്ലെങ്കിൽ ഞാനെന്തിനാണു രാജസന്നിധിയിൽ പോകുന്നത്? എനിക്കവിടെ മറ്റെന്തു കാര്യം?’ ഇതായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം.

Maharaja falling at pandits feet

ഭാര്യ വീണ്ടും പറഞ്ഞു, “ഭഗവാൻ ശ്രീകൃഷ്ണൻ ഈ ശ്ലോകത്തിൽ ഉൾക്കൊ ള്ളിച്ചിരിക്കുന്ന ആന്തരാർത്ഥം അങ്ങു ശരിക്കു മനസ്സിലാക്കിയിരുന്നെങ്കിൽ രാജ സന്നിധിയിൽ പോകണമെന്നുള്ള ആശ അങ്ങേയ്ക്ക് ഉണ്ടാകുമായിരുന്നില്ല. മറ്റൊരു ചിന്തയും കൂടാതെ ഭഗവാനെ ഉപാസിച്ചിരുന്നാൽ അവിടെ സർവ്വവും സ്വയം സമർപ്പണം ചെയ്തിരുന്നതിനാൽ, അന്യചിന്തകൂടാതെ ഭഗവങ്കൽ തന്നെ സർവ്വദാ ചിന്ത ഉറപ്പിച്ച് പ്രാർത്ഥനയിൽ ലയിച്ചാൽ, അങ്ങനെയുള്ള ഭക്തന്റെ എല്ലാ ആവശ്യങ്ങളും ഭഗവാൻ നിർവഹിക്കും. അങ്ങ് ഈ പറഞ്ഞ മൂന്നും അനുഷ്ഠിച്ചിരുന്നില്ല. പിന്നെ നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നു വിചാരിച്ച് മഹാരാജാവിനെ സമീപിച്ചു. ശ്ലോകത്തിന്റെ ആന്തരാർത്ഥത്തിനു പിശകുപറ്റിയത് അവിടെയാണ്. അവിടുത്തെ വ്യാഖ്യാനം സ്വീകരിക്കപ്പെടാതെ വന്നതിനുള്ള കാരണം ഇതാണ്’. ആ പ്രസിദ്ധ പണ്ഡിതൻ, ഭാര്യയുടെ വാക്കുകളെക്കുറിച്ച് ആവർത്തിച്ചു ചിന്തിച്ചുകൊണ്ട് കുറച്ചുസമയം അവിടെത്തന്നെ ഇരുന്ന് അവസാനം തനിക്കുപറ്റിയ തെറ്റിനെക്കുറിച്ചു ബോധവാനായി. കൊട്ടാരത്തിൽ ചെല്ലണമെന്നുള്ള കല്പന അനുസരിച്ച് അടുത്തദിവസം അദ്ദേഹം പോയില്ല. പ്രത്യുത ശ്രീകൃഷ്ണ ധ്യാനത്തിൽ നിമഗ്നനായി വീട്ടിൽത്തന്നെ കഴിഞ്ഞു. പണ്ഡിതൻ വരാത്തതെന്തെന്ന് രാജാവ് അന്വേഷിച്ചപ്പോൾ യാത്രയ്ക്ക് തയ്യാറാകാതെ അദ്ദേഹം വീട്ടിൽ തന്നെ ഇരിക്കയാണെന്നറിഞ്ഞ് ദൂതനെ അയച്ചു. എന്നിട്ടും പണ്ഡിതൻ പുറത്തു വന്നില്ല. അപ്പോഴും അദ്ദേഹം ഉറക്കെ ചിന്തിക്കയാണ്. “ആരുടേയും സമീപത്തു പോകേണ്ടതായ ആവശ്യം എനിക്കില്ല. ശ്രീകൃഷ്ണൻ എനിക്കാവശ്യമുള്ളതുതരും. അദ്ദേഹം എന്റെ യോഗക്ഷേമം സ്വയം വഹിക്കും. ഇത്രനാളും ഈ കാര്യത്തിന്റെ സാക്ഷാത്കാരം എനിക്കില്ലാത്തതിനാലാണ് ഇത്രയേറെ അപമാനഭാരം ഞാൻ അനുഭവിക്കേണ്ടി വന്നത്. വാക്കുകളുടെ വിവിധമായ അർത്ഥം തേടിനടന്ന് ഞാൻ ഇവിടെ അന്ധനായി പ്പോയി. ഭഗവാനിൽ ശരണാഗതി പ്രാപിച്ച് ഇടതടവില്ലാതെ ഭഗവൽ ധ്യാനത്തിൽ ലയിച്ച് അങ്ങനെ കഴിഞ്ഞാൽ എനിക്കാവശ്യമുള്ള സകലതും അവിടുന്ന് നൽകും”.

ഈ വാർത്ത ദൂതൻ രാജാവിനെ അറിയിച്ചു. ആ പണ്ഡിതന്റെ വീട്ടിലേയ്ക്ക് അദ്ദേഹം കാൽനടയായി വന്ന് പണ്ഡിതന്റെ കാൽക്കൽ നമസ്കരിച്ചു പറഞ്ഞു. “അല്ലയോ പണ്ഡിതരേ! ഇങ്ങനെ സ്വന്തം അനുഭവത്തിൽക്കൂടി ആ പദത്തിന്റെ അർത്ഥം അങ്ങ് വ്യാഖ്യാനിച്ചുതന്നതിനാൽ എനിക്കു ഹൃദയപൂർവ്വമായ നന്ദിയുണ്ട്” എന്ന്. ആത്മീയ കാര്യങ്ങൾ പ്രചരണം ചെയ്യുമ്പോൾ സ്വന്തം പരീക്ഷണങ്ങളിൽക്കൂടി അനുഭവവേദ്യമല്ലാതെ ഉള്ളവയൊക്കെ ഉപരിതല സ്പർശിയായ പകിട്ടു (തിളക്കം) മാത്രം നൽകുന്നവയാണെന്ന് അങ്ങനെ രാജാവ് പണ്ഡിതനെ പഠിപ്പിച്ചുകൊടുത്തു.

ചോദ്യങ്ങൾ:
  1. ഈ ശ്ലോകം ഏതു പുസ്തകത്തിൽ ഉള്ളതാണ്?
  2. ഇതിന്റെ അർത്ഥം എന്താണ്?
  3. പണ്ഡിതന്റെ വ്യാഖ്യാനം രാജാവിനെ തൃപ്തിപ്പെടുത്താത്തത് എന്തുകൊണ്ട്?
  4. അവസാനം രാജാവിന് തൃപ്തി വന്നത് എങ്ങനെ?

[Source – Stories for Children – II, Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു