ലൂയി പാസ്റ്റർ

Print Friendly, PDF & Email
ലൂയി പാസ്റ്റർ

കൊല്ലന്റെ ആലയ്ക്ക് മുമ്പിൽ, അകത്തു നടക്കുന്ന ഭയങ്കര സംഭവം സഹാനു ഭൂതിയും അത്ഭുതവും കലർന്ന ഭാവത്തോടെ ഒരു ബാലൻ ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു. പേപ്പട്ടിയുടെ കടിയേറ്റ ഒരുവനെ കൊല്ലന്റെ സമീപം കൊണ്ടുവന്നിട്ടുണ്ട്. അയാൾ ഒരു ഇരുമ്പുകമ്പി പഴുത്തു ചുവക്കുന്നതുവരെ തീയിൽ വച്ചിരുന്നു. രോഗിയുടെ സഹായികൾ വിഷബാധയേറ്റവനെ ബലമായി അമർത്തിപ്പിടിച്ചു കൊണ്ടിരിക്കെ, അയാൾ പട്ടിയുടെ കടിയേറ്റുണ്ടായ മുറിവിൽ പഴുത്ത കമ്പി കുത്തിക്കയറ്റി. വേദനകൊണ്ട് നിലവിളിക്കുന്ന ആ മനുഷ്യൻ ഒടുവിൽ ശബ്ദിക്കാനാവാത്ത വിധം ക്ഷീണിച്ചുതളർന്നുപോയി.

ഇത് 1831-ൽ നടന്ന സംഭവമാണ്. അവിടെ നോക്കിനിന്നിരുന്ന കുട്ടി, തോൽപ്പണിക്കാരനായ ജീൻ ജോസഫ് പാസ്റ്ററുടെ മകനായ ലൂയി പാസ്റ്റർ ആയിരുന്നു. കൊല്ലന്റെ ആലയിൽ കണ്ട ചികിത്സ മാത്രമാണ് അക്കാലത്ത് മാരകമായ പേപ്പട്ടി വിഷബാധയ്ക്ക് ഉണ്ടായിരുന്ന പ്രതിവിധി. അര ശതാബ്ദത്തിനുശേഷം, ഈ വിഷബാധയ്ക്ക് തക്കതായ ചികിത്സ കണ്ടുപടിക്കാൻ കഴിഞ്ഞ ഒരു മഹാനായ ശാസ്ത്രജ്ഞനായിത്തീർന്നു ഈ ബാലൻ.

“റാബിസ് ‘എന്ന ഈ രോഗം പരത്തുന്നത്. പട്ടികൾ, ചെന്നായ്ക്കൾ, കുറുക്കന്മാർ, വവ്വാൽ ഇവയൊക്കെയാണെങ്കിലും ഇതു പ്രധാനമായും പട്ടികൾ മുഖാന്തിരമാണ് ഉണ്ടാകുന്നത്. വിഷബാധയേറ്റ നായ്ക്കൾക്ക് അല്പകാലത്തിനുള്ളിൽ ഭ്രാന്തിളകി ഓടി കണ്ണിൽപ്പെടുന്ന സകലതിനേയും കടിക്കുന്നു. ഇങ്ങനെ മറ്റു ജീവികൾക്കും മനുഷ്യർക്കും പേപ്പട്ടിവിഷബാധയേൽക്കുന്നു. ചികിത്സിച്ചില്ലെങ്കിൽ കടിയേറ്റ സകല ജീവികളും അതിദാരുണമായ വിധത്തിൽ മരിക്കും. പേപ്പട്ടിവിഷം ബാധിക്കുന്നതെങ്ങ നെയെന്നും അതിനുള്ള ചികിത്സ എന്തെന്നും ലൂയിപാസ്റ്റർ കണ്ടുപിടിക്കുന്നതുവരെ ചുട്ടുപഴുത്ത ഇരുമ്പുകമ്പി മുറിവിൽ കയറ്റി അവിടം പൊള്ളിക്കുക എന്ന ഒരു ചികിത്സ മാത്രമാണ് ഉണ്ടായിരുന്നത്. ഈ വിധം ‘മുറിവ് പൊള്ളിക്കുക’ എന്ന പ്രവൃത്തി കൊണ്ട് രോഗിക്ക് കൂടുതൽ വേദന ഉണ്ടാക്കാമെന്നല്ലാതെ രോഗം ഭേദമാകുമായിരുന്നില്ല.

ഫ്രാൻസിൽ ‘ഡോളെ’ എന്ന ഗ്രാമത്തിൽ 1822-ൽ ലൂയി പാസ്റ്റർ ജനിച്ചു. ബാല്യ കാലത്ത് വിശേഷവിധിയായി ഒന്നും തന്നെ ബാലനിൽ കണ്ടിരുന്നില്ല. ലോകം മുഴുവൻ നന്ദിയോടെ സ്മരിക്കാൻ തക്കവണ്ണമുള്ള ഒരു യശസ്വി ആയിത്തീരും ഈ ബാലൻ എന്ന് ആരും അന്ന് ദീർഘദർശനം ചെയ്തിരുന്നില്ല.

യുവാവായതോടെ ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളിൽ അദ്ദേഹം വലിയ താല്പര്യം കാട്ടിത്തുടങ്ങി. “ലില്ലെ” ഗ്രാമത്തിൽ രസതന്ത്ര പ്രൊഫസർ ഉദ്യോഗം ലഭിക്കാനും ലൂയിക്ക് ഇടയായി. ഈ ഗ്രാമം മുന്തിരി കൃഷിക്ക് പ്രസിദ്ധമാണ്. ഇവിടെ വച്ചു നടത്തിയ കണ്ടുപിടിത്തങ്ങളാണ് പിൽക്കാലത്ത് മനുഷ്യ സമുദായത്തിന്അ നുഗ്രഹമായി ഭവിച്ചത്.

വീഞ്ഞ്, പാൽ, വെണ്ണ ഇവയിൽ പുളിരസം ഉണ്ടാകുന്നത് ഒരുതരം ചെറിയ അണുക്കൾ പ്രവർത്തിക്കുന്നതുമൂലമാണെന്ന് അദ്ദേഹം കണ്ടുപിടിച്ചു. ഈ ജീവികൾ നഗ്നനേത്രങ്ങൾ കൊണ്ട് കാണുന്നവയല്ല. ഭൂതക്കണ്ണാടിയിൽ കൂടി മാത്രമേ അവ ദൃശ്യമാവുക യുള്ളൂ. ചൂടുപിപ്പിച്ചാൽ ഈ കീടങ്ങൾ നശിക്കുമെന്നും അദ്ദേഹം കണ്ടുപിച്ചു. പാൽ സൂക്ഷിച്ചുവയ്ക്കുന്നത് തിളപ്പിച്ചശേഷമാണല്ലോ. മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന മിക്കവാറും രോഗങ്ങൾ, രോഗവാഹകരായ ഈ അണുക്കൾ മുഖാന്തിരമാണെന്നുള്ള നിഗ മനത്തിൽ അദ്ദേഹം എത്തി.

ഇക്കാലത്ത്, ഫ്രാൻസിലെ നൂൽ വ്യവസായത്തിന് ഒരു അത്യാഹിതം സംഭവിച്ചു. ആയിരക്കണക്കിന് പട്ടുനൂൽപ്പുഴുക്കൾ ഏതോ അജ്ഞാതരോഗം പിടിപെട്ട് ചത്തൊടുങ്ങി. പട്ടുനൂൽ നിർമ്മാണം ഉപജീവനമാർഗ്ഗമായിരുന്ന അനേകം കുടുംബങ്ങളെ ഇതു സാരമായി ബാധിച്ചു. പാസ്റ്റർ ഈ പ്രശ്നം പഠിച്ച്, ഈ രോഗവും ഒരു തരം അണുക്കൾ കാരണമാണ് ഉണ്ടായതെന്ന് കണ്ടുപിടിച്ച് രോഗനിവാരണ മാർഗ്ഗം അവരെ പഠിപ്പിച്ചു.

Louis Pasteur doing reseach

അദ്ദേഹത്തിന്റെ ഈ കണ്ടുപിടിത്തമാണ് പേപ്പട്ടി വിഷത്തിനെതിരെയുള്ള അന്തിമ വിജയത്തിലേക്ക് നയിച്ചത്. അനേകതരം കോളറാ ബീജാണുക്കൾ വളർത്തിയെടുത്ത് ആരോഗ്യമുള്ള കോഴിക്കുഞ്ഞുങ്ങളിൽ അദ്ദേഹം കുത്തിവെച്ചു. അവ സുഖക്കേട് പിടിച്ച് ചത്തു. മാരകങ്ങളായ സൂക്ഷ്മാണുക്കളാണ് സുഖക്കേടുകൾക്കെല്ലാം കാരണം എന്ന നിഗമനത്തിന് ഒരു തെളിവുകൂടി അങ്ങനെ ലഭിച്ചു.

ഈ വിജയങ്ങൾ, പേപ്പട്ടി വിഷബാധയെക്കുറിച്ചുള്ള പഠനം നടത്തുന്നതിന് പ്രോത്സാഹനജനകമായി. പേപ്പട്ടി വിഷാണുക്കൾ എവിടെയാണ് സ്ഥിതിചെയ്യുന്നത് എന്നു മനസ്സിലാക്കുവാനായിരുന്നു ആദ്യത്തെ ശ്രമം. പ്രാന്തു പിടിച്ച പട്ടിയുടെ കടിയേറ്റാണ് സുഖക്കേട് ബാധിക്കുക എന്നതുകൊണ്ട് പട്ടിയുടെ ഉമിനീരിലാണ് രോഗാണുക്കൾ ഉള്ളത് എന്ന് അദ്ദേഹത്തിന് മനസ്സിലായി.

ഈ സംശയം ശരിയാണെന്ന് ഉറപ്പാക്കുന്നതിനുവേണ്ടി പേപ്പട്ടിയുടെ ഉമിനീർ ശേഖരിക്കേണ്ടതുണ്ട്. രണ്ടു കരുത്തന്മാർ ഒരു പേപ്പട്ടിയെ പിടിച്ച് ഒരു ബെഞ്ചിൽ അമർത്തിവെയ്ക്കും. പാസ്റ്റർ ഒരു കണ്ണാടിക്കുഴൽ ആ പട്ടിയുടെ നാക്കിന്റെ ഇടയിൽ കടത്തി അല്പം ഉമിനീർ വലിച്ചെടുക്കും. ഈ സഹായികളുടെ ത്യാഗവും സാഹസികത്വവുമാണ് അപായകരമായ ഇക്കാര്യത്തിന് സഹായകമായത്. ഇവർക്ക് ഒരു കടി ഏറ്റിരുന്നുവെങ്കിൽ അത് മാരകമായി പരിണമിക്കുമായിരുന്നു.

ഇങ്ങനെ ശേഖരിച്ച ഉമിനീര് ആരോഗ്യമുള്ള പട്ടിക്ക് അദ്ദേഹം കുത്തിവെച്ചു. അപ്പോഴും ചില ബുദ്ധിമുട്ടുകളുണ്ടായി. ചിലപ്പോൾ കുത്തിവെച്ച് അനേകദിവസങ്ങൾ കഴിഞ്ഞതിനുശേഷമേ രോഗലക്ഷണങ്ങൾ കാണാറുണ്ടായിരുന്നുള്ളൂ. അതുവരെ അവയിൽ അസാധാരണമായി ഒന്നും കണ്ടിരുന്നില്ല. കുത്തിവെച്ചത് ഫലിച്ചിട്ടുണ്ടോ. എന്നുപോലും അറിയാൻ കഴിഞ്ഞിരുന്നില്ല.

രോഗാണുക്കൾ ബാധിക്കുന്നത് തലച്ചോറിനെ ആകയാൽ അവിടെത്തന്ന ഉമിനീർ കുത്തിവെച്ച്, കാലതാമസം കൊണ്ടുണ്ടാകുന്ന ഈ ബുദ്ധിമുട്ട് അദ്ദേഹം ഒഴിവാക്കി. തലച്ചോറിൽ കുത്തിവെച്ചാൽ പതിനാലു ദിവസങ്ങൾക്കകം രോഗലക്ഷണം കണ്ടുതുടങ്ങും. ശക്തികുറഞ്ഞ രോഗാണുക്കൾ കുത്തിവെച്ചാൽ അത് രോഗപ്രതിരോധമാകുമോ എന്നതായിരുന്നു അടുത്ത പരീക്ഷണം “കോളറ” രോഗപ്രതിരോധത്തിന് ഇങ്ങനെയുള്ള കുത്തിവെയ്പ് ഫലപ്രദമാകുന്നുണ്ട്. പേപ്പട്ടി വിഷബാധയ്ക്കും പ്രതിരോധമായി അപ്രകാരം ചെയ്തുകൂടയോ എന്നായിരുന്നു. അടുത്ത നിഗമനം.

രോഗാണുക്കളുളള ഉമിനീർ മുയലിന്റെ തലച്ചോറിൽ കുത്തിവെച്ചു. അത് അണു പിടിച്ചു മരിച്ചതിനുശേഷം അതിന്റെ കൂടെ തലച്ചോർ എടുത്ത് ശുദ്ധീകരിച്ച് കുപ്പിയിൽ 14 ദിവസം സൂക്ഷിച്ചുവെച്ചു. ഈ കാലം കൊണ്ട് രോഗാണുക്കൾക്ക് ശക്തി കുറഞ്ഞിരുന്നു. ഈ തലച്ചോറിൽ ഒരംശം എടുത്ത് പൊടിച്ച് വെള്ളത്തിൽ കലർത്തി അതിനെ ആരോ ഗ്യമുള്ള പട്ടികളിൽ കുത്തിവെച്ചു.

അടുത്ത 13 ദിവസം സൂക്ഷിച്ചുവച്ചിരുന്ന മറ്റൊരു തലച്ചോറ് പൊടി കുത്തിവെച്ചു. ഇങ്ങനെ ഓരോ ദിവസം കുറഞ്ഞുകുറഞ്ഞുവന്ന് അവസാനം രോഗാണുശക്തി ക്ഷയത്തിന് ഒരു ദിവസം മാത്രം സൂക്ഷിച്ചുവച്ചിരുന്നതും കുത്തിവെച്ചു. ഇങ്ങനെ പതിനാലു ദിവസം കുത്തിവെച്ചതിനുശേഷം ഒരു പേപ്പട്ടിയെക്കൊണ്ട് കുത്തിവെയ്പിന് വിധേയമായ പട്ടിയെ കടിപ്പിച്ചു. രോഗപ്രതിരോധം നേടിയിരുന്നതിനാൽ ഈ പട്ടിക്ക് രോഗബാധ ഉണ്ടായില്ല എന്നു പാസ്റ്റർ കണ്ടു.

ഇതു അടുത്തതായി മനുഷ്യരിൽ പരീക്ഷിക്കേണ്ടതായിത്തീർന്നു. ഒരു പേപ്പട്ടിയിൽ നിന്ന് അനവധി കടികൾക്കു വിധേയനായ ജോസഫ് മേയ്സ്റ്റർ എന്ന ബാലനെ ഈ പരീക്ഷണത്തിന് വിധേയനാക്കി. ഇരുമ്പു പഴുപ്പിച്ച് വയ്ക്കുന്നതിന് കഴിയാത്തവിധം അത്രയേറെ മുറിവുകൾ ഈ ബാലന് ഏറ്റിരുന്നു.

രോഗപ്രതിരോധത്തിന് പാസ്റ്റർ പട്ടിയെ കുത്തിവെച്ചത് എങ്ങനെയോ അതേ രീതിയിലുള്ള കുത്തിവെയ്പ് ഈ ബാലനിലും ആവർത്തിച്ചു. ഇങ്ങനെ പത്തുദിവസം കുത്തിവെച്ചു. ഓരോ തവണയും കൂടുതൽ രോഗശക്തിയുള്ള അണുക്കളുടെ ലായനിയാണ് കുത്തിവെച്ചത്. ഈ ബാലന് പേപ്പട്ടി കടികൊണ്ടുള്ള രോഗം വന്നില്ല. സുഖമായി അവൻ വീട്ടിലേക്ക് മടങ്ങി.

അടുത്ത പരീക്ഷണം ജൂപ്പിൽ എന്ന ഒരു ബാലനിൽ ആയിരുന്നു. ഭയങ്കരനായ ഒരു പേപ്പട്ടിയിൽ നിന്നും സ്നേഹിതരെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിലാണ് അവന് കടികൾ ഏറ്റത്. മുൻ ചികിത്സാക്രമം തന്നെ ഈ ബാലനിലും അനുവർത്തിച്ച് അവനെ അദ്ദേഹം രോഗവിമുക്തനാക്കി.

ഈ അത്ഭുതകരമായ കണ്ടുപിടിത്തത്തിന്റെ പ്രസിദ്ധി ലോകത്തു പരന്നു. ഫാൻസിന്റെ ഇതരഭാഗങ്ങളിൽ നിന്നുമാത്രമല്ല, അമേരിക്കയുൾപ്പെടെയുള്ള അനേകം രാജ്യങ്ങളിൽ നിന്നും അനവധി ആളുകൾ ലൂയിപാസ്റ്ററെ സന്ദർശിച്ച് ബഹുമതികൾ നൽകി. അങ്ങനെ ഫ്രാൻസിന്റെ ഉത്തമ സന്തതികളിൽ ഒരുവൻ എന്ന പദവിയും അദ്ദേഹത്തിന് ലഭിച്ചു.

ചോദ്യങ്ങൾ :
  1. ലൂയിപാസ്റ്ററെ വേദനിപ്പിച്ച സംഭവം എന്തായിരുന്നു ?
  2. പേപ്പട്ടി വിഷബാധയ്ക്ക് ഉണ്ടായിരുന്ന ആദ്യചികിത്സ എന്തായിരുന്നു ?
  3. പാസ്റ്ററുടെ കണ്ടുപിടിത്തം എന്ത് ?
  4. പാസ്റ്ററുടെ മനുഷ്യസമുദായ സേവനം വിവരിക്കുക ?

[Source – Stories for Children – II, Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: