സാർവത്രിക സ്നേഹം
സാർവത്രിക സ്നേഹം
ഘട്ടം 1: ഒന്നാമതായി, നിങ്ങളുടെ കസേരകളിൽ സുഖപ്രദമായ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കിൽ തറയിൽ സുഖാസനത്തിലോ പദ്‌മാസനത്തിലോ ഇരിക്കുക. നിങ്ങളുടെ പുറവും തലയും നിവർന്ന് നേരെയാണെന്നും ഉറപ്പാക്കുക. ഒരു ദീർഘശ്വാസം അകത്തേക്കെടുക്കുക. ശ്വാസം പുറത്തേക്കു ശാന്തമായി വിടുക. ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുക്കുക… മറ്റൊന്ന്കൂടി…
ഘട്ടം 2: “ഇപ്പോൾ ശരീരത്തിലെ എല്ലാ പിരിമുറുക്കങ്ങളും അയവാക്കുക. നിങ്ങളുടെ കാൽവിരലുകൾ നീട്ടുക, തുടർന്ന് അവ അയവാക്കുക. കാൽവണ്ണയുടെ പിന്നിലെ പേശികളെ(calf muscles) മുറുകെ പിടിക്കുക, തുടർന്ന് അവയെ അയവുവരുത്തുക.
നിങ്ങളുടെ കാലുകളുടെ മുകളിലെയും തുടകളിലെയും പേശികളെ പിരിമുറുക്കുക, അവ അയവാക്കുക. നിങ്ങളുടെ വയറിലെ പേശികൾ ഉള്ളിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ പിന്നിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ മുകളിലേക്കും താഴേക്കും താഴ്ത്തുക. ഇടത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക, വലത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക. ഇപ്പോൾ മുഖത്തെ പേശികളെ പിരിമുറുക്കുക എന്നിട്ട് അവയെ അയവാക്കുക. നിങ്ങളുടെ ശരീരം മുഴുവൻ അയവാകുന്നതായി അനുഭവപ്പെടുക – എല്ലാ പിരിമുറുക്കങ്ങളും ഇല്ലാതായി. നിങ്ങൾക്ക് സുഖം തോന്നുന്നു.”
ഘട്ടം 3: “ഇപ്പോൾ നിങ്ങളുടെ ശ്വസനത്തെക്കുറിച്ച് ബോധവാന്മാരാകൂ. നിങ്ങളുടെ ശ്വാസകോശം നിറച്ച് ഒരു ദീർഘനിശ്വാസം എടുക്കുക. എന്നിട്ട് നിങ്ങളുടേതായ സമയമെടുത്ത്, പതുക്കെ ശ്വാസം വിടുക. നിങ്ങളുടെ കണ്ണുകൾ സൌമ്യമായി അടച്ചിരിക്കട്ടെ, നിങ്ങൾ ശ്വസിക്കുമ്പോൾ, ശുദ്ധമായ സുഖപ്പെടുത്തുന്ന ഊർജ്ജം സന്തോഷവും സ്നേഹവും സമാധാനവും നിറച്ചു നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്നതായി സങ്കൽപ്പിക്കുക. നിങ്ങൾ ശ്വാസം വിടുമ്പോൾ, ദുഃഖം, ക്ഷീണം, കോപം, ശല്യം, ഭയം, വിരസത, അസൂയ അല്ലെങ്കിൽ മറ്റെന്തെങ്കിലും അസുഖകരമായ വികാരങ്ങൾ ശ്വാസത്തോടൊപ്പം പുറത്തേക്കു വിട്ട് നിങ്ങളെ സന്തോഷവാനും ആശങ്കകളിൽ നിന്നും മുക്തനാക്കുന്നു എന്ന് സങ്കൽപ്പിക്കുക . ഇത് 3 അല്ലെങ്കിൽ 4 തവണ ആവർത്തിക്കുക. നിങ്ങളെ അസ്വസ്ഥമാക്കുന്ന കാര്യങ്ങൾ ഒന്നൊന്നായി ശ്വാസം വിടുമ്പോൾ അകന്നുപോകുകയും ചെയ്യുന്നു.”
ഘട്ടം 4: നിങ്ങളുടെ ഹൃദയത്തിൽ സ്നേഹത്തിന്റെ ഒരു വികാരം വളരട്ടെ… എന്നിട്ട് അത് നിങ്ങളിലുടനീളം വ്യാപിക്കട്ടെ. നിങ്ങൾ പ്രിയപ്പെട്ടവനും സുന്ദരനുമാണ്, അതുപോലെ തന്നെ നിങ്ങളുടെ ചുറ്റുമുള്ള മറ്റുള്ളവരും. നിങ്ങളുടെ സ്നേഹം ക്ലാസിലെ എല്ലാവരിലേക്കും വ്യാപിക്കട്ടെ… തുടർന്ന് നിങ്ങളുടെ കുടുംബത്തിലേക്ക് വ്യാപിക്കട്ടെ.. പിന്നെ നിങ്ങളുടെ തെരുവിലെ ആളുകൾ… പിന്നെ രാജ്യത്തുടനീളം.
എല്ലാ ജീവജാലങ്ങൾക്കും… മൃഗങ്ങൾ… മത്സ്യം… മരങ്ങൾ… ചെടികൾ… ഇനി ഭൂമിയിലേക്ക് തന്നെ വ്യാപിക്കട്ടെ.. കാരണം എല്ലാവർക്കും എല്ലാത്തിനും സ്നേഹം ആവശ്യമാണ്… പിന്നെ നഗരം മുഴുവൻ… പിന്നെ ലോകം മുഴുവൻ.
എല്ലാവർക്കും… നിങ്ങളുടെ ചുറ്റുമുള്ള എല്ലാത്തിനും നിങ്ങളുടെ സ്നേഹം പ്രധാനമാണ്… ഇത് മനസ്സിലാക്കുമ്പോൾ, നിങ്ങൾക്ക് സന്തോഷം തോന്നുന്നു.
ഘട്ടം 5: ഇപ്പോൾ നിങ്ങളുടെ ശ്രദ്ധ ക്ലാസ് മുറിയിലേക്ക് കൊണ്ടുവരിക, വ്യായാമം പൂർത്തിയായതിനാൽ കണ്ണുകൾ തുറക്കുക, നിവരുക. നിങ്ങളുടെ അടുത്തുള്ള ആളെ നോക്കി പുഞ്ചിരിക്കുക. തീയതിയും സമയവും അവരോട് പറയുക.
(ഈ മൗനാചരണവ്യായാമങ്ങൾക്ക് ശേഷം വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്കിടാൻ ആഗ്രഹിച്ചേക്കാം, ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണ്, പ്രത്യേകിച്ചും അവർക്ക് എങ്ങനെ തോന്നുന്നുവെന്ന് ചോദിക്കുക. അവരുടെ അനുഭവത്തിന്റെ ചിത്രം വരയ്ക്കുന്നത് പോലുള്ള ചില ക്രിയാത്മക ജോലികൾ ചെയ്യാൻ ഇത് നല്ല സമയമാണ്.)
(ബിഎസ്എസ്ഇ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ‘മനുഷ്യമൂല്യങ്ങളിലെ സത്യസായി വിദ്യാഭ്യാസം’ എന്നതിൽ നിന്ന് സ്വീകരിച്ചത്)