ഭഗവാന്റെ കുടുംബം

Print Friendly, PDF & Email
ഭഗവാന്റെ കുടുംബം

ഭഗവാൻ ശ്രീ സത്യസായിബാബയുടെ ജനനം, രാജ കുടുംബത്തിലാണ്, അനുഗ്രഹീതനായ ജ്ഞാനി വെങ്കാവധൂതന്റെ കാലം തൊട്ടേ ഈ കുടുംബം അതീവ ദൈവഭക്തിയുള്ളവരായിരുന്നു.

ഭഗവാന്റെ മുത്തശ്ശൻ ശ്രീരത്നാകരകൊണ്ടമ്മരാജു നൂറ്റിപ്പതിനാറു വർഷം ജീവിച്ചിരുന്നു. വളരെ ശാന്തനും സൗമ്യനുമായ അദ്ദേഹം സംഗീതത്തിൽ വളരെയധികം പ്രാവീണ്യം നേടിയിരുന്നു. സ്വയം നാടകങ്ങൾ രചിയ്ക്കാനും അവ അഭിനയിക്കാനും പ്രത്യേകം കഴിവുണ്ടായിരുന്നു. രാമായണത്തിന്റെ ‘ലീപാക്ഷി’ വ്യാഖ്യാനം അദ്ദേഹത്തിന് മന:പാഠമായിരുന്നു.

ഈ ഇതിഹാസത്തിൽ നിന്നുമുള്ള സംഭവങ്ങൾ സംഗീത രൂപത്തിലാക്കുകയും ശ്രീ കൊണ്ടമ്മ രാജു വളരെ പ്രാവീണ്യത്തോടെ ശ്രീരാമന്റെ പ്രിയ സഹോദരൻ ലക്ഷ്മണന്റെ ഭാഗം അഭിനയിക്കുകയും ചെയ്തിരുന്നു. ലക്ഷ്മണന്റെ സുദൃഢമായ ഭക്തി അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചിരുന്നു. ഇത് കാണികളുടെ ഹൃദയത്തെ അഗാധമായി സ്പർശിച്ചിരുന്നു. അതുകൊണ്ടുതന്നെ ലക്ഷ്മണന്റെ ഭാഗം അഭിനയിക്കാൻ അദ്ദേഹത്തോട് വീണ്ടും വീണ്ടും അവർ ആവശ്യപ്പെട്ടിരുന്നു.

രാജ കുടുംബമാണ് ഗോപാല സ്വാമി ക്ഷേത്രം നിർമ്മിച്ചതും ഗ്രാമത്തിനു സംഭാവന ചെയ്തതും. ബഹുമാന്യനും പരിപാവനനുമായ മുത്തശ്ശൻ, ശ്രീകൃഷ്ണന്റെ ഭാര്യയായ സത്യഭാമയ്ക്കു വേണ്ടിയും ഒരു ക്ഷേത്രം നിർമ്മിച്ചു.

ശ്രീ രത്നാകരകൊണ്ടമ്മ രാജുവിന് രണ്ടാൺമക്കൾ; ശ്രീ പെദ്ദവെങ്കപ്പരാജുവും, ചിന്നവെങ്കപ്പരാജുവും, രണ്ടുപേരും പിതാവിന്റെ സംഗീത, സാഹിത്യ, അഭിനയ വാസന ജന്മനാതന്നെ ആർജ്ജിച്ചിരുന്നു. ഭഗവാൻ ശ്രീ സത്യസായിബാബയുടെ പിതാവാകാൻ നിയോഗിക്കപ്പെട്ട മൂത്തപുത്രൻ അകന്ന ബന്ധുവായ ശ്രീ സുബ്ബരാജുവിന്റെ പുത്രി ഈശ്വരാമ്മയെ വിവാഹം ചെയ്തു. ദൈവീകമായി കൂട്ടി ചേർക്കപ്പെട്ട ഈ ദമ്പതികൾ, ശേഷമ്മ രാജു എന്ന പുത്രനാലും വെങ്കമ്മ, പാർവ്വതമ്മ എന്നീ രണ്ടു പുത്രിമാരാലും അനുഗ്രഹീതരായി.

ശ്രീ കൊണ്ടമ്മ രാജുവിന്റെ ഭാര്യ ലക്ഷ്മമ്മ ജീവിതത്തിൽ ഒരേ ഒരാഗ്രഹമേ പുലർത്തിയിരുന്നുള്ളൂ പുരാണങ്ങളാൽ ഉത്ഘോഷിയ്ക്കപ്പെട്ട വ്രതങ്ങളും നേർച്ചകളും ആചരിച്ച് അവയിൽ നിന്നും ഈശ്വര പ്രീതി നേടുക എന്നതുമാത്രം. ഇവയെല്ലാം അവർ അങ്ങേയറ്റം ഭക്തിയോടെ നിർവ്വഹിച്ചിരുന്നു. പ്രായാധിക്യം കാരണം സ്വാമിയുടെ മുത്തശ്ശന് നാടകങ്ങൾ എഴുതാനും അവതരിപ്പിയ്ക്കാനും കഴിയാതെയായി. പക്ഷേ അദ്ദേഹം ഗ്രാമത്തിലെ കുട്ടികളെ അദ്ദേഹത്തിനുചുറ്റും വിളിച്ചിരുത്തി ഈശ്വരനെക്കുറിച്ചും അവതാരങ്ങളെക്കുറിച്ചുമുള്ള കഥകൾ ചൊല്ലിക്കൊടുത്ത് അവരെ ആഹ്ലാദിപ്പിച്ചു. കുട്ടികൾ ഇവകേൾക്കാൻ വളരെ ഉത്സുകരായിരുന്നു. കാരണം, ഓരോ കഥാപാത്രത്തേയും അവരുടെ സാഹസികതയേയും വളരെ ജീവസ്സുറ്റതാക്കി അവതരിപ്പിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

ഈ ലാളിത്യമാർന്ന ദൈവഭക്തി നിറഞ്ഞു നിന്ന ഈ കുടുംബത്തിലാണ് സായിബാബ ജനിച്ചത്. കൊണ്ടമ്മരാജു തികച്ചും ഒരു സസ്യഭുക്കായിരുന്നു. അദ്ദേഹത്തിന് മാംസഭക്ഷണം പാകം ചെയ്യുന്ന വീടിന് സമീപത്തുകൂടെ പോലും പോകാത്ത സത്യനോട് ഒരു പ്രത്യേക മമത തോന്നിയിരുന്നു. വളരെ ഇളം പ്രായത്തിൽ തന്നെ, ഏഴുവയസ്സു തൊട്ടേ ബുദ്ധിമാനും പ്രത്യുല്പന്ന മതിയുമായ കുട്ടി അനേകം രുചികരമായ വിഭവങ്ങൾ, ചോറ്, കറികൾ, ചട്നി തുടങ്ങിയവ പാകം ചെയ്തുണ്ടാക്കുമായിരുന്നു. ഇവയെല്ലാം പാകം ചെയ്യാൻ രണ്ടു പെൺമക്കൾ സഹായിയ്ക്കാനുണ്ടായിരുന്ന മാതാവിനേക്കാൾ വളരെ കുറച്ചു സമയമേ ആ ബാലന് വേണ്ടിയിരുന്നുള്ളൂ.

ശ്രീകൊണ്ടമ്മ രാജുവിനെക്കൂടുതൽ ആഹ്ലാദിപ്പിച്ചത് മധുരവും ആകർഷണീയവുമായ സ്വരത്തിൽ ആ കൊച്ചുകുട്ടി പാടുകയും, നാടകങ്ങൾ എഴുതുകയും ചെയ്യുമായിരുന്നു, എന്ന വസ്തുതയാണ്. പിന്നീടുള്ള വർഷങ്ങളിൽ ഭഗവാനെ ദർശിക്കാനും അനുഗ്രഹം വാങ്ങാനും എത്തുന്ന ഭക്തന്മാർ മുത്തശ്ശനായ ശ്രീകൊണ്ടമ്മ രാജുവിനേയും സന്ദർശിക്കുമായിരുന്നു. ആ സമയത്ത് വിഭു, തന്റെ കുടുംബത്തിലാണ് ജനിച്ചിരിക്കുന്നത് എന്ന അറിവുകൊണ്ട് അദ്ദേഹത്തിന്റെ നേത്രങ്ങൾ ആനന്ദത്താൽ പ്രകാശിയ്ക്കുമായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ ഗുരുവായ വെങ്കാവധൂതന്റെ വാക്കുകൾ – “ഭൂമീദേവി കരയുന്നു നാരായണൻ ആഗതനാകും, നീ അദ്ദേഹത്തെ ദർശിക്കും. അദ്ദേഹം നിന്നെ വളരെയധികം സ്നേഹിക്കും” എന്ന വാക്കുകൾ ഓർക്കുമായിരുന്നു. അതങ്ങനെതന്നെ സംഭവിച്ചു. നാരായണൻ തന്നെ അദ്ദേഹത്തിന്റെ ഭവനത്തിൽ ശ്രീ സത്യസായി ബാബ എന്ന പേരിൽ ജനിച്ചു. ഇത് അദ്ദേഹത്തിന്റെ അന്ത്യദിനങ്ങൾ അവാച്യമായ ആനന്ദത്താൽ ഭരി തവും ആഹ്ലാദകരവുമാക്കി.

ഭഗവാന്റെ സേവനത്തിൽ മുഴുകിക്കഴിഞ്ഞ ഈ ധന്യജീവിതം 1950 – ൽ ഭഗവാനിൽ ലയിച്ചു. സംപൂജ്യനായ ഈ വയോവൃദ്ധൻ അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങളിൽ പോലും രാമായണത്തിലെ സൂക്തങ്ങൾ പാടിക്കൊണ്ടാണ് അന്ത്യശ്വാസം വലിച്ചത്.

[Source : Lessons from the Divine Life of Young Sai, Sri Sathya Sai Balvikas Group I, Sri Sathya Sai Education in Human Values Trust, Compiled by: Smt. Roshan Fanibunda]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു