ജനനവും ബാല്യവും

Print Friendly, PDF & Email
ജനനവും ബാല്യവും

കാലക്രമേണ ഭഗവാനാൽ തിരഞ്ഞെടുക്കപ്പെട്ട അമ്മയായ ഈശ്വരാമ്മ മറ്റൊരു പുത്രനുവേണ്ടി ആഗ്രഹിച്ചു. അതിനുവേണ്ടി അവർ പ്രാർത്ഥിക്കുകയും സത്യനാരായണ പൂജ ആചരിക്കുകയും ചെയ്തു. ഈ പ്രത്യേക പൂജാവിധികൾ ഭഗവാൻ സത്യനാരായണന്റെ പ്രീതി നേടാനായിരുന്നു. താമസം വിനാ അവർ ഒരു ശിശുവിന്റെ ജനനത്താൽ അനുഗ്രഹിയ്ക്കപ്പെടും എന്നു വ്യക്തമായി.

മുത്തശ്ശനും അദ്ദേഹത്തിന്റെ രണ്ടാൺമക്കൾക്കും താല്പര്യം ഇതിഹാസങ്ങളേയും പുരാണ കഥകളേയും അടിസ്ഥാനമാക്കിയുള്ള ഗ്രാമീണ സംഗീത നൃത്ത ശില്പങ്ങളോടായിരുന്നു. വീട്ടിൽ അഭിനയ പരിശീലനവും നടത്തിയിരുന്നു. ഒരു വലിയ തമ്പുരു ഭിത്തിയിലുള്ള ആണിയിൽ നിന്നും താഴേക്ക് തൂക്കിയിട്ടിരുന്നു. അതിനടിയിൽ താഴെ നിലത്ത് ഒരു മദ്ദളവും ഒരു ചെണ്ടയും സൂക്ഷിച്ചിരുന്നു. ഇവ മിയ്ക്കവാറും സമയം നിശ്ശബ്ദമായിരിക്കും. പക്ഷേ വളരെക്കാലമായി ആഗ്രഹിച്ചിരുന്ന പുത്രന്റെ ജനനം അടുക്കുന്തോറും പലപ്പോഴും പാതിരാത്രികളിലും പുലർകാലങ്ങളിലും ഈ തമ്പുരു വളരെ മധുരമായി മീട്ടുന്ന ശബ്ദവും വളരെ നൈപുണ്യത്തോടെ മദ്ദളം വായിക്കുന്ന ശബ്ദവും കേട്ട് വീട്ടുകാർ ഞെട്ടിയുണരുമായിരുന്നു. ഏതോ വിദഗ്ധ ഹസ്തങ്ങളാൽ അവ വായിയ്ക്കപ്പെടുന്നതുപോലെ തോന്നുമായിരുന്നു.

ഈ ദുരൂഹതകൾക്ക് വിശദീകരണം തേടി ശ്രീപെദ്ദവെങ്കപ്പരാജു ബുക്കപട്ടണത്തിലെ വളരെ പണ്ഡിതനായ ഒരു ശാസ്ത്രിയുടെ അടുക്കലേക്ക് തിരക്കിട്ട് പോയി. ശാസ്ത്രി പറഞ്ഞത് ഇത് ഒരു ശുഭലക്ഷണ മാണെന്നും, ഐക്യവും അച്ചടക്കവും ആനന്ദവും ആദ്ധ്യാത്മിക ഉന്നതിയും പ്രദാനം ചെയ്യുന്ന നന്മനിറഞ്ഞ ഒരു ശക്തിയുടെ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നു എന്നുമായിരുന്നു. അങ്ങനെ 1926 നവംബർ 23 -ാം തീയതി ഒരു പുത്രൻ -ബാബ ജനിച്ചു. പുത്രൻ ജനിക്കേണ്ട സമയമായി എന്ന് തോന്നിയ സമയത്ത് അവർ സത്യനാരായണ പൂജ അനുഷ്ഠിക്കുകയായിരുന്നു. ഉടൻതന്നെ ഈശ്വരാമ്മയുടെ ഭർതൃമാതാവ് ലക്ഷ്മ്മയെ വിവരം അറിയിച്ചു. പക്ഷേ ലക്ഷ്മമ്മ ഇതേ മതപരമായ ചടങ്ങുകൾ നടത്തുന്നതിനുവേണ്ടി പുരോഹിതന്റെ വീട്ടിലേക്കു പോയി രിക്കുകയായിരുന്നു. സത്യനാരായണന്റെ അനുഗ്രഹത്തിൽ അവർക്കു ഉറച്ചതും അചഞ്ചലവും വളരെയധികം അച്ചടക്കത്തോടുകൂടിയ വിശ്വാസവുമുണ്ടായിരുന്നതിനാൽ ഈ വയോവൃദ്ധ അവരുടെ പ്രാർത്ഥനകൾക്ക് തടസ്സമുണ്ടാക്കാൻ അനുവദിച്ചില്ല. പൂജാവിധികൾ എല്ലാം അനുഷ്ഠിച്ചതിനു ശേഷം മാത്രമേ അവർ കുറച്ചു പുഷ്പങ്ങളും വിഗ്രഹത്തിനെ അഭിഷേകം ചെയ്ത പവിത്രമായതീർത്ഥവും കൊണ്ട് വീട്ടിലെത്തിയുള്ളൂ. ഈശ്വരാമ്മ ഈ പുഷ്പങ്ങളെ മുടിയി.

ൽ ചൂടുകയും തീർത്ഥം സേവിക്കുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ ശിശു ഭൂജാതനായി.

ഗ്രാമവാസികൾ ശിവനാമങ്ങൾ ഉരുവിട്ടുകൊണ്ടേയിരുന്നു, കാരണം അത് കാർത്തിക മാസത്തിലെ ഒരു തിങ്കളാഴ്ചയായിരുന്നു. ശിവാരാധനയ്ക്കുവേണ്ടിയുള്ള ദിവസം. അതിലേറെ ശുഭകരവും.

അപൂർവ്വവുമായ ഈ ദിനത്തിൽ തിരുവാതിര നക്ഷത്രവും മാസവും തീയതിയും ഒന്നിച്ചു വരുന്നതു കൊണ്ട് ക്ഷേത്രങ്ങളിൽ വിഭുവിന്റെ പ്രത്യേക പൂജകൾ നടത്തി. ഒരിയ്ക്കലും ക്ഷയിയ്ക്കാത്ത അക്ഷയ വർഷത്തിലാണ് ജനനം.

ശിശുവിന്റെ സൗന്ദര്യം അവർണ്ണനീയമായിരുന്നു. പുരാണളിൽ ചൂണ്ടിക്കാട്ടുന്ന ഒരു അവതാരപുരുഷനു വേണ്ട എല്ലാ അദ്ധ്യാത്മിക ശക്തികളോടും അദ്ദേഹത്തിന്റെ തന്നെ ദിവ്യസങ്കല്പത്തിൽ നിന്നും ഉളവായ അത്ഭുതശക്തികളോടും കൂടിയാണ് ശിശു ജനിച്ചത്.

മുറിയുടെ ഒരു മൂലയിൽ പുതപ്പു വിരിച്ച് ഒരു പായ നിവർത്തിയിട്ടിരുന്നു. മുത്തശ്ശികുഞ്ഞിനെ ആ പായയിൽ കിടത്തി. പെട്ടെന്ന് അവിടെ കൂടിയിരുന്ന സ്ത്രീകൾ വിരിമെല്ലെ താഴേക്കും മുകളിലേക്കും ചലിക്കുന്നതു ശ്രദ്ധിച്ചു. കുഞ്ഞിനെ അവർ കൈയിലെടുത്തപ്പോൾ കണ്ട കാഴ്ച അവരെ അത്ഭുത സ്തബ്ധരാക്കി, വിരിയുടെ അടിയിൽ ആദിശേഷനെപ്പോലെ, മഹാവിഷ്ണുവിന്റെ അവതാരമായ നവജാത ശിശുവിനു ഒരു സർപ്പംമെത്തയാകുകയായിരുന്നു.

സത്യനാരായണ ഭഗവാന്റെ അനുഗ്രഹത്താൽ ജനിച്ച ആ ശിശുവിന് സത്യനാരായണൻ എന്ന് നാമകരണം ചെയ്തു. കാരണം ശിശുവിന്റെ ജനനം ആൺകുഞ്ഞിനുവേണ്ടിയുള്ള സത്യനാരായണ ഭഗവാനോടുള്ള പ്രാർത്ഥന സഫലമായതു കൊണ്ടാണ്. ചടങ്ങുകൾക്കിടയിൽ സത്യനാരായണൻ എന്ന പേര് കർണ്ണങ്ങളിൽ മന്ത്രിച്ചപ്പോൾ ശിശു പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. കാരണം യഥാർത്ഥത്തിൽ സത്യനാരായണന്റെ സങ്കല്പം കൊണ്ടുതന്നെയാണ് ഒരു ശിശുവിന്റെ രൂപത്തിൽ അദ്ദേഹം തന്നെ ജന്മമെടുത്തത്. ’സത്യ’ എന്നാൽ സത്യം എന്നും നാരായണൻ എന്നാൽ നരനിലുള്ള ഈശ്വരൻ എന്നർത്ഥം, കാരണം ബാബയുടെ ജനനം തന്നെ മനുഷ്യനെ സത്യത്തിന്റെ പാതയിൽ കൂടെ നയിയ്ക്കാനും അവന്റെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഈശ്വരനെ കുറിച്ച് ബോധവാനാക്കുവാനുമാണ്.

മുത്തശ്ശൻ കുടുംബ വീട്ടിനടുത്തായി ഒരു ചെറിയ ആശ്രമം നിർമ്മിച്ചു. ശ്രീ കൊണ്ടമ്മരാജുവിന് കാണുവാനും മടിയിലിരുത്തി ലാളിക്കുവാനും വേണ്ടി മുത്തശ്ശി കുഞ്ഞിനെ ആശ്രമത്തിലേക്കു കൊണ്ടു പോകുമായിരുന്നു. അദ്ദേഹം കുഞ്ഞിനെ പൂജാമുറിയ്ക്കകത്തു കൊണ്ടു പോകുമായിരുന്നു. ശിശു അദ്ദേഹത്തിന്റെ പ്രാർത്ഥനയ്ക്കു ശല്യം വരുത്തിയതേ ഇല്ല; മറിച്ച് ശിശുവിന്റെ സാന്നിദ്ധ്യമാണ് അദ്ദേഹത്തിന്റെ മനസ്സിന് ശാന്തിയേകിയതും, ഈശ്വരോന്മുഖമാക്കിയതെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.

 

വളരെ വേഗം കുഞ്ഞ് ആശ്രമത്തിന്റെ മുഴുവനും ഓമനയായി. ശിശുവിന്റെ മനം മയക്കുന്ന പുഞ്ചിരി എല്ലാവരേയും ആകർഷിച്ചു. ഗ്രാമവാസികൾ കുഞ്ഞിനെ താലോലിക്കുവാനും ഭക്ഷണം കഴിപ്പിക്കുവാനും ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ ശ്രീ പെദ്ദവെങ്കട്ടരാജുവിന്റെ വീട്ടിൽ എപ്പോഴും സന്ദർശകരുണ്ടായിരുന്നു. അവരെല്ലാം കുഞ്ഞു കിടക്കുന്ന തൊട്ടിലിനു ചുറ്റും കൂടിയിരുന്നു. ദൈനംദിന കാര്യങ്ങളെല്ലാം കുഞ്ഞിന്റെ ദർശന മാത്രയിൽ മറന്നുപോയിരുന്നു എന്നു തോന്നിക്കു മായിരുന്നു.

schoolരാജുമാരുടെ വീടിന്റെ അടുത്തവീട് പരമ്പരാഗതമായി, ഗ്രാമത്തിലെ കണക്കു സൂക്ഷിപ്പുകാരായ കർണ്ണത്തിന്റേതായിരുന്നു. കർണ്ണം ജാതിയിൽ ബ്രാഹ്മണനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സുബ്ബമ്മ കുഞ്ഞിനെ ലാളിയ്ക്കുകയും ചേർത്തണയ്ക്കുകയും ചെയ്യുമായിരുന്നു. കുഞ്ഞ് വളരെ ആഹ്ലാദവാനാകുകയും സുബ്ബമ്മ അവരുടെ വീട്ടിലേക്ക് കുഞ്ഞിനേയും കൊണ്ടു പോകുകയും ചെയ്യുമായിരുന്നു. സുബ്ബമ്മ വളരെ മുതിർന്ന ഒരു മഹിളയായതിനാലും കുഞ്ഞുങ്ങളില്ലാത്തതിനാലും ഈശ്വരാമ്മയുടെ കരുണനിറഞ്ഞ ഹൃദയം എതിർപ്പു പ്രകടിപ്പിച്ചില്ല. സുബ്ബമ്മയുടെ വീട്ടിലേക്ക് കൊണ്ടുപോകപ്പെടാൻ കാണിക്കുന്ന ചുറുചുറുക്കുകണ്ട് മറ്റ് സ്ത്രീകൾ ഇതൊരു ബ്രാഹ്മണക്കുട്ടിയാണ് എന്ന് പറഞ്ഞു പരിഹസിക്കുമായിരുന്നു. സ്വന്തം വീട്ടിനേക്കാളും കൂടുതൽ സുബ്ബമ്മയുടെ വീട്ടിൽ കുഞ്ഞ് ആഹ്ലാദവാനായിരുന്നു. ഇതുകൊണ്ട് ഗ്രാമത്തിലെ സ്ത്രീകൾ ഈശ്വരാമ്മയെ ദേവകിഎന്നും സുബ്ബമ്മയെ യശോദ എന്നും വിളിക്കാൻ തുടങ്ങി. നാൾതോറും കുഞ്ഞ് എല്ലാപേരുടേയും സ്നേഹവും ശ്രദ്ധയും കൂടുതൽ കൂടുതൽ പിടിച്ചു പറ്റുന്നതു കണ്ട് ഈശ്വരാമ്മ സന്തോഷവതിയായി. അങ്ങനെ കുഞ്ഞ് എല്ലാവർക്കും പ്രിയങ്കരനായിതീർന്നു.

കൊച്ചു സത്യൻ വളർന്നു തുടങ്ങിയപ്പോൾ മുതിർന്നവർ ചെയ്യുന്നതുപോലെ നെറ്റിയിൽ വീതിയിൽ വിഭൂതിക്കുറിചാർത്തുന്നതിൽ ആനന്ദം കണ്ടെത്തി. അവ മാഞ്ഞുപോയാൽ അതിന്റെ സ്ഥാനത്ത് വേറെ ഭസ്മക്കുറിവേണമെന്ന് അദ്ദേഹം നിഷ്ക്കർഷിച്ചു. നെറ്റിയുടെ നടുവിൽ കുങ്കുമപൊട്ടും തൊടും. ഇതിനായി സ്വാമിയുടെ സഹോദരിയുടെ കുങ്കുമച്ചെപ്പ് ചിലപ്പോൾ എടുത്തുകൊണ്ട് പോകുമായിരുന്നു. അദ്ദേഹം, ശിവനും ശക്തിയും – പരമശിവനും അദ്ദേഹത്തിന്റെ ശക്തി യുമായിരുന്നു. അതുകൊണ്ട് പരമശിവന്റെ വിഭൂതി ധരിച്ചു. ശക്തിയ്ക്കുവേണ്ടി സിന്ദുരപ്പൊട്ടും ധരിച്ചു.

മാംസഭക്ഷണത്തോടുള്ള അദ്ദേഹത്തിന്റെ വെറുപ്പും അതിതീവ്രമായിരുന്നു. അതുകൊണ്ട് ആടുമാടുകളെ കൊല്ലുന്ന സ്ഥലങ്ങളിൽ നിന്നും പക്ഷികളെയും മത്സ്യങ്ങളേയും വലവെച്ചുപിടിക്കുന്നിടത്തു നിന്നും അകന്നു നിന്നു. അതുകൊണ്ടുതന്നെ മാംസഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങളുടേയും അടുക്കളയുടേയും അടുത്തുകൂടി പോകില്ലായിരുന്നു. ഏതെങ്കിലും പക്ഷിയെ ഭക്ഷണമുണ്ടാക്കാൻ കൊല്ലാൻ പോകുന്നു എന്നു കേൾക്കുന്ന മാത്രയിൽ തന്നെ ഓടിച്ചെന്ന് ആ പക്ഷിയെ അദ്ദേഹത്തിന്റെ കൈകളിലെടുത്തു അണച്ചു പിടിയ്ക്കുകയും ലാളിക്കുകയും ചെയ്യുമായിരുന്നു. സ്വാമി ഇങ്ങനെ ചെയ്യുന്നതുകൊ ണ്ടെങ്കിലും മറ്റുള്ളവർ അതിനെ കൊല്ലാതെ വെറുതെ വിടും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അങ്ങിനെയുള്ള സമയങ്ങളിൽ അദ്ദേഹം കർണ്ണത്തിന്റെ വീട്ടിലേക്കോടും. കാരണം അവർ സസ്യഭുക്കുകളായിരുന്നു. സുബ്ബമ്മ – സ്വാമിയുടെ യശോദ കൊടുക്കുന്ന ഭക്ഷണം കഴിയ്ക്കകയും ചെയ്യുമായിരുന്നു.

അയൽവാസികൾ അദ്ദേഹത്തെ സാക്ഷാത്കാരം നേടിയ ആത്മാവ് എന്നർത്ഥം വരുന്ന ‘ബ്രഹ്മജ്ഞാനി’ എന്നു വിളിച്ചിരുന്നു. കാരണം അദ്ദേഹം എല്ലാ സൃഷ്ടിജാലങ്ങളോടും പ്രകടിപ്പിച്ചിരുന്ന സ്നേഹം അളവില്ലാത്തതായിരുന്നു. വളരെ ഇളം പ്രായത്തിൽ മുന്നോ നാലോ വയസ്സു പ്രായമുള്ളപ്പോൾ തന്നെ മറ്റുള്ളവരുടെ ദുരിതങ്ങളിൽ കേഴുന്ന ഒരു ഹൃദയം ബാബയ്ക്കുണ്ടായിരുന്നു. പടിവാതിലിൽ ഒരു ഭിക്ഷക്കാരനെ കാണുന്ന മാത്രയിൽ തന്നെ സ്വാമിഓടി അകത്തു ചെന്ന് സഹോദരിയോട് ആ അഗതിക്ക് ഭക്ഷണം കൊടുക്കാൻ ആവശ്യപ്പെടുമായിരുന്നു. ചിലപ്പോൾ അവർക്ക് കോപം വന്ന് ആ അഗതിയെ ആട്ടി ഓടിയ്ക്കുമായിരുന്നു അങ്ങനെയുള്ള സന്ദർഭങ്ങളിൽ ആ ഭിക്ഷക്കാരനെ തിരികെ വിളിച്ച് ഭക്ഷണം കൊടുക്കുന്നതുവരെ സ്വാമി ഉറക്കെക്കര യുമായിരുന്നു. ഇങ്ങനെ ഭിക്ഷക്കാരുടെ ഒരു നിര തന്നെ വാതിൽക്കൽ പ്രത്യക്ഷപ്പെടുമ്പോൾ സ്വാമിയുടെ മാതാവ് ഈശ്വരാമ്മ മുന്നറിയിപ്പ് കൊടുക്കാറുണ്ട് . “നോക്കു സത്യാ! നീ അവർക്ക് ഭക്ഷണം കൊടുത്തു കൊള്ളുക. പകരം നീ പട്ടിണി കിടക്കണം” എന്ന്. പക്ഷേ സ്വാമിയെ ഇത് സ്പർശിച്ചതേയില്ല. വിശക്കുന്നവർക്ക് ഭക്ഷണം നൽകിയിട്ട് സ്വാമി ഭക്ഷണം കഴിയ്ക്കാതിരിക്കും. ഭക്ഷണം കഴിയ്ക്കാൻ എത്ര നിർബന്ധിച്ചാലും സ്വാമി ഭക്ഷണം തൊടുക പോലുമില്ല.

സത്യനെ ഭക്ഷണം കഴിപ്പിക്കാൻ ഒരു രഹസ്യ സന്ദർശകൻ ഉണ്ടായിരുന്നു. ദിവസങ്ങളോളം ഭക്ഷണം കഴിയ്ക്കാതിരുന്നാലും പട്ടിണി കിടന്നതിന്റെ ക്ഷീണം അദ്ദേഹത്തിൽ കാണാനില്ലായിരുന്നു. ഒരു വൃദ്ധൻ സ്വാമിയെ പാലും ചോറും സമൃദ്ധമായി ഊട്ടിയിരുന്നു എന്ന് മാതാവിനോട് സ്വാമി ചൊല്ലുമായിരുന്നു! ഇത് തെളിയിക്കാൻ വേണ്ടി സ്വാമി തന്റെ വലതു കൈ മണപ്പിച്ചു നോക്കാൻ ഈശ്വരാമ്മയോടു പറയുമായിരുന്നു. പലപ്പോഴും ഈശ്വരാമ്മയ്ക്ക് അവർ തന്നെ ഇതുവരേയ്ക്കും ആസ്വദിക്കാത്ത പാലിന്റെയും വെണ്ണയുടേയും നെയ്യിന്റെയും നറുമണം അനുഭവപ്പെടുമായിരുന്നു.

സത്യൻ വളർന്ന് വീട്ടിനു പുറത്തുള്ള വഴികളിൽ കളിയ്ക്കാൻ പോകുമ്പോൾ അവിടെയുള്ള അന്ധന്മാരേയും, മുടന്തന്മാരേയും, രോഗാതുരരേയും, ജോലിചെയ്തു ജീവിക്കാൻ നിവൃത്തിയില്ലാത്തവരേയും തിരഞ്ഞുപിടിച്ചു വീട്ടിൽ കൊണ്ടുവന്ന് സഹോദരിമാർ അവർക്ക് ഭക്ഷണം വിളമ്പുന്നത് നോക്കി നിന്ന് ആനന്ദിയ്ക്കുമായിരുന്നു. സത്യനാരായണനെ, ഗ്രാമത്തിലുള്ള മാതാപിതാക്കന്മാർ ഒരു മാതൃകാ ബാലനായി ചൂണ്ടിക്കാട്ടുമായിരുന്നു. സത്യനാരായണന്റെ കൊച്ചുകൂട്ടുകാർ സത്യനെ ഗുരുവായി കരുതി ആദരിച്ചിരുന്നു. പക്ഷെ കൊച്ചു സത്യന്റെ കുടുംബം വളരെ വിചിത്രമായ രീതിയിലാണ് ഇതിനെക്കുറിച്ചറി യാനിടവന്നത്. രാമനവമി ആഘോഷിക്കുന്ന ഒരു രാത്രിയിൽ വർണ്ണശബളമായ ഘോഷയാത്ര നഗരം ചുറ്റി പ്രദക്ഷിണം ചെയ്തു കൊണ്ടിരുന്നു.

പുഷ്പങ്ങളാൽ അലംകൃതമായ ഒരു കാളവണ്ടിയിൽ ശ്രീരാമന്റെ ചിത്രത്തിനരികിൽ ഒരു പുരോഹിതൻ ഭഗവാന് അർപ്പിയ്ക്കപ്പെടുന്ന പുഷ്പഹാരങ്ങൾ, കർപ്പൂരം തുടങ്ങിയവ ശേഖരിയ്ക്കാൻ ആസനസ്ഥനായിരുന്നു. ഗ്രാമവാസികൾ കുഴലിന്റെയും ഡ്രമ്മിന്റെയും സംഗീതത്തിൽ വളരെ ആഹ്ലാദചിത്തരായിരുന്നു. സത്യന്റെ കുടുംബാംഗങ്ങൾ ഈ സംഗീതവും മറ്റും കേട്ടുണർന്ന് നോക്കിയപ്പോൾ സത്യനെ കാണ്മാനില്ലായിരുന്നു. അവർ പരിഭ്രമിച്ച് സത്യനെ അന്വേഷിക്കാൻ തുടങ്ങി. അപ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു. ഭഗവാൻ ശ്രീരാമന്റെ ചിതം വഹിച്ചു കൊണ്ട് കാളവണ്ടി അവരുടെ വീട്ടുപടിയ്ക്കൽ എത്തിയിരുന്നു. ഈ ശബ്ദം അവരുടെ ശ്രദ്ധയെ ആകർഷിച്ചു. കൊച്ചു സത്യൻ അവിടെ ഗാംഭീര്യത്തോടെ ചിത്രത്തിന്റെ താഴെയിരിക്കുന്ന കാഴ്ച കണ്ട് അവരെല്ലാം അതിശയിച്ചുപോയി. സത്യന്റെ കൊച്ചു കൂട്ടുകാരിൽ നിന്നും സത്യൻ അവിടെയിരിക്കാനുള്ള കാരണവും കൂട്ടുകാർ നടക്കാനുള്ള കാരണവും അവർ അന്വേഷിച്ചറിഞ്ഞു. “സത്യൻ ഞങ്ങളുടെ ഗുരുവാണ്” സത്യത്തിൽ സ്വാമി ഈ ലോകത്തിന്റെ എല്ലാക്കാലത്തേയും ഗുരുതന്നെയാണ്!

പുട്ടപർത്തിയിലെ ഒരു ചെറിയ സ്കൂളിലാണ് കൊച്ചു സത്യൻ മറ്റുകൂട്ടുകാരോടൊപ്പം പഠിച്ചിരുന്നത്. കുട്ടികൾ കൃത്യനിഷ്ഠ ആചരിക്കുന്നതിനു വേണ്ടി ഒരു ശിക്ഷ ഏർപ്പെടുത്തിയിരുന്നു. ക്ലാസ്സ്റൂമിൽ കടന്ന് അദ്ധ്യാപകനെ അഭിവാദനം ചെയ്യുന്ന ആദ്യത്തെ രണ്ടു കുട്ടികളെ ഈ നിയമത്തിൽ നിന്നു ഒഴിവാക്കിയിരുന്നു. പക്ഷേ ബാക്കി ഏതൊക്കെ കുട്ടികളാണോ താമസിച്ചുവരുന്നത് അവർക്കെല്ലാം ചൂരൽ വടികൊണ്ടു അടികിട്ടിയിരുന്നു. ഈ ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി കുട്ടികൾ സൂര്യോദയത്തിനു വളരെ മുൻപുതന്നെ സ്കൂൾ കെട്ടിടത്തിലെ ഒരു അറയ്ക്കുള്ളിൽ മഴയിലും മഞ്ഞിലും ഒത്തുകൂടുമായിരുന്നു. ഇവരുടെ ദയനീയസ്ഥിതി കണ്ട് കൊച്ചു സത്യനാകട്ടെ ടൗവ്വലുകളും ഷർട്ടുകളും അവർക്കു കൊണ്ടുകൊടുക്കുമായിരുന്നു. സത്യന്റെ വീട്ടുകാർ തുണികൾ മുഴുവനും പൂട്ടിവയ്ക്കുമായിരുന്നു. തുണികൾ വാങ്ങി കൊണ്ടിരിക്കാൻ അവർക്കു സാധിക്കില്ലായിരുന്നു.

സത്യനാരായണൻ വളരെയധികം ബുദ്ധിശക്തിയുള്ള ഒരു കുട്ടിയായിരുന്നു. അദ്ദേഹത്തിന്റെ പാഠങ്ങൾ ആരുടേയും സഹായം കൂടാതെ സ്വയം പഠിച്ചിരുന്നു. മറ്റു കുട്ടികളേക്കാൾ വേഗത്തിൽ സത്യൻ പഠിച്ചിരുന്നു. ഗ്രാമത്തിലെ നൃത്ത സംഗീത നാടകങ്ങൾക്കുള്ള ഗാനങ്ങൾ സത്യൻ വീട്ടിൽവച്ച് റിഹേഴ്സൽ നടത്തി തനിയേ പാടുമായിരുന്നു. ഏഴു വയസ്സുള്ളപ്പോഴേ സ്വാമി പൊതുജന മദ്ധ്യത്തിൽ അവതരിപ്പിക്കാനുള്ള പരിപാടികൾക്കുള്ള ഗാനങ്ങൾ സ്വയം രചിക്കുമായിരുന്നു.

എട്ട് വയസ്സായപ്പോൾ ബുക്കപെട്ടണത്തുള്ള ഹയർ എലിമെന്ററി സ്കൂളിൽ പോകാൻ കൊച്ചു സത്യൻ തയ്യാറായിരുന്നു. ഈ സ്കൂൾ പുട്ടപർത്തിയിൽ നിന്നും രണ്ടര മൈൽ അകലെയായിരുന്നു. സ്കൂളിലെത്താൻ കൊച്ചു സത്യന് വെയിലത്തും മഴയത്തും ഈ ദൂരമത്രയും നടക്കേണ്ടിയിരുന്നു. വഴിയിൽ കൽക്കൂമ്പാരങ്ങളും, ചെളിനിറഞ്ഞ വയലുകളും, മുട്ടറ്റം ആഴമുള്ള വെള്ളവും കടക്കേണ്ടിയിരുന്നു. സ്വാമിയുടെ ബുക്കുകൾ നിറച്ച സഞ്ചി തലക്കുമുകളിൽ ഉയർത്തിപിടിച്ചാണ് ഇങ്ങനെ ചെയ്തിരുന്നത്. പ്രഭാതത്തിൽ വളരേനേരത്തേ തന്നെ തണുത്ത ചോറിൽ തൈരൊഴിച്ച് ചട്നി കൂട്ടികഴിച്ച് സ്വാമി സ്കൂളിലേക്കു തിരിക്കുമായിരുന്നു. സ്കൂളിലേക്കുള്ള ദൂരം മുഴുവൻ സത്യനും സത്യന്റെ കൊച്ചുകൂട്ടുകാരും നടക്കുമായിരുന്നു. ഉച്ച ഭക്ഷണം ഒരു സഞ്ചിയിൽ കരുതിയിരുന്നു.

സത്യൻ വളരെ ലാളിത്യമുള്ള കുട്ടിയും സത്യസന്ധനും നല്ല പെരുമാറ്റം, മിത ഭാഷണം തുടങ്ങിയ ഗുണങ്ങൾക്കുടമയുമായിരുന്നു. ക്ലാസ്സിൽ മറ്റുകുട്ടികളേക്കാൾ നേരത്തേ വന്ന് ഈശ്വരന്റെ ഒരു ചിത്രം വച്ചു പൂജിച്ച് ഓരോ തരത്തിലുള്ള പ്രസാദം വിതരണം ചെയ്യുമായിരുന്നു.

സത്യനാരായണൻ ഒഴിഞ്ഞ ബാഗിൽ നിന്നും പുറത്തെടുക്കുന്ന സാധനങ്ങൾക്കു വേണ്ടി കുട്ടികൾ അദ്ദേഹത്തിനു ചുറ്റും കാത്തുനില്ക്കുമായിരു ന്നു. ഇതിനെക്കുറിച്ച് ചോദിക്കുമ്പോൾ ഒരു മാലാഖ വന്ന് സത്യൻ ആവശ്യപ്പെടുന്നതൊക്കെ നല്കുമായിരുന്നു എന്നാണ് അരുൾ ചെയ്തിരുന്നത്. ഒരു അദ്ധ്യാപകന് ഒരിയ്ക്കൽ ആ മാലാഖയുടെ (സത്യന്റെ ദിവ്യ സങ്കല്പം) ത്തിന്റെ ശക്തി അനുഭവിക്കേണ്ടിവന്നു. ഒരു ദിവസം ക്ലാസ്സെടുത്തു കൊണ്ടിരിക്കുമ്പോൾ മറ്റുകുട്ടികൾ ചെയ്യുന്നതുപോലെ, സത്യൻ നോട്ടുകൾ എഴുതി എടുക്കാതെ, പകരം ശ്ലോകങ്ങൾ ഉണ്ടാക്കി അവ മറ്റു കുട്ടികൾക്കു വിതരണം ചെയ്യാനായി കോപ്പികളെടുക്കുന്നത് ശ്രദ്ധയിൽപെട്ട അദ്ധ്യാപകൻ സത്യനാരായണനെ ചോദ്യം ചെയ്തപ്പോൾ, സത്യൻ അരുളിയത് “സർ, എനിക്കു നോട്ടുകൾ എഴുതേണ്ട ആവശ്യമേയില്ല. സർ പഠിപ്പിച്ചതെല്ലാം എനിക്ക് നന്നായി അറിയാം. അങ്ങ് എന്നോട് ഏതുചോദ്യം ചോദിച്ചാലും എനിക്കു ശരിയായ ഉത്തരം പറയാൻ കഴിയും”. പക്ഷേ അദ്ധ്യാപകൻ ഇതൊന്നും ശ്രദ്ധിച്ചതേയില്ല. സത്യന് ശിക്ഷ കൊടുക്കുന്നതിൽ അദ്ദേഹം ഉറച്ചുനിന്നു. അതിനാൽ അദ്ദേഹം സത്യനെ, ആ ദിവസം അവസാന മണി മുഴങ്ങുന്നതു വരെ ബെഞ്ചിന്റെ മുകളിൽ നിർത്തി. സത്യന്റെ സഹപാഠികൾക്ക് അവ രുടെ ‘ഗുരു‘ ബെഞ്ചിൽ നിൽക്കേണ്ടിവന്നു എന്ന ചിന്തതന്നെ ദുഖമുണ്ടാക്കി.

അതേ സ്കൂളിൽ തന്നെ സത്യനാരായണനെ അതിരറ്റു സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ജനാബ് മഹബൂബ്ഖാൻ എന്നൊരു അദ്ധ്യാപകനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് അദ്ധ്യാപനം വളരെ നല്ല രീതിയിലായതിനാൽ ഓരോ കുട്ടിക്കും അദ്ദേഹം പഠിപ്പിച്ചിരുന്ന ഓരോപാഠവും ഹൃദിസ്ഥമായിരുന്നു. മറ്റുള്ള കുട്ടികൾക്ക് നല്ല ഒരു മാതൃകകാട്ടിയിരുന്നതിൽ നിന്നും സത്യൻ ഏതോ ഒരു മഹത്തായ ശക്തിയാണെന്നും മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ സത്യനോടു അദ്ദേഹത്തിന് വളരെ അപൂർവ്വമായിട്ട് മാത്രം തോന്നാവുന്ന ഒരു തരം വാത്സല്യം തോന്നിയിരുന്നു. അതുകൊണ്ട് സത്യനാരായണനെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നതിന് മുൻപ്, സത്യന് മാംസ ഭക്ഷണത്തോടുള്ള വെറുപ്പ് മനസ്സിലാക്കി വീടും പരിസരങ്ങളും ശുചിയാക്കിയിട്ടുമാത്രമെ ഭക്ഷണത്തിന് ക്ഷണിയ്ക്കാറുണ്ടായിരുന്നുള്ളൂ. സത്യനോടൊപ്പം സമയം ചിലവഴിച്ചുകൊണ്ട് അദ്ദേഹത്തിന്റെ തലമുടി തലോടി ഉഴിഞ്ഞുകൊണ്ട് മഹബൂബ്ഖാൻ മന്ത്രിക്കുമായിരുന്നു “ഓ സത്യാ! അങ്ങ് ഒരു അത്ഭുത ബാലൻ തന്നെയാണ്! അങ്ങ് ആയിരങ്ങളെ സഹായിക്കും. അങ്ങ് വലിയ ഒരു ശക്തിതന്നെയാണ്!”.

അദ്ദേഹം ക്ലാസ്സുറൂറൂമിൽ പ്രവേശിച്ച മാത്രയിൽ തന്നെ അദ്ദേഹത്തിന്റെ കൊച്ചു വിദ്യാർത്ഥി ബെഞ്ചിന്റെ പുറത്ത് നില്ക്കുന്നതുകണ്ടു വേദനിച്ചു. സത്യനു ശിക്ഷ നൽകിയ അദ്ധ്യാപകൻ അടുത്ത അദ്ധ്യാപകന് കസേര ഒഴിഞ്ഞുകൊടുക്കേണ്ട സമയമായിട്ടും കസേരയിൽ തന്നെ ഇരിക്കുന്നതും ശ്രദ്ധിച്ചു. അദ്ധ്യാപകൻ രഹസ്യമായി മെഹബൂബ്ഖാനോടു പറഞ്ഞത് അദ്ദേഹം എഴുന്നേൽക്കുമ്പോൾ കസേരയും ഒട്ടിപ്പിടിച്ചു കൂടെ വരികയാണ് എന്നാണ്. രഹസ്യമായി പറഞ്ഞ ഈ കാര്യം കുട്ടികൾ കേട്ടു. അദ്ധ്യാപകന് ഈ ഗതിയുണ്ടായത് സത്യന്റെ “മാലാഖ” കാരണമാണെന്നു കരുതി ശബ്ദമുണ്ടാക്കാതെ അവർ ചിരിച്ചു. മെഹബൂബ്ഖാനും അങ്ങിനെ തന്നെ ചിന്തിച്ചതിനാൽ ആ അദ്ധ്യാപകനോട് തന്നെ കസേരയിൽ നിന്ന് വിടുവിക്കാൻ സത്യനോടു അപേക്ഷിക്കാൻ പറഞ്ഞു. അങ്ങിനെ ചെയ്തപ്പോൾ കസേര അദ്ദേഹത്തിൽ നിന്നും വേർപെട്ടു താഴെ വീണു.

വർഷങ്ങൾക്കു ശേഷം ഈ സംഭവത്തെക്കുറിച്ചു പറഞ്ഞപ്പോൾ സ്വാമി അരുളിചെയ്തത് സ്വാമിയ്ക്ക് ആ അദ്ധ്യാപകനോട് യാതൊരു വിധ ദേഷ്യവുമില്ലായിരുന്നു എന്നാണ്. അങ്ങിനെയൊക്കെ സംഭവിച്ചത് സ്വാമിയുടെ ദിവ്യത്വം ബോദ്ധ്യപ്പെടുത്തി സ്വാമിയുടെ ദൗത്യത്തെക്കുറിച്ചും നിജ സ്വരൂപത്തെപറ്റിയുമുള്ള വെളിപ്പെടുത്തലിനുവേണ്ടി മനുഷ്യ മനസ്സിനെ സജ്ജമാക്കാനാണ് എന്നാണ്. സ്വാമി സ്വന്തം ജ്ഞാനവും പരിശുദ്ധിയും കൊണ്ടുനേടിയ ‘ബ്രഹ്മജ്ഞാനി‘ അഥവാ ‘ബ്രഹ്മത്തെ അറിഞ്ഞവൻ‘ എന്ന പേര് അന്വർത്ഥമാക്കും വിധം ആയിരുന്നു സത്യനാരായണന്റെ ജീവിതവും സന്ദേശങ്ങളും. ഈ ലോകത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളും മറ്റും, പ്രാർത്ഥനയിലൂടെയും ഭജനകളിലൂടെയും ഭക്തിയിലൂടെയും സംതൃപ്തിയിലൂടെയും നേടിയ പരമാനന്ദത്തേക്കാൾ എത്രയോ താണതാണെന്ന് ലോകത്തിന് മനസ്സിലാക്കികൊടുത്തു. പാവനമായ ഈ തത്വം ഉൾക്കൊണ്ടിരുന്ന പുണ്യവാന്മാരായ ഋഷിമാരെക്കുറിച്ചുള്ള കഥകൾ ചൊല്ലിക്കൊടുക്കുന്നതിൽ സത്യൻ ആഹ്ലാദം കണ്ടെത്തിയിരുന്നു. ആ ചെറുപ്രായത്തിൽ പോലും സത്യനാരായണന്റെ സുഹ്യത്തായി അംഗീകാരം കിട്ടി അദ്ദേഹത്തിന്റെ ഒഴിഞ്ഞ സഞ്ചിയിൽ നിന്നും എടുക്കുന്ന മധുര പലഹാരങ്ങൾ കിട്ടണമെങ്കിൽ ഓരോകുട്ടിയും ശുചിത്വവും സത്യസന്ധതയും പാലിയ്ക്കണമായിരുന്നു.

[Source : Lessons from the Divine Life of Young Sai, Sri Sathya Sai Balvikas Group I, Sri Sathya Sai Education in Human Values Trust, Compiled by: Smt. Roshan Fanibunda]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: