മനുഷ്യസേവനം തന്നെ ഈശ്വരസേവനം
മനുഷ്യസേവനം തന്നെ ഈശ്വരസേവനം
ചെരുപ്പുകുത്തിയായ മാർട്ടിൻ ഉറങ്ങാൻ കിടക്കുമ്പോൾ ബൈബിൾ പുസ്തകം നെഞ്ചിൽ വച്ചിരുന്നു. മനസ്സിൽ “നോക്കു ഞാൻ വാതുക്കൽ നിന്നു മുട്ടുന്നു, ആരെങ്കിലും അതുകേട്ട് വാതിൽ തുറക്കുന്നെങ്കിൽ ഞാൻ അകത്തുവരും. അവനും ഒന്നിച്ച് ആഹാരം കഴിക്കും. എന്നോടൊത്ത് അവനും” എന്നുള്ള ക്രിസ്തുവിന്റെ വാക്കുകളും ഉണ്ടായിരുന്നു.
“പരിവർത്തനം ചെയ്യപ്പെടുന്നവനെ എന്റെ സിംഹാസനത്തിൽ എന്നോടൊന്നിച്ച് ഇരിക്കാൻ ഞാൻ അനുവദിക്കുന്നു; എന്റെ പിതാവിന്റെ സിംഹാസനത്തിൽ അദ്ദേഹ ത്തോടൊന്നിച്ച് പരിവർത്തനം ചെയ്യപ്പെട്ട ഞാൻ ഇരിക്കുന്നതുപോലെ, ‘എന്നും ഉള്ള വചനങ്ങൾ ഉണ്ടായിരുന്നു.
അന്നുരാത്രിയിലെ ഉറക്കത്തിൽ അവന്റെ മുമ്പിൽ ദൈവം പ്രത്യക്ഷപ്പെട്ടിട്ട്,
അടുത്ത ദിവസം അവനെ സന്ദർശിക്കുമെന്ന് വാഗ്ദാനം ചെയ്തു. അടുത്ത ദിവസം രാവിലെ ദിനകൃത്യങ്ങൾ നിർവ്വഹിച്ചശേഷം ഇരട്ടി അളവിൽ ആഹാരം കരുതിവച്ച് ദൈവത്തിന്റെ ആമഗനം പ്രതീക്ഷിച്ച് സ്വാഗതം ആശംസിക്കുന്ന കണ്ണുകളുമായി അയാൾ കാത്തിരിക്കുകയാണ്. അപ്പോഴും ഹിമനിപാതം തുടർന്നുകൊണ്ടേയിരിക്കുകയാണ്. ആ സമയത്ത് മാർട്ടിൻ ആദ്യമായി കണ്ടത് വൃദ്ധനായ ഒരു മുനിസിപ്പൽ തൂപ്പു ജോലിക്കാരനെയാണ്. ജനങ്ങൾ ഉണർന്ന് വാതിലുകൾ തുറക്കുന്നതിനുമുമ്പ് ഇയാൾക്ക് ജോലി പൂർത്തിയാക്കേണ്ടതുണ്ട്. അകത്ത് കമ്പിളിവസ്ത്രങ്ങൾക്കുള്ളിൽ അഗ്നി കുണ്ഡത്തിനടുത്ത് സുഖനിദ്ര ചെയ്യുന്നവരുടെ ജന്നലുകളും വാതിൽ പടികളും വൃത്തിയാക്കുന്നതിന് വൃദ്ധനായ ഈ മനുഷ്യൻ മരവിച്ചുകൊണ്ടു പണിയെടുക്കു ന്നതിന്റെ വൈരുദ്ധ്യം മാർട്ടിന്റെ മനസ്സിൽ തറച്ചു.
വൃദ്ധന് തൽക്കാലാശ്വാസം കൊടുക്കുന്നതിനുവേണ്ടി മാർട്ടിൻ അയാളെ വിളിച്ചു വരുത്തി, തന്റെ പങ്ക് ചായ കൊടുത്തു സൽക്കരിച്ച്, സ്വന്തം ഇരുമ്പടുപ്പിനു സമീപം ഇരുത്തി അല്പം ചൂട് ആസ്വദിക്കുന്നതിന് അനുവദിച്ചു. ഇതൊക്കെ അയാൾ സ്വീകരിച്ചു നന്ദി പറഞ്ഞു പുറത്തുപോയി.
അടുത്തതായി മാർട്ടിൻ വാതിലിനു പുറത്തു കണ്ടത് ഒരു വൃദ്ധയെ ആണ്. തണുപ്പും വിശപ്പും കാരണം ഒരു ചുവടു മുന്നോട്ടുവയ്ക്കുവാൻ കഴിവില്ലാത്ത അവർ ക്ഷീണിതയായിരുന്നു. അവരെയും അകത്തു ക്ഷണിച്ചിരുത്തി തന്റെ പങ്ക് ആഹാരവും, അവർക്ക് ശരീരം തണുക്കാതെയിരിക്കുന്നതിന് സ്വന്തം കമ്പിളി പുതപ്പും കൊടുത്തു. മാർട്ടിനെ ആശീർവദിച്ചശേഷം വൃദ്ധയും കടന്നുപോയി.
ഒരു സാധു സ്ത്രി വിശന്നുകരയുന്ന ഒരു കുഞ്ഞിനെയും താങ്ങി ആ വഴി പോകുന്നതാണു പിന്നീടു മാർട്ടിൻ കണ്ടത്. അവളെ ക്ഷണിച്ചുവരുത്തി ദൈവത്തിനു കരുതിവച്ചിരുന്ന ഭക്ഷണം അവൾക്കും, പാൽ കുഞ്ഞിനും കൊടുത്തു. തന്റെ പരേതയായ പത്നിയുടെ വസ്ത്രങ്ങൾ അവിടെ ഉണ്ടായിരുന്നതും കൂടി ആ സാധു സ്ത്രീക്ക് നൽകി. നന്ദിപൂർവ്വം ഇവ സ്വീകരിച്ച് യാത്ര പറഞ്ഞ് അവൾ പോയി.
സൂര്യാസ്തമയം അടുത്തു. ഇനി ഇന്ന് ദൈവത്തിനെ പ്രതീക്ഷിക്കേണ്ടതില്ലെന്നു വിശ്വസിച്ച് മാർട്ടിൻ ഇച്ഛാഭംഗത്തോടും സങ്കടത്തോടും ചാരികിടന്നു. ഒരു പക്ഷേ ദൈവം അപ്പോൾ വന്നാലോ? എന്തു സൽക്കാരം ചെയ്യാനൊക്കും? പാലോ മറ്റ് ആഹാര പദാർത്ഥമോ ഇനി ബാക്കിയില്ല. ഈ വിചാരം അയാൾക്ക് മനോവേദന ഉണ്ടാക്കി. മനസ്സിൽ അന്ധകാരം നിറഞ്ഞു. നേരം രാത്രിയായി ലോകം മുഴുവൻ ഇരുളിൽ ആണ്ടു. അപ്പോൾ ആരോ നടക്കുന്ന ശബ്ദം പുറത്തുകേട്ടു. തൽസമയം തന്നെ അയാളുടെ കൂടിലിനകത്ത് അസാധാരണമായ പ്രകാശം വ്യാപിച്ചു. അയാൾ വിളക്കു കത്തിച്ചിരുന്നില്ല എന്നതുകൊണ്ട് പ്രത്യേകിച്ച് ഈ പ്രകാശം കണ്ട് അയാൾ അത്ഭുതപ്പെട്ടുപോയി.
ആ പ്രഭാവലയത്തിനുള്ളിൽ വിറച്ചുകൊണ്ട് മുനിസിപ്പൽ ജോലിചെയ്തിരുന്ന കിഴവനെ മാർട്ടിൻ കണ്ടു. നന്ദി പറഞ്ഞ് ആ കിഴവൻ മറഞ്ഞു. അടുത്തതായി ആ വൃദ്ധയുടെ രൂപം അയാൾക്ക് കാണാറായി. അവരും ആശീർവദിച്ചതിനുശേഷം മറഞ്ഞു. ഇവരൊക്കെ ആരാണ്? ഇക്കണ്ടതൊന്നും യാഥാർത്ഥ്യമായിരുന്നില്ലേ. അവരെല്ലാം തന്നെ ദൈവമായിരുന്നു. സൽക്കാരം സ്വീകരിച്ചവരെല്ലാം തന്നെ ഈശ്വരൻ തന്നെ എന്ന് തെളിയിക്കപ്പെട്ടു. “അവരൊക്കെ ഞാൻ തന്നെ’ എന്ന് ദൈവം അകലെ നിന്നു പറഞ്ഞുകൊണ്ട് ആശ്ലേഷിച്ച് അനുഗ്രഹിച്ചിട്ട് അദൃശ്യമായി.
ചോദ്യങ്ങൾ :
- മാർട്ടിൻ ഏതുതരത്തിലുള്ളവനായിരുന്നു ?
- നിദ്രയിൽ കിടന്ന മാർട്ടിനോട് ഈശ്വരൻ എന്തു പറഞ്ഞു ?
- മുൻസിപ്പൽ ജോലിക്കാരനെ എങ്ങനെ മാർട്ടിൻ സൽക്കരിച്ചു ?
- അടുത്തതായി അയാൾ ആരെയാണ് കണ്ടത് ?
- ഈ കഥയിൽ നിന്ന് നിങ്ങൾക്ക് എന്താണ് പഠിക്കാനുള്ളത് ?
[Source – Stories for Children – II, Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam]