ദിവ്യത്വത്തിന്റെ പ്രഖ്യാപനം
1940 മാർച്ച് 8-ാം തീയതി സത്യനെ ഒരു വലിയ കരിന്തേൾ കടിച്ച വിവരമറിഞ്ഞ് എല്ലാവരും സ്തംഭിച്ചുപോയി, സത്യനെ കടിച്ച തേളിനേയോ പാമ്പിനെയോ കണ്ടു പിടിയ്ക്കാൻ സാധിച്ചില്ലെങ്കിലും- സത്യൻ അബോധാവസ്ഥയിലായി നിലത്തു വീണു. ശരീരം ആകെ വെറുങ്ങലിച്ചിരുന്നു. ശേഷമ്മരാജു സത്യനെ ചികിത്സിക്കാനായി ഒരു ഡോക്ടറെ കൊണ്ടു വന്നു. രണ്ടു ദിവസം കഴിഞ്ഞശേഷം സത്യന് ബോധം തിരിച്ചു കിട്ടി. പക്ഷേ അതിനുശേഷം പെരുമാറ്റം വിചിത്രമായ രീതിയിലായിരുന്നു. ഉടൻതന്നെ പുട്ടപർത്തിയിലുള്ള സ്വാമിയുടെ മാതാപിതാക്കളെ ശേഷമ്മരാജു വിവരമറിയിച്ചു.
ഇന്ന് സ്വാമി അബോധാവസ്ഥയിലായാൽ മറ്റെവിടെയോ ഉള്ള ഭക്തനെ രക്ഷിയ്ക്കാൻ അദ്ദേഹം ഭൗതിക ശരീരം ഉപേക്ഷിയ്ക്കുന്നു എന്ന് നമുക്കറിയാം. ചിലപ്പോൾ മറ്റൊരു ഭക്തന്റെ രോഗം സ്വയം ഏറ്റെടുക്കുന്നതായും നമുക്കറിയാം. കാരണം എന്തെങ്കിലും പ്രത്യേക നിയോഗം ഏറ്റെടുക്കാനുള്ള ഭക്തൻ സ്വാമിയുടെ സഹായമില്ലെങ്കിൽ രോഗാവസ്ഥയിൽ ചിലപ്പോൾ മരിച്ചു പോകാം, അയാളുടെ നിയോഗം പൂർത്തിയാക്കാൻ കഴിയാതെപോകും.
പക്ഷേ ആ കാലഘട്ടത്തിൽ സത്യനു ചുറ്റുമുള്ള ആളുകൾക്ക് കാര്യം അറിയാമായിരുന്നില്ല. അതുകൊണ്ടു തന്നെ അങ്ങിനെയുള്ള കാര്യങ്ങൾ സംഭവിയ്ക്കുമ്പോൾ അവർ അമ്പരന്നു പോകുമായിരുന്നു. സത്യന്റെ മാതാപിതാക്കൾ ഒരാഴ്ച കഴിഞ്ഞാണെത്തിയത്. (കാരണം അക്കാലത്ത് വാർത്താവിനിമയ സൗകര്യം വളരെ മെല്ലെയായിരുന്നു). സത്യന്റെ അവസ്ഥ കണ്ടും കേട്ടും അവർ വല്ലാത്ത ആശയക്കുഴപ്പത്തിലായി, ചിലപ്പോൾ സത്യൻ വളരെമൂകനായിരിക്കും മറ്റു ചിലപ്പോൾ പെട്ടെന്ന് ഗാനങ്ങളും കവിതകളും ആലപിയ്ക്കാൻ തുടങ്ങും. ഇനിയും ചിലപ്പോൾ വളരെ ദീർഘമായ സംസ്കത ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങും അല്ലെങ്കിൽ പുരാണങ്ങളിലെ തത്വശാസ്ത്രങ്ങൾ വിശദീകരിയ്ക്കാൻ തുടങ്ങും.
ഒരു ദിവസം വിശ്രമിയ്ക്കുകയായിരുന്നു എന്ന് മറ്റുമുള്ളവർ ക്ക് തോന്നിപ്പിച്ചിരുന്ന സത്യൻ പെട്ടെന്ന് ആജ്ഞാപിച്ചു. “അടുത്ത വീട്ടിൽ സംസ്കൃത പുസ്തകം വായിക്കുന്ന ആൾ എല്ലാം തെറ്റായി വായിച്ചു വ്യാഖ്യാനിയ്ക്കുന്നു. അയാളെ ഉടൻ ഇവിടെ കൊണ്ടുവരണം.” വായിച്ചു കൊണ്ടിരുന്ന ആൾ ഈ ചെറിയ കുട്ടിയുടെ വാക്കുകൾ കേട്ട് ക്ഷുഭിത നായി തിരിച്ചടിച്ചു. “അയാൾക്ക് എങ്ങിനെ ഞാൻ ചൊല്ലിക്കൊടുക്കുന്ന അർത്ഥം ശരിയാണോ; തെറ്റാണോ എന്നറിയാം?” അയാൾ എങ്ങിനെ അത് ശ്രവിച്ചു. അയാൾ അയാളുടെ കാര്യം മാത്രം നോക്കിയാൽ മതി എന്നു പറയുക.
പക്ഷേ സത്യൻ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയും അദ്ദേഹത്തിന്റെ മാതാപിതാക്കളെ തൃപ്തിപ്പെടുത്താൻ മാത്രമായി ആ പണ്ഡിതൻ സത്യന്റെ അടുക്കൽ വരികയും ചെയ്തു. സത്യനെ വിനയത്തിന്റെ ആദ്യപാഠം പഠിപ്പിയ്ക്കാനായി വരണമെന്ന് മാതാപിതാക്കൾ താഴ്മയായി അപേക്ഷിച്ചതുകൊണ്ടാണ് അയാൾ വന്നത്. പണ്ഡിതനെക്കണ്ട്, സത്യൻ അയാൾ വായിച്ചിരുന്ന ഒരു ഭാഗം ആവർത്തിയ്ക്കാൻ പറഞ്ഞു. പണ്ഡിതന് എവിടെയാണ് തെറ്റുപറ്റിയതെന്ന് സത്യൻ വ്യക്തമാക്കിക്കൊടുത്തു. ഇതിഹാസങ്ങളിൽ നിന്നും കുറെ ചോദ്യങ്ങൾ ചോദിയ്ക്കുകയും ചെയ്തു. നിശ്ശേഷം തോൽവി സമ്മതിച്ച പണ്ഡിതൻ സത്യന്റെ പാദങ്ങളിൽ വീണ് സത്യൻ ആജ്ഞാപിച്ച ഉടൻ തന്നെ എത്തിച്ചേരാത്തതിൽ മാപ്പപേക്ഷിച്ചു.
സത്യനെ ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസറെ കാണിച്ചിട്ടും പ്രയോജനമുണ്ടായില്ല. സത്യൻ ഈശ്വരനെകുറിച്ച് പാടുകയും സംസാരിക്കുകയും ചെയ്തു. ആരും തന്നെ പോയിട്ടില്ലാത്ത തീർത്ഥാടന കേന്ദ്രങ്ങളെ കുറിച്ചും സംസാരിച്ചു. ജീവിതമേ ഒരു നാടകം! എന്നു പ്രഖ്യാപിച്ചു. ഇതു തുടർന്നുകൊണ്ടേയിരുന്നു. സത്യൻ മാതാപിതാക്കളോട് തന്നെ ഓർത്ത് വിഷമിക്കണ്ട എന്നും, ഇനി ഒന്നും തന്നെ ചെയ്യാനില്ല എന്നും ഉറപ്പ് കൊടുത്തു. സത്യൻ എന്തുതന്നെ അരുളിയാലും, മനസ്സാന്നിദ്ധ്യം നഷ്ട്ടപെട്ട മാതാപിതാക്കൾ സത്യനെ പുട്ടപർത്തിയിലേക്ക് കൊണ്ടുപോയി.
അജ്ഞരും ഗ്രാമീണരുമായ അവർക്ക് ഒട്ടും തന്നെ പരിചയമില്ലാത്ത രോഗങ്ങളോടുള്ള സമീപനം ഭയാനകവും, അന്ധവിശ്വാസജടിലവുമായിരുന്നു. സത്യനെ ബ്രാഹ്മണപ്പള്ളി ഗ്രാമത്തിൽ ഒരു ശക്തിയുള്ള വൈദ്യന്റെയടുത്തേക്ക് കൊണ്ടുപോയി ചികിത്സിക്കാൻ മാതാ പിതാക്കളെ ഉപദേശിച്ചു. ആ വൈദ്യൻ പല വിധത്തിലും സത്യനെ ചികിൽസിക്കുകയുണ്ടായി. ചികിത്സയുടെ ഭാഗമായി സത്യന്റെ തലമുടി മുഴുവൻ വടിച്ചിട്ട് മൂർച്ചയുള്ള ഉപകരണം കൊണ്ട് തലയിൽ വരഞ്ഞു.
അയാൾ നാരങ്ങ, വെളുത്തുള്ളി പലതരം ഫലങ്ങൾ എന്നിവയുടെ നീരെടുത്തു ആ മുറിവുകളിൽ ഒഴിച്ചു. സത്യൻ ഈ വേദനകളെല്ലാം ക്ഷമാപൂർവ്വം സഹിയ്ക്കുന്നതു കണ്ട് മാതാപിതാക്കൾ അതിശയിച്ചു. സത്യൻ ഒരു തുള്ളി കണ്ണീർ വീഴ്ത്തുകയോ ഭയന്നു പിൻമാറുകയോ ചെയ്തില്ല. അവസാനം ക്ഷമ നശിച്ച് വളരെയധികം കോപത്തോടെ എന്തൊക്കെയോ എരിവുള്ള നീറുന്ന സാധനങ്ങൾ അയാൾ സത്യന്റെ കണ്ണിൽ പൂശി. സത്യന്റെ തലയും മുഖവുമെല്ലാം തിരിച്ചറിയാൻ കഴിയാത്തവിധം നീര് വന്നു വീർത്തു. കണ്ണുകളിൽ നിന്നും ധാരധാരയായി നീരൊഴുകുകയും ശരീരമാകെ വിറയ്ക്കുകയും ചെയ്തു. സത്യന്റെ മാതാപിതാക്കളും മനസ്സിനേറ്റ അതികഠിനമായ വേദനയാൽ കരയാൻ തുടങ്ങി. പക്ഷേ സത്യനാകട്ടെ വളരെ ശാന്തനായിരുന്നു. അവരോടു മുറിയ്ക്ക പുറത്തു പോയി സത്യനെ കാത്തു നില്ക്കാൻ ആംഗ്യം കാട്ടി. വൈദ്യൻ അറിയാതെ സത്യനും മുറിയ്ക്കു പുറത്തു കടന്ന് അവരോടു അദ്ദേഹത്തിനറിയാവുന്ന ഒരു പ്രതിവിധികൊണ്ടുവരാൻ അരുളി ചെയ്തു. അതു കൊണ്ട് വന്ന് അദ്ദേഹത്തിന്റെ കണ്ണിൽപൂശി. നീര് കുറഞ്ഞു. അവരെല്ലാം ആശ്വസിച്ചു.
ഈ പീഢനത്തിലുടനീളം സത്യന് യാതൊരു വേദനയും അനുഭവപ്പെടാതെ അദ്ദേഹം പുഞ്ചിരിച്ചു കൊണ്ടിരുന്നു. കാരണം അദ്ദേഹം ശരീരബോധത്തിൽ നിന്നും വിമുക്തനായിരുന്നു. മാതാപിതാക്കളോട് അദ്ദേഹം അരുളി.
ഇപ്പോൾ ഞാൻ ആരാണെന്ന് നിങ്ങൾക്കു ബോധ്യമായില്ലേ? എന്റെ ദിവ്യത്വം നിങ്ങൾക്കു ബോധ്യപ്പെടുത്താൻ വേണ്ടി ഞാൻ തന്നെയാണ് ഇതെല്ലാം സംഭവിപ്പിച്ചത്. ഒരു സുപ്രഭാതത്തിൽ ഞാൻ സായി ബാബയാണെന്ന് പ്രഖ്യാപിച്ചെങ്കിൽ നിങ്ങളുടെ പ്രതികരണം എന്താകുമായിരുന്നു? ക്ലേശങ്ങൾ, വേദന, ആഹ്ലാദം ഇവയൊന്നും തന്നെ എന്നെ ബാധിക്കുകയില്ല.
പക്ഷേ മാതാപിതാക്കൾക്ക് സത്യന്റെ ക്ലേശങ്ങൾ സഹിയ്ക്കാൻ കഴിയാതെ അടുത്ത ദിവസം തന്നെ സത്യനെ പുട്ടപർത്തിയിലേക്ക് കൊണ്ടുപോയി. കോപിഷ്ടനായ ‘ഡോകടറെ’ ധാരാളം കാശു കൊടുത്ത് സമാധാനിപ്പിച്ചു.
രാജു കുടുംബത്തിന്റെ സുഹൃത്തായ ഒരു വക്കീൽ സത്യന്റെ ഭവനത്തിൽ എത്തി. സാഹചര്യങ്ങൾ വിലയിരുത്തി സത്യനെ എത്രയും പെട്ടന്ന് നരസിംഹം സ്വാമി ക്ഷേത്രത്തിൽ എത്തിയ്ക്കാൻ പറഞ്ഞു. ഇങ്ങനെ ഗൗരവതരമായ ഒരു സാഹചര്യത്തിൽ നരനും സിംഹവും ഒന്നിച്ച നരസിംഹസ്വാമി ക്ഷേത്രത്തിലെ വിഗ്രഹത്തിനു മുന്നിൽ അഭയം തേടാൻ പറഞ്ഞു.
“ഇതു നല്ലതമാശയാണല്ലോ” അയാളുടെ വാക്കുകൾ കേട്ട് സത്യൻ കളിയാക്കി. “ഞാൻ ഇപ്പോൾ തന്നെ ക്ഷേത്രത്തിലുണ്ട്. നിങ്ങൾക്ക് എന്നെ എന്റെ അടുത്തേയ്ക്കു തന്നെ കൊണ്ടു പോകണമെന്നാണോ?” വക്കീൽ നിശബ്ദനായി തിരിച്ചു പോയി.
1940 മേയ് 23-ാം തീയതി സത്യൻ കുടുംബാംഗങ്ങളെയെല്ലാം അദ്ദേഹത്തിനു ചുറ്റും വിളിച്ചു കൂട്ടുകയും അവർക്കെല്ലാം കൽക്കണ്ടവും പുഷ്പങ്ങളും. ഹസ്തചലനം കൊണ്ട് സൃഷ്ടിച്ച് വിതരണം ചെയ്യുകയും ചെയ്തു. ഇതു കണ്ട് അയൽവാസികളെല്ലാം ഓടി അടുത്തു വന്നു. അവർക്കെല്ലാം ഹസ്തചലനത്താൽ സത്യൻ സൃഷ്ടിച്ച, പാലിലും കൽക്കണ്ടത്തിലും, പുഷ്പങ്ങളിലും കുഴച്ച ഓരോ ഉരുള ചോറ് നൽകി. സത്യൻ വളരെ പ്രസന്നനായിരുന്നു. ഈ കാഴ്ച കണ്ട് ആരോ സത്യനിൽ വന്ന മാറ്റം കാണാൻ ശ്രീവെങ്കപ്പ രാജുവിന് ആളയച്ചു. ശ്രീവെങ്കപ്പ രാജുവിനു ആൾക്കുട്ടത്തിലൂടെ സത്യന്റെ സമീപത്തെത്താൻ വളരെ ബുദ്ധിമുട്ടേണ്ടി വന്നു. “വരപ്രദായകനെ” സമീപിയ്ക്കുന്നതിനുമുൻപ് കൈയും കാലും മുഖവും കഴുകി ശുദ്ധിവരുത്താൻ അവിടെ കൂടിയ ജനങ്ങൾ ശ്രീവെങ്കപ്പ രാജുവിനെ ഉപദേശിച്ചു. അദ്ദേഹം വളരെ കോപിഷ്ഠനായി. അദ്ദേഹത്തിന്റെ മനം നിറയെ സംശയങ്ങളും വിഭ്രാന്തിയുമായിരുന്നു. അന്ധാളിച്ചുപോയ അദ്ദേഹം ഒരു വടിയെടുത്തുകാട്ടി. സത്യനെ ഭയപ്പെടുത്തുകയും ഇങ്ങനെ ചോദിക്കുകയും ചെയ്തു. “നീ ഒരു ദൈവമോ അതോ ബാധയോ അതോ ഒരു സാഹസികനോ? പറയൂ?” “ഞാൻ സായിബാബയാണ്” എന്ന ഉത്തരവും കിട്ടി. പിതാവ് സ്തബ്ധനും മൂകനുമായിപ്പോയി. അദ്ദേഹത്തിന്റെ കൈയിൽ നിന്നും വടി ഊർന്ന് താഴെ വീണു. സത്യൻ തുടർന്നു.
“ഞാൻ ആപസ്തംഭ സൂത്രത്തിലും ഭരദ്വാജ ഗോത്രത്തിലും ജനിച്ചവനാണ് (ഈ വാക്കുകൾ ഷിർദ്ദിസായിബാബയും അരുളിയിട്ടുണ്ട്.) ഞാൻ ക്ലേശങ്ങൾ തുടച്ചു മാറ്റാൻ ആഗതനായതാണ്. നിങ്ങളുടെ മനസ്സും ഭവനങ്ങളും വെടിപ്പായും പവിത്രമായും സൂക്ഷിക്കുവിൻ.”
ജേഷ്ഠൻ ശേഷമ്മ രാജു ഭഗവാന്റെ സമീപത്തുചെന്ന് ‘സായി ബാബ’ എന്ന വാക്കിന്റെ അർത്ഥം ചോദിച്ചു. “വെങ്കാവധൂതൻ ഞാൻ നിങ്ങളുടെ കുടുംബത്തിൽ ജനിയ്ക്കണമെന്ന് പ്രാർത്ഥിച്ചു. അതിനാൽ ഞാൻ നിങ്ങളുടെ കുടുംബത്തിൽ തന്നെ ജനിച്ചു.”
“നിന്നോട് ഞങ്ങൾ ഇനി എന്തു ചെയ്യണം?”
ഉത്തരം ഉടൻ കിട്ടി.
“എല്ലാ വ്യാഴാഴ്ചയും എന്നെ ആരാധിയ്ക്കുക.”
സായിബാബ എന്ന വാക്കിനർത്ഥം ദിവ്യത്വം നിറഞ്ഞ മാതാവും പിതാവും. മാതാവ് നിസ്വാർത്ഥ പ്രേമത്തിന്റെ പ്രതീകം, പിതാവാകട്ടെ ബുദ്ധിയുടേയും അച്ചടക്കത്തിന്റെയും. ഈശ്വരൻ പ്രേമത്തോടെയും അച്ചടക്കത്തോടേയും പ്രപഞ്ചം ഭരിയ്ക്കുന്നു. പിന്നീട് ഒരു വ്യാഴാഴ്ച അദ്ദേഹം സായിബാബയാണെങ്കിൽ അതിനുള്ള തെളിവു നല്കാൻ ഒരാൾ ഭഗവാനെ വെല്ലുവിളിച്ചു.
“തീർച്ചയായും തരാം” എന്ന് ഭഗവാൻ അരുളി. “ആ മുല്ലപ്പൂക്കൾ എന്റെ കൈകളിൽ തരിക.” എന്ന് അയാളോട് ആജ്ഞാപിച്ചു. അവയെ സത്യൻ നിലത്തേയ്ക്കെറിഞ്ഞപ്പോൾ അവ “സായിബാബ” എന്ന് തെലുങ്കക്ഷരങ്ങളായി രൂപപ്പെട്ടു.
ഇവിടെ ഷിരദ്ദിയിലെ സായിബാബയുടെ അന്ത്യാഭിലാഷം ഓർക്കുക. ഷിരദ്ദി വിടുമ്പോൾ അദ്ദേഹത്തിന്റെ ശരീരം പുഷ്പങ്ങളാൽ മൂടാനായിരുന്നു, ദാസ്ഗനുവിനോട് അദ്ദേഹം അരുളിയത്. ഇവിടെ പുട്ടപർത്തിയിൽ സ്വാമിയുടെ അവതാര പ്രഖ്യപനത്തിനുശേഷം അദ്ദേഹത്തിന്റെ കൈകളിൽ പൂക്കൾ കൊടുക്കാനായി അപേക്ഷിച്ചു.
ശേഷമ്മ രാജുവിന് സത്യന്റെ ദിവ്യത്വം മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. സത്യനെ ഹൈസ്കൂളിൽ ചേർക്കാനുള്ള പദ്ധതിയുമായി അദ്ദേഹം മുന്നോട്ടു പോകുകയും ഉറവകൊണ്ടയിലേക്ക് സത്യനെ കൊണ്ടുപോകുകകയും ചെയ്തു. സത്യന്റെ കീർത്തി സത്യനു മുൻപേ അവിടെ എത്തിക്കഴിഞ്ഞിരുന്നു.
ഉറവക്കൊണ്ടെയിൽ വ്യാഴാഴ്ചകൾ തിരക്കുള്ള ദിവസങ്ങളായി മാറി. ഷിർദ്ദിയിലെ സായിബാബയുടെ ചിത്രങ്ങൾ സ്യഷ്ടിച്ച് ഏവരെയും അത്ഭുതപ്പെടുത്തുകയും അദ്ദേഹം ധരിച്ചിരുന്ന ഓറഞ്ച് നിറമുള്ള കഫനിയിലെ ചെറിയ കഷണങ്ങൾ ഷിർദ്ദിസായി വിഗ്രഹത്തിനു മുന്നിൽ നിവേദിച്ച ഈന്തപ്പഴം, പുഷ്പങ്ങൾ, കൽക്കണ്ടം, വിഭൂതി എന്നിവയും സൃഷ്ടിച്ചു.
ഹോസപ്പെറ്റിലെ ചില പ്രമുഖ വ്യക്തികൾ അവരുടെ പട്ടണം സന്ദർശിയ്ക്കാൻ സത്യനെ ക്ഷണിച്ചു. അതിന് ശേഷമ്മ രാജു അനുവദിയ്ക്കുകയും പുരാതനമായ വിജയനഗരസാമാജ്യത്തിന്റെ തലസ്ഥാനമായ ഹംമ്പിയിൽ നിന്നും കുറച്ചകലെയുള്ള ചരിത്രപ്രാധാന്യമുള്ള ഈ സ്ഥലം സന്ദർശിയ്ക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഒരു നീണ്ട ഉല്ലാസ യാത്രയും യാത്രാമദ്ധ്യേ ഉള്ള വനഭോജനവും മറ്റും സത്യനിൽ നല്ല മാറ്റം വരുത്തുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. ഒക്ടോബറിലുള്ള ദസറ അവധിയ്ക്ക് യാത്ര പോകാൻ തീരുമാനിച്ചു.
ഹംപിയുടെ അവശിഷ്ടങ്ങൾ കാണാൻ ഈ സംഘത്തിലെ ആളുകൾ എത്തി. ഈ യാത്രയുടെ ആകർഷണം തന്നെ, ഇവിടെയുള്ള ഭഗവാൻ വിരൂപാക്ഷന്റെ ക്ഷേത്രമായിരുന്നു. സംഘം ക്ഷേത്രത്തിന്റെ ഉള്ളിൽ കടന്നപ്പോൾ, ക്ഷേത്രത്തിന്റെ ഉയരവും ഗാംഭീര്യവുമാണ് ആരാ ധനയേക്കാൾ സത്യന് ഹൃദ്യമായി തോന്നിയത്. അതിനാൽ സത്യൻ പുറത്തു നിന്നു. കുറച്ചു കഴിഞ്ഞ് പുരോഹിതൻ ലിംഗത്തിന് കർപ്പൂരാരാധന നടത്തി. (ലിംഗം നിരാകാരത്തിൽ നിന്നും സാകാരത്തിലേയ്ക്കോ അല്ലെങ്കിൽ സാകാരം നിരാകാരത്തിൽ ലയിയ്ക്കുകയോ ചെയ്യുന്നു). ഇത് ശ്രീകോവിലിനെ പ്രകാശമാനമാക്കുകയും അവിടെ ലിംഗത്തിന് പകരം സത്യൻ നില്ക്കുന്നതുമാണ് അവർ കണ്ടത്. അദ്ദേഹം പുഞ്ചരിതൂകിക്കൊണ്ട് ആരാധന സ്വീകരിയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ശേഷമ്മ രാജുവിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ഓടി ക്ഷേത്രത്തിനു പുറത്തെത്തിയപ്പോൾ സത്യൻ ഭിത്തിയിൽ ചാരി ചക്രവാളത്തെ വീക്ഷിക്കുന്ന കാഴ്ചയാണ് കണ്ടത്.
ആ ദിവസം വ്യാഴാഴ്ച ആയിരുന്നില്ലെങ്കിൽ പോലും സംഘാംഗങ്ങൾ സത്യന് പ്രത്യേകപൂജകൾ അർപ്പിച്ചു. സത്യൻ ദിവ്യസ്വരൂപനാണെന്ന അവരുടെ വിശ്വാസം ഒന്നുകൂടി ബലപ്പെട്ടു.
അടുത്ത ദിവസം ആ സംഘം ഹോസപെട്ടിലെത്തി. ഹംപിയിൽ നടന്ന ആ അത്ഭുതസംഭവം പട്ടണം മുഴുവൻ വ്യാപിച്ചു കഴിഞ്ഞിരുന്നു. വ്യാഴാഴ്ചകൂടിയായതുകാരണം സത്യന്റെ ദർശനത്തിനായി വലിയ ആൾക്കൂട്ടം കാത്തു നിന്നിരുന്നു. വളരെ പഴക്കമുള്ള ക്ഷയരോഗം ബാധിച്ച ഒരാളെ സ്വാമിയുടെ സ്പർശനം കൊണ്ടു സുഖപ്പെടുത്തുകയും ഭക്തന്മാർക്കായി ധാരാളം സാധനങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. അവരുടെ സന്തോഷത്തിനതിരില്ലായിരുന്നു. രാത്രി വളരെ ഇരുട്ടിയതിനുശേഷവും അവർ ഭജനകൾ ആലപിച്ചുകൊണ്ടിരുന്നു.
അടുത്തദിവസം അവർ എല്ലാവരും ഉറവക്കൊണ്ടയിലേക്ക് തിരിച്ചുപോയി.
[Narration: Smt. Priya Sujith, Sri Sathya Sai Balvikas Guru]
[Source: Lessons from the Divine Life of Young Sai, Sri Sathya Sai Balvikas Group I, Sri Sathya Sai Education in Human Values Trust, Compiled by: Smt. Roshan Fanibunda]