ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ബാല്യകാല കഥകളും സന്ദേശങ്ങളും
ചിത്രാവതീ നദീതീരത്ത് അനേകം കുന്നുകളാൽ വലയം ചെയ്യപ്പെട്ട ഒരു കൊച്ചു ഗ്രാമമാണ് പുട്ടപർത്തി. ഈ കുന്നുകളാകട്ടെ അവയിൽ സ്ഥിതി ചെയ്യുന്ന അനേകം ക്ഷേത്രങ്ങളിൽ നിന്നും മുഴങ്ങുന്ന മണിനാദങ്ങളാൽ മുഖരിതമാണ്. അങ്ങിനെയുള്ള ഈ കൊച്ചു ഗ്രാമമാണ് തന്റെ ദിവ്യജനനത്തിനായി ഭഗവാൻ ശ്രീ സത്യസായിബാബ തിരഞ്ഞെടുത്തത്.
പുരാതന കാലത്ത് ഭാഗ്യദേവതയും വാഗ്ദേവതയും കനിഞ്ഞനുഗ്രഹിച്ച ഈ ഗ്രാമത്തിൽ ധാരാളം കവികളും പണ്ഡിതന്മാരും ധീരനായകന്മാരും ജീവിച്ചിരുന്നു.
തെന്നിൻഡ്യയിലെ ഈ കൊച്ചുഗ്രാമത്തെ ചുറ്റിപ്പറ്റി ധാരാളം ഐതിഹ്യങ്ങളുണ്ട്, ‘പുട്ട’ എന്നതിനർത്ഥം സർപ്പം വസിയ്ക്കുന്ന ഒരു ഉറുമ്പിൻ കൂന എന്നാണ്, ‘പർത്തി’ എന്നതിന് ദ്വിഗുണീ ഭവിപ്പിയ്ക്കുന്നവൻ എന്നർത്ഥം.
വളരെ മുൻപ് ഈ ഗ്രാമം അറിയപ്പെട്ടിരുന്നത് ഗൊല്ലപ്പള്ളി അല്ലെങ്കിൽ ഗോപാലന്മാരുടെ ആവാസസ്ഥലം എന്നായിരുന്നു. ഇത് ശ്രീകൃഷ്ണ ഭഗവാന്റെ കുസൃതി നിറഞ്ഞ ബാല്യകാലത്തെ അനുസ്മരിപ്പിക്കുന്നു. ഗോപാലന്മാരുടെ പൊട്ടിച്ചിരികൊണ്ട് ഈ ഗ്രാമം മുഖരി തമായിരുന്നു. കന്നുകാലികൾ വളരെ മിനുസമുള്ളതും ബലമുള്ള ശരിരത്തോടുകൂടിയവയും ആയിരുന്നു. അവ നല്ല കുറുകുറുത്ത, മധുരമുള്ള പാൽ നല്കിയിരുന്നു. ഓരോ ഗൃഹവും വെണ്ണ നെയ്ക്കളാൽ സമൃദ്ധമായിരുന്നു.
ഗ്രാമവാസികളാകട്ടെ ശാന്തരും ഐശ്വര്യമുള്ളവരുമായിരുന്നു. പക്ഷേ ഒരു ദിവസം തന്റെ പ്രിയപ്പെട്ട പശു മേച്ചിൽ സ്ഥലത്തു നിന്നും തിരിച്ചു വന്നപ്പോൾ നിറയെ പാൽ ചുരത്തിയിരുന്ന അതിന്റെ അകിട് ശൂന്യമാണെന്ന് കണ്ടെത്തി. ഇതിന്റെ കാരണമന്വേഷിക്കാൻ തുനിഞ്ഞ ഗോപാലൻ കണ്ടത് പശു അതിന്റെ കിടാവിനെ തനിയെ തൊഴുത്തിൽ വിട്ടിട്ട് നേരെ ഗ്രാമത്തിന്റെ ചുറ്റുവട്ടത്തുള്ള ഒരു ഉറുമ്പിൻ പുറ്റിനെ ലക്ഷ്യമാക്കി നടന്നു പോകുന്ന അത്ഭുതകരമായ കാഴ്ചയാണ്. പശുവിനെ പിന്തുടർന്ന ഗോപാലൻ കണ്ടത് ഒരു സർപ്പം പുറ്റിനു പുറത്തുവന്ന് വാൽ കുത്തിനിന്ന് പശുവിന്റെ അകിടിൽ നിന്നും പാൽ കുടിക്കുന്നതാണ്!
ഈ കാഴ്ചകണ്ട് കുപിതനായ ഗോപാലൻ ഒരു വലിയ കരിങ്കല്ലു പൊക്കി സർപ്പത്തിന്റെ പുറത്തേയ്ക്കിട്ടു. വേദനകൊണ്ടു പുളഞ്ഞ സർപ്പം ഭാവിയിൽ ആ ഗ്രാമം മുഴുവൻ ഉറുമ്പിൻ പുറ്റുകളെക്കൊണ്ട് – അവിരാമമായി നിറഞ്ഞ് എണ്ണമറ്റ സർപ്പങ്ങളുടെ വാസസ്ഥലമായി തീരട്ടെ എന്നു ശപിച്ചു. അങ്ങിനെ തന്നെ ഭവിച്ചു. കാലക്രമേണ കന്നു കാലികളുടെ ആരോഗ്യം ക്ഷയിയ്ക്കുകയും ഉറുമ്പിൻ പുറ്റുകൾ ഗ്രാമം മുഴുവനും വ്യാപിക്കാനും തുടങ്ങി, ഗ്രാമവാസികൾ ഗ്രാമത്തിന് വാല്മീകിപുരം എന്ന് പേരും കൊടുത്തു. മഹാനായ ഋഷി വാല്മീകി, രാമായണ രചയിതാവായതു കൊണ്ട് പാമ്പിൻ പുറ്റുകൾ നിറഞ്ഞ ഗ്രാമത്തിന് അദ്ദേഹത്തിന്റെ പേരുകൊടുക്കുന്നതിൽ അവർ സന്തോഷം കണ്ടെത്തി.
ഇന്ന് പുട്ടപർത്തിയിലെ ഗ്രാമീണർ ഈ ഐതിഹ്യത്തിന്റെ തെളിവായ ഒരു വലിയ ഉരുണ്ട കല്ലിനെകാണിച്ചു തരാറുണ്ട് – ഈ കല്ലാണ് ഗോപാലൻ സർപ്പത്തിന്റെ മുകളിൽ എടുത്തിട്ടത്, എന്നു ധരിപ്പിക്കാൻ വേണ്ടി. ഈ കല്ലിൽ, കൊല്ലപ്പെട്ട സർപ്പത്തിന്റെതെന്നു വിശ്വസിക്കപ്പെടുന്ന രക്തത്തിന്റെ നീണ്ടു ചുവന്ന കറകാണപ്പെടുന്നുണ്ട്. ഈ കല്ലിനെ പെട്ടെന്ന് ഗ്രാമവാസികൾ ആരാധിയ്ക്കാൻ തുടങ്ങി. ഇത് സർപ്പത്തിന്റെ ശാപത്തിന്റെ തീവ്രത കുറയ്ക്കാനും കന്നുകാലികളുടെ വർദ്ധനവിനു വേണ്ടിയും സഹായിച്ചിരിക്കാം. കൂടാതെ ഗോപാലനായ ഭഗവാൻ ശ്രീകൃഷ്ണന്റെ ഒരു ചിഹ്നമായും കരുതി ഒരു ക്ഷേത്രം അവിടെ പണിയുകയും മേൽ പറഞ്ഞ കല്ല് വരും തലമുറകളുടെ ആരാധനക്കു വേണ്ടി അവിടെ സ്ഥാപിക്കുകയും ചെയ്തു.
കുറച്ചു വർഷം മുൻപ് കല്ലിനെക്കുറിച്ച് അറിയപ്പെടാത്ത ചില സത്യങ്ങൾ ഭഗവാൻ വെളിപ്പെടുത്തി, ആ കല്ലിനെ കഴുകി രക്തക്കറ ഉള്ള ഭാഗത്ത് ചന്ദനം പൂശാൻ അരുളിചെയ്തു. ഇങ്ങനെ ചെയ്തപ്പോൾ ഈ ശിലയുടെ മുകൾഭാഗത്ത് ഭഗവാൻ ശ്രീകൃഷ്ണൻ അധരങ്ങളിൽ ഓടക്കുഴൽ ചേർത്തു നില്ക്കുന്ന ഒരു ശില്പം കൊത്തി വച്ചിരിക്കുന്നതായി കണ്ടു. ഇപ്പോഴും പുല്ലാങ്കുഴലിന്റെ മധുരമായ സ്വരം അവിടെ കേൾക്കാറുണ്ടെന്ന് ഗ്രാമവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
അന്നു തൊട്ട് പുട്ടപർത്തി ഒരിയ്ക്കൽ കൂടി ആരോഗ്യം തുളുമ്പുന്ന കന്നുകാലികളാൽ ഐശ്വര്യ പൂർണ്ണമായ ഗ്രാമമായിമാറി. കിഴക്ക്, പഴയകോട്ടയുടെ ഗോപുരം കാണാം. ഇത് ചുറ്റിനുമുള്ള ഭൂമിയുടെമേൽ പുട്ടപർത്തിയുടെയും അവിടത്തെ സേനാനായകന്മാരുടെ ആധിപത്യത്തെക്കുറിച്ചും നമ്മെ ഓർമ്മിപ്പിക്കുന്നു.
[Source : Lessons from the Divine Life of Young Sai, Sri Sathya Sai Balvikas Group I, Sri Sathya Sai Education in Human Values Trust, Compiled by: Smt. Roshan Fanibunda]