പാഴാക്കരുത്, വേണ്ടി വരും
എല്ലാത്തിനും അതിന്റെതായ മൂല്യവും ഉപയോഗവുമുണ്ട്. പാമ്പ് കടിച്ചവന് അതിന്റെ വിഷം തന്നെ മരുന്നായി ഭവിക്കുന്ന പോലെ. എന്നിരുന്നാലും നാം വിഡ്ഢികളെ പോലെ പലപ്പോഴും ഭക്ഷണം, പണം, സമയം, ഊർജം എന്നിവ പാഴാക്കി കളയുന്നു.
എല്ലാത്തിനെയും വേണ്ട വിധത്തിൽ നല്ല രീതിയിൽ ബുദ്ധിപരമായി ഉപയോഗപ്പെടുത്തുന്നതിനെ “മിതവ്യയം” എന്ന് പറയുന്നു. ഏതു ധനികനും മിതവ്യയം പാലിക്കാതിരുന്നാൽ കാലക്രമേണ അയാൾ ദരിദ്രൻ ആകാം. അതുപോലെ ധൂർത്തടിക്കുന്ന ധനികനേക്കാൾ നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ സമ്പാദ്യ ശീലം ഉള്ള ഒരു പാവപ്പെട്ടവന് കഴിയും.
മഹാത്മാ ഗാന്ധിയുടെ മിതവ്യയ ശീലം പലപ്പോഴും കൂടെയുള്ളവരെ അതിശയിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ മീര ബെൻ (ഗാന്ധിജിയുടെ ആശ്രമത്തിൽ കഴിഞ്ഞ ഒരു യൂറോപ്യൻ വനിത) ഗാന്ധിജിയെ, തന്റെ റൂമിൽ എന്തോ തിരയുന്നതായി കണ്ടു. മുഖത്തെ പരിഭ്രമം കണ്ട മീരാബെൻ ചോദിച്ചു” ബാപ്പുജി, എന്താണ് പറ്റിയത്? എന്തോ നഷ്ടപ്പെട്ടത് പോലെയുണ്ടല്ലോ”. ബാപ്പുജി പറഞ്ഞു” ഉണ്ട്, ഒരു പെൻസിൽ ആണ് ഞാൻ തിരയുന്നത്”. ഇതുകേട്ട മീര ബെൻ വീണ്ടും ചോദിച്ചു” അത് വലിയ പെൻസിൽ ആയിരുന്നോ? പുതിയ പെൻസിൽ ആകുമല്ലേ?”. പക്ഷെ അത് വെറുമൊരു തള്ള വിരലിനൊപ്പം വലിപ്പമുള്ള, സാധാരണ താൻ ഉപയോഗിക്കാറുള്ള പെൻസിൽ ആണെന്ന് ഗാന്ധിജി പറഞ്ഞു.
ഇത്രയും ചെറിയ പെൻസിൽ തിരഞ്ഞു ഗാന്ധിജി പരിഭ്രമിച്ചതു കണ്ടപ്പോൾ റൂമിൽ ഉള്ളവർക്കെല്ലാം അതിശയമായി.
അതിലൊരാൾ മുന്നോട്ടു വന്ന് പുതിയൊരു പെൻസിൽ ബാപ്പുജിക് നൽകി.” എനിക്ക് വേണ്ടത് ഒരു പുതിയ പെൻസിൽ അല്ല. കഴിഞ്ഞ മൂന്നാഴ്ചയായി ഞാൻ ഉപയോഗിച്ച് കൊണ്ടിരുന്ന പെൻസിൽ ആണ്” ബാപ്പുജി പറഞ്ഞു. ഒടുവിൽ നഷ്ടപ്പെട്ട പെൻസിൽ അദ്ദേഹത്തിന്റെ ഒരു ഫയലിനു ഇടയിൽ നിന്നും കിട്ടി.” ആഹ്” ബാപ്പുജി വളരെ ആശ്വാസത്തോടെ പറഞ്ഞു.
അതുപോലെ ഒരിക്കൽ ഗാന്ധിജി മീരാബെനോടൊപ്പം ഒരു യാത്രയിലായിരുന്നു. അവർ ഒരു ഗ്രാമത്തിലായിരുന്നു തമ്പടിച്ചത്. ബാപ്പുജിക് ഊണിനൊപ്പം ഇത്തിരി തേൻ കഴിക്കുന്ന ശീലമുണ്ടായിരുന്നു. പക്ഷെ ആശ്രമത്തിൽ നിന്നും വരുമ്പോൾ മീരാബെൻ തേൻ കുപ്പി എടുക്കാൻ മറന്നു പോയിരുന്നു. അതുകൊണ്ട് മീരാബെൻ പുതിയൊരു കുപ്പി തേൻ വാങ്ങി വന്നു. ഊണിനുള്ളതെല്ലാം തയ്യാറായി. ബാപ്പുജി ഉണ് കഴിക്കാൻ ഇരുന്നതും പുതിയ തേൻ കുപ്പി ശ്രദ്ധയിൽ പെട്ടു.” നമ്മൾ സാധാരണ ഉപയോഗിക്കുന്ന തേൻ കുപ്പിയ്ക്കെന്തു പറ്റി?” ഗാന്ധിജി ചോദിച്ചു. താൻ ആശ്രമത്തിൽ നിന്നും തേൻ കുപ്പി എടുക്കാൻ മറന്നു പോയ വിവരം മീരാബെൻ ബാപ്പുജിയോട് പറഞ്ഞു. അല്പം ദേഷ്യത്തോടെ ബാപ്പുജി പറഞ്ഞു ” അതുകൊണ്ട് പുതിയത് വാങ്ങിയല്ലേ?” നമ്മൾ ഉപയോഗിക്കുന്നത് ജനങ്ങളുടെ പണമാണ്. അത് അനാവശ്യമായി കളയാൻ നമുക്ക് അധികാരമില്ല. എന്നും ഉപയോഗിക്കുന്ന തേൻ കുപ്പി കാലിയായാലേ ഈ കുപ്പി ഞാൻ എടുക്കുകയുള്ളു” ഗാന്ധിജി പറഞ്ഞു
ബാപ്പുജി അദ്ദേഹം പറഞ്ഞത് പോലെ തന്നെ ചെയ്തു. യാത്ര കഴിഞ്ഞു ആശ്രമത്തിൽ തിരിച്ചെത്തുന്നത് വരെ തേനില്ലാതെ തന്നെ ഉണ് കഴിച്ചു.
ചോദ്യങ്ങൾ
- എന്താണ് മിതവ്യയം? നമ്മൾ അത് ശീലിക്കുന്നത് എന്തിന്?
- നിങ്ങൾക് 100 രൂപ കയ്യിൽ കിട്ടിയെന്നു കരുതുക. നിങ്ങൾ എന്ത് ചെയ്യും?
- സാധാരണയായി ആൾക്കാർ ഇവയെ വിനിയോഗിക്കുന്ന 4 രീതികൾ പറയുക
(a) പണം ( b) സമയം (c) ഊർജം