ആരാണ് രാജാവ്?
മഹാനായ അലക്സാണ്ടർ ഉഷ്ണഭൂമിയായ ആഫ്രിക്കയിൽ ഒരിക്കൽ പ്രവേശിച്ചു. അദ്ദേഹവും സൈന്യങ്ങളും ആഹാരം, കിടപ്പാടം ഇവ ലഭിക്കാവുന്ന ഒരു സ്ഥലം അന്വേഷിക്കുകയായിരുന്നു. അവ കിട്ടിയില്ലെങ്കിൽ തന്നെ ഒരു വലിയ തണൽ വൃക്ഷ മെങ്കിലും കൊണ്ട് തൽക്കാലം തൃപ്തരാകുമായിരുന്നു അവർ. തദ്ദേശവാസിയായ ഒരു ഭടൻ അവരുടെ നേർക്ക് ഓടിച്ചെന്ന് അയാളെ പിൻതുടർന്നു ചെല്ലാൻ പറഞ്ഞു. അവന്റെ നായകന്റെ മുമ്പിലേക്കു ഇവരെ എത്തിച്ചു. ഈ നായകനും അയാളുടെ സമുദായവും കാഴ്ചയിൽ കറുത്തവർഗ്ഗക്കാരും വികൃതരൂപികളും ആയിരുന്നു.
നായകൻ അവരെ സ്വാഗതം ചെയ്തു പറഞ്ഞു. “സമീപത്ത് ഒരു വാഴത്തോപ്പുണ്ട്. അങ്ങേയ്ക്കും അനുചരൻമാർക്കും അവിടെ ചെന്നു വിശ്രമിക്കാം. എന്റെ വർഗ്ഗക്കാർ അങ്ങയെ നല്ലതുപോലെ സല്ക്കരിക്കും” എന്ന്. അടുത്ത ദിവസം ആ വർഗ്ഗത്തലവൻ അലക്സാണ്ടറുടെ ബഹുമാനാർത്ഥം ഒരു വിരുന്നൊരുക്കി. ചക്രവർത്തിയുടെ മുമ്പിൽ ഒരു സ്വർണ്ണത്തളികയിൽ സ്വർണ്ണനിർമ്മിതങ്ങളായ പഴങ്ങൾ സമർപ്പിച്ചിട്ടു പറഞ്ഞു. “പ്രഭോ ഇവ രുചിച്ചുനോക്കൂ” എന്ന്. ചക്രവർത്തി അത്ഭുതത്തോടെ ചോദിച്ചു. നിങ്ങൾ ഇവിടെ സ്വർണ്ണപഴങ്ങളാണോ ഭക്ഷിക്കുന്നത്.
നാട്ടുപ്രമാണി “അല്ല, ഞങ്ങളുടെ ആഹാരം വൃക്ഷങ്ങളിലെ ഫലങ്ങളും പിന്നെ പാൽ, തേൻ, ധാന്യങ്ങൾ ഇവയൊക്കെയാണ്. അങ്ങ് രാജ്യങ്ങൾ പിടിച്ചടക്കുന്ന പരാക്രമിയാണല്ലോ. കഴിവതും സ്വർണ്ണലോഹം ലഭിക്കുന്നതിൽ തല്പരനാണെന്നു തോന്നിയതിനാൽ ഇവ സമർപ്പിച്ചതാണ്. നിങ്ങൾ സ്വർണ്ണം ഭക്ഷിക്കുമെന്നും വിചാരിച്ചു പോയി.” എത്ര അർത്ഥവത്താണ് നാട്ടുപ്രമാണിയുടെ പ്രസ്താവന എന്ന് അലക്സാണ്ടർക്കു തോന്നി. അദ്ദേഹം പറഞ്ഞു. “എന്റെ യാത്രോദ്ദേശ്യം സ്വർണ്ണസംഭരണമല്ല. നിങ്ങളെ ഒക്കെ കാണാനും ഇവിടുത്തെ മനുഷ്യജീവിതവും മറ്റും നേരിൽ കണ്ടു പഠിക്കാനുമാണ് എന്റെയാത്ര”.
പ്രമാണി: ഓ! അങ്ങിനെയോ? നല്ലത്. സുരക്ഷിതമായി അങ്ങേയ്ക്ക് ഇവിടെ വസിക്കാം. അങ്ങയുടെ സാന്നിദ്ധ്യം ഞങ്ങൾക്ക് വളരെ സന്തോഷമാണ്.
ഇതുപറയുമ്പോൾ, തമ്മിൽ പരസ്പരം ശക്തിയായ വാഗ്വാദം ചെയ്തുകൊണ്ടി രിക്കുന്ന രണ്ടുപേരെ പ്രമാണിയുടെ മുമ്പിൽ ഹാജരാക്കപ്പെട്ടു.
പ്രമാണി: എന്താണു കാര്യം?
ഒന്നാമൻ: പ്രഭോ, ഈ ആൾക്ക് ഈ അടുത്തകാലത്ത് എന്റെ വക കുറച്ചു സ്ഥലം വിലയ്ക്കുകൊടുത്തു. അയാൾ ഇന്നലെ അവിടം ഉഴുതുകൊണ്ടിരുന്നപ്പോൾ ഒരു നിധിപേടകം കണ്ടു. അതും കൊണ്ട് അയാൾ വന്ന് എന്നോടു പറയുകയാണ്. അയാൾ ഭൂമി മാത്രമേ വാങ്ങിയിട്ടുള്ളൂ. നിധി വാങ്ങിയിട്ടില്ല എന്ന്. എന്നാൽ ഞാൻ മറുപടി പറഞ്ഞു. ആ നിധിയും ഞാൻ വിലയ്ക്കു കൊടുത്ത ഭൂമിയുടെ അവിഭാജ്യഘടകമാണ് എന്ന്. പ്രഭോ ഇക്കാര്യത്തിൽ ഒരു ന്യായമായ തീർപ്പ് കല്പ്പിക്കണം.
രണ്ടാമൻ: അങ്ങിനെയല്ല പ്രഭോ! എന്റേതല്ലാത്ത വക ഞാൻ എങ്ങിനെ കൈവശം വയ്ക്കും? ദയവു ചെയ്ത് ഈ നിധി അയാൾക്കു തന്നെ കൊടുക്കുന്നതിനു തീരുമാനിക്കണം.
ഈ കാര്യത്തിലുള്ള തീരുമാനം എന്താവും എന്നറിയാൻ അലക്സാണ്ടർ ആകാംക്ഷിതനായി. പ്രമാണി പറഞ്ഞു. സ്നേഹിതരേ! ഒന്നു ശ്രദ്ധിക്കൂ. നിങ്ങൾക്ക് ഒരു പുത്രിയും മറ്റേ ആൾക്ക് ഒരു പുത്രനും ഉണ്ടെന്ന് എനിക്കറിയാം. നിങ്ങളുടെ പുത്രിയെ അയാളുടെ പുത്രനെക്കൊണ്ടു വിവാഹം കഴിപ്പിച്ചിട്ട് ഈ നിധിപേടകം എന്തുകൊണ്ട് സ്ത്രീധനമായി കൊടുത്തുകൂടാ.
തർക്കത്തിൽ ഏർപ്പെട്ടിരുന്ന ഇരുവർക്കും ഇതു സന്തോഷമായി. തീർപ്പ് അനുസരിച്ചുകൊള്ളാമെന്ന് അവർ പ്രതിജ്ഞ ചെയ്തു യാത്രാനുമതി വാങ്ങിപ്പിരിഞ്ഞു.
അല്പം കഴിഞ്ഞ് പ്രമാണി അലക്സാണ്ടറോടു ചോദിച്ചു. ഒരു രാജാവെന്ന നിലയിൽ അദ്ദേഹം ഇക്കാര്യത്തിൽ എന്തു തീരുമാനം കൈക്കൊള്ളുമെന്ന്, “ഞങ്ങളുടെ രാജ്യത്തിലാണെങ്കിൽ രാജാവ് നിധി കൈവശപ്പെടുത്തി ഇരുവരേയും നിശ്ശബ്ദമാക്കി തടവറയിൽ അടയ്ക്കും” അലക്സാണ്ടർ പറഞ്ഞു.
എന്തു ക്രൂരതയാണിത്! എത്ര വഞ്ചനാപരമാണ്. പ്രജകളുടെ ധനം കൈവശപ്പെടുത്താൻ രാജാവിന് എന്ത് അവകാശമാണുള്ളത്. അപ്രകാരമുള്ളവർ രാജാവല്ല, പിടിച്ചുപറിക്കാരനാണ്. ഒരു രാജാവും പ്രജകളെ ഉപദ്രവിക്കരുത്, അവരെ തൃപ്തി പ്പെടുത്തുക (സന്തോഷിപ്പിക്കുക)യാണു വേണ്ടത്.
ചോദ്യങ്ങൾ:
- ആഫ്രിക്കൻ പ്രമാണി എന്തുകാരണവശാലാണ് സ്വർണ്ണനിർമ്മിതമായ പഴങ്ങൾ സമർപ്പിച്ചത്?
- പ്രമാണിയുടെ മുമ്പിൽ കൊണ്ടുവന്ന തർക്കവിഷയം എന്തായിരുന്നു?
- വിധികല്പന (തീർപ്പ്) എന്തായിരുന്നു?
- അലക്സാണ്ടർ പ്രമാണിയോട് എന്താണ് അവസാനം പറഞ്ഞത്?
- ഒരു യഥാർത്ഥ രാജാവ് ആരാണ്?
Source – Stories for Children – II, Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam