(ക്രോധഠ) ആരാണ് യഥാർത്ഥ ബ്രാഹ്മണൻ?
വിരക്ത ജീവിതം നയിക്കുന്ന ബ്രാഹ്മണജാതിയിൽപ്പെട്ട ഒരുവൻ അനേക വർഷ ങ്ങളായി പുണ്യതീർത്ഥക്കരയിൽ കഠിനമായ തപശ്ചര്യ അനുഷ്ഠിച്ചു കഴിഞ്ഞുവന്നു. ഒരു നല്ല ഭക്തനും പരിശുദ്ധനുമാണു താൻ എന്ന് അയാൾ സ്വയം വിശ്വസിച്ചിരിക്കയായിരുന്നു. ഇയാളുടെ ഭക്തി എന്നു പറയപ്പെടുന്നത് പൊതുജന സാമീപ്യം അശുദ്ധമാണെന്നു വിശ്വസിക്കുക, മനുഷ്യരൊക്കെ അപകൃഷ്ടജീവികളാണെന്നു കരുതുക. അവരിൽ നിന്ന് തൊടീൽ തീണ്ടൽ മുതലായവ കൂടാതിരിക്കുക ഇവയൊക്കെയായിരുന്നു. പുണ്യതീർത്ഥസ്നാനം, സ്വയം പാചകം ചെയ്ത ഭക്ഷണം, അനേകം മണിക്കൂറുകൾ തുടരെ കണ്ണടച്ചിരുന്നുള്ള സ്തോത്രജപം, ഏകാന്തവാസം, ഇവയൊക്കെക്കൊണ്ട് നന്മയും പരിശുദ്ധിയും കൈവന്ന ഒരുവനാണു താൻ എന്ന് അയാൾ ഭാവന ചെയ്തു. അയാളുടെ മനസ്സിൽ സ്നേഹത്തിന്റെ കണികയെങ്കിലും ഉണ്ടായിരുന്നില്ല. മനുഷ്യ പ്രകൃതിയിൽ വന്നേക്കാവുന്ന തെറ്റ് ക്ഷമിക്കത്തക്ക ദയ അണുമാത്രം പോലും അയാൾക്ക് ഇല്ലായിരുന്നു. പിഴ പറ്റാവുന്ന സഹജീവികളെ നേർവഴിക്കു തിരിച്ചു വിടുന്നതിനും അവരെ സഹായിക്കുന്നതിനുമുള്ള ത്യാഗസന്നദ്ധതയും ലേശം പോലും അയാൾക്ക് ഉണ്ടായിരുന്നില്ല. അയാളുടെ ഹൃദയം ആഴമേറിയ ഗുഹപോലെ ആയിരുന്നു. ഭയങ്കരമായ അന്ധകാരവും ശൂന്യതയും നിറഞ്ഞ വായുപ്രവേശം കൊണ്ടുലഭിക്കാവുന്ന ശുദ്ധീകരണമോ, ആനന്ദദായകമായ സൂര്യപ്രകാശം കടന്നുവരാനുള്ള പഴുതോ കൂടാതെ അടഞ്ഞുകിടക്കുന്നതായ ഒന്നായിരുന്നു അത്. ഒരു വ്യക്തിയുമായും ഉള്ള പരിചയം അയാൾ വെറുത്തു. ആരെങ്കിലും വീട്ടുപരിസരങ്ങളിൽ വന്നാൽ സാംക്രമികരോഗ വാഹിയാണ് ആഗതൻ എന്ന മട്ടിൽ അയാൾ പ്രവേശനം അനുവദിച്ചിരുന്നില്ല. തപശ്ച ര്യയിലാണു ജീവിതം എങ്കിലും അയാൾ ക്ഷിപ്രകോപിയുമാണ്. ഇങ്ങനെ ഉഗ്രത വന്നു കഴിഞ്ഞാൽ അതിനെ അമർച്ച ചെയ്യാനും അയാൾക്കു പ്രയാസമായിരുന്നു.
ഈ വിരക്തന്റെ സാന്നിദ്ധ്യമോ, മരക്കൂട്ടങ്ങൾക്കപ്പുറത്ത് അയാൾ കണ്ണടച്ചു ജപത്തിൽ കഴിയുകയാണ് എന്ന വസ്തുതയോ അറിയാത്ത, അയൽവക്കത്തു പുതുതായി വന്ന മണ്ണാൻ അലക്കുതുണികളുമായി ആ നദിയിലേയ്ക്ക് വന്നു. തന്റെ അലക്കു പലകയിൽ വിഴുപ്പുതുണികൾ അയാൾ ആഞ്ഞു അടിച്ചുതുടങ്ങി. ഈ പ്രവൃത്തി കാരണം തെറിച്ചുവീണതായ ലേശം ജലകണങ്ങൾ ഭക്തന്റെ ശരീരത്തിൽ വീണു പോയി. അയാൾ കൺമിഴിച്ചുനോക്കി. അതിക്രമിയെ കണ്ടു, ഒരു മണ്ണാൻ, ചണ്ഡാളൻ, തന്റെ പുണ്യഭൂമിയിൽൻ കടന്നുവരുകയും മലിനജലം തെറിപ്പിച്ച് തന്നെ അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു.
വിരക്തന് കോപം സീമാതീതമായി. മണ്ണാനെ ശകാരിച്ചു, ശപിച്ചു. ഈ തൊഴിലിൽ നിന്ന് ഉടൻ വിരമിച്ചു അപ്പോൾത്തന്നെ അവിടെ നിന്നും പൊയ്ക്കൊള്ളണമെന്ന് കോപാക്രാന്തനായി മണ്ണാനോട് ആജ്ഞാപിച്ചു. ആ സാധുമണ്ണാൻ ഉത്സാഹത്തോടെ വിഴുപ്പ് അലക്കിക്കൊണ്ടിരുന്നതിനാൽ ഭക്തന്റെ വാക്കുകൾ കേൾക്കാനിടയാകാതെ നിഷ്ക്കളങ്കനായി പ്രവൃത്തി തുടർന്നുകൊണ്ടേയിരുന്നു. തന്റെ കല്പനയെ നിന്ദാപൂർവ്വം നിരസിച്ചതായി കണ്ട ഭക്തന്ആ ത്മനിയന്ത്രണം വിട്ടുപോയി. മുഷ്ടി ചുരുട്ടിയും തൊഴിച്ചും സ്വയം ക്ഷീണിതനാകുന്നതുവരെ നിർദ്ദയമായി മണ്ണാനെ മർദ്ദിച്ചു. അകാരണമായി പെട്ടെന്നു സംഭവിച്ച ഈ ആക്രമണത്തിൽ അത്ഭുതപ്പെട്ട് ആ സാധു മണ്ണാൻ മൗനിയായി നിന്നു. പിന്നെ, തന്നെ ഇങ്ങനെ ആക്രമിച്ചത് ഒരു വിശുദ്ധബ്രാഹ്മണനാണെന്നു മനസ്സിലാക്കി ദുർബലമായ ഒരു പ്രതിഷേധം താഴ്മയായി പറഞ്ഞു. “തമ്പുരാനേ! അങ്ങേയ്ക്ക് അപ്രിയം ഉണ്ടാകത്തക്കവണ്ണം ഈ അടിമ എന്താണാവോ ചെയ്തത്?” ഭക്തന്റെ മറുപടി ദേഷ്യത്തിൽ ആയിരുന്നു. “നീചാ, എന്റെ കുടീരത്തിനു മുന്നിൽ വരാനും എന്റെ പരിശുദ്ധശരീരത്തിൽ വൃത്തികെട്ട അലക്കുവെള്ളം തെറിപ്പി ക്കാനും നിനക്കെങ്ങനെ തന്റേടമുണ്ടായി?”.
നിരോധിക്കപ്പെട്ട സ്ഥലത്ത് അറിയാതെ കടന്നുവന്നതു തെറ്റായിപ്പോയി എന്നു മനസ്സിലാക്കി മണ്ണാൻ അതി വിനീതനായി മാപ്പു ചോദിച്ച് യാത്രയാകാൻ തുനിഞ്ഞു. അപ്പോഴാണ് ബ്രാഹ്മണൻ ഓർമ്മിച്ചത് ചണ്ഡാളനുമായി ശരീരസ്പർശം സംഭവിച്ചതു കാരണം തന്റെ ശരീരം അശുദ്ധമായിരിക്കുന്നു. ഇനി വീണ്ടും സ്നാനം ചെയ്ത് ശരീര ശുദ്ധിവരുത്തണമെന്ന്. അയാൾ അപ്രകാരം ചെയ്തു. മണ്ണാനും ഇതേ മാതൃക അനുഷ്ഠിച്ചു. അയാളുടെ പ്രവൃത്തിയുടെ അർത്ഥം എന്താണെന്ന് ബ്രാഹ്മണനു മനസ്സിലാകാത്തതിനാൽ എന്തിനാണു മണ്ണാൻ ശരീരശുദ്ധിവരുത്തിയതെന്ന് ചോദിച്ചു. അങ്ങ് ശുദ്ധിവരുത്തിയതിനുണ്ടായ കാരണമെന്തോ അതു തന്നെയാണ് എന്റേതും മണ്ണാൻ പ്രതിവചിച്ചു. ബ്രാഹ്മണൻ ഇതിൽ അത്ഭുതപ്പെട്ടു വീണ്ടും തുടർന്നു. “താ ണജാതിയിൽപ്പെട്ട വെളുത്തേടനെ, ഒരു ചണ്ഡാലനെ സ്പർശിച്ചതുകൊണ്ടാണ് ഞാൻ ദേഹശുദ്ധി വരുത്തിയത്. എന്നാൽ നീ എന്തിനു കുളിച്ചു എന്നെ പ്പോലുള്ള വിശുദ്ധന്റെ സ്പർശനം തീർച്ചയായും നിന്നിൽ അശുദ്ധി വരുത്തുകയില്ലല്ലോ.
മണ്ണാൻ സൗമ്യമായി പറഞ്ഞു. “പ്രഭോ ഒരു ചണ്ഡാളനെക്കാൾ വളരെ താഴ്ന്ന ഒരുവൻ അങ്ങയിൽക്കൂടി എന്നെ തൊട്ട് അശുദ്ധമാക്കി. കോപാവേശത്താൽ സ്വയം വിസ്മരിച്ച് എന്റെ ശരീരത്തിൽ കൈവച്ചതായ ആ സംഭവം, ജനനാൽ ചണ്ഡാളനായ എന്റെ പ്രവൃത്തിയെക്കാൾ അതിനീചവും അശുദ്ധവുമാണ്.
ഈ മറുപടി ബ്രാഹ്മണന്റെ കണ്ണുകളുടെ മറനീക്കി. ദുരഭിമാനപൂർണ്ണമായ തന്റെ തപശ്ചര്യയ്ക്കും വ്രതാനുഷ്ഠാനങ്ങൾക്കും പഠിപ്പിക്കാൻ കഴിയാത്ത ഗുണപാഠം മണ്ണാന്റെ മറുപടിയിൽ ഉൾക്കൊണ്ടിരിക്കുന്നു എന്ന് അയാൾ തുടർന്നു ചിന്തിച്ചു. അനിയന്ത്രിതമായ ക്രോധാവേശത്തിനു അധീനനാകുന്നവൻ ചണ്ഡാളനെക്കാൾ നീചനാണ്. വികാര നിയന്ത്രണത്തിനു കഴിവുള്ളവൻ ഒരു രാജ്യം പിടിച്ചെടുക്കുന്നവനെക്കാൾ ശക്തിമാനാണ്.
വിരക്ത ബ്രാഹ്മണൻ താരതമ്യപഠനം തുടർന്നു. ഈശ്വരഭക്തിയിൽ അഭിമാനി യാണ് എങ്കിലും പെട്ടെന്നുള്ള വികാരക്ഷോഭത്തിന് അടിമയുമാണ് താൻ. ശക്തമായ പ്രകോപനങ്ങൾക്കു മതിയായ കാരണമുണ്ടായിരുന്നിട്ടും മണ്ണാൻ ശാന്തനായി അചഞ്ച ലനായി വർത്തിച്ച് തന്നെക്കാൾ എത്രയോ ഉത്തമനാണെന്ന് തെളിയിച്ച് യഥാർത്ഥ ചണ്ഡാളത്വം ഭവിച്ചത് തനിക്കുതന്നെയാണെന്നും വരുത്തിയിരിക്കുന്നു.
ചോദ്യങ്ങൾ
- എന്തു കാരണത്താലാണ് സന്യാസി ദേഷ്യപ്പെട്ട് മണ്ണാനോട് മുറവിളി കൂട്ടിയത്?
- അലക്കുകാരൻ എന്തു ചെയ്തു?
- മണ്ണാൻ എന്തു മറുപടിയാണ് അവസാനം പറഞ്ഞത്?
Source- Stories for Children-II Published by- Sri Sathya Sai Books & Publications Trust, Prashanti Nilayam.